- ചായ:- ഏറ്റവും പ്രചാരം നേടിയ പാനീയ വിളയാണ് തേയില. ‘കമേലിയ സൈനൻസിസ്’(Camellia sinensis) എന്നാണ് ശാസ്ത്രീയനാമം. ഇതിൽ നിന്നു ചായ ഉണ്ടാക്കുന്നു. തേയിലയിൽ അടങ്ങിയ കഫീൻ ആളുകൾക്ക് ഉന്മേഷം തരുന്നു. 700 മീറ്റർ മുതൽ 2500 മീറ്റർ വരെ ഉയരത്തിൽ തേയില വളരും. മൂന്നാർ ഭാഗത്ത് ധാരാളം തേയിലത്തോട്ടങ്ങൾ ഉണ്ട്. പ്രചരിപ്പിക്കുന്നതിന് വേണ്ടി കമ്പനി ആദ്യം ആളുകൾക്ക് ചായ ഉണ്ടാക്കി വെറുതെ കൊടുത്തു. ആളുകൾക്ക് രസം പിടിച്ചു. പിന്നെ കുടിക്കാനുള്ള നേരത്ത് കിട്ടിയില്ലെങ്കിൽ വിഷമം ആയി. അന്നേരം ചായ വെറുതെ കൊടുക്കുന്നത് നിർത്തി.അപ്പോൾ ആളുകൾ കാശുകൊടുത്ത് വാങ്ങി കുടിക്കാൻ തുടങ്ങി. രണ്ടിലയും ഒരു മൊട്ടും അടങ്ങിയ ഭാഗം തൊഴിലാളികൾ തേയില ചെടികളിൽ നിന്ന് പറിച്ച് ചാക്കിലിടും. ഒരാൾ ഒരു ദിവസം ശേഖരിക്കുന്ന ഈ കൊളുന്ത് തൂക്കിനോക്കി വേതനം നിശ്ചയിക്കുന്നു. ഇലകളിൽ വെള്ളം കാണും.ഇലകളിൽ ചൂടുള്ള വായു അടിക്കുമ്പോൾ വാടും. അവയെ യന്ത്രത്തിലിട്ട് ഉരുട്ടുകയും കശക്കുകയും ഞരടുകയും കീറുകയും ചെയ്യുമ്പോൾ ഇലകളിലെ അറകൾ(Cells ) പൊട്ടും. ഉള്ളിലെ ചാറ് പുറത്തേക്ക് വരും. ചാറ് ഇലകളിൽ പുരളുമ്പോഴേക്കും ചൂടാക്കി ഉണക്കും. പിന്നീട് തരം തിരിക്കും. ഉൽപാദന രീതി അനുസരിച്ച് പലതരത്തിൽ തരംതിരിവ് ഉണ്ട്. കഫീൻ കൂടുതൽ മൊട്ടിൽ ആണ്. ഇലകളിൽ അതിലും കുറവാണ്. മൂത്ത ഇലകളിൽ പിന്നെയും കുറയും. പൊതുവേ ഇപ്പോൾ ഉള്ളത് C.T.C. (Crush -Tear-Curl ) തേയിലയാണ്. അടുത്തത് O.P (Orange Pekoe), B.O.P.(ബ്രോക്കൺ ഓറഞ്ച് പെക്കോ), Dust (തേയിലപ്പൊടി) ഇങ്ങനെയും തരംതിരിവുകൾ ഉണ്ട്.
- ജനങ്ങൾ :-
മൂന്നാർ ഭാഗത്ത് ഒരുപാട് തേയിലത്തോട്ടങ്ങൾ ഉണ്ട്. തൊഴിലാളികളിൽ മിക്കവരും തമിഴരാണ്.അവർ അന്ധവിശ്വാസികളും പഠിപ്പു കുറഞ്ഞവരും നന്മനിറഞ്ഞവരും ആണ്.അവരുടെ മുഖ്യ പ്രശ്നങ്ങൾ പോഷകാഹാരക്കുറവും വെള്ളത്തിലൂടെയും മാലിന്യത്തിലൂടെയും പകരുന്ന രോഗങ്ങളും സ്ത്രീകളുടെ കൂടെക്കൂടെയുള്ള പ്രസവങ്ങളും ആണ്. 1950 കളുടെ അവസാനത്തിൽ തോട്ടങ്ങളിലെ ജനനനിരക്ക് ആയിരത്തിന് 58 ആയിരുന്നു; മരണം ആയിരത്തിന് 180 മേലെയും. ആ അവസ്ഥയിൽ മനംനൊന്ത അച്ഛൻ പറഞ്ഞു. “പത്തു പെറ്റാ, നാലോ അഞ്ചോ താൻ പിഴയ്ക്കും. അതിലും ഒരുത്തൻ താൻ ഉരുപ്പടി ആകും.”കുട്ടികളുടെ മരണനിരക്ക് കുറയ്ക്കാതെ കുടുംബാസൂത്രണം വിജയിക്കില്ലെന്ന് സാരം.
അവർ താമസിക്കുന്നത് കമ്പനിക്കാർ പണിയിച്ചു കൊടുത്ത വീടുകളിലാണ്. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ, കുടിയേറ്റത്തിനോ കയ്യേറ്റത്തിനോ മുതിരില്ല. സ്വന്തം നാട്ടിലേക്ക് തിരിക്കും.
പല പല തേയിലത്തോട്ടങ്ങൾ ഉണ്ട്. ഓരോന്നിനും ഫുട്ബോൾ ടീമും ഉണ്ട്. അവർ തമ്മിലുള്ള മത്സരം പഴയ മൂന്നാർ മൈതാനത്ത് നടത്തുന്നു.പണ്ട് തോട്ടങ്ങളിലെ ചെറു റോഡുകളിലൂടെ ധ്വര മാരും (മാനേജർമാരും) ചിന്ന ധ്വരമാരും (അസിസ്റ്റൻറ് മാനേജർമാരും)സഞ്ചരിച്ചിരുന്നത് കുതിരപ്പുറത്താണ്. കുതിരകളുടെ മത്സര ഓട്ടങ്ങളും കുതിരപ്പുറത്ത് ഇരുന്നുള്ള കളികളും വേനൽക്കാല ഞായറാഴ്ചകളിൽ ഉണ്ടായിരുന്നു.വിനോദം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ ക്ലബ്ബും യൂറോപ്യൻ ക്ലബ്ബും ഉണ്ടായിരുന്നു. ആശുപത്രിയും ലോഡ്ജും സിനിമാ തീയേറ്ററും അക്കാലത്തും ഉണ്ട്.
ഓരോ തോട്ടത്തിലും ശാസ്ത്രീയമായി മഴയുടെ അളവ് രേഖപ്പെടുത്തും. അവയുടെ അടിസ്ഥാനത്തിലാണ് ആ ഭാഗത്തെ വൈദ്യുത പദ്ധതികൾ ആസൂത്രണം ചെയ്തത്.