അനുഭവക്കുറിപ്പുകൾ – തയ്യാറാക്കിയത്: ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.
കേരളത്തിലെ വിവിധ പദ്ധതികളിൽ നിർണ്ണായക പങ്കുവഹിച്ച ഒരാളുടെ അനുഭവസമ്പത്തു പുതിയ തലമുറക്കു മുതൽക്കൂട്ടും മാർഗ്ഗദർശകവുമാകുമെന്നു കരുതുന്നു.
പൂർവ്വകാലകഥകളുടെ വർണ്ണചിത്രം തെളിഞ്ഞു വരുന്ന ഈ ഓർമ്മക്കുറിപ്പുകളിലേക്കുസ്വാഗതം.
- അഡ്വൈസർ ഭരണം:– 1956 നവംബർ ഒന്നിന് ഇന്നത്തെ കേരളം രൂപം കൊണ്ടു. കുറച്ചു മുമ്പ് തിരുവിതാംകൂർ-കൊച്ചി സംസ്ഥാന മുഖ്യമന്ത്രി ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ രാജിവെച്ചിരുന്നു. അപ്പോൾ നിയമസഭ പിരിച്ചുവിട്ടു.പ്രസിഡൻറ് ഭരണം വന്നു. ശ്രീ പി. എസ്. റാവു രാജപ്രമുഖന്റെ അഡ്വൈസർ ആയി. ‘തിരുവായ്ക്ക് എതിർവായ്’ പാടില്ല എന്നതായിരുന്നു അദ്ദേഹത്തിൻറെ നയം. പത്രസ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഫലത്തിൽ അടിയന്തരാവസ്ഥ ആയിരുന്നു. അദ്ദേഹം മദ്രാസിലെത്തി. കേരളത്തിലെ വടക്കേ മലബാർ ഭാഗം അന്ന് ആ സംസ്ഥാനത്താണ്. അവിടെ നിന്ന് ഒരാളെ ചീഫ് എഞ്ചിനീയർ തസ്തികയിലേക്ക് വേണം. അതാണ് അദ്ദേഹത്തിൻറെ ആഗ്രഹം. അവർ സൂപ്രണ്ടിങ് എൻജിനീയർ ശ്രീ. ടി. പി.കുട്ടിയാമ്മു വിൻറെ പേര് നിർദ്ദേശിച്ചു.അദ്ദേഹത്തിനും അതു സമ്മതം. ഉടനെ ശ്രീ. ടി. പി. കുട്ടിയാമ്മുവിനെ സ്പെഷ്യൽ ചീഫ് എൻജിനീയറാക്കി ഉത്തരവിട്ടു. കാറിൽ മടങ്ങുമ്പോൾ കൂടെ ഉള്ളവരിൽ ഒരാൾ പറഞ്ഞു. “നമുക്ക് ഇവിടെ നിന്നു തന്നെ ഒരാളെ എടുക്കാമായിരുന്നു.” റാവു കല്പിച്ചു.”സ്റ്റോപ്പ് ദി കാർ.വണ്ടി നിർത്തുക. ആരാണിത് പറഞ്ഞത്”? ആരും മിണ്ടിയില്ല. “പ്രൊസീഡ്.” കാർ വീണ്ടും യാത്ര തുടർന്നു. പിന്നെ ആരും ശബ്ദിച്ചില്ല.ഭരണകർത്താക്കൾ ചങ്കുറപ്പും കരളുറപ്പും കാലുറപ്പും കാണിക്കണം.എങ്കിലും ഇത്രയും വേണോ?
- ചീഫ് എഞ്ചിനീയറുടെ വരവ്:- ശ്രീ. ടി. പി. കുട്ടിയാമ്മു അടുത്ത ആഴ്ച തിരുവനന്തപുരത്തെത്തി. തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തെ സ്പെഷ്യൽ ചീഫ് എൻജിനീയറായി ജോലിയിൽ ചേർന്നു. ജലസേചനവകുപ്പ് അദ്ദേഹത്തിൻറെ നിയന്ത്രണത്തിലാക്കി. അടുത്തുതന്നെ ആൾ വാഴാനിയിൽ എത്തി.എല്ലാവരും ആകാംക്ഷയോടെ സ്വീകരിച്ചു. ഓരോ കൊച്ചു കാര്യങ്ങളും ചോദിച്ചറിഞ്ഞു. എൻജിനീയറിങ്ങ് പടങ്ങളിൽ (ഡ്രോയിങ്)ചില ചെറിയ മാറ്റങ്ങൾ നിർദ്ദേശിച്ചു. പിന്നീട് മദ്രാസ് ഗവൺമെൻറ് പൊതുവേ ജലസേചന വകുപ്പിൽ നടത്തുന്ന നടപടി ക്രമങ്ങളെ പറ്റി പറഞ്ഞു. എക്സിക്യൂട്ടീവ് എഞ്ചിനീയർ കൗശലപൂർവ്വം ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടികൾ ആയിരുന്നു അവ. അന്ന് മാധ്യമ പ്രവർത്തകരുടെ ക്രോസ് വിസ്താരം പോലെയുള്ള ചോദ്യശരങ്ങൾ ഇല്ല. അതുകൊണ്ട് ആത്മാർത്ഥമായി, ഒരു സുഹൃത്തിനോട് എന്നപോലെ പെരുമാറി. ജലസേചന അണക്കെട്ടിന്റെ മുകളിലൂടെ പൊതുജനങ്ങൾക്ക് പ്രവേശനം കൊടുക്കില്ല. ഇരുവശത്തും ചങ്ങലയിടും. ഒരു കരയിൽനിന്ന് മറുകരയിലേക്ക് പണ്ട് ഉപയോഗിച്ചിരുന്ന റോഡ് തന്നെ നാട്ടുകാർ ഉപയോഗിക്കണം. ഓരോ ഡാം പണി കഴിയുമ്പോഴും കുറെ തൊഴിലാളികൾ അധികം വരും. അവരെ ആ നാട്ടിൽ തന്നെ നിർത്തും. ഭംഗിയുള്ള തോട്ടം ഉണ്ടാക്കി നാട്ടുകാരെ തൃപ്തിപ്പെടുത്തും. ചിലപ്പോൾ കാലവർഷം കുറയുമ്പോഴും തുലാവർഷത്തിൻറെ അവസാനത്തിലും ചിലസ്ഥലങ്ങളിൽ 60 അല്ലെങ്കിൽ എഴുപത് സെൻറീമീറ്റർ ഉയരത്തിൽ മണ്ണ് നിറച്ച ചാക്ക് കൊണ്ട് ഒരു ബണ്ട് ഉണ്ടാക്കും. ഔദ്യോഗിക കണക്കിൽ പെടാതെ, ജലാശയത്തിൽ കൂടുതൽ വെള്ളം ശേഖരിക്കുകയാണ്. മുകളിലേക്ക് പോകും തോറും ജലാശയത്തിന്റെ വിസ്തീർണവും കൂടും. പെട്ടെന്ന് മഴവന്ന്, വെള്ളം കൂടുതൽ ഉയർന്നാൽ ചാക്ക് ബണ്ട് ഒലിച്ചുപോകും. അണക്കെട്ടിനു കേടും വരില്ല. ജലാശയത്തിലെ അധിക വെള്ളമൊഴുകുന്ന ചിപ്പുകളുടെ (സ്പിൽ വേ ഓപ്പണിങ്) മുകളിലാണ് സാധാരണയായി ഇങ്ങനെ ചെയ്യുക. ഇതിന് കണക്കു വയ്ക്കില്ല. ഇത്രയും പറഞ്ഞ് ചീഫ് എഞ്ചിനീയർ കൂടിയി രുന്നവരെ നോക്കി ഒന്ന് ചിരിച്ചു. വെള്ളം കൂടുതൽ എടുത്തു മറ്റു സംസ്ഥാനക്കാരെ എങ്ങനെ കബളിപ്പിക്കുന്നു എന്ന് പറയാതെ പറഞ്ഞു.
