17.1 C
New York
Tuesday, September 21, 2021
Home Special ഒരു എഞ്ചിനീയറുടെ സർവീസുൽസവം. (50). ആരോപണവും അന്വേഷണവും

ഒരു എഞ്ചിനീയറുടെ സർവീസുൽസവം. (50). ആരോപണവും അന്വേഷണവും

✍ജോണി തെക്കേത്തല, ഇരിങ്ങാലക്കുട

ഊമക്കത്തുകൾ പോലും പരാതിയായി കണക്കാക്കുക. അത് വെച്ച് അന്വേഷണം നടത്തുക. നടപടികളെടുക്കുക. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ. പി. ടി. ചാക്കോ തുടങ്ങി വച്ചതാണ് ഈ പരിഷ്കാരം. ഈ നയത്തിന്റെ ആദ്യത്തെ ഇര ശ്രീ. ടി. എസ്. ചാത്തുണ്ണി എന്ന പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ആണ്. അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. ദീർഘകാലത്തിനു ശേഷം പെൻഷൻ പറ്റുന്ന ദിവസം കഴിഞ്ഞിട്ടും ഒരു കുറ്റപത്രം പോലും കൊടുക്കാൻ കഴിഞ്ഞില്ല. ഒന്നുകിൽ അദ്ദേഹം നിരപരാധിയാണ്. അല്ലെങ്കിൽ കക്കാനും നിൽക്കാനും അറിയുന്ന പഠിച്ച വിരുതൻ ആണ്.

ഇത്തരം നയം കാരണം ഊരില്ലാതെയും പേര് തെറ്റായും രേഖപ്പെടുത്തിയ ഒരു പരാതിയുടെ പേരിൽ ഞാനൊരു അന്വേഷണത്തിന് വിധേയനായി. ആദ്യം യൂണിഫോം ഇടാത്ത രണ്ടു മൂന്ന് പോലീസുകാരെത്തി. പലരെയും സമീപിച്ചു. രഹസ്യമായി ചില വിവരങ്ങൾ ചോദിച്ചു. അന്വേഷണം ആനയിറങ്കൽ സബ് ഡിവിഷനിൽ ഉള്ളവരെ പറ്റിയാണ് എന്ന് മാത്രം മനസ്സിലായി. ആരുടെയൊക്കെ പേരിൽ എന്ന് ആർക്കും ഒരു പിടിയും കിട്ടിയില്ല. അതുകൊണ്ട് ചില അസിസ്റ്റൻറ് എൻജിനീയർമാർ അവരവർ ചെയ്ത കുഴപ്പങ്ങൾ ആരും കണ്ടു പിടിക്കാൻ പറ്റാത്ത തരത്തിൽ ആക്കി തടിതപ്പി. ഒരു അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെട്ട അന്വേഷണം ആയതുകൊണ്ട് ഒരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.വൈ.എസ്.പി) തിരുവനന്തപുരത്ത് നിന്ന് നേരിട്ടെത്തി. വരുന്ന വഴിക്ക് അദ്ദേഹത്തിൻറെ പേഴ്സ് മൂന്നാറിൽ വെച്ച് പോക്കറ്റടിച്ചു പോയി. അങ്ങനെയൊരു അന്തർ നാടകവും നടന്നു. അദ്ദേഹമാണ് അന്വേഷണം നടത്തിയത്. മൂന്ന് കാര്യങ്ങളെപ്പറ്റി ആണ് അന്വേഷണം.

ഒന്ന്. മണ്ണ് ഡാമിൻറെ മുൻവശത്തുള്ള പണിക്ക് ഒന്നും ചെലവായിട്ടില്ല. പക്ഷെ ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി. വലിയൊരു തുക എല്ലാവരും കൂടി എഴുതിയെടുത്തു.
രണ്ട്. വർക്ഷോപ്പിൽ ഒരു വൈദ്യുതി അപകടം നടന്നു. ഒരാൾ മരിച്ചു. അത് 11000 വോൾട്ട് ഉള്ള വൈദ്യുതി ലൈനിൽ നിന്നാണെന്ന് വരുത്തി തീർത്തിരിക്കുന്നു. എന്നാൽ ഈ ലൈൻ പോകുന്നത് വർക്ക്ഷോപ്പിൽ നിന്ന് വളരെ അകലത്തിലാണ്.
മൂന്ന്. വർക്ഷോപ്പിൽ ഒരുപാട് പ്രൈവറ്റ് വർക്കുകൾ നടത്തുന്നുണ്ട്.ഇവിടുത്തെ ജീവനക്കാർ അതിനൊക്കെ കൂട്ടുനിന്ന് പണമുണ്ടാക്കുന്നു.
യഥാർത്ഥ സ്ഥിതി ഇതൊന്നുമല്ല.എസ്റ്റിമേറ്റ് ഉണ്ടാക്കി എന്നത് ശരി. പക്ഷേ അതിന് അംഗീകാരം കൊടുത്തിട്ടില്ല. സംഖ്യയും ചെലവാക്കിയിട്ടില്ല. 11000 വോൾട്ട് വൈദ്യുതിയിൽ നിന്നാണ് ഷോക്കേറ്റ് മരിച്ചതെന്ന് ഒരു കടലാസിലും ഇല്ല. വർക്ഷോപ്പിൽ പുറമേനിന്നുള്ള ഒരു വാഹനവും റിപ്പയർ ചെയ്യുന്നില്ല. വഴിക്ക് വേറെ ഏതെങ്കിലും വാഹനം പെട്ടെന്ന് കേടുവന്നാൽ വർക്ക്ഷോപ്പിലെ ചിലർ സഹായിക്കാറുണ്ട്. ഡ്യൂട്ടി സമയത്ത് ആരും ആ ജോലി ചെയ്യാറില്ല.

വിവരങ്ങളൊക്കെ തിരക്കി അറിഞ്ഞു അദ്ദേഹം മൂന്നാറിലേക്ക് തിരിച്ചുപോയി. ശ്രീ.ഇ. യു. ഫിലിപ്പോസിനെ കണ്ട് അനൗപചാരിക ചർച്ച നടത്തിയാണ് തിരുവനന്തപുരത്തിന് മടങ്ങിയത്.

അടുത്ത തവണ ശ്രീ ഫീലിപ്പോസിന്റെ ഇൻസ്‌പെക്ഷന് ശേഷം എന്നെ വിളിച്ചു എന്നിട്ട് പറഞ്ഞു. “പരാതിയെ പറ്റി അന്വേഷിക്കാൻ വന്നയാൾ എന്നെ കണ്ടിട്ടാണ് പോയത്. ജോണിക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ വർക്ഷോപ്പിൽ എന്തൊക്കെയോ തകരാറുകൾ നടക്കുന്നുണ്ട്.
വേണമെങ്കിൽ അവരുടെ പേരിൽ ഇപ്പോൾ തന്നെ നടപടി എടുക്കാൻ കഴിയും. പക്ഷേ ഒന്നും ചെയ്യുന്നില്ല. സൂക്ഷിക്കണം” എന്ന് പറഞ്ഞാണ് പോയത്. പിന്നെ ഒരു കാര്യം, “ജോണി എൻജിനീയറിങ് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് മാത്രമേ പഠിച്ചുള്ളൂ. ഹ്യൂമൻ എൻജിനീയറിങ് പഠിച്ചില്ല. അതും കൂടി സിലബസിൽ ഉൾപ്പെടുത്തേണ്ട കാലം അതിക്രമിച്ചു. ആളുകളോട് പെരുമാറുമ്പോൾ കുറേക്കൂടി അയവുള്ള സമീപനം വേണം. അറുത്തു മുറിച്ച് സംസാരിക്കരുത്.നോക്കട്ടെ, ശരിയാക്കാം, എന്നൊക്കെയേ പറയാവൂ. മറ്റുള്ളവരുടെ എല്ലാ കുഴപ്പങ്ങളും സ്വയം ഏറ്റെടുക്കരുത്. കാലാവസ്ഥ മാറിയതുകൊണ്ടാണ് എന്നോ മറ്റോ പറഞ്ഞു നിൽക്കണം. “ചുരുക്കത്തിൽ സാഹചര്യത്തെ കൗശലം കൊണ്ട് മറികടക്കണം എന്ന് സാരം. എപ്പോഴും നേരായ വഴിയിലൂടെ പോകാൻ ആണ് എനിക്കിഷ്ടം. അതിൽ നിന്ന് ചിലപ്പോൾ അൽപം മാറി നടക്കേണ്ടി വന്നു. കൂടുതലും മേലധികാരികളുടെയും ചില കീഴുദ്യോഗസ്ഥരുടെയും സമീപനം കൊണ്ടാണ് അങ്ങനെ വന്നത്. ആരോപണങ്ങളും അന്വേഷണങ്ങളും വന്നപ്പോൾ ഇത്തരം സമ്മർദങ്ങളിൽ നിന്ന് എനിക്ക് ഒഴിവു കിട്ടി. പക്ഷെ അധികനാൾ ഇത് നീണ്ടുനിന്നില്ല.അടുത്ത പരാതി എത്തിയെന്ന് അറിഞ്ഞു. അത് ഇങ്ങനെ ആണത്രേ തുടങ്ങുന്നത്. “നേരത്തെ ഒരു പരാതി അയച്ചിരുന്നല്ലോ, അതിന് ചില അന്വേഷണങ്ങളും നടപടികളും ഉണ്ടായെന്നു അറിയുന്നതിൽ സന്തോഷിക്കുന്നു……….” വിശദവിവരങ്ങൾ അറിഞ്ഞുകൂടാ. ഫിലിപ്പോസ്സ് സാർ ഈ വിവരമറിഞ്ഞു. ഉടനെ ആനയിറങ്കലിൽ വച്ച് എന്നെ പങ്കെടുപ്പിക്കാതെ എല്ലാവരെയും വിളിച്ചു ഒരു അന്വേഷണം നടത്തി. അവരുടെ അഭിപ്രായം ഇങ്ങനെ ആയിരുന്നു അത്രേ.പരാതി പുറത്തു നിന്ന് ആരെങ്കിലും അയക്കുന്നത് ആകാൻ വഴിയില്ല. കാരണം ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റി ഒന്നും പറയുന്നില്ല. എന്നാൽ ആരാണെന്ന് പറയാൻ അദ്ദേഹം നിർബന്ധിച്ചു. അപ്പോൾ ഒരാൾ എണീറ്റ് പറഞ്ഞു, അത് ലബോറട്ടറി അസിസ്റ്റൻറ് ശ്രീ. ശിവാനന്ദൻ ആകാനാണ് സാധ്യത. വേറെ പേരൊന്നും ആരും പറഞ്ഞില്ല. അടുത്ത തവണ കണ്ടപ്പോൾ ഫിലിപ്പോസ് സാർ എന്നോട് പറഞ്ഞു സ്ഥിരം പരാതിക്കാരൻ ശിവാനന്ദൻ ആണെന്നാണ് എല്ലാവരുടെയും അഭിപ്രായം. അപ്പോൾ ഞാൻ പറഞ്ഞു.” ശ്രീ.ശിവാനന്ദനെ മൂന്നാറിൽ ജോലിചെയ്യുമ്പോൾ മുതൽ എനിക്കറിയാം. ആളൊരു പാർട്ടിക്കാരനാണ്. എന്നാൽ എനിക്ക് എതിരെ പരാതി അയക്കും എന്ന് തോന്നുന്നില്ല.” “നിങ്ങൾ നിങ്ങളുടെ. വിശ്വാസവുമായി നടന്നോ, എന്തെങ്കിലും അലമ്പ് (scandal ) ഉണ്ടാക്കാൻ നോക്കുകയാണ്. നമുക്ക് ആളെ ഇവിടെനിന്ന് സ്ഥലം മാറ്റിച്ചു വിടാം.” കുറച്ചുദിവസം കഴിഞ്ഞപ്പോൾ ചീഫ് എൻജിനീയർ ശ്രീ. രംഗനാഥൻ ആനയിറങ്കലിലെ ജോലി പരിശോധിക്കാനെത്തി. ലബോറട്ടറിയിൽ കയറി അവിടെ ശ്രീ. ശിവാനന്ദനെ കണ്ടു. ആളെ വൈദ്യുതി വകുപ്പിൽ നിയമിച്ചത് തന്നെ അദ്ദേഹമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരൻ ആണെന്ന് അറിയാം. അവരെ അദ്ദേഹത്തിന് പണ്ടേ ചതുർത്ഥി (അനിഷ്ട വസ്തു)യാണ്.”നിങ്ങൾക്ക് കോൺക്രീറ്റ് ടെസ്റ്റ് ഒക്കെ അറിയാമല്ലോ അല്ലേ? ഒരിടത്തു ഒരാളുടെ ആവശ്യമുണ്ട്.” എന്ന് പറഞ്ഞ് അദ്ദേഹത്തിൻറെ ചെറിയ ഡയറിയിൽ പേര് കുറിച്ചു. ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല. ശ്രീ.ശിവാനന്ദൻ എന്നെ വന്നു കണ്ടു. “എന്താ ഇങ്ങനെ ഒരു സ്ഥലം മാറ്റം സാറേ? “ഞാൻ പറഞ്ഞു. ‘ആ’ എനിക്കറിഞ്ഞുകൂടാ. രണ്ടുമൂന്നു ദിവസത്തിനകം സ്ഥലംമാറ്റ ഉത്തരവ് എത്തി. ആള് സ്ഥലം വിട്ടു. അതിനു ശേഷം പരാതികളൊന്നും വന്നതായി അറിവില്ല. ശ്രീ. രംഗനാഥനെ കൊണ്ട് ഇങ്ങനെയൊരു നാടകം നടത്തിച്ചത് ഫിലിപ്പോസ് സാറിൻറെ ‘ഹ്യൂമൺ എൻജിനീയറിങ് വേല’ ആയിരുന്നു. അതിന്റെ സൂചന എനിക്ക് നേരത്തെ തരികയും ചെയ്തിരുന്നു.

✍ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...

മുഹമ്മദ്‌ പേരാമ്പ്ര എന്ന അഭിനയപ്രതിഭ..

മുഹമ്മദ് പേരാമ്പ്ര എന്നറിയപ്പെടുന്ന അമ്മദ് എന്നനാടകനടൻ്റെ പച്ചയായ ജീവിതാഅനുഭവങ്ങൾ എഴുതുമ്പോൾ രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കും എന്ന അനൗൺസ്മെൻ്റ് കേൾക്കാം. ജീവിച്ചഭിനയിച്ച, ജീവിതംകണ്ട കലാകാരൻ.മലയോരമേഖലയുടെ പേരും പ്രശസ്തിയും ഉയർത്തിക്കൊണ്ട് അവാർഡുകളുടെയും ആദരവുകളുടെയും നടുവിൽ. തിരൂർ...

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: