17.1 C
New York
Monday, September 20, 2021
Home Special ഒരു എഞ്ചിനീയറുടെ സർവീസുൽസവം. 44 & 45.

ഒരു എഞ്ചിനീയറുടെ സർവീസുൽസവം. 44 & 45.

✍ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

44.യന്ത്രങ്ങൾ:-
പന്നിയാർ പുഴയുടെ വീതികുറഞ്ഞ ഭാഗത്താണ് ആനയിറങ്കൽ അണക്കെട്ട് പണിയേണ്ടത്. അവിടെ കൂറ്റൻ ഉരുളൻ പാറകളാണ്. അതുകൊണ്ട് ഒഴുകുന്ന വെള്ളത്തിന് കുതിപ്പില്ല. ആകെ ചെളിപിളിയാണ്. ചെളിവാരി കളയാൻ ഉള്ള ഡ്രാഗ് ലൈൻ എന്ന യന്ത്രം ഇല്ല. മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു തോട്ടിലൂടെ പുഴയിലെ വെള്ളം തിരിച്ചു വിട്ടു. അവിടുത്തെ അടിഭാഗം വൃത്തിയാക്കാൻ തുടങ്ങി. 10-15 അടി കനത്തിൽ ആയിരുന്നു ചെളി. ജോലി പൂർത്തിയാക്കാൻ രണ്ടുമൂന്നു കൊല്ലം എടുത്തു. ആനയിറങ്കലിനു മണ്ണുമാന്തി യന്ത്രങ്ങൾ വാങ്ങാൻ ഒരുമ്പെടുന്ന സമയത്ത് ഇന്ത്യ ഗവണ്മെന്റിനു ഹംഗറി, പോളണ്ട് തുടങ്ങിയ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഒരു ലോൺ കിട്ടി. മണ്ണ് നിലത്തു നിന്ന് കോരിയെടുക്കാൻ ഉള്ള 3 എക്സ്കേവറ്റർ പോളണ്ടിൽ നിന്നും വാങ്ങി. പണിസ്ഥലത്തേക്ക് മണ്ണ് കൊണ്ടുപോകാൻ 8 ഡമ്പറുകൾ ഹംഗറിയിൽ നിന്നും ഇറക്കുമതി ചെയ്തു.മണ്ണ് നിലത്തു ഉറപ്പിക്കാനുള്ള പ്രത്യേക റോളർ നേരത്തെ ഇന്ത്യൻ കമ്പനിയിൽനിന്ന് വാങ്ങിയിരുന്നു. ഇത് കെട്ടിവെക്കാനുള്ള ചെറിയ ഡോസർ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഏർപ്പാട് ഉണ്ടാക്കി. വിവിധ രാജ്യക്കാരുടെ യന്ത്രങ്ങളുടെ സംഗമമായിരുന്നു ആനയിറങ്കലിൽ ഉണ്ടായത്. പ്രധാന അണക്കെട്ടിന്റെ പണി ആരംഭിക്കാനുള്ള എല്ലാ ഏർപ്പാടുകളും ആയി.

  1. യന്ത്രവികൃതികൾ:-

കുന്നിന്റെ അരികെ എക്സ്കവേറ്റർ നിർത്തുന്നു. വശങ്ങളിലേക്ക് പല്ലുകൾ താഴ്ത്തുന്നു. നിലത്തുനിന്ന് തുരന്ന് മണ്ണ് എടുക്കുന്നു, ബക്കറ്റ് പൊക്കി ടിപ്പർ ലോറിയിൽ അഥവാ ഡമ്പറിൽ ഇടുന്നു.ഇതിൻറെ ബക്കറ്റിൽ മണ്ണ് നിറഞ്ഞു കഴിയുമ്പോൾ 27 ഘന അടി ഉണ്ടാകും. ഈ യന്ത്രത്തിന്റെ സർവീസ് എൻജിനീയർ സായ്പ്പ് പോളണ്ടിൽ നിന്ന് എത്തിയിട്ടുണ്ട്.കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യമാണ് പോളണ്ട്. രാപ്പകൽ ജോലി ചെയ്യുന്നതിന് മടിയില്ല. നാലഞ്ചുപേരെ ഓപ്പറേഷൻ പഠിപ്പിച്ചപ്പോഴേക്കും ഗിയർവീൽ എന്ന പൽചക്രത്തിൻറെ മൂന്ന് പല്ലുകൾ പറിഞ്ഞു താഴെവീണു. ഗിയർ വിലിന് ഏതാണ്ട് 30 ഇഞ്ച് വ്യാസം(ഡയാമീറ്റർ)ഉണ്ട്. അനേകം പല്ലുകളും. ഇതൊക്കെ ഒരു യന്ത്രത്തിന്റെ ആയുഷ്കാലം വരെ കേടുകൂടാതെ ഇരിക്കേണ്ടതാണ്. അതുകൊണ്ട് പകരം കരുതൽ ശേഖരത്തിൽ ഇല്ല. യന്ത്രത്തിന്റെ കുറ്റമല്ല എന്നും, പലരും പലവിധത്തിൽ തെറ്റായി പ്രവർത്തിച്ചതു കൊണ്ടാണെന്ന് സായ്പ്പ്. യന്ത്രത്തകരാർ ആണെന്ന് ഇവിടെയുള്ളവർ. തർക്കിച്ചു കൊണ്ടിരിക്കുന്ന തുകൊണ്ട് കാര്യമില്ലല്ലോ.ഗിയർ വീലും കൊണ്ട് ശ്രീ.ഈപ്പൻ ആൻഡ്രൂസ് എറണാകുളത്തേക്ക് തിരിച്ചു. അവിടെ ഒരു വർക്ക് ഷോപ്പിൽ ഇത് നന്നാക്കി. കുഴപ്പമില്ലാതെ യന്ത്രം ഓടാൻ തുടങ്ങി. കുറച്ചു നാളുകൾക്ക് ശേഷം നാലേകാൽ ഇഞ്ചിലധികം വ്യാസം (110 മില്ലിമീറ്റർ)ഉള്ള ഷാഫ്റ്റ് 2 കഷണങ്ങളായി. പുതിയ ഒരെണ്ണം ഡിപ്പാർട്ട്മെന്റിന്റെ ആനച്ചാൽ വർക്ഷോപ്പിൽ ഉണ്ടാക്കിച്ചു ഉപയോഗിച്ചു.

വൈദ്യുതി ബോർഡിൽ ഇങ്ങനെയൊക്കെ യന്ത്രം പ്രവർത്തിപ്പിച്ചു. അണകെട്ടിന്റെപണി മുഴുവൻ ഈ എക്സ്കവേറ്റർകൾ വച്ചു തന്നെ തീർത്തു. ഇടയ്ക്ക് ഒരെണ്ണത്തിൽ ഡ്രാഗ് ലൈൻ എന്ന അനുബന്ധ ഭാഗം (അറ്റാച്ച്മെൻറ്) ഉപയോഗിച്ച് ചെളി കോരി കളഞ്ഞു.

ഡമ്പറുകൾ ഹംഗറിയിൽ നിർമ്മിച്ചവയായിരുന്നു. എക്സ്കവേറ്ററിന്റെ അടുത്തു നിർത്തും. മണ്ണു നിറയ്ക്കും. ഓടിച്ച് അണക്കെട്ടിൽ കൊണ്ടിടും. എക്സ്കവേറ്റർ അഞ്ചാറ് തവണ ബക്കറ്റ് മണ്ണിട്ടാലാണ് ഡമ്പർ നിറയുന്നത്. അത് ഓടിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ അതിൻറെ ക്ലച്ച് കേടുവന്നു. കമ്പനിക്കാരുടെ പക്കൽ നിന്നു തന്നെ പുതിയവ വാങ്ങിയിട്ടു.
അങ്ങനെ ജോലി മുന്നോട്ടു പോയി. എച്ച് ഡി 16 ഡോസറുകൾ രണ്ടെണ്ണം കുറെ നാളത്തേക്ക് കുഴപ്പമില്ലാതെ ജോലി ചെയ്തു. സ്പെയർപാർട്സുകൾ പലതും തീർന്നു. പുതിയവക്ക് ഓർഡർ കൊടുത്തു. ഡോസറു കളുടെ മോഡൽ മാറി. അതുകൊണ്ട് സ്പെയർ പാർട്ടുകൾ കിട്ടാനില്ല. കുറേ കിട്ടിയത് ഇവിടത്തെ ഡോസറിനു യോജിക്കില്ല. അത് എക്സിക്യൂട്ടീവ് എൻജിനീയറുടെ ശ്രദ്ധയിൽപ്പെടുത്തി. വിദേശനാണ്യം മുൻകൂറായി കൊടുത്തു വാങ്ങിച്ചതാണ്, പറഞ്ഞിട്ട് കാര്യമില്ല എന്തിനെങ്കിലും ഉപയോഗിക്കാം അത്രേ! ഞാൻ രഹസ്യമായി ഇവിടുത്തെ ഫോർമാനെ വിളിച്ചു ചോദിച്ചു. ‘എങ്ങനെ ഉപയോഗിക്കാം’? ഉടനെ വന്നു മറുപടി. ‘പട്ടിയെ എറിയാൻ കൊള്ളാം.’ നട്ടം തിരിക്കാൻ ചില സംഭവങ്ങളും വട്ടം തിരിയാൻ ഞാനും. മിലിട്ടറിയിൽ നിന്ന് പഴയ സാധനങ്ങൾ വാങ്ങി പൊളിച്ചു വിൽക്കുന്നവരുടെ അടുത്തു പോകുകയേ വഴിയുള്ളൂ. മധുരയിലെ ചന്ത, തൃശ്ശൂരിലെ പോപ്പുലർ ഓട്ടോമൊബൈൽസ് പറവട്ടാനിയിലെ ഗോഡൗൺ അങ്ങനെ പല സ്ഥലങ്ങളിലും പോയി ഓരോന്ന് വാങ്ങിയാണ് യന്ത്രങ്ങൾ ഓടിച്ചത്.

പ്രധാന അണക്കെട്ടിന്റെ പണി തുടങ്ങി. എക്സ്കവേറ്റർ മണ്ണ് കോരി ഡമ്പർ നിറക്കും. അത് ഓടിച്ചു ഡാമിൽ കൊണ്ടിടും.ബുൾഡോസർ മണ്ണ് നിരത്തും. റോളർ ഉരുട്ടി ഉറപ്പിക്കും. മൂന്ന് ഷിഫ്റ്റ് ആയി പണി തുടങ്ങി. പക്ഷേ യന്ത്രങ്ങൾക്കുള്ള പരിചരണം ദിവസവും നൽകുന്നതിനുവേണ്ടി പിന്നീട് രണ്ട് ഷിഫ്റ്റ് ആക്കി. പുരോഗതി വളരെ കുറവായിരുന്നു. അതുകൊണ്ട് എക്സിക്യൂട്ടീവ് എൻജിനീയറുടെ നിയന്ത്രണത്തിൽ തന്നെയുള്ള പൊന്മുടിയിൽ ജോലിചെയ്തിരുന്ന സാധാരണ ഡ്രൈവർമാരെയും പങ്കെടുപ്പിച്ചു. ഇരുകൂട്ടരുടെയും ശമ്പള വ്യത്യാസം യാത്രാബത്തയിലൂടെയും മറ്റു തരത്തിലും ശരിയാക്കി കൊടുക്കാം എന്നുള്ള ഉറപ്പിലാണ് അവർ ജോലിക്ക് എത്തിയത്. ഓരോരുത്തരും ഒരു ഷിഫ്റ്റിൽ എത്ര തവണ മണ്ണുകൊണ്ട് വരുന്നു എന്ന് ഒരു ബോർഡിൽ ചോക്കുകൊണ്ട് എഴുതി വയ്ക്കും. പഴയ ഡ്രൈവർമാരാണ് കൂടുതൽ തവണ ഡമ്പർ എത്തിച്ചത്. അപ്പോൾ പുതിയവർ അവരുടെ റെക്കാർഡ് മെച്ചപ്പെടുത്താൻ ശ്രമിച്ചു. ഒരുതരം മത്സരം തന്നെ നടന്നു. ആദ്യത്തെ സീസൺ കഴിഞ്ഞു.മണ്ണിന്റെ ഭാഗം മാത്രമാണ് ഡിപ്പാർട്ട്മെൻറ് നേരിട്ട് ചെയ്തത്. ബാക്കിഭാഗം കരാറുകാർ ചെയ്തു.അത് സാവധാനത്തിലെ ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ.

ഡാമിൻറെ അടിയിലുള്ള അസ്ഥിവാരത്തിൽ മണലാണ്. അതിലൂടെ എപ്പോഴും വെള്ളമൊഴുകും. തടയാൻ സാധ്യമല്ല. ‘ജാത്യാലുള്ളത് തേച്ചുകുളിച്ചാൽ പോകില്ലല്ലോ’.ഡാമിൻറെ പൊക്കം പത്തു നില കെട്ടിടത്തിന്റെ അത്രയും വരും.അതായത് നൂറടി.അപ്പോൾ ശക്തിയായ ഒഴുക്കാണ് പ്രതീക്ഷിക്കേണ്ടത്. ആ വേഗതയിൽ മണൽ ഒഴുകിപ്പോകും. ഡാം തകരും. വേഗത കുറച്ച് കുറച്ച് ഏതാണ്ട് പൂജ്യത്തിൽ ആക്കണം. അതിനുള്ള മാർഗ്ഗം ഒഴുകുന്ന ദൂരം കൂട്ടുകയാണ്.

✍ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: