ഭാഗം-5 ❤️❤️
മഥുര സ്ക്കൂൾ ഓഫ് ആർട്ടിൽ ശില്പങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത് ചുവന്ന കളറുള്ള സാൻഡ് സ്‌റ്റോണുകളാണ്. മഥുര ആർട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് തനതായ ഒരു ഇന്ത്യൻ ശൈലിയിൽ ഉള്ള ബുദ്ധന്റെ രൂപമായിരുന്നു. ഇതിൽ ബുദ്ധന്റെ മുഖഭാവത്തിന് കലാകാരൻമാർ വളരെ പ്രാധാന്യം നൽകിയിരുന്നു. വളരെ പ്രസന്നമായതും ചെറു പുഞ്ചിരിയുള്ള മുഖഭാവവുമായിരുന്നു ഈ ശൈലിയിലെ ആർട്ടിന്റെ മാറ്റം. ആർട്ടിന്റെ ഈ ഭാവമാറ്റം ജനങ്ങളെ വല്ലാതെ ആകർഷിച്ചു.
ബുദ്ധനെ പിൻതുടർന്നാൽ തങ്ങൾക്കും ഈ പ്രസന്നത ജീവിതത്തിൽ കൈവരും എന്ന ഒരു സന്ദേശമാണ് കലാകാരൻമാർ ജനങ്ങളിലേയ്ക്ക് എത്തിച്ചിരുന്നത്. ഗാന്ധാര ശൈലിയിൽ നിന്നും മുടിയുടെ ശൈലിയിലും വ്യത്യസ്തത കൊണ്ടുവന്നു. ചുരുണ്ട മുടിയ്ക്ക് പകരമായി നീളമുള്ള മുടി വാരികെട്ടിവെച്ച ശൈലിയാണ് ഇവർ ഉപയോഗിച്ചിരുന്നത്. കൂടാതെ തലയിൽ ഞവണിക്കയോട് സാദൃശ്യം തോന്നുന്ന ഷെൽ കലാകാരൻമാർ നിർമ്മിച്ചെടുത്തു.ബുദ്ധന്റെ ദൈവീകത വെളിപ്പെടുത്തുന്ന ആർട്ടായിരുന്നു ഇത്.

കൂടുതൽ രാജകീയമായ ശൈലിയിലേക്ക് ബുദ്ധന്റെ ആർട്ട് വളർന്നു. ജനങ്ങൾക്ക് ഐശ്വര്യം ചൊരിയുന്ന ബുദ്ധപ്രതിമകൾ കലാകാരൻമാർ നിർമ്മിച്ചു. യോഗ പൊസിഷനിൽ (പത്മാസന ) ഇരിക്കുന്ന ബുദ്ധന്റെ ഇരിപ്പടത്തിന് താഴെയായി മൃഗങ്ങളുടെ രൂപങ്ങളും നിർമ്മിച്ചു വെച്ചു. കൂടാതെ ബുദ്ധന്റെ ഇരു വശങ്ങളിലുമായി ഓരോ മന്യഷ്യ രൂപങ്ങളും നിർമ്മിച്ചു. അത് ഇന്ദ്രനും ബ്രഹ്മാവുമാണെന്ന് ബുദ്ധ ഭക്തർ വിശ്വസിച്ചു. പക്ഷേ ഒരു കൂട്ടം ഭക്തർ പറയുന്നത് അത് ബുദ്ധന്റെ തന്നെ അനയായികളായ പത്മപാണിയും വജ്ര പാണിയും ആണെന്നാണ്. എന്ത് തന്നെയായാലും സിംഹാസനത്തിൽ ഉപവിഷ്ടനായി അനുഗ്രഹങ്ങൾ ചൊരിയുന്ന ബുദ്ധന്റെ ആർട്ട് മുമ്പുള്ള ശില്പങ്ങളെ അപേക്ഷിച്ച് കൂടുതൽ ജനപ്രീതി ആകർഷിച്ചു.ഇത് ബുദ്ധ ഗരണത്തിലേയ്ക്ക് ജനങ്ങളെ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
സ്ത്രീ സൗന്ദര്യത്തിന് വളരെ പ്രാധാന്യം കൊടുത്ത ശൈലിയായിരുന്നു മഥുര സ്ക്കൂൾ ഓഫ് ആർട്ട് . മുൻപുണ്ടായിരുന്ന യക്ഷി ശില്പങ്ങളെ കൂടുതൽ സുന്ദരികളായി നിർമ്മിച്ചു. ഏതെങ്കിലും ഒരു ഭാഗത്തെ സൗന്ദര്യം അപേക്ഷിച്ച് പൂർണ്ണമായ ശരീര സൗന്ദര്യത്തിനായിരുന്നു മഥുര സ്ക്കൂൾ ശൈലി പ്രാധാന്യം നൽകിയിരുന്നത്. പ്രസന്നതയുടെ ശില്പങ്ങൾ ദൈവീകതയുടെ മുഖമുദ്രയായി ഇവർ മാറ്റിയെടുത്തു.
ജൈനമത ശില്പങ്ങളിലെ യക്ഷിയെ ഇവർ കൂടുതലായി വർണ്ണിച്ചു. നിറഞ്ഞ മാറിടം ഒതുങ്ങിയ അരക്കെട്ട്. വിരിഞ്ഞ ഇടുപ്പ്,മെലിഞ്ഞ കാലുകൾ എന്നിവ യക്ഷി ശില്പത്തിന്റെ പ്രത്യേകതയായിരുന്നു. ധാരാളം ആഭരണങ്ങളും പ്രത്യേകിച്ച് കാലിലെ തളയും ഈ ആർട്ടിന്റെ പ്രത്യേകത ആയിരുന്നു. ഇപ്രകാരം ഏത് മത ശില്പങ്ങൾ എടുത്ത് നോക്കിയാലും മൊത്തത്തിലുള്ള പ്രസന്നമായ സനന്ദര്യ സങ്കല്പത്തെ ആർട്ടിലൂടെ വിരിയിക്കാൻ മഥുര സ്ക്കൂൾ ഓഫ് ആർട്ട് ശൈലിയിലൂടെ കലാകാരന്മാർക്ക് കഴിഞ്ഞു.
ജൈന മത യക്ഷി ശില്പങ്ങൾ പ്രതീകാത്മകമായ അർത്ഥം വിളിച്ചോദുന്നവ ആയിരുന്നു. തോളിൽ തത്തയുമായി നിൽക്കുന്ന യക്ഷി ശില്പത്തിന്റെ കൈയിലെ കൂടും നഗ്നതയും ജന്മം നൽകാനുള്ള സ്ത്രീകളുടെ കഴിവിന്റെ പ്രതിനിധാനമാണെന്ന് അനുമാനിക്കാം.
തങ്ങൾ നിർമ്മിച്ച ശില്പങ്ങൾക്ക് കൂടുതൽ ഭംഗി വരുന്നതിന് പെയ്ന്റിങ്ങു കൂടി അവർ ശില്പങ്ങളിൽ ചേർത്തു. അങ്ങിനെ വേറിട്ട ആർട്ട് ശൈലി മഥുര സ്ക്കൂൾ ഓഫ് ആർട്ട് നിലനിർത്തി.പ്രസിദ്ധമായ കനിഷ്ക മഹാരാജാവിന്റെ ശില്പം ഈ ശൈലിയിലുള്ള ശില്പത്തിന് ഉദാഹരണമാണ്.

ഇന്ത്യയുടെ നോർത്ത് ഭാഗത്തെ ആർട്ടിന്റെ വളർച്ചയായിരുന്നു ഇതെങ്കിൽ മദ്ധ്യ , കിഴക്ക് ഇന്ത്യൻ ഭാഗങ്ങളിലും ആർട്ടിന്റെ വളർച്ച ഈ കാല ഘടങ്ങളിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു. അതിൽ പ്രധാന സംഭാവനകൾ നൽകിയ രാജവംശമായിരുന്നു ശതവാഹന രാജവംശം . പുരാണങ്ങളിൽ ഇവർ ആന്ധ്രാസ് എന്നറിയപ്പെടുന്നു. മറ്റ് രാജവംശത്തെപ്പോലെ തന്നെ ബുദ്ധമതം ഈ രാജവംശത്തെയും ആകർഷിച്ചിരുന്നു. ബുദ്ധമത പ്രചാരത്തിനായി ഇവർ തങ്ങളുടെ ആർട്ടുകൾ വളർത്തി. മഹാരാഷ്ട്ര യിലുള്ള ഗുഹകളിൽ ആണ് ഇവരുടെ ആർട്ടിന്റെ ആരംഭം. അതിൽ “ഭാജ” , “പിത്തൽ ഹോറ” ഗുഹകൾ വളരെ പ്രധാനപ്പെട്ടവയാണ്.
“കാർലെ” എന്നറിയപ്പെടുന്ന ബുദ്ധ ചൈത്യഗൃഹം . മഹാരാഷ്ട്രയിലെ നാസിക് മലയിലുള്ള ബുദ്ധസന്യാസ ഗൃഹത്തിലെ ആർട്ടുകൾ തുടങ്ങിയവയെല്ലാം ഇവരുടെ പ്രധാന ആർട്ടു വർക്കുകളിൽ ചിലതാണ്. അശോകൻ നിർമ്മിച്ച സ്തൂപയുടെ ചുറ്റിലുമായി വലിയ വേലികൾ നിർമ്മിച്ച് അവയിൽ ആർട്ടു വർക്കുകളിലൂടെ ബുദ്ധമത പ്രചാരത്തിന് ഇവർ സഹായിച്ചു. ഇവരുടെ ആർട്ട് ശൈലി “അമരാവതി സ്ക്കൂൾ ഓഫ് ആർട്ട്” എന്നറിയപ്പെടുന്നു…(തുടരും )
സനീഷ്…
