- മിന്നും മിനുങ്ങിന്റെ നുറുങ്ങുവെട്ടം:- ഞാൻ മൂന്നാർ ഓഫീസിൽ എത്തുന്നത് 1956 നവംബറിലാണ്. അതിന് ഏകദേശം ഒരു കൊല്ലം മുമ്പു തന്നെ ഇവിടങ്ങളിലെ പദ്ധതികളുമായി എനിക്ക് ബന്ധമുണ്ട്. എൻജിനീയറിങ് കോളേജിലെ സർവെ പഠനം പൂർത്തിയാക്കിയത് ചെങ്കുളം പവർ ഹൗസിനടുത്ത് താമസിച്ചാണ്. ഒരു മാസക്കാലം പന്നിയാർ പദ്ധതിക്കുവേണ്ടി സർവെ ചെയ്തു. കോളേജിലെ പരീക്ഷാഫലം വരുന്നതിനു മുമ്പേ ജോലി തരാമെന്ന് ശ്രീ. രംഗനാഥൻ പറഞ്ഞു. ആരും ആ വാഗ്ദാനം സ്വീകരിച്ചില്ല. പക്ഷേ കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ വരാനായിരുന്നു യോഗം. അന്നത്തെ ഓർമ്മകളിൽ ഇപ്പോഴും മായാതെ, മങ്ങാതെ ഉള്ളത് മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടം ആണ്. പവർഹൗസിനടുത്തു രണ്ടു മൂന്നു മരങ്ങളിലെ ഓരോ ഇലകളിലും അനേകം മിന്നാമിനുങ്ങുകൾ ഒരേസമയം അവയുടെ പ്രകാശം പരത്തും. പകൽ വിശ്രമിക്കുക; രാത്രി ഇര തേടുക; ഇണയെ ആകർഷിക്കാൻ പ്രകാശം പരത്തുക; ഇവയാണ് ഇവരുടെ ജീവിത രീതി.ആൺ മിന്നാമിനുങ്ങിനു ചിറകുണ്ട്. പ്രകാശം മിന്നിച്ചു കൊണ്ട് പുഴുക്കളെപ്പോലെ നിലത്തിഴയുന്നത് പെൺ ജീവിയാണ്. ആ കാഴ്ച പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല. ഒരു രാജ്യത്തെ വിനോദസഞ്ചാര കൗതുകം ഈ കാഴ്ചയാണത്രേ! പച്ച നിറം കലർന്ന പ്രകാശത്തിന് ചൂടില്ല. ഈ വെളിച്ചം ഇപ്പോൾ ഒറ്റയ്ക്കും തെറ്റയ്ക്കും മാത്രമേ കാട്ടിലും നാട്ടിലും വീട്ടിലും കാണാറുള്ളൂ.
30.മിസ്റ്റർ ബ്രൂ ഫോർഡ്:-
ചീഫ് എൻജിനീയർ (കൺസ്ട്രക്ഷൻ) ഓഫീസ് ആണ് നേരത്തെ മൂന്നാറിൽ ഉണ്ടായിരുന്നത്.മിസ്റ്റർ ബ്രൂഫോർഡ് എന്ന സായിപ്പ് ആയിരുന്നു എൻജിനീയർ.കൊച്ചിരാജ്യത്തെ പെരിങ്ങൽകുത്ത് പദ്ധതിയിലേക്ക് ആദ്യം ആളെത്തി. 1949 ൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു. അപ്പോൾ ഓഫീസ് മൂന്നാറിൽ ആയി.സർക്കാരിൻറെ ഗസ്റ്റ്ഹൗസ് സായിപ്പിന് താമസിക്കാൻ കൊടുത്തു. പുതിയ ഗസ്റ്റ് ഹൗസ് സർക്കാർ വേറെ പണിതു. ബ്രിട്ടീഷ് പാരമ്പര്യമനുസരിച്ച് ഔദ്യോഗിക ചിഹ്നം യൂണിഫോം ധരിച്ച ഡഫേദാരാണ്. അവരെ ശ്രദ്ധയോടെ വെള്ളക്കാർ തിരഞ്ഞെടുത്തു. നല്ല പൊക്കം, തലയെടുപ്പ്, മുഴക്കമുള്ള ശബ്ദം ഇവയാണ് യോഗ്യത. ഡഫേദാർ ശബ്ദിക്കുമ്പോൾ രംഗം നിശ്ചലമാകും. ചാവടിയിലായാലും മരത്തിൻറെ മൂട്ടിൽ ആയാലും ഡഫെഡാർ ശബ്ദമുയർത്തിയാൽ അവിടെ കോടതിയും കച്ചേരിയും ആകുന്നത് പോലെയായിരുന്നു മൂന്നാറിലെ ഓഫീസിലും. മിസ്റ്റർ. ബ്രൂഫോർഡ് ഓരോ കാര്യവും ശ്രദ്ധയോടെ ചെയ്യുന്ന കൂട്ടത്തിലാണ്. പ്രായം കൂടി, മല കയറാൻ ബുദ്ധിമുട്ട് ആയപ്പോഴും പൈപ്പ് ലൈനിൽ മഞ്ചലിൽ എത്തിയിരുന്നു.
ഓഫീസിൽ ഒരിക്കൽ ഉദ്യോഗസ്ഥരുടെ യാത്രാബത്തയുടെ ബിൽ ഒപ്പ് ഇടുകയാണ്. ഒരാളുടെ ബത്ത, ദേവികുളം ട്രഷറിയിൽ യാത്രാബത്ത വാങ്ങാൻ പോകുന്നതിന്റെ ബത്ത മാത്രമാണ്. അടുത്ത മാസത്തെ ബത്ത, ആ യാത്രാബത്ത വാങ്ങാൻ പോകുന്നതിന്റെ ബത്ത മാത്രം. സായ്പ് സൂപ്രണ്ടിനെ വിളിച്ചു.ഇത്തരം ബത്തയ്ക്കുള്ള ബത്തയും അതിനുള്ള ബത്തയും എന്ന് തീരും എന്നായിരുന്നു ചോദ്യം!
സായ്പ് പോയപ്പോൾ പകരം ഒരു മലയാളി ഡൽഹിയിൽനിന്ന് എത്തി; എൻജിനീയർ ജോർജ്ജ് ഉമ്മൻ.
മൂന്നാർ ഭാഗത്തെ ജോലി കുറഞ്ഞപ്പോൾ ചീഫ് എൻജിനീയർ ഓഫീസ് നിർത്തലാക്കി. അവിടെ സൂപ്രണ്ടിങ് എൻജിനീയറെ നിയമിച്ചു. മാട്ടുപ്പെട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.വി. രംഗനാഥന് ഉദ്യോഗക്കയറ്റം നൽകി.
