17.1 C
New York
Wednesday, September 22, 2021
Home Special എന്റെ സങ്കല്പത്തിലെ ഓണം (ലേഖന മത്സരം - (4)

എന്റെ സങ്കല്പത്തിലെ ഓണം (ലേഖന മത്സരം – (4)

✍മീര മേനോൻ രാധാകൃഷ്ണ

പൊന്നോണം എന്റെ സങ്കല്പ്പത്തിൽ …

നരയുടെ മഞ്ഞുകൾ ചിന്നിയ ഞങ്ങടെ
തലകളിൽ മങ്ങിയൊതുങ്ങിയിരിപ്പു
നിരവധി പുരുഷായുസ്സിനപ്പുറ-
മാളിയൊരോണപ്പൊൻകിരണങ്ങൾ.’

ഓണം എന്ന് കേൾക്കുമ്പോൾ മാവേലിയോടൊപ്പവും പൂക്കളങ്ങളോടൊപ്പവും മനസ്സിൽ ഓടിയെത്തുന്ന ഒന്നാണ്, മലയാളത്തിന്റെ ഓണപ്പാട്ടുകാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഓണപ്പാട്ടുകാർ എന്ന കവിതയിലെ ഈ വരികൾ . ഒരു കാലത്ത് ലോകമെങ്ങും നിറഞ്ഞ ധന്യമായ കാലത്തിൻ്റെ പ്രചാരകരായ ഓണപ്പാട്ടുകാർ നാമാവശേഷരായി എന്ന ദുഃഖവും കവി പേറുന്നുണ്ട്.
ഒടുവിൽ അത്, കവി പറയുന്നുമുണ്ട്, നന്മ യേറിയ ലോകം അസ്തമിച്ചു എന്ന്പറഞ്ഞ് കവി നെടുവീർപ്പിടുന്നുമുണ്ട്.

” പൃഥ്വിയിലന്നു മനുഷ്യർ നടന്ന പ-
ദങ്ങളിലിപ്പോഴധോമുഖ വാമനർ,
ഇത്തിരിവട്ടം മാത്രം കാണ്മവർ
ഇത്തിരിവട്ടം ചിന്തിക്കുന്നവർ”

എങ്കിലും പ്രത്യാശയുടെ ഒരിറ്റുകിരണം ഏതൊരു മലയാളിയുടെയും പോലെ ആ മനസ്സിലുമുണ്ട് എന്ന് വിളിച്ചു പറയുന്ന പോലെ…

കാണുക – നിലാവൊളി ചിന്നിയ താഴ് വാരങ്ങളിലൂടെ നിവർന്ന് നടന്നു വരുന്ന തേജോ രൂപം.

ആ രൂപത്തിൻ്റെ വരവിൽ പൂക്കൾ ഉണർന്നു ചിരിക്കുന്നു. ഓണപ്പാട്ടുകാരുടെ സാക്ഷികളാണ് പൂക്കൾ. നമുക്ക് നാളെ ഒരോണമൊരുക്കാൻ തയ്യാറാകാമെന്ന പ്രത്യാശയിലാണ് ഓണപ്പാട്ടുകാർ.

അതെ, യാഥാർത്ഥ്യത്തിന്റെ ലോകത്തേക്കാളും സങ്കല്പ്പ ലോകത്ത് പാറി നടക്കാനാണ് മലയാളി ഏത് ഓണക്കാലത്തും ആഗ്രഹിക്കുന്നത്, പൊയ്പ്പോയ ഇന്നലെകളെ ചേര്ത്തു നിർത്താൻ…

എന്റെ സങ്കല്പ്പത്തിലെ പൊന്നോണത്തിന് ഏഴു നിറമാണ്…
മലയാളിയുടെ ഏറ്റവും വലിയ വികാരമാണ് തിരുവോണം എന്ന് ആർപ്പ് വിളിയേക്കാളും മലയാളി , തന്റെ മനസ്സിൽ ഉച്ചത്തിൽ പറയുന്ന ഉത്സവം. പൊന്നോണം എന്ന് ഓമനപ്പേരിട്ട് മലയാളി മനസ്സിനോട് ചേർത്തു വയ്ക്കുന്ന ഒരേ ഒരു ആഘോഷം , മലയാളിയുടെ തിരുവുത്സവം . ആ ഉത്സവത്തിന് ജന്മം കൊടുത്ത ശ്രാവണമാസവും മലയാളിക്ക് പൊന്നാണ്, പൊന്നിൻ ചിങ്ങമാണ് .

ഓണമെന്നാൽ ഓർമ്മകളും കൂടിയാണല്ലോ . ഗതകാലത്തിൻ്റെ ശീതളഛായയിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ടു പോകുന്ന മറ്റൊരാഘോഷവുമില്ല.
പൊന്നോണത്തിൻ്റെ സങ്കല്പത്തിനപ്പുറമുള്ള യാഥാർത്ഥ്യത്തിൻ്റെ ചാരുത അനുഭവിച്ചറിഞ്ഞ ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. അടുത്ത ഓണത്തിനും കൂടി ഉണ്ടാവണേ , എന്ന് പ്രാർത്ഥിച്ചിരുന്ന, അത് മാത്രം ആഗ്രഹിച്ചിരുന്ന ഒരു തലമുറ. ഓണം ആഘോഷിക്കുക എന്നതാണ് തങ്ങളുടെ ജന്മ ദൗത്യം എന്ന് ആ തലമുറയോട് ചേർത്തു വായിക്കുന്നതിൽ യാതൊരു അതിശയോക്തിയും കലർന്നിട്ടില്ല .
കാലം നീങ്ങി…
തലമുറകൾ കടന്നു പോയി.
ഓണാഘോഷത്തിനും
മാറ്റങ്ങൾ സംഭവിച്ചു.
പ്രഹസനങ്ങൾക്ക് പ്രാധാന്യമേറിയ കാലം.

വീട്ടിലല്ല ഇപ്പോൾ ഓണം , നാട്ടിലാണ് . വീടിൻ്റെ തൊടിയിലെ പച്ചക്കറികളും പറമ്പിലെ തുമ്പക്കുടവും പറിക്കാൻ, കളിമണ്ണുകൊണ്ട് ഓണത്തപ്പനെ ഉണ്ടാക്കാൻ , ആവണിപ്പലകയിൽ അരിപ്പൊടി ക്കോലം വരയ്ക്കാൻ , ഓണത്തപ്പന് നിവേദ്യത്തിനായി പൂവട ഉണ്ടാക്കാൻ .. ഓടി നടന്നിരുന്ന ആ ഉത്രാടപ്പാച്ചിൽ ഇന്ന് തെരുവിലെ വീഥികളിലാണ്. എല്ലാം റെഡിമെയ്ഡ് ആയ കാലത്തിലെ റെഡിമെയ്ഡ് ഓണം. നഗരത്തിൻ്റെ വീഥികളിൽ നിന്നും റെഡിമെയ്ഡായി ഓണത്തിനെ വീട്ടിലെത്തിക്കുന്നു. അതു കഴിഞ്ഞ് ഓണാഘോഷം ഏറ്റെടുക്കുന്ന ടി.വി. ചാനലുകളിലേക്ക് കണ്ണും മനസ്സും.

എങ്കിലും , ഇന്നും ചിലരുണ്ട്, ചില മനസ്സുകളുണ്ട്. തിരുവോണത്തിനൊപ്പം, ഓർമ്മകളുടെ ആഴക്കയത്തിൽ താണ്, മനസ്സ് ഈറനാവുന്നവർ. അവർക്ക് ഓണം എന്നാൽ , അവരുടെ മുൻതലമുറ നെഞ്ചേറ്റി നടന്ന ആ വികാരത്തിൻ്റെ വിലയറിയാം , ശ്രാവണനിലാവിൻ്റെ ഭംഗിയറിയാം , ഉത്രാടപ്പൂനിലാവിനെ മാടി വിളിക്കാനറിയാം, തൊടിയിലെ പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കി അയൽ വീട്ടിലെ സുഹൃത്തിനെ കൊതിപ്പിച്ച ബാല്യത്തിൻ്റെ മാധുര്യം അറിയാം , ഉറങ്ങുമ്പോഴും കാക്കപ്പൂവിനേയും മുക്കുറ്റിയേയും തുമ്പപ്പൂവിനേയും സ്വപ്നം കണ്ട് , ഒരു വസന്തം തന്നെ അത്ത് തൊട്ട് പത്തം ദിനം തൻ്റെ വീട്ടു മുറ്റത്ത് ഒരുക്കിയിരുന്ന ബാല്യം , തൊടിയിലെ മാമ്പഴത്തിൽ ഈ ജന്മമധുരം തേടിയ, ഓണത്തിന് കിട്ടുന്ന കോടി മുണ്ടിൽ ,ഒരു വർഷത്തെ സന്തോഷം നിറച്ചിരുന്ന, കോടി മുണ്ടുടുത്തും കൊണ്ടോടി നടക്കുന്ന ഓണക്കിളിയും താനും എന്ന് അഭിമാനം കൊണ്ട, ഉത്രാട സന്ധ്യയ്ക്ക് കാവിലെ ദീപാരാധന തൊഴുതുനില്ക്കുമ്പോൾ , തിരുവോണം എത്തിയോ എന്ന് മറ്റൊരു തിരുവോണമായി ഒരുങ്ങി വന്നവളെ കിനാവു കണ്ട് , ശ്രാവണപൗർണമി ക്കാണോ , അവളുടെ മന്ദസ്മിതത്തിനാണോ കൂടുതൽ അഴക്‌ എന്ന് മനസ്സിൽ കൂട്ടിയും കിഴിച്ചും… ആ മന്ദസ്മിതത്തിനാണ് ചാരുത കൂടുതലെന്ന് നിനച്ചും, നിലാവ് തോറ്റ് പിൻവാങ്ങിയതും … ഓർമ്മയുടെ കല്പ്പടവുകളിൽ ഒളിമങ്ങാത്ത തിരുവോണ ചിത്രമായതും , മറ്റൊരു തിരുവോണം തന്നെയായതും, എന്നെന്നും ആ തിരുവോണം ജീവിതത്തിനെ അനുഗ്രഹിച്ചതും…
ചിലത് നഷ്ടസ്വപ്നമായതും…

അത് മറക്കാൻ കാവിലെ കല്പ്പടവിൽ ഒരിക്കൽക്കൂടി പോയതും , പല നിറങ്ങളിലുള്ള ആ കുപ്പിവളകളിൽ തിരുവോണപ്പൂക്കളം കണ്ടതും , നഷ്ടസ്വപ്നത്തിന്റെ ആഴക്കയത്തിൽ വീണ് , പിന്നെ ഉയിർത്തെഴുന്നേറ്റതും..

കാലം വഴി മാറി ഇന്നിലെത്തി നില്ക്കുമ്പോൾ പൊന്നോണവും മാറി എന്നത് യാഥാർത്ഥ്യം ആണ് എന്ന് അംഗീകരിക്കാൻ പ്രാപ്തരായ ഇന്നിൻ്റെ ഒരു വക്താവായി ഞാനും.

എങ്കിലും , എന്റെ സങ്കല്പ്പത്തിൽ , പൊന്നോണം വിരിയുന്നുണ്ട്, നിറയുന്നുണ്ട്…
അതിന്, ശ്രാവണ നിലാവിന്റെ നിഷ്കളങ്കതയുണ്ട്..
തുമ്പപ്പൂവിന്റെ ശുഭ്രതയുണ്ട്…
പൂവടയുടെ മധുരമുണ്ട്..
അതിന്, പഴമക്കാർ പേരിട്ട് വിളിച്ച പോലെ, പൊന്നിന്റെ നിറമാണ്. . പൊന്ന് തന്നെയാണ്..
ഓണം എന്നും പൊന്നോണമാണ്…

നമ്മുടെ കൂട്ടത്തിൽ കുറെ ഓണമുണ്ട തലമുറയുണ്ട്..
പുതിയ തലമുറയുണ്ട്.
ഏവരും ഇപ്പോൾ , കൊറോണ ക്കാലത്തിന്റെ ഭീതിയിലാണ്.
മനുഷ്യ മനസ്സ് ശുദ്ധീകരിക്കാൻ, നഗ്ന നേത്രം കൊണ്ട് കാണാനായി സാധിക്കാത്ത ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ അടിയറവ് പറയേണ്ടി വന്ന , ശാസ്ത്രലോകം കീഴടക്കി എന്ന് അഹങ്കരിക്കുന്ന മനുഷ്യരാശിക്ക് , താൻ
തന്നെ ഭൂമിയിലെ വലിയ ആൾ എന്ന അഹന്തയെ ഹനിക്കാൻ പോന്ന ഒരു കീടാണു…
അത് നല്കുന്ന സന്ദേശം ബൃഹത്താണ്..
ഓണത്തിന്റെ അവിഭാജ്യ ഘടകങ്ങളായ, പൂവിനും പുല്ക്കൊടിയ്ക്കും പാറി നടക്കുന്ന പൂമ്പാറ്റയ്ക്കും എന്നു വേണ്ട സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ട വസുന്ധരയെ മനുഷ്യൻ തന്റെ കൈപ്പിടിയിലാക്കിയതിന്റെ ശിക്ഷയാണിത്, ശാപമാണ്…
മതത്തിന്റേയും വർണത്തിന്റേയും പേരിൽ പരസ്പരം വെട്ടിക്കൊല്ലുന്ന മനുഷ്യനുള്ള പാഠമാണ്..

പക്ഷേ… മാറ്റം വരും.. അത് അനിവാര്യമാണല്ലോ…
ആ മാറുന്ന കാലത്തെ ഉറ്റു നോക്കിയാണ് കാത്തിരിപ്പ്.
പണ്ട്, കുട്ടിക്കാലത്ത് , ഉത്രാടരാത്രിയിൽ
, പുറത്തെ ഇരുട്ടിൽ കരിയില അനങ്ങുമ്പോൾ
മാവേലിയാണെന്ന് നിനച്ച്, അമ്മുമ്മയുടെ പഴങ്കഥകളിൽ
മനസ്സിനെ പൊതിഞ്ഞ് കാത്തിരുന്ന പോലെ…

ഒരു തിരിച്ചറിവാവട്ടെ ഈ പൊന്നോണം..
ഒരു തിരി വെളിച്ചമാവട്ടെ ഈ തിരുവോണം..
ആശിക്കാം , ആ സുദിനം..
പ്രത്യാശിക്കാം…. നല്ല ഒരു നാളെ…
പൂക്കൾ ചിരിക്കുന്ന,
പൂമ്പാറ്റകൾ പാറി നടക്കുന്ന..
പൊന്നോണം… മലയാളിയുടെ സ്വന്തം
തിരുവോണം….

✍മീര മേനോൻ രാധാകൃഷ്ണ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാസ ഭ്യാവകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം...

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും.

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ...

നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്...

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...
WP2Social Auto Publish Powered By : XYZScripts.com
error: