ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.
കേരളത്തിലെ വിവിധ പദ്ധതികളിൽ നിർണ്ണായക പങ്കുവഹിച്ച ഒരാളുടെ അനുഭവസമ്പത്തു പുതിയ തലമുറക്കു മുതൽക്കൂട്ടും മാർഗ്ഗദർശകവുമാകുമെന്നു കരുതുന്നു.
പൂർവ്വകാലകഥകളുടെ വർണ്ണചിത്രം തെളിഞ്ഞു വരുന്ന ഈ ഓർമ്മക്കുറിപ്പുകളിലേക്കുസ്വാഗതം.
8.കനാൽ സർവെയും കള്ളുംകുടവും :-
ഡാമിൽ പണി നടക്കുന്നു.അപ്പോൾ തന്നെ 58 കിലോമീറ്റർ നീളമുള്ള കനാലിന്റെ ജോലികളും ഉണ്ട്. പല കരാറുകാരാണ്. പല പ്രദേശങ്ങളിൽ ആണ് ജോലി. കനാലിൽ ചെരിവ് കൃത്യം ആകണം. എങ്കിലേ, വെള്ളം ഒഴുകുമ്പോൾ അവസാനഭാഗത്തുള്ള കൃഷിക്കാർക്കും വെള്ളം വേണ്ടത്ര കിട്ടുകയുള്ളൂ. ലെവൽ കൃത്യമാക്കുന്ന സർവേയ്ക്ക് എനിക്കും കൂടേണ്ടി വന്നു. പൊതുവേ വിജനപ്രദേശത്ത് ആണ് സർവെ. ഒരു ദിവസം, എന്നെയും കൂടെ രണ്ടു മൂന്നു പേരെയും കണ്ടപ്പോൾ, വേറെ രണ്ടു പേർ ഓടാൻ തുടങ്ങി. ഇത് കണ്ട് എൻറെ കൂടെയുള്ള ഒരു തൊഴിലാളി അവരുടെ പുറകെ വച്ചുപിടിച്ചു. ഒരാൾ തലയിലെ ചുമട് നിലത്തു വെച്ചു. രണ്ടു പേരും ഓടി രക്ഷപ്പെട്ടു. കള്ളുകുടം ആയിരുന്നു അത്. കള്ളുംകുടം തലയിൽ വെച്ച് ഓടുമ്പോൾ നിറയെ ഇല്ലാത്തതുകൊണ്ട് അത് തുളുമ്പി തുളുമ്പി ഓടാൻ ബുദ്ധിമുട്ടായി.കുടമടക്കം അവർ വീഴാൻ തുടങ്ങിയപ്പോൾ അത് അവിടെ വെച്ച് അവർ സ്ഥലം കാലിയാക്കി. ഞങ്ങൾ ധരിച്ചിരുന്നത് കാക്കി പാന്റുസും വെളുത്ത മുറിക്കയ്യൻ ഷർട്ടും ആയിരുന്നു. കാലിന്റെ പിരിവും മൂടിന്റെ തിരിവും തള്ളിക്കാണിക്കുന്ന വേഷം കണ്ടപ്പോൾ എക്സൈസുകാർ ആണെന്ന് തെറ്റിദ്ധരിച്ച് ആകണം, അവർ ഓടി രക്ഷപ്പെട്ടത്. എൻറെ കൂടെയുള്ളവർക്ക് അതിൽനിന്ന് അല്പം എടുത്ത് രുചിച്ചു നോക്കിയാൽ കൊള്ളാം എന്ന് പറഞ്ഞു.ഞാൻ സമ്മതിച്ചില്ല. “നാം നമ്മുടെ ജോലി ചെയ്താൽ മതി മറ്റു കാര്യങ്ങളിൽ ഇടപെടരുത്, നാളെ അവർ നമ്മെ ഉപദ്രവിച്ചാലോ? ഇത്തരം നിസ്സാര പ്രശ്നങ്ങൾ ആകും പിന്നീട് വലിയ കുഴപ്പങ്ങൾക്ക് ഇടവരുത്തുക. “
- മരത്തിലെ ബാധ:- ഒരു ഭാഗത്തു കനാലിൽ പണി നടക്കുന്നു. ചില മരങ്ങൾ മുറിക്കണം. സ്ഥലം സർക്കാരിൻറെതാണ്. മരത്തിനുള്ള പ്രത്യേക പണവും ഉടമസ്ഥന് ലഭിച്ചിട്ടുണ്ട്. പക്ഷേ മരങ്ങൾ മുറിക്കാൻ നാട്ടുകാർ സമ്മതിക്കുന്നില്ല. കാര്യം തിരക്കി. പള്ളീലച്ചനും മന്ത്രവാദിയും മുല്ലാക്കയും മനശാസ്ത്രജ്ഞനും ഒക്കെ ആവാഹനവും ഉച്ചാടനവും നടത്തി നാട്ടുകാരിൽ ചിലരെ ബാധിച്ചിരുന്ന പ്രേതം, ഭൂതം, യക്ഷി, മാടൻ, മറുത തുടങ്ങിയവയെ ആണി തറച്ചും, അല്ലാതെയും ഈ മരങ്ങളിൽ തളച്ചിട്ടിരിക്കുകയാണ്. മരങ്ങൾ പോയാൽ അവർ ഇളകും. നാട്ടുകാരിൽ ചിലർ വീണ്ടും കുഴപ്പത്തിലാകും. ഇതാണ് അവരുടെ പേടി. കരാറുകാരൻ എൻജിനീയറെ സമീപിച്ചു.”സർ, ഒരു ഔദ്യോഗിക കത്ത് തരിക. ഞാൻ ഒന്ന് പരീക്ഷിക്കട്ടെ.” കൽപ്പന വാങ്ങി. അച്ചനെയും മുല്ലാക്കയെയും കൊണ്ട് നല്ല വാക്ക് പറയിപ്പിച്ചു നാട്ടുകാരിൽ ചിലരെ സമാധാനപ്പെടുത്തി. മന്ത്രവാദിയെ കണ്ടപ്പോൾ പൂജ നടത്താതെ പറ്റില്ലെന്നായി. മൂന്നു ദിവസത്തെ പരിപാടി. ഒരുപാട് പേരെ സംഘടിപ്പിക്കണം. “ഒരു ഉത്സവം പോലെ ആയ്ക്കോട്ടെ.” പൂജാരിയെയും, വാളിളക്കി ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിനെയും ആദ്യ രണ്ട് ദിവസങ്ങളിൽ ഇറക്കി. മൂന്നാം ദിവസം മുടിയാട്ടക്കാരുടെ ഊഴമായിരുന്നു. മുടിവളരാനും, നടുവുറക്കാനും, കാൽകണ്ണി തിരിയാനും, അടിയാള അമ്മമാരുടെ നേതൃത്വത്തിൽ നടക്കുന്ന മലനാട്ടിലെ നൃത്തരൂപമായ മുടിയാട്ടത്തിലെ മങ്കമാർ, പകുതി ബോധത്തോടെ ആട്ടം നിർത്തിയപ്പോൾ എല്ലാം ശുഭം. മരങ്ങൾ വെട്ടിമാറ്റി. കനാലിന്റെ പണിതീർത്തു. മിന്നാമിനുങ്ങിനെ പോലെ മിന്നുകയും അവസാനം ദുരൂഹസാഹചര്യത്തിൽ മങ്ങുകയും ചെയ്ത ചാലക്കുടിക്കാരൻ ശ്രീ.സി. കുമാരൻ നായർ എന്നു പേരുള്ള കരാറുകാരൻ ആയിരുന്നു ഈ പരിപാടിയുടെ സൂത്രധാരകൻ.
