(അനുഭവക്കുറിപ്പുകൾ)
ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.
കേരളത്തിലെ വിവിധ പദ്ധതികളിൽ നിർണ്ണായക പങ്കുവഹിച്ച ഒരാളുടെ അനുഭവസമ്പത്തു പുതിയ തലമുറക്കു മുതൽക്കൂട്ടും മാർഗ്ഗദർശകവുമാകുമെന്നു കരുതുന്നു.
പൂർവ്വകാലകഥകളുടെ വർണ്ണചിത്രം തെളിഞ്ഞു വരുന്ന ഈ ഓർമ്മക്കുറിപ്പുകളിലേക്കുസ്വാഗതം.
- കാലവർഷത്തിന്റെ കവാടം:-കാലവർഷത്തിന്റെ കവാടം എന്ന് കേരളത്തെ വിശേഷിപ്പിക്കാറുണ്ട്. വർഷത്തിൽ 3000 മില്ലിമീറ്റർ മഴ. ഇടവപ്പാതി മുതൽ ചിങ്ങമാസത്തിലെ ഓണം വരെയാണ് കേരളത്തിൽ കൂടുതൽ മഴ ലഭിക്കുക. പിന്നീട് കൊട്ടും കുരവയുമായി തുലാവർഷവും വരും. അങ്ങനെ റോഡുകളും ആറുകളും അരുവികളും പുഴകളും നദികളും മഴവെള്ളം കൊണ്ട് നിറഞ്ഞൊഴുകും. ഇത് പെട്ടെന്ന് തന്നെ കായലിലും കടലിലും എത്തും. മഴ വെള്ളത്തിൻറെ ഒരുഭാഗം തന്നെയെങ്കിലും വേനൽക്കാലത്ത് കൃഷിക്കും കുടിവെള്ളത്തിനും വൈദ്യുതി ഉത്പാദിപ്പിക്കുവാനുമായി പുഴക്ക് കുറുകെ അണക്കെട്ടുകൾ അഥവാ ഡാമുകൾ പണിയും. അത്തരമൊരു അണക്കെട്ടിന്റെ ജോലിയിലാണ് ഞാൻ ആദ്യം ഏർപ്പെടുന്നത്; തൃശൂരിൽ നിന്ന് 26 കിലോമീറ്റർ അകലെ വടക്കാഞ്ചേരി പുഴയുടെ കുറുകെ കെട്ടുന്ന മണ്ണ് ഡാമിൻറെ ജോലിയിൽ. എഞ്ചിനീയറിംഗ് കോളേജിൽ മണ്ണ് ശാസ്ത്രവും(soil mechanics ) പഠിപ്പിച്ചിരുന്നു. അതുകൊണ്ട് എനിക്ക് കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ബുദ്ധിമുട്ടുണ്ടായില്ല. മണ്ണ് പരിശോധനാ കേന്ദ്രത്തിന്റെ (സോയിൽ ടെസ്റ്റിംഗ് ലബോറട്ടറി) ചുമതല എന്നെ ഏൽപ്പിച്ചു.കോളേജിൽ നിന്ന് ലഭിച്ച പുസ്തക അറിവും പ്രായോഗിക പരിജ്ഞാനവും കൂട്ടിക്കലർത്തി മുന്നേറുകയായിരുന്നു.
- മണ്ണുമാന്തിയന്ത്രം
മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കരാറുകാരനാണ് പണി ചെയ്യിക്കുന്നത്. സർക്കാരിന് മേൽനോട്ടവും സാങ്കേതിക നിയന്ത്രണവും മതി. DW10 എന്ന യന്ത്രങ്ങൾ രാവിലെ മണ്ണെടുപ്പ് കേന്ദ്രത്തിൽ അണിനിരക്കും. അവയുടെ ബ്ലേഡ് നിലത്തുകുത്തി മുന്നോട്ടുനീക്കും. പുറകിൽ D4 എന്ന യന്ത്രം തള്ളും. 10 സെൻറീമീറ്റർ കനത്തിലുള്ള ഭൂമിയിലുള്ള മണ്ണാണ് ആദ്യത്തെ യന്ത്രങ്ങൾ അവയുടെ വയറ്റിൽ ആക്കുന്നത്. വയറു നിറഞ്ഞാൽ അവ ഡാമിലേക്ക് കുതിക്കും. അവിടെ 25 സെൻറീമീറ്റർ കനത്തിൽ മണ്ണ് നിരത്തി നിലത്തിട്ടു ഒഴിഞ്ഞ വയറോടെ അവ മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് തിരിച്ചുപോകും. ശമ്പളത്തിന് പുറമേ, ഓരോ ട്രിപ്പിനും ബാറ്റ ഉണ്ട്. അതുകൊണ്ട് ഡ്രൈവർമാർ ഉഷാറായി ജോലി ചെയ്യും. ‘ഇടിക്കും സൂക്ഷിച്ചോ, രക്ഷ വേണമെങ്കിൽ ഓടിക്കോ’(ISRO) എന്ന തരത്തിലാണ് ഡ്രൈവിംഗ്! സീറ്റിലിരുന്നും, നിന്നും കസർത്തു നടത്തുകയാണോ എന്ന് തോന്നും!
7 മണ്ണ്ഡാം പണി:-
ഡാമിൽ ഇടുന്ന മണ്ണ് നിലത്തു ഉറപ്പിക്കുന്നത്, ഒരു തരം പ്രത്യേക റോളർ ഉരുട്ടിയാണ്.ചെമ്മരിയാടിന്റെ കാലിന്റെ മാതൃകയിൽ പലപല കുറ്റികൾ ഒരു റോളറിൽ പിടിപ്പിച്ചതിനു ശേഷം, ആ ഷിപ്പ് ഫുട്ട്റോളർ ഉരുട്ടുന്നു. എട്ടോ പത്തോ തവണ ഉരുട്ടിയാൽ മണ്ണ് തറഞ്ഞു ഏറ്റവും കൂടുതൽ സാന്ദ്രത (ഡെൻസിറ്റി) ഉള്ളതാകും. 25 സെൻറീമീറ്ററിലെ ഇളകിയ മണ്ണ്, 15 സെൻറ് മീറ്റർ കനത്തിൽ ആകും.ഇതിൻറെ സാമ്പിളെടുത്ത് പരിശോധിക്കും. നല്ല ഫലം കിട്ടിയാൽ, മേലെ വീണ്ടും മണ്ണ് നിരത്താം. ഒരു ഘനയടിയ്ക്ക് 116 പൗണ്ട് തൂക്കം ഉണ്ടാകും. മണ്ണിൽ അടങ്ങിയ വെള്ളത്തിൻറെ തൂക്കം 16 എന്ന് കരുതിയാൽ, ഒരു ഘനയടി മണ്ണിന് 100 പൗണ്ട് തൂക്കം ആയി. റോളർ കൂടുതൽ തവണ ഉരുട്ടിയാലും സാന്ദ്രത കൂടില്ല. അതിനെ നിയന്ത്രിക്കുന്നത് മണൽത്തരികളുടെ വലിപ്പവും ഈർപ്പവും ആണ്. ഞാൻ വാഴാനിയിൽ എത്തുമ്പോൾ ഡാമിൻറെ മുക്കാൽഭാഗം പണിയും തീർന്നിരുന്നു.
തുടരും……
പുതിയ തലമുറയ്ക്ക് മാർഗദർശകമാകുന്ന അനുഭവക്കുറിപ്പുകൾ .