ഒരു വിഷുക്കാലം കൂടി സമാഗതമാകുന്നു. ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമാണ് വിഷു. കേരളത്തിന്റെ വിളവെടുപ്പ് മഹോത്സവങ്ങൾ ആണ് വിഷുവും ഓണവും. ഓണം ധാന്യങ്ങളുടെ വിളവെടുപ്പ് മഹോത്സവം ആണെങ്കിൽ വിഷുഫലങ്ങളുടെയും പച്ചക്കറിയുടെയും വിളവെടുപ്പ്മഹോത്സവം ആണ്. കേരളത്തിന് പുറത്ത് പലസംസ്ഥാനങ്ങളിലും പല പേരുകളിൽ വിഷു ആഘോഷിക്കാറുണ്ട്.
വിഷുവിനെക്കുറിച്ചു പല ഐതിഹ്യങ്ങളും പറഞ്ഞു കേൾക്കാറുണ്ട്. രാക്ഷസരാജാവായ രാവണൻ സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. കാരണം സൂര്യന്റെ വെളിച്ചം രാജകൊട്ടാരത്തിൽ പതിക്കുന്നത് അഹങ്കരി ആയ രാവണന് സഹിച്ചില്ല. അതുകൊണ്ട് ആണ് സൂര്യനെ നേരെ ഉദിക്കാൻ അനുവദിക്കാതിരുന്നത്. രാമ രാവണ യുദ്ധത്തിൽ രാവണൻ പരാജിതനായതിനു ശേഷമാണു സൂര്യന് നേരെ ഉദിക്കാൻ കഴിഞ്ഞത്. അതിന്റെ സന്തോഷം ആണ് വിഷു ആഘോഷം എന്ന് ഒരു ഐതിഹ്യം പറയുന്നു
എന്നാൽ ദുഷ്ടനായ നരകാ സുരന്റെ ദുർഭരണത്തിൽ മനം മടുത്ത ജനങ്ങളുടെ അഭ്യർഥന പ്രകാരം ശ്രീകൃഷനും സത്യഭാമായും ഗരുഡസമേതനായി നരകാസുരനെ വധിച്ചതിന്റെ സന്തോഷസ്സൂചകമായി വിഷു ആഘോഷിക്കുന്നു എന്നും വിശ്വസിക്കപെടുന്നു.
വിഷു എന്നാൽ തുല്യമായതു എന്നാണ് അർത്ഥം. രാത്രിയും പകലും തുല്യമായി വരുന്ന രണ്ട് ദിനങ്ങൾ ആണ് മേടം ഒന്നും തുലാം ഒന്നും. മേടം ഒന്നിന് ആണ് വിഷു ആഘോഷിക്കുന്നത്. വിഷു മുതൽ അടുത്ത വിഷു വരെയാണ് വിഷു ഫലം. വിഷുവിനു ചെയ്യുന്ന കർമങ്ങളുടെ ഫലം ഒരു വർഷം നീണ്ട് നിൽക്കുന്നു എന്നാണ് വിശ്വാസം.
വിഷുവിനു തലേന്നാൽ മുതൽ ഒരുക്കങ്ങൾ തുടങ്ങും. വീടും പരിസരവും വൃത്തിയാക്കി ചപ്പു ചവറുകൾ തീയിടുന്നു. ജ്യേഷ്ടാ ഭഗവതിയെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സന്ധ്യസമയത്തു മുറ്റത്ത് നെരിപ്പോട് വയ്ക്കുന്നതും ജ്യേഷ്ഠ ഭാഗവതിയെ വീട്ടിൽ കയറാതെ ഓടിച്ചു വിടാനാണ്. നെരിപ്പോട് കണ്ടാൽ അവിടെ നില്കും ജ്യേഷ്ഠ എന്നാണ് വിശ്വാസം. അതിന് ശേഷമാണ് ലക്ഷ്മിദേവിക്ക് നിലവിളക്കു കൊളുത്തുന്നത്.
തലേ നാൾ വൈകിട്ട് വീട് ശുദ്ധമാക്കിയതിനു ശേഷം വീട്ടിലെ മുതിർന്ന ആൾ കണി ഒരുക്കും. വീട്ടിൽ മറ്റാരും ഇതു കാണില്ല.
ഇനി കണി ഒരുക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ശുദ്ധമാക്കിയ നിലത്തു പട്ടോ മറ്റോ വിരിച്ചു അതിന് മുകളിൽ ശ്രീകൃഷ്ണന്റെ പ്രതിമ കിഴക്ക് നിന്ന് പടിഞ്ഞാറ് വശത്തേക്ക് ദർശനമായി വയ്ക്കുക. ഒരു ഓട്ടു ഉരുളിയിൽ കണി ഒരുക്കാം. ആദ്യം ഉരുളിയിൽ ഉണക്കലരി ഇടുക ശേഷം ഫലം, പച്ചക്കറികൾ ഇവയെല്ലാം വയ്ക്കണം. ചക്ക മാങ്ങാ, കൈതച്ചക്ക കണി വെള്ളരിക്ക, ഉടച്ച നാളികേരം, കദളിപ്പഴം, ഓറഞ്ചു, ആപ്പിൾ, മറ്റ് ഫലങ്ങൾ, പച്ചക്കറികൾ എല്ലാം വയ്ക്കണം. വാൽ കണ്ണാടി, അലക്കിയ പുടവ. മയിൽപ്പീലി സ്വർണാഭരണങ്ങൾ ,.നാണയങ്ങൾ എന്നിവ വയ്ക്കണം പ്രാദേശികമായി ചിലവ്യത്യാസങ്ങൾ ഉണ്ടാകും എന്നാലും പൊതുവായി ഇതൊക്കെയാണ് കണി ഒരുക്കാൻ ഉപയോഗിക്കുക.എന്നാൽ ഏറ്റവും പ്രധാനമായി വേണ്ടത് കൊന്നപ്പൂ ആണ്. സ്വർണ വർണമായ കൊന്ന പൂക്കൾ കാണുന്നത് തന്നെ കണ്ണിന് ആനന്ദം നൽകും.
കർണികാരം പൂത്തു തളിർത്തു… കണിക്കൊന്ന വിശേഷങ്ങൾ…
കണിക്കൊന്നയല്ലേ, വിഷുകാലമല്ലേ എനിക്കാവതില്ലേ പൂക്കാതിരിക്കാൻ…മലയാളികളുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന കവി അയ്യപ്പപ്പണിക്കരുടെ പ്രശസ്തമായ കവിത.
പ്രകൃതിയുടെയും, സ്നേഹത്തിന്റെയും, വിശുദ്ധിയുടെയും പ്രതികമായ കവിത.
മലയാളിയുടെ മനസിൽ ഐശ്വര്യസ്വപ്നങ്ങളുമായി പൂത്തുലയുന്നു കണിക്കൊന്ന. കേരളത്തിന്റെ ഔദോഗിക പുഷ്പമാണ് കൊന്നപ്പൂക്കൾ. തായ്ലൻഡിന്റെ ഔദോഗിക വൃക്ഷവും ദേശീയ പുഷ്പവുമാണ് കൊന്ന. ഇംഗ്ലീഷിൽ ഗോൾഡൻ ഷവർ ട്രീ എന്നും ഇന്ത്യൻ ലേബർഗം എന്നും പേരുണ്ട്. കാസിയ ഹിസ്റ്റുല എന്നാണ് ശാസ്ത്രീയ നാമം. തമിഴിൽ കൊന്നൈ എന്നും സംസ്കൃതത്തിൽ രാജവ്രരക്ഷം എന്നും ദീർഘഫല, കർണികാരം എന്നും പേരുകൾ ഉണ്ട്. തായ്ലൻഡ്, ശ്രീലങ്ക, പാകിസ്ഥാൻ,മ്യാന്മാർ,തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും കൊന്നമരം കാണപ്പെടുന്നു. ജലാംശത്തിന്റെ സ്വാധീനത്തെക്കുറിച്ചറിയാനുള്ള ബയോ സെൻസർ കഴിവ് കൊന്നമരങ്ങൾക്ക് ഉണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മഴയുടെ വരവിനെ അറിയിച്ചു കൊണ്ടാണ് ഏപ്രിൽ മെയ് മാസങ്ങളിൽ കൊന്ന പൂത്തുലയുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും കൊന്നമരത്തിന് “കൊന്ന മരം ” എന്ന ദുഷ്പേര് കിട്ടിയിരുന്നു. അതൊരു ഐതിഹ്യമാണ്. ത്രെതായുഗത്തിൽ ശ്രീരാമൻ സീതയെ അന്വേഷിച്ചു പോയപ്പോൾ സുഗ്രീവന്റെ അപേക്ഷ പ്രകാരം ബാലിയെ വധിക്കാൻ വേണ്ടി ഈ മരത്തിനു മറഞ്ഞു നിന്ന് അമ്പെയ്തു. അങ്ങനെ ബാലി കൊല്ലപ്പെട്ടു. അതോടെ ആ മരത്തിനു” കൊന്ന മരം “എന്ന ദുഷ്പേര് കിട്ടി. വൃഷത്തിന്റെ ദുഖത്തിന് പരിഹാരമായി കലിയുഗം വരെ കാക്കാൻ ശ്രീകൃഷ്ണൻ ആവശ്യപ്പെട്ടു. അങ്ങനെകലിയുഗമായി.ഗുരുവായൂർ അമ്പലത്തിൽ കളിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയുമായി ഉണ്ണിക്കണ്ണൻ ചെങ്ങാത്തത്തിൽ ആയി. കളികൾക്കിടയിൽ പൂജാരി നടയടച്ചു പോയി. ഇതറിഞ്ഞ കുട്ടി വീട്ടിൽ പോകാൻ ആകാതെ കരയാൻ തുടങ്ങി. കുട്ടിയെ സമാധാനിപ്പിക്കാൻ ഉണ്ണിക്കണ്ണൻ തന്റെ ഒരു മാല കുട്ടിക്ക് സമ്മാനിച്ചു. കുട്ടിയെ പുറത്ത് വിടുകയും ചെയ്തു. പിറ്റേ ദിവസം പൂജാരി നോക്കുമ്പോൾ കണ്ണന്റെ ഒരു മാല കാണാനില്ല. ഈ സമയം കുട്ടി കണ്ണന്റെ മാല മോഷ്ടിച്ചതാണെന്നു കരുതിയ മാതാപിതാക്കൾ അവനെ കൂട്ടി അമ്പലത്തിൽ എത്തി. താൻ മോഷ്ടിച്ചതല്ല കണ്ണൻ തന്നതാണ് എന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. അവർ അവനെ അവിശ്വസിച്ചു. അവനെ ഉപദ്രവിച്ചു. നിരപരാധിയായ കുട്ടി കണ്ണനെ വിളിച്ച് കരഞ്ഞു. “എന്റെ കണ്ണാ. നീ എന്നേ കള്ളനാക്കിയോ “എന്ന് ആർത്തു വിളിച്ച് കൊണ്ട് ആ മാല ഊരി ദൂരേക്ക് വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത് ഒരു കൊന്നമരത്തിൽ ആയിരുന്നു. അപ്പോൾ ആ മരത്തിൽ നിറയെ സ്വർണവർണമായ പൂക്കൾ വിടർന്നു. കണ്ണൻ പ്രത്യക്ഷപെട്ടു കുട്ടിയുടെ നിരപരാധിത്വം തെളിയിച്ചു. അങ്ങനെ കുട്ടിയുടെയും കൊന്ന മരത്തിന്റെയും ദുഷ്കീർത്തി ഒന്നിച്ചു മാറി എന്ന് ഐതിഹ്യം.
എന്തായാലും വിഷുക്കണി ഒരുക്കുന്ന സാധനങ്ങളിൽ പ്രഥമ സ്ഥാനം കണിക്കൊന്ന പൂക്കൾക്ക് ഉണ്ട്.
വെളുപ്പിന് വീട്ടിലെ മുതിർന്ന അംഗം നിലവിളക്കു കൊളുത്തിയതിനു ശേഷം മറ്റുള്ളവരെ വിളിച്ചുണർത്തി കണ്ണ് തുറക്കാതെ കണി കാണുന്നതിനായി കൂട്ടികൊണ്ട് പോകുന്നു. ഐശ്വര്യപ്രദമായ കണി എല്ലാവരും കാണുന്നു.
ഇതിന് ശേഷം മുതിർന്ന ആൾ മറ്റുള്ളവർക്കു വിഷു കൈനീട്ടം നൽകുന്നു. ഈ കൈനീട്ടം സാധാരണ നിലയിൽ ആരും ചിലവാക്കി കളയില്ല. അത് അലമാരയിലോ മറ്റോ സൂക്ഷിക്കുകയാണ് പതിവ്. കുടുബാംഗങ്ങളും അയൽക്കാരും ഒക്കെ പരസ്പരം കൈനീട്ടം നൽകാറുണ്ട്. പരസ്പരസ്നേഹത്തിന്റെയും കരുതലിന്റെയും പങ്ക് വയ്ക്കലിന്റെയും ഒരു സന്ദേശം കൂടി ഈ കൈനീട്ടം കൊടുക്കുന്നതിലും വാങ്ങുന്നതിലും ഉണ്ടാകും.
ഉച്ചക്ക് വിഭവസമൃദ്ധമായ വിഷു സദ്യ ഉണ്ടാകും. സദ്യ കഴിച്ചതിനു ശേഷം കണിവച്ച സാധനങ്ങൾ എടുത്തു മാറ്റാം . ചിലർ വൈകിട്ട് നിലവിളക്കു കൊളുത്തി പ്രാർഥിച്ചതിനു ശേഷമേ കണി മാറ്റാറുള്ളു.. അങ്ങനെ വിഷുവിന്റെ ആഘോഷങ്ങൾ അങ്ങനെ അവസാനിക്കുന്നു.
മലയാളിമനസിന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഐശ്വര്യ പൂർണമായ ഒരു വിഷു ആശംസിക്കുന്നു.