64.കക്കി ഡാം- ഗാലറി:-
കക്കി കോൺക്രീറ്റ് ഡാമിൻറെ ഉള്ളിൽ ഗാലറികൾ ഉണ്ട്. ആളുകൾക്ക് സുഗമമായി അതിലെ നടക്കാം. ഡാമിന് ഉള്ളിൽ കൂടി ചോരുന്ന വെള്ളം ഇതിൻറെ ഓടയിലൂടെ പുറത്തോട്ട് ഒഴുകും. എവിടെയെങ്കിലും ചോർച്ച അധികമാണെങ്കിൽ യന്ത്രങ്ങൾ കൊണ്ടുവന്നു സിമൻറും വെള്ളവും കൂടി കലക്കി ഉന്നത മർദ്ദത്തിൽ അടിച്ചുകയറ്റി ചോർച്ച കുറയ്ക്കാം. മുല്ലപ്പെരിയാർ പോലുള്ള പഴയ അണക്കെട്ടുകളിൽ ഇത്തരം സംവിധാനങ്ങളില്ല. ഞാനും ഒരു ഇലക്ട്രിക്കൽ ഓവർസിയറും കൂടി കക്കി ഡാമിൻറെ പുറകിൽ പോകാൻ ഇടയായി. ഗാലറിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നു. സമയം ഏതാണ്ട് ഉച്ചയായി. ഗാലറികളിൽ വൈദ്യുത ബൾബുകൾ കത്തുന്നുണ്ട്. ഒന്ന് പോയി നോക്കാം എന്ന് കരുതി കയറി. പ്രവേശന വഴിയിലൂടെ ഗാലറിയിൽ എത്തി. അങ്ങോട്ടുമിങ്ങോട്ടും ഗാലറികൾ ഉണ്ട്. ഏതാണ്ട് നടുക്കാണ് പ്രവേശനകവാടം.അൽപ ദൂരം നടന്നപ്പോൾ വൈദ്യുതി ബൾബുകൾ അണഞ്ഞു. എന്നെ തനിച്ചാക്കി ഓവർസിയർ തിരികെ ഓടി. അപ്പോൾ കൂരിരുട്ട് ആയിരുന്നു. ഞാൻ ഇരുട്ടത്ത് നിന്ന് വിളിച്ചു അദ്ദേഹത്തെ. അയാൾ നിന്നില്ല. 12 മണിക്ക് പണി നിർത്തി പോയപ്പോൾ വിളക്കുകൾ അണച്ചത് ആണോ എന്നായിരുന്നു എൻറെ ഭയം. ഏതായാലും കുറച്ചു കഴിഞ്ഞപ്പോൾ വിളക്കുകൾ തെളിഞ്ഞു. അപ്പോൾ ഈ ഓവർസിയർ പോകേണ്ട വഴിയും കഴിഞ്ഞു എതിർവശത്തേക്ക് ആണ് ഓടിയത്!! ആപത്ത് വരുമ്പോൾ ഇങ്ങനെ പെരുമാറുന്നവരോട് എന്താ പറയുക? കരടിയെ കണ്ടപ്പോൾ സ്നേഹിതൻ മരത്തിൽ കയറി രക്ഷപ്പെടുന്ന കഥയാണ് അപ്പോൾ എനിക്ക് ഓർമ്മ വന്നത്.
65.പമ്പയിലെ ഡോക്ടർ:-
ആശുപത്രി പമ്പയിൽ ആണ്. ഒരു റിട്ടയേഡ് ഡോക്ടർക്കാണ് ചാർജ്.ആൾ ആഴ്ചയിലൊരിക്കൽ ആനത്തോട് ഡിസ്പെൻസറിയിൽ എത്തും. മറ്റു ദിവസങ്ങളിൽ അത്യാവശ്യം വന്നാൽ രോഗികൾ പമ്പയിൽ പോകണം. ഡോക്ടർ അവിടുത്തെ ആശുപത്രിയിലെ ചുമതല കഴിഞ്ഞാൽ ക്ലബ്ബിൽ എത്തും. ചീട്ട് കളിയാണ് ഇഷ്ടവിനോദം.ആ നേരത്ത് രോഗികൾ വരുന്നത് ഇഷ്ടമല്ല. ഒരു ദിവസം ആനത്തോടിൽ പണിസ്ഥലത്ത് ഒരു അപകടം നടന്നു. കരാറുകാരന്റെ തൊഴിലാളിയാണ്. ഉടനെ പമ്പയിൽ എത്തിച്ചു. കരാറുകാരനെ ഏജൻറ് ഡോക്ടറെ കണ്ട് വിവരം പറഞ്ഞു. ഡോക്ടർ. “ഞാൻ ഇതേവരെ ആശുപത്രിയിലുണ്ടായിരുന്നു. ഇപ്പോൾ ക്ലബ്ബിൽ എത്തിയതേയുള്ളൂ. കുറച്ചുനേരത്തെ ഇയാളെ കൊണ്ടുവരാമായിരുന്നില്ലേ”? മറുപടി. “സാറേ ആൾ ഒന്ന് വീണു കിട്ടിയിട്ട് വേണ്ടേ കൊണ്ടുവരാൻ!!”
ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.✍
👍👍👍