17.1 C
New York
Tuesday, September 21, 2021
Home Special എന്റെ സങ്കല്പത്തിലെ ഓണം (ലേഖന മത്സരം - (5)

എന്റെ സങ്കല്പത്തിലെ ഓണം (ലേഖന മത്സരം – (5)

✍പി.റ്റി തോമസ്


മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കും ഒട്ടില്ല താനും

കള്ളവുമ്മില്ല ചതിവുമില്ലാ
ഓളേറെ ഇല്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാ.

ഓണം എന്ന് കേൾക്കുമ്പോൾ ഏതു മലയാളിയുടെയും മനസ്സിൽ ആദ്യം ഓർമ്മ വരുന്ന പാട്ടാണിത്. എല്ലാ ജനങ്ങളും ഒന്നുപോലെ ജീവിക്കുന്ന, കരുതപ്പെടുന്ന സമസ്ത സുന്ദരമായൊരു കാലം. വളരെ സന്തോഷത്തോടെ ജനങ്ങൾ വസിച്ചിരുന്ന ആ കാലത്തു ആപത്തും അനർത്ഥവും രോഗവും ദുഖവും ആർക്കും ഇല്ലാതിരുന്നു. കള്ളവും ചതിയും ഇല്ലാതിരുന്ന ആ കാലം. ആരും കള്ളം പറയാതയും കള്ള സാക്ഷി നില്ക്കാതിരുന്നതുമായ കാലം.
അളവുകളിൽ യാതൊരുതരമായ കള്ളവും കാണിക്കാത്ത ഒരു സമയം. മാത്രമല്ല, യാതൊരുതരത്തിലും കള്ളം ഇല്ലാഞ്ഞ കാലം. ഇതാണ്‌ ഓണത്തെക്കുറിച്ചു നമ്മൾ കേൾക്കുന്നത്.

ഇതുപോലെ ഒരു കാലം വീണ്ടും വരണമെന്നാണ് ഓണത്തെക്കുറിച്ചുള്ള എൻറെ സ്വപ്‌നം. എന്നാൽ ഇന്നത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. മാവേലിയുടെ സ്വന്തം നാടായ കേരളത്തിൽ കൈക്കൂലി ഇല്ലാതെ ഒരു കാര്യവും നടക്കില്ല. സത്യ സന്ധമായി ജോലി നോക്കുന്ന ഏതൊരു ഉദ്യോഗസ്ഥനെയും അച്ചടക്ക നടപടിയെടുത്തൂ സ്ഥലം മാറ്റുന്നു. കട്ട് മുടിക്കുന്നവർ നീണാൾ വാഴുന്നു. സത്യം വെറും ഒരു ഐതിഹാസികമായ സങ്കല്പം മാത്രം.

നമ്മൾ വസിക്കുന്ന അമേരിക്കയിലും വാസ്തവത്തിൽ സത്യം എത്രയോ അകലെയാണ്. പരോക്ഷമായി കൈക്കൂലി കേരളത്തിലെ പോലെ ഇല്ലെങ്കിലും വൻകിട മറിവ് തിരുവ് ഇവിടെയും നടക്കുന്നു. നിറത്തിന്റെ പേരിൽ, വർഗ്ഗീയതയുടെ പേരിൽ നടമാടുന്ന വേർതിരുവുകൾ കുറച്ചൊന്നുമല്ലല്ലോ. അങ്ങനെയുള്ള സാഹചര്യത്തിൽ ആമോദത്തോടെ വസിക്കുവാൻ നമുക്ക് കഴിയുമോ? ഉച്ചനീചത്വങ്ങൾ തുടച്ചു മാറ്റുക, അതിനായി പരിശ്രമിക്കുക, അതാകണം ഓണാഘോഷങ്ങളുടെ ലക്ഷ്യം.

കോവിഡ് 19 എന്ന മഹാമാരി വന്നതോടെ ആപത്തനാർഥങ്ങൾ ലോകമാസകലം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. എത്രയോ അപ്പനമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ. ഭാര്യാ ഭർത്താക്കന്മാർ മരിച്ചു പോയ നിരവധി ആളുകൾ. ജോലി നഷ്ടപ്പെട്ടവർ, ഭവന രഹിതർ, ആഹാരം ഇല്ലാതെ വിഷമിക്കുന്നവർ; അങ്ങനെ ലോകം ഒരു വിഷമ സാഹചര്യത്തിൽ കൂടി കടന്നു പോകുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ നാം പാടുന്ന ആമോദത്തോട് വസിക്കുന്ന കാലത്തിന് എന്തു പ്രസക്തി? അങ്ങനെ വിഷമിക്കുന്നവരുടെ വിഷമങ്ങൾ തുടച്ചു മാറ്റാൻ, അവരെ ചേർത്തു പിടിക്കാൻ ഒരു പരിധി വരെയെങ്കിലും നാം പരിശ്രമിക്കുന്നില്ല എങ്കിൽ നമ്മുടെ ഓണാഘോഷങ്ങൾ അർത്ഥമില്ലാത്ത വെറും പ്രഹസനം മാത്രം ആയിപ്പോകും.

ഓണം നമ്മൾ ആഘോഷിക്കുമ്പോൾ നമ്മുടെ സഹ ജീവികളുടെ ജീവിത വിഷമങ്ങൾക്കു ഒരളവ് വരെ എങ്കിലും നമ്മൾ ഉത്തരവാദികൾ ആണോ എന്ന് സ്വയം പരിശോധിക്കേണ്ടതുണ്ട്‌. ഒരു വശത്തു ആവശ്യത്തിൽ അധികം സ്വത്തുക്കൾ സ്വരൂപിച്ചു ദൂർത്തടിക്കുന്ന മനുഷ്യർ. മറ്റൊരു വശത്തു ഒരു നേരത്തെ ആഹാരം ഇല്ലാത്, കിടപ്പാൻ സ്ഥലം ഇല്ലാതെ ദുരിതം അനുഭവിക്കുന്ന മനുഷ്യർ. സ്വത്തു സ്വരൂപിക്കുന്നതിൽ തെറ്റുണ്ട് എന്നല്ല ഞാൻ പറയുന്നത് . ഈ സ്വത്തു സ്വരൂപിക്കുന്നത് മറ്റുള്ളവരെ ചൂക്ഷണം ചെയ്താണോ എന്നത്രെ നാം പരിശോധിക്കേണ്ടത്. തിന്മയെ നന്മ ആക്കുകയും നന്മയെ തിന്മ ആക്കുകയും ചെയ്യുന്ന അനേക സംഭവങ്ങൾ നമ്മുടെ ഇടയിൽ നടക്കാറില്ലേ? അതുകൊണ്ടു തന്നെ പാവപ്പെട്ടവരായി, കിടപ്പാടം ഇല്ലാത്തവരായി, ആഹാരം ഇല്ലാത്തവരായി, മരുന്നു വാങ്ങുവാൻ കഴിയാത്തവരായി അനേകർ നമ്മുടെ ഇടയിൽ ഉണ്ട്. പൊന്നോണത്തെ കുറിച്ചുള്ള എന്റെ സങ്കല്‌പം ദാരിദ്രവും കള്ളത്തരവും ഇല്ലാത്ത, എല്ലാവർക്കും ആരോഗ്യം ഉള്ള, എല്ലാവർക്കും കിടപ്പാടം ഉള്ള ഒരു സുന്ദര ലോകത്തെയാണു്. മാവേലിക്ക് അതു സാദ്ധ്യം ആക്കാൻ സാധിച്ചു എങ്കിൽ, എന്തു കൊണ്ട് നമുക്കും അതിനു പരിശ്രമിച്ചു കൂടാ?

മഹാബലി എന്ന വാക്കിന്റെ അർത്ഥം ഏറ്റവും വലിയ യാഗം അല്ലെങ്കിൽ ത്യാഗം എന്നാണ്. താൻ രാജാവായിരിക്കെ ഒരു ചെറിയ മനുഷ്യൻ വന്നു തപസ്സു ചെയ്യുവാൻ മൂന്നടി മണ്ണ് യാചിച്ചു. ദാനശീലനായ ഈ രാജാവിന് മൂന്നടി മണ്ണ് ദാനം ചെയ്യുക ഒരു വല്യ കാര്യം ഒന്നും ആയിരുന്നില്ല. ഒന്നും ചിന്തിക്കാതെ സമ്മതിച്ചു. പിന്നീടാണ് ആ വാക്കിൻറെ ആഴം മനസ്സിലായത്. വാമനൻ രണ്ടു അടി കൊണ്ട് ഭൂമിയും സ്വർഗ്ഗവും അളന്നപ്പോൾ മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലം ഇല്ലാതെ സ്വന്തം ശിരസ്സു കാണിച്ചു കൊടുത്ത മഹാ ത്യാഗത്തിൻറെ ഉടമയാണ് മഹാബലി. ഓണം നാം ആഘോഷിക്കുമ്പോൾ ഈ മഹാ ത്യാഗത്തെ അത്രേ നാം ഓർക്കേണ്ടത്. നാം കൊടുത്ത വാക്കിനു പലപ്പോഴും വിലയില്ലാത്ത ഈ ലോകത്തിൽ, വാക്കുകൾ നാം മാറ്റി മാറ്റി പറയുമ്പോൾ, അല്ലെങ്കിൽ അങ്ങനല്ല ഞാൻ പറഞ്ഞത്, ഞാൻ പറഞ്ഞത് നിങ്ങൾ തെറ്റായി മനസിലാക്കി എന്നൊക്കെ ഒഴിവു കഴിവുകൾ പറഞ്ഞു നമ്മുടെ വാക്കിൽ നിന്നു പലപ്പോഴും നാം പിന്മാറുമ്പോൾ വാക്കു മാറാത്തവനായ മഹാബലിയുടെ ആ മഹാ ത്യാഗം നമുക്ക് ഒരു പാഠമാകേണ്ടതാണ്. അങ്ങനെ, അനന്തര ഫലം എന്താണെങ്കിൽ തന്നെ, നാമും നമ്മുടെ വാക്കിൽ ഉറച്ചു നിൽക്കുമ്പോൾ, മറ്റുള്ളവരുടെ നന്മക്കായി സ്വയം ത്യാഗം അനുഭവിപ്പാൻ നമ്മൾ തയാറാക്കുമ്പോൾ മാത്രമേ ഓണത്തിൻറെ അർത്ഥം പൂര്ണമാകയുള്ളൂ.

ശ്രി വൈലോപ്പളി ശ്രീധരമേനോൻ ഇപ്രകാരം എഴുതി;
“ഓണം ഉണ്ടിട്ടുറങ്ങുമ്പോൾ ഓർക്കണം
ഓണം ഉണ്ണാത്തവരുണ്ടീ നാട്ടിൽ
ഓണം ഉണ്ടിട്ടുറങ്ങുമ്പോൾ ഓർക്കണം
ഓണം അറിയാത്തവരുണ്ടീ നാട്ടിൽ
ഓണം ഉണ്ടിട്ടുറങ്ങുമ്പോൾ ഓർക്കണം
ഓണമേ ഇല്ലാത്തവരുണ്ടീ നാട്ടിൽ”

നാം സമൃദ്ധിയായി ഓണം ഉണ്ടിട്ടുറങ്ങുമ്പോൾ ഓണം ഉണ്ണാൻ കഴിയാത്തവരുണ്ടെങ്കിൽ നമ്മുടെ ഓണാഘോഷങ്ങൾക്കു പ്രസക്തി ഇല്ലാതെയായിപ്പോകും. അതുപോലെ എല്ലാവരെയും (ഓണം ഇല്ലാത്തവരെയും ഓണം ഉണ്ണാത്തവരേയും) ഓണത്തിൻറെ സന്തോഷത്തിലേക്കും ആഹ്ളാദത്തിലേക്കും കൊണ്ടുവരിക എന്നത് നമ്മുടെ എല്ലാവരുടെയും ഉദ്ദേശം ആയിരിക്കണം.

ഓണപ്പാട്ടുകൾ, ഓണക്കളികൾ, ഊഞ്ഞാലാടൽ, തുമ്പി തുള്ളൽ, വള്ളം കളി, തിരുവാതിര മുതലായുള്ള കായിക വിനോദങ്ങൾ നമ്മുടെ ശരീരത്തിനു നല്ലതാണു. Mind Body Connection എന്ന മന ശാസ്ത്ര ആശയം അനുസരിച്ചു നമ്മുടെ ശരീരം സന്തുഷ്ടം ആണെങ്കിൽ നമ്മുടെ മനസ്സും സന്തുഷ്ടം ആകും. തിരിച്ചും നമ്മുടെ മനസ്സ് സന്തുഷ്ടം ആണെങ്കിൽ നമ്മുടെ ശരീരവും സന്തുഷ്ടം ആകും. ഒരാളിന്റെ എങ്കിലും ദുഃഖം ഈ ഓണക്കാലത്തു തുടച്ചു നീക്കാൻ നമുക്ക് സാധിച്ചാൽ അതിൽകൂടി നമ്മുടെ മനസ്സിനു ലഭിക്കുന്ന സ്വാന്തനം നമ്മുടെ ശരീരത്തിനും ആകെയുള്ള ആരോഗ്യത്തിനും വളരെയധികം പ്രയോജനം ചെയ്യും. മഹാബലി തൻറെ ത്യാഗത്തിലൂടെ ചിരം ജീവിയായി. അതുപോലെ നമ്മുടെ, മാനസികവും ശാരീരികവും ആൽമീയവുമായ ആരോഗ്യ വർധനവിന്, നമ്മുടെ ത്യാഗങ്ങൾ, സഹായങ്ങൾ, കളികൾ, ചിരികൾ, മറ്റുള്ളവരുടെ പ്രയാസങ്ങളിൽ അവരോടു ഒപ്പം നിൽക്കുന്നത് മുതലായവ സഹായിക്കട്ടെ.
അങ്ങനെ ഉള്ള ഒരു കാലം ആണ് എന്റെ സങ്കൽപ്പത്തിലെ പൊന്നോണം . എല്ലാവര്ക്കും ഓണാശംസകൾ നേർന്നുകൊള്ളുന്നു.

✍പി.റ്റി തോമസ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: