*പ്രിയ കൂട്ടുകാരേ നമസ്കാരം. ഞാൻ നിങ്ങളുടെ കാവിൽപ്പാട് മാഷ്. അ എന്ന അക്ഷരത്തിൽ തുടങ്ങുന്ന വരികൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു അക്ഷരപ്പാട്ടോടെ ഇന്നത്തെ ബാലപംക്തി നമുക്കാരംഭിക്കാം *
അപ്പുവിൻ്റെ കണക്ക് / എ.ബി.വി കാവിൽപ്പാട് *

അമ്മിണിച്ചേട്ടത്തിയന്നൊരു നാൾ
അപ്പമൊരഞ്ചാറ് ചുട്ടുവച്ചു.
അപ്പുവും അമ്മുവും ഓടിയെത്തി
അപ്പത്തിനായിട്ടടിപിടിയായ്!
” അപ്പമെനിക്കഞ്ച് വേണ” മെന്ന്
അപ്പു ചൊന്നതമ്മൂം ഏറ്റു പാടി.
” അപ്പമതഞ്ചാറേ ചുട്ടതുള്ളൂ
അതിന്നഞ്ച് എങ്ങനൊരാൾക്കു നൽകും?”
അടിപിടി കൂടുന്ന പിള്ളേരോടായ്
അമ്മിണിച്ചേട്ടത്തിയാരാഞ്ഞപ്പോൾ
” അഞ്ചാറു മുപ്പതാണെന്നറിയാം
അയ്യഞ്ചു ഞങ്ങൾക്കു തന്നാലെന്താ?
അയ്യഞ്ചിരുപത്തിയഞ്ചും പോയാൽ
അഞ്ചപ്പം പിന്നെയും ബാക്കിയില്ലേ
അമ്മയതങ്ങടെടുത്തോളൂ!! “
അപ്പൂൻ്റെ ഗണിതപരിജ്ഞാനത്തിൽ
അമ്മിണിച്ചേട്ടത്തിയന്ധാളിച്ചു!!!
എങ്ങനെയുണ്ട് കൂട്ടുകാരെ അപ്പുവിൻ്റെ കണക്ക്? അമ്മിണിച്ചേട്ടത്തി മാത്രമല്ല നിങ്ങളും അന്ധാളിച്ചിരിക്കുമല്ലേ? ഇനി നിങ്ങൾക്കായി ജോസ് പ്രസാദ് മാഷ് എഴുതിയ രസകരമായ ഒരു കഥ പറയാം
കുരുക്കിൽ വീണ കുറുക്കച്ചൻ/ ജോസ് പ്രസാദ്

‘ജിമ്പു’ എന്നു പേരുള്ള ഒരു കുറുക്കച്ചനുണ്ടായിരുന്നു. അവൻ്റെ കൂട്ടുകാരനായിരുന്നു ‘ജുംബാ’ എന്ന കുരങ്ങച്ചൻ. കൂട്ടുകാരനാണെങ്കിലും ജുംബാക്കുരങ്ങനോട് ജിമ്പുവിന് അൽപ്പം അസൂയയുണ്ടായിരുന്നു. കുരങ്ങൻ മരത്തിൽ കയറുന്നതും മരച്ചില്ലയിൽ വാലു ചുറ്റി ഊഞ്ഞാലാടുന്നതും കാണുമ്പോൾ ‘തനിക്കിതിനൊന്നും കഴിവില്ലല്ലോ’ എന്നോർത്ത് ജിമ്പുക്കുറുക്കൻ്റെ അസൂയ കൂടിക്കൂടി വന്നു. എന്നാൽ അവൻ അതൊന്നും പുറത്തു കാണിച്ചില്ല. എങ്ങനെയെങ്കിലും കുരങ്ങനേക്കാൾ കേമനാവണം എന്നായി പിന്നെ കുറുക്കൻ്റ ചിന്ത.
കുറേ ദിവസം ആലോചിച്ച് ജിമ്പുക്കുറുക്കൻ ഒരു സൂത്രം കണ്ടു പിടിച്ചു. ‘പണ്ട് ആമയും മുയലും നടത്തിയതു പോലെ ഒരു ഓട്ടമത്സരം കുരങ്ങനുമായി നടത്തുക. മത്സരത്തിൽ ഞാൻ വിജയിച്ചാൽ എനിക്ക് കേമനാകാം.’
ജിമ്പുക്കുറുക്കനും ജുംബാക്കുരങ്ങനും തമ്മിലുള്ള ഓട്ടമത്സരം കാണാൻ കാട്ടിലെ ധാരാളം മൃഗങ്ങളെത്തിയിരുന്നു. സിംഹ രാജൻ ക്ലാപ്പടിച്ചു, ഫിനീഷിങ്ങ് ലൈനിൽ വിജയിയെ നിശ്ചയിക്കാൻ കൊമ്പനാനച്ചേട്ടൻ കാത്തു നിന്നു.
കൂട്ടുകാർ രണ്ടു പേരും ഓട്ടം തുടങ്ങി. കുറുക്കന് ലക്ഷ്യസ്ഥാനത്തേക്കുള്ള ഒരു കുറുക്കുവഴി അറിയാമായിരുന്നു. അതായിരുന്നു അവൻ്റെ സൂത്രം. എന്നാൽ കാട്ടിലൂടെയുള്ള ആ വഴിയേ ധൃതിപിടിച്ച് ഓടുമ്പോൾ അവനൊരു വലയിൽ കുടുങ്ങി.
അവന് വല്ലാത്ത ദേഷ്യവും കരച്ചിലും വന്നു. പക്ഷേ എന്തു കാര്യം?
ഈ സമയം ജുംബാക്കുരങ്ങനെ വിജയിയായി ആനച്ചേട്ടൻ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. വിജയിയായതിൽ ജുംബായ്ക്ക് വലിയ സന്തോഷമൊന്നും തോന്നിയില്ല. കാരണം ഏറെ സമയം കാത്തിട്ടും കൂട്ടുകാരനെ കാണുന്നില്ല. അവൻ കരയാൻ തുടങ്ങി.
മൃഗങ്ങളെല്ലാം ചേർന്ന് അന്വേഷിച്ച് വലയിൽ കുടുങ്ങിക്കിടക്കുന്ന കുറുക്കച്ചനെ കണ്ടുപിടിച്ചു.
”വല കരണ്ടു മുറിക്കാൻ നമുക്ക് ചുണ്ടെലികളെ വിളിക്കാം”. ജും ബാക്കുരങ്ങൻ പറഞ്ഞു.
അപ്പോൾ ജിമ്പുക്കുറുക്കൻ പറഞ്ഞു: ”വേണ്ട, വേണ്ട. നിങ്ങളൊന്ന് സൂക്ഷിച്ചു നോക്കിക്കേ, നാലു കുറ്റികളിലാണ് വല ഉറപ്പിച്ചിരിക്കുന്നത്. അവിടെ നിന്ന് വല മെല്ലെ അഴിച്ചെടുത്താൽ മതി.”
മൃഗങ്ങൾ വേഗം കുറുക്കൻ പറഞ്ഞതു പോലെ വല അഴിച്ച് അവനെ രക്ഷിച്ചു. അപകടം വന്നപ്പോൾ ഒപ്പം നിന്നതിന് കൂട്ടുകാർ രണ്ടു പേരും മറ്റു മൃഗങ്ങൾക്ക് നന്ദി പറഞ്ഞു.
ആ വല കൊണ്ട് രണ്ട് മരങ്ങൾക്കിടയിൽ അവർ ഒരു ഊഞ്ഞാലു കെട്ടി. അതിൽക്കയറി ആടിയും പാടിയും രസിച്ചു.
‘അസൂയ ആപത്താണ് ‘ എന്നു മനസ്സിലാക്കിയ കുറുക്കച്ചൻ പിന്നീടൊരിക്കലും കൂട്ടുകാരനെ തോൽപ്പിച്ച് കേമനാകുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടേയില്ല !
കുറുക്കച്ചാരുടെ കഥയിലൂടെ അസൂയ ആപത്താണെന്നുള്ള കാര്യം കൂട്ടുകാർക്ക് ബോദ്ധ്യമായല്ലോ .ഇനി ഒരു കുട്ടിപ്പാട്ടായാലോ? വരിവരിയായി പോകുന്ന ഉറുമ്പുകളുടെ വരിതെറ്റിച്ച അരിനെല്ലിക്കകളെ കുറിച്ചാണ് ഇവിടെ ഗിരിജ ടീച്ചർ കൂട്ടുകാരോട് പറയുന്നത്
*അരിനെല്ലിക്ക / ഗിരിജ.വി *

അരിനെല്ലിക്ക പറിയ്ക്കാനമ്മിണി
അരിനെല്ലിച്ചുവടെത്തുമ്പോള്‍
അഞ്ഞൂറധികമുറുമ്പുകളതു വഴി
അരിച്ചു നീങ്ങുന്നൊരു വരിയായ്..
അരിനെല്ലിക്കകള്‍ നാലാ നിരതന്‍
അരികില്‍ വന്നു പതിച്ചപ്പോള്‍
അങ്ങോട്ടിങ്ങോട്ടെങ്ങോട്ടോ പോയ്
അവരില്‍ പലരും വരി തെറ്റി.
അ എന്ന അക്ഷരം ആവർത്തിച്ചു വരുന്ന ഈ അരിനെല്ലിക്കപ്പാട്ടും കൂട്ടുകാർക്ക് ഇഷ്ടമായല്ലോ! ഇനി കടങ്കവിതയാകാം. ഇന്നലത്തെ കടങ്കവിതയുടെ ഉത്തരം തെങ്ങാണെന്ന് കൂട്ടുകാർക്ക് മനസ്സിലായല്ലോ. ഇന്ന് കടമക്കുടി മാഷ് ചോദിക്കുന്ന കടങ്കഥയെന്താണെന്ന് നമുക്കു നോക്കാം.
തൊടിയിലെ രാജാവ് / പാപ്പച്ചൻ കടമക്കുടി

അടിയിൽ ചെമ്പിൻപൂങ്കിണ്ണം
അറിയാതൊളിച്ച പൊൻകിണ്ണം
നടുവേ നട്ടൊരു വടിയുണ്ട്
നല്ലൊരുലയ്ക്കത്തടിയുണ്ട്
പരന്നകിങ്ങിണിയില കൊണ്ട്
പച്ചപ്പന്തൽ വിരിപ്പന്തൽ
കുടയായ് ചൂടിയിരിക്കുന്നോൻ
തൊടിയിലെ രാജാവിവനാര്?
തൊടിയിലെ രാജാവ് ആരെന്ന കാര്യം കൂട്ടുകാർക്ക് മനസ്സിലായോ? ഇല്ലെങ്കിൽ വിഷമിക്കേണ്ട. ശരിയുത്തരം അടുത്ത ശനിയാഴ്ച ബാലപംക്തിയിലൂടെ പറഞ്ഞു തരാം .ഇന്നത്തെ കുട്ടിപ്പാട്ടുകളും കഥയുമെല്ലാം എല്ലാവർക്കും ഇഷ്ടമായല്ലോ. നിങ്ങളുടെ അഭിപ്രായങ്ങൾ ബാലപംക്തിയെ എഴുതി അറിയിക്കണേ. രസകരമായ പാട്ടുകളും കഥകളുമായി നമുക്ക് ശനിയാഴ്ച വീണ്ടും കാണാം..
സസ്നേഹം,
*കാവിൽപ്പാട് മാഷ് *