ചാരായനിരോധനം
ആനത്തോട് കോളനിയിൽ മനുഷ്യവാസം കൂടി. എക്സൈസ് വകുപ്പു കാർ ഒരു ഷെഡ്ഡിൽ ചാരായ കട തുടങ്ങി. പലരും അന്ന് മിന്നി മിനുങ്ങി. പിറ്റേദിവസം കാലത്ത് ചീഫ് എൻജിനീയർ ശ്രീ. ആർ. പി. നായർ ആനത്തോട് ഡാമിൻറെ ഔദ്യോഗിക സന്ദർശനത്തിനിടയിൽ ഈ വിവരം അറിഞ്ഞു. ഉടനെ ചൂടായി. “നമ്മുടെ കോളനിക്ക് അകത്തു എക്സൈസ്കാരുടെ ചാരായകച്ചവടമോ? ഞാൻ എന്താണ് ഈ കേൾക്കുന്നത്? എൻറെ പേര് നിങ്ങൾ എവിടെ വേണമെങ്കിലും ഉപയോഗിച്ചോ. ഉടനെ അത് അവിടുന്ന് മാറ്റണം.” എന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് വണ്ടിയിൽ കയറി സ്ഥലംവിട്ടു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒന്നും മിണ്ടുന്നില്ല. കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് മാന്തിക്കാനുള്ള പരിപാടിയാണ്. ഏതായാലും ഞാൻ ക്യാമ്പിന്റെ ചാർജ്ജുള്ള അസിസ്റ്റൻറ് എൻജിനീയറെ വിളിച്ചു. ഞാൻ പറഞ്ഞു. “ചാരായ ഷാപ്പ് തുടങ്ങിയതിന് ചീഫ് എഞ്ചിനീയർ ആകെ ചൂടായിട്ട് ആണ് ആനത്തോട്ടിൽ നിന്ന് പോയിരിക്കുന്നത്. ആള് പമ്പയിൽ ഉണ്ട്. നമുക്ക് ഉടനെ എന്തെങ്കിലും ചെയ്തേപറ്റൂ. ഉച്ച കഴിഞ്ഞു ഹാജർ വയ്ക്കാൻ വരുമ്പോൾ നമുക്ക് രണ്ടുമൂന്ന് ഉദ്യോഗസ്ഥരെയും കുറച്ചു തൊഴിലാളികളെയും കൂട്ടി അവിടെ പോയി സാധനങ്ങൾ എല്ലാം കസ്റ്റഡിയിൽ എടുക്കാം. കടലാസും പേനയും കാർബൺ പേപ്പറും വേണം.മഹസർ തയ്യാറാക്കണം. സാക്ഷികളും വേണം. അവ സൂക്ഷിക്കാനുള്ള സ്ഥലം പ്രത്യേകം ഏർപ്പാട് ചെയ്യണം.എന്നിട്ട് വേണം അങ്ങോട്ട് തിരിക്കാൻ.” അതിനുള്ള ഏർപ്പാടുകൾ ഒക്കെ ചെയ്തു. ഉച്ചതിരിഞ്ഞു ഞങ്ങൾ ചാരായ കടയിലെത്തി.
ചാരായത്തിൻറെയും ഒന്ന് രണ്ട് തരം ഇറച്ചി കറി കളുടെയും വിൽപന നടക്കുന്നു. അവരുടെ അടുത്ത് ഞങ്ങൾ വന്നതിന്റെ ഉദ്ദേശം പറഞ്ഞു. “നിങ്ങൾ നിങ്ങളുടെ മുതലാളിയോട് കാര്യം പറയുക. എന്നിട്ട് ഈ സാധനങ്ങളൊക്കെ മാറ്റുക. ചീഫ് എൻജിനീയർ പമ്പയിൽ ക്യാമ്പ് ചെയ്യുകയാണ്. എനിക്ക് നിങ്ങളെ ഒഴിപ്പിച്ചതിനുശേഷം വിവരം പറയണം. അതുകൊണ്ട് ഉടനെ തീരുമാനം എന്നെ അറിയിക്കുക.”
വിൽപ്പന നിർത്തി. ആളുകൾ പുറത്ത് കൂട്ടംകൂടി. അല്പം കഴിഞ്ഞ് അവിടെ ഇരുന്ന ആൾ തിരികെ വന്നു. എന്നിട്ട് പറഞ്ഞു. “ഞങ്ങൾ സാധനങ്ങൾ ഒന്നും മാറ്റുന്നില്ല. കാരണം എക്സൈസുകാർ പറഞ്ഞിട്ടാണ് ഇവിടെ കച്ചവടം തുടങ്ങിയത്. അവർ പറയാതെ സ്വയം ഒഴിയണ്ട എന്നാണ് മുതലാളി പറയുന്നത്.” ഞാൻ പറഞ്ഞു.”ഞങ്ങൾ ഇവിടെയുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി കസ്റ്റഡിയിൽ എടുക്കുകയാണ്. നിങ്ങളും സാക്ഷി ആകുന്നതാണ് നല്ലത്. ലിസ്റ്റിന്റെ ഒരു കോപ്പിയും തരാം.” ഒന്നിലും ഒപ്പു ഇടരുതെന്ന് മുതലാളി പറഞ്ഞിട്ടുണ്ട്. ഇതും പറഞ്ഞു ആൾ സ്ഥലംവിട്ടു.
ക്യാമ്പ് അസിസ്റ്റൻറ് എൻജിനീയർ കാർബൺ പേപ്പർ വെച്ച് അവിടെയുള്ള സാധനങ്ങളുടെ പട്ടിക തയ്യാറാക്കി. 2 സാക്ഷികളെ കൊണ്ട് ഒപ്പ് ഇടുവിപ്പിച്ചു. അപ്പോൾ ചിലർ പറഞ്ഞു. ഏതായാലും കറികളൊക്കെ കേട് വരുമല്ലോ അത് ഇവിടെ തന്നെ ഉപയോഗിച്ച് തീർത്തു കൂടെ? ഞാൻ പറഞ്ഞു. “എന്തെങ്കിലും എടുത്താൽ നാം കടയിൽ കയറി ആക്രമിച്ചു എന്നും വിതരണം ചെയ്തു എന്നും ആക്ഷേപം വരും. കുറച്ചുകഴിഞ്ഞ് കടക്കാരുടെ മനസ്സുമാറി തിരികെ വന്നാലോ? അപ്പോൾ തിരികെ കൊടുക്കാൻ പറ്റില്ലല്ലോ? നശിക്കുന്നെങ്കിൽ നശിക്കട്ടെ. “
സാധനങ്ങൾ എടുത്തു മാറ്റി. വിവരം എക്സിക്യൂട്ടീവ് എൻജിനീയറെ അറിയിച്ചു.
ഒന്നു രണ്ടാഴ്ച കഴിഞ്ഞു.കടക്കാരെന്റെ ഏജന്റും എക്സൈസ് വകുപ്പിലെ ഒരാളും കൂടി എന്നെ വന്നു കണ്ടിട്ട് ഇങ്ങനെ പറഞ്ഞു. “കേരള സർക്കാരിൻറെ തന്നെ ഒരു വകുപ്പ് ചെയ്ത കാര്യം ഇങ്ങനെ കൈകാര്യം ചെയ്തത് ശരിയായില്ല.” ഞാൻ മറുപടി പറഞ്ഞു. “എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ? അതൊക്ക മേലുദ്യോഗസ്ഥർ ചെയ്യേണ്ടത് അല്ലെ? “
ഏതായാലും അസിസ്റ്റന്റ് എഞ്ചിനീയർ വഴി ചാരായവും പാത്രങ്ങ ളും തിരികെ കൊടുത്തു. പിന്നീട് അവിടെ എക്സ് സൈസു വകുപ്പുകാർ ഇടപെട്ടില്ല.
ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട ✍
👍👍🌻