12.പനമ്പിള്ളിയുടെ സന്ദർശനം:-
അവധിദിവസങ്ങളിൽ കുടുംബമായി താമസിക്കുന്നവർ മാത്രമേ ഡാം പരിസരത്ത് ഉണ്ടാവുകയുള്ളൂ. മറ്റുള്ളവർ സ്ഥലംവിടും. ഒരു ഞായറാഴ്ച എക്സിക്യൂട്ടീവ് എൻജിനീയർക്ക് നാട്ടിൽ പോകേണ്ടിവന്നു. ഉത്തരവാദിത്വം ഉള്ളവർ ഒരാളെങ്കിലും അവിടെ വേണ്ടേ? അതുകൊണ്ട് എന്നോട് വാഴാനിയിൽ തങ്ങാൻ പറഞ്ഞു. ഞാൻ തിങ്കളാഴ്ച രാവിലെ തന്നെ ലബോറട്ടറിയിലെത്തി. അപ്പോൾ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ ഡാം പണി കാണാനെത്തി. 1956ന്റെ ഉത്തരപാദത്തിൽ ആണിത്.മലയാളിയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിലത്തിറങ്ങി വെട്ടിയ ഒരു ഇടിമിന്നലേ ഉള്ളു. അത് പനമ്പിള്ളി ഗോവിന്ദമേനോൻ ആണ്.അക്കാലത്തു നാട്ടുകാർ ചോദിച്ചിരുന്നത്, “പനമ്പിള്ളി എന്തു പറഞ്ഞു എന്നാണ്.” അദ്ദേഹം വന്നുവെന്ന വിവരമറിഞ്ഞ നാട്ടുകാർ ഓടി പാഞ്ഞെത്തി.ഞാൻ അദ്ദേഹത്തിൻറെ കൂടെ നടന്ന് എല്ലാം കാണിച്ചു കൊടുക്കുകയായിരുന്നു. അരമണിക്കൂർ കൊണ്ട് കാഴ്ച കഴിഞ്ഞു. ഇനി ഒരു മണിക്കൂർ സമയം കൂടി അദ്ദേഹത്തിനുണ്ട്. ഇനി എന്ത് ചെയ്യും? ഒരു കരാറുകാരൻ അടുത്തുള്ള കൃഷിക്കാരന്റെ ബോട്ട് ഏർപ്പാടാക്കി. ഞാനും കരാറുകാരനും ബോട്ട് ഡ്രൈവറും ശ്രീമാൻ പനമ്പിള്ളിയുമായി ഡാമിന്റെ മുന്നിലെ ജലാശയത്തിൽ അങ്ങുമിങ്ങും സഞ്ചരിച്ചു. ഭരണകക്ഷിക്കുള്ള പിന്തുണ പിൻവലിച്ചുകൊണ്ട്, അദ്ദേഹം നിയമസഭയിൽ നടത്തിയ പ്രൗഡഗംഭീരമായ പ്രസംഗം, സന്ദർശക ഗാലറിയിലിരുന്ന് നേരിട്ട് കേട്ട് ഓർമ്മയാണ് എൻറെ മനസ്സിലേക്ക് ഓടിക്കയറി എത്തിയത്. എനിക്കന്ന് കേവലം 21 വയസ്സ് മാത്രംപ്രായം. വെറും മൂന്നു മാസത്തെ പ്രായോഗിക പരിചയവും. എനിക്കറിയാവുന്ന പരിമിതമായ അറിവുകൾ ആ ബുദ്ധി രാക്ഷസനെ പറഞ്ഞുകേൾപ്പിച്ചു.ഡാം മണ്ണു കൊണ്ടാണ് പണിയുന്നത്.പക്ഷേ അതിൻറെ മുൻഭാഗത്ത് കല്ലുകൊണ്ട് ഒരു ആവരണമുണ്ട്. “Rip rap” എന്നാണ് പറയുക.അതിൽ ഇടയ്ക്കിടയ്ക്ക് ഓരോ കല്ലുകൾ പൊന്തി നിൽക്കുന്നു. അത് “വേവ് ബ്രേക്കർ” ആണ്. ജലാശയത്തിൽ കാറ്റ് വീശുമ്പോഴും ബോട്ടുകൾ ഓടുമ്പോഴും ഓളങ്ങൾ ഉണ്ടാകും. അവ ഈ കല്ലുകളിൽ തട്ടി മുറിഞ്ഞു പോകും.ഓളങ്ങൾ മുറിയുന്നതു കാണിച്ചു കൊടുത്തു. അദ്ദേഹത്തിൻറെ നിയോജകമണ്ഡലത്തിലെ ചാലക്കുടിക്കാരനാണ് കരാറുകാരൻ. യാത്രക്കിടയിൽ അദ്ദേഹം ഇങ്ങനെ ഉപദേശിച്ചു. “സൗകര്യവും സന്ദർഭവും ഉണ്ടാക്കി നാം ചുറ്റുപാടുള്ള കാര്യങ്ങൾ മനസ്സിലാക്കണം. ഇപ്പോൾ ഞാൻ വന്നത് കണ്ടോ? കുറച്ചു സമയം കിട്ടി, ഈ വഴിക്ക് പോയപ്പോൾ ഒന്നു കയറി.”
ഈ ഉപദേശം ജീവിതത്തിൽ നടപ്പാക്കി. നിനച്ചിരിക്കാത്ത നേരത്ത് അതിൻറെ പ്രയോജനവും കിട്ടിയിട്ടുണ്ട്.
13.കേരളപ്പിറവി:-
കേരളം രൂപം കൊണ്ട 1956 നവമ്പർ ഒന്നാം തിയ്യതി വാഴാനിക്കാർ
ആഘോഷിച്ചത് പാലക്കാട് – കോയമ്പത്തൂർ റോഡിനടുത്തുള്ള, വാളയാർ മണ്ണു ഡാമിൻ്റെ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ്. അന്നു രാവിലെ അഡ് വൈസർ പി.എസ്.റാവു കേരളത്തിലെ ആക്ടിങ്ങ് ഗവർണർ ആയി സത്യപ്രതിജ്ഞ ചെയ്തു. രാജപ്രമുഖസ്ഥാനം ഇല്ലാതായി.
