17.1 C
New York
Sunday, April 2, 2023
Home Special ഒരു എൻജിനിയറുടെ സർവീസുത്സവം –(അനുഭവക്കുറിപ്പുകൾ)

ഒരു എൻജിനിയറുടെ സർവീസുത്സവം –(അനുഭവക്കുറിപ്പുകൾ)

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

  1. ആമുഖം: അസിസ്റ്റൻറ് എഞ്ചിനിയറായി തുടക്കം;ചീഫ് എൻജിനിയറായി മടക്കം. അങ്ങനെയുള്ള ഒരാളുടെ ആയകാലത്തേയും പോയകാലത്തേയും അനുഭവങ്ങൾ;ചിരിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന കാര്യങ്ങൾ: ഒപ്പം ചതിയും വഞ്ചനയും നിറഞ്ഞ പാതകളിലൂടെയുള്ള ഓട്ടവും ,ചാട്ടവും;കുന്നും കുഴിയും താണ്ടിയുള്ള നടത്തവും; വന്യജീവികളുമായുള്ള ഇണക്കവും പിണക്കവും ചേരുന്ന മധുരനൊമ്പര ഓർമ്മകൾ.
    കേരളത്തിലെ വിവിധ പദ്ധതികളിൽ നിർണ്ണായക പങ്കുവഹിച്ച ഒരാളുടെ അനുഭവസമ്പത്തു പുതിയ തലമുറക്കു മുതൽക്കൂട്ടും മാർഗ്ഗദർശകവുമാകുമെന്നു കരുതുന്നു.

പൂർവ്വകാലകഥകളുടെ വർണ്ണചിത്രം തെളിഞ്ഞു വരുന്ന ഈ ഓർമ്മക്കുറിപ്പുകളിലേക്കുസ്വാഗതം.

  1. ആദ്യനിയമനം:-

മലയാള ഭാഷ, തിരുവിതാംകൂറിനേയും കൊച്ചിയേയും മലബാറിനേയും കോർത്തിണക്കി കേരള സംസ്ഥാനമാക്കി.അതിൻറെ കേളികൊട്ടുകേൾക്കുന്ന 1956-ൽ ഞാൻ സർക്കാർ ജോലിക്കു ചേർന്നു.പണ്ട് ‘ശ്രീപത്മനാഭൻ്റെയോ, കൊച്ചി രാജാവിൻ്റെ കോലേത്തേയോ ‘ശമ്പളം വാങ്ങാൻ കഴിയുന്നതായിരുന്നു വലിയ അഭിമാനം. നിനച്ചിരിക്കാത്ത നേരത്ത് നിയമനം കിട്ടി. ആർക്കും ഒരു അപേക്ഷ പോലും കൊടുക്കാതെയാണ് അത് ലഭിച്ചത്. നാം ഭൂമിയിൽ എത്തുന്നതും ആർക്കും ഒരു അപേക്ഷയും കൊടുക്കാതെ അല്ലേ? തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം ചെറിയൊരു പ്രദേശമാണ്. അവിടെ ആകെ ഒരു എൻജിനീയറിങ് കോളേജ് മാത്രമേയുള്ളൂ. യൂണിവേഴ്സിറ്റിയും ഒന്നു മാത്രം. പൊതുമരാമത്ത് വകുപ്പിൽ ഒരൊറ്റ ചീഫ് എൻജിനീയർ. എൻജിനീയറിങ് കോളേജ് പരീക്ഷാഫലം വന്നാൽ ചീഫ് എഞ്ചിനീയർ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എൻജിനീയർമാരുടെ റാങ്ക് ലിസ്റ്റും മേൽവിലാസവും വാങ്ങും. വീടിനടുത്തുള്ള ഒഴിവുകൾ ഉള്ള സ്ഥലത്തേക്ക് നിയമന ഉത്തരവുകൾ നൽകും. അതായിരുന്നു രീതി. എൻജിനീയർമാർ പുറത്ത് പോകാതിരിക്കാനുള്ള ഒരു സൂത്രവിദ്യ കൂടിയാണിത്. ചെറുതല്ലേ, ചേതോഹരം.(സ്മാൾ ഇസ് ബ്യൂട്ടിഫുൾ) എന്നാണല്ലോ. ചെറിയ സംസ്ഥാനവും മേലധികാരികളുടെ നല്ല മനോഭാവവും കൂടിയായപ്പോൾ നെട്ടോട്ടമോ കുറിയോട്ടമോ ഇല്ലാതെ എല്ലാം വേഗത്തിൽ നടന്നു. ആദ്യത്തെ നിയമനം വാഴാനി ജലസേചന പദ്ധതിയിൽ ആയിരുന്നു.

  1. ആദ്യ ഔദ്യോഗിക ദിനം:-

ആദ്യദിവസം ഓഫീസിലെത്താൻ ഞാൻ വഴി ചോദിച്ചത് തോമാശ്ലീഹായുടെ കാലത്ത് മാമോദിസ മുങ്ങിയവരുടെ ഒരു പിൻഗാമി നസ്രാണിയുടെ അടുത്താണ്. ഏതാണ്ട് ആറടി പൊക്കം, ഒത്ത ശരീരം, ഏഴഴകുള്ള ഇരുണ്ട നിറം, മുൻ കഷണ്ടി, കയ്യിലൊരു കാലൻ കുടയുമായി നടക്കുന്ന മനുഷ്യൻ. ഡാം പണിയുടെ യഥാർത്ഥ കരാറുകാരൻ ആണെന്ന് പിന്നീട് അറിഞ്ഞു.

എക്സിക്യൂട്ടീവ് എൻജിനീയറെ കണ്ട് നിയമന ഉത്തരവുകൾ കാണിച്ചു. അദ്ദേഹം എൻറെ കോളേജിലെ പഠിപ്പിനെപറ്റിയൊക്കെ അന്വേഷിച്ചു.ഏത് തസ്തികയിൽ ചേരണം, എവിടെ താമസിക്കാം, ഭക്ഷണം എവിടുന്ന് ലഭിക്കും തുടങ്ങിയ വിവരങ്ങൾ അപ്പോൾ തന്നെ പറഞ്ഞു തന്നു. ജോലിയിൽ പ്രവേശിക്കുന്ന റിപ്പോർട്ട്‌ എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. ഞാൻ അടുത്ത മുറിയിലെത്തി.

അല്പം അങ്കലാപ്പോടെ ആണ് റിപ്പോർട്ട് എഴുതാൻ തുടങ്ങിയത്. എൻറെ സംസാരവും, പെരുമാറ്റവും ശ്രദ്ധിച്ചിരുന്ന ഒരു വയസ്സൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് മുന്നിലെത്തി. ഒരു വെള്ളക്കടലാസ് കയ്യിലുണ്ട്. “ഇതൊന്നും പരിചയമില്ല അല്ലേ? സാർ തിരുവനന്തപുരത്ത് അല്ലേ പഠിച്ചത്? ഞാനും അവിടുത്തുകാരനാണ്. കൈതമുക്ക് അമ്പലത്തിനടുത്ത് ആണ് താമസം. “ നിയമന ഉത്തരവ് എൻറെ പക്കൽ നിന്ന് വാങ്ങി. വെള്ളക്കടലാസിൽ വടിവൊത്ത കയ്യക്ഷരത്തിൽ ഇംഗ്ലീഷിൽ എഴുതി. മലയാളതർജ്ജമ ഇങ്ങനെയാണെന്ന് കരുതാം. സമർപ്പണം (സബ്മിറ്റെഡ്)
സൂചിക……ഉത്തരവ്. 1956 ജൂൺ 26ന് രാവിലെ ആക്ടിംഗ് സൂപ്പർവൈസറായി ജോലിയിൽ ചേരുന്നു. പേരെഴുതി ഒപ്പിട്ടു.കളി ചിരിയിലൂടെ കാര്യങ്ങൾ നടത്തുന്ന ഒരു കാരണവരാണ് എൻറെ സഹായത്തിനെത്തിയത്. ആവശ്യസമയത്ത് സഹായിക്കുന്നവരാണല്ലോ സ്നേഹിതർ. ഇദ്ദേഹവും ഒരു സൂപ്പർവൈസർ ആണ്. ഞാൻ പലപ്പോഴും ഉപദേശം തേടാറുണ്ട്. ചിലപ്പോൾ ‘ഉരുളയ്ക്കുപ്പേരി’ പോലെ പറഞ്ഞൊന്ന് ചിരിക്കും. ആദ്യം പറഞ്ഞതിന് പക തോന്നിയെങ്കിൽ ആ ചിരിയോടെ നമ്മളും കൂടെ ചിരിക്കും. അങ്ങനെ നമ്മളെ കയ്യിലെടുക്കും.

സൂപ്പർവൈസർ തസ്തികയുടെ പേര് താമസിയാതെ ജൂനിയർ എൻജിനീയർ എന്നായി. അതുതന്നെയാണ് ഇപ്പോഴത്തെ അസിസ്റ്റൻറ് എൻജിനീയർ.

ഞാൻ ജോലിയിൽ പ്രവേശിക്കാൻ ഡ്യൂട്ടി റിപ്പോർട്ട് എഴുതിക്കൊടുത്തു. അപ്പോൾ എൻറെ 17 വർഷത്തെ വിദ്യാലയ പഠനത്തിന് വിരാമമായി; ജീവിതത്തെ നേരിൽ കാണുന്ന 34 കൊല്ലത്തെ സർവീസ് ജീവിതത്തിനു തുടക്കവും. അക്കാലത്ത് എൻജിനീയറിങ് ഡിഗ്രി ഉള്ളവർ അപൂർവ്വമാണ്.ഡിപ്ലോമക്കാരും കുറവ് തന്നെ. അവർ ഫസ്റ്റ് ഗ്രേഡ് ഓവർസിയറായി ജോലിക്ക് കയറുന്നു. പിറ്റേദിവസം ജൂനിയർ എൻജിനീയർ ആയി ഉദ്യോഗക്കയറ്റം ലഭിക്കും. ഡിഗ്രി ഉള്ളത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മാത്രം. അതുകൊണ്ട് ഇളയതെങ്കിലും പ്രായക്കൂടുതലുള്ളവരും എന്നോട് കൂടുതൽ ബഹുമാനം കാട്ടി. അവരിൽ നിന്ന് പലതും മനസ്സിലാക്കാൻ ഉണ്ടെന്ന് ആദ്യദിവസം തന്നെ തിരിച്ചറിഞ്ഞു. കാണുന്നതിൽ എല്ലാം കൗതുകം തോന്നുന്ന ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ ഓരോന്നും കാണാൻ ശ്രമിച്ചു.

എല്ലാവരുമായി അടുത്തു പെരുമാറി. അതേസമയം കുറച്ച് അകലം പാലിക്കാനും ശ്രമിച്ചു.“Never rude always aloof policy “

സാരികൾ ഏതുതരം വേണമെന്ന് ചില സിനിമ സംവിധായകർക്ക് ഒരു സങ്കല്പമുണ്ട്. വെറും സാധാരണ സാരികൾ ആയിരിക്കണം. ആരു കണ്ടാലും ദേ, തൊട്ടപ്പുറത്തെ കടയിൽ പോയാൽ വാങ്ങാൻ കിട്ടും എന്ന് തോന്നണം.പക്ഷേ ഒരു കടയിൽ പോയാലും അത് കിട്ടരുത്.പ്രാപ്യം എന്ന് തോന്നിപ്പിക്കുന്ന അപ്രാപ്യമായ സാരികൾ അതുപോലെയാണ് ഈ പോളിസി. (നയം)

  1. ആദ്യ ശമ്പളം:- ഇതു വാങ്ങി വീട്ടിൽ എത്തി. കുടുംബാംഗങ്ങൾ നിർദ്ദേശിച്ചത് പോലെ മരിച്ച ബന്ധുക്കൾക്ക് വേണ്ടി പൂജകൾ ഏർപ്പാടുചെയ്തു. ഒരു ചെറിയ സംഖ്യ പിതാവ് വാങ്ങി സൂക്ഷിച്ചു. ആർക്കു കൊടുത്തു എന്നും പ്രതികരണം എന്തായിരുന്നു എന്നും പിന്നീട് അറിഞ്ഞു. എൻറെ കുട്ടിക്കാലത്ത് ഒരാൾ വീട്ടിലെത്തും. കിണറിൽ നിന്ന് വെള്ളം കോരും. ഒരു മധുര പാനീയം ഉണ്ടാക്കും. എനിക്ക് അല്പം തരും. മധുരം കുറഞ്ഞോ കൂടിയോ എന്ന് ഞാൻ പറയണം. ചന്ത ദിവസങ്ങളിൽ മൂന്നു തവണയെങ്കിലും ഇത് ഉണ്ടാകും. ഞാൻ പള്ളിക്കൂടത്തിൽ പോയി തുടങ്ങിയപ്പോൾ ഈ പരിപാടി ഒഴിവു ദിനത്തിൽ മാത്രമായി. പിന്നീട് അതും നിന്നു. നരച്ച മുടിയും താടിയും നീട്ടി വളർത്തിയ ഒരു പഠാണി ആണ് ഈ ദാഹശമനക്കാരൻ. ഇന്ത്യയുടെ ഒരു സുഹൃദ് രാജ്യമായ പത്താൻ എന്ന നാട്ടിൽ നിന്ന് കുടിയേറിപ്പാർത്ത ഒരാളുടെ കൊച്ചുമകൻ ആയിരുന്നു ഇയാൾ. പഠാണിക്ക് ആൺമക്കൾ ഇല്ല. പെൺകുട്ടികളെയും ഭാര്യയെയും പണിക്ക് വിടുന്നത് അവരുടെ ആത്മാഭിമാനത്തെ തൊട്ടു കളിക്കുന്ന കാര്യമാണ്. അതുകൊണ്ട് പിന്നീട് അയാൾ സ്വയം യാചകനായി മാറി. അദ്ദേഹത്തിനാണ് എൻറെ ആദ്യ ശമ്പളത്തിൽനിന്ന് ഒരു വിഹിതം ലഭിച്ചത്. 1000 വീടുകളിൽ നിന്ന് കിട്ടുന്ന തുകയ്ക്ക് തുല്യമായിരുന്നു അത്. ആളാകെ സന്തോഷത്തിലായി.എന്റെ വിവരങ്ങൾ കൗതുകത്തോടെ കേട്ടു. ‘ദൈവം രക്ഷിക്കട്ടെ’ എന്ന് അനുഗ്രഹിച്ചു. ആ രംഗം എൻറെ മനസ്സിലേക്ക് ഇടയ്ക്കിടെ ഓടി വരാറുണ്ട്. ഈ സമയത്ത് രവീന്ദ്രനാഥ ടാഗോർ എഴുതിയ പ്രസിദ്ധമായ ‘കാബൂളിവാല’ എന്ന ചെറുകഥയിലെ വിവരങ്ങളും കൂടെ കൂടും!

(തുടരും..)

FACEBOOK - COMMENTS

WEBSITE - COMMENTS

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: