ആർട്ടിൽ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയ കലാകാരൻമാർ ചോള കാലത്ത് ഉണ്ടായിരുന്നെന്ന് പറഞ്ഞല്ലോ. സ്ത്രീ ദൈവങ്ങളെ ആർട്ടിലൂടെ നിർമ്മിക്കുവാനും അവർക്ക് കഴിഞ്ഞു. കൈയിൽ വീണയില്ലാത്ത സരസ്വതി ദേവിയുടെ ശില്പം ഇതിൽ പ്രധാനപ്പെട്ടതാണ്. അറിവിന്റെ ദേവിയായി സരസ്വതിയെ അവർ ആരാധിച്ചിരുന്നതായി പറയപ്പെടുന്നു. ഈ സരസ്വതി ശില്പത്തിന് നാല് കൈകൾ ഉണ്ട് . ദൈവീക ശക്തിയുടെ അടയാളമായിരുന്നു നാല് കൈകൾ .
വൈഷ്ണവ ഭക്തർ ഗജലക്ഷ്മി എന്ന പേരിൽ ദേവിയെ ആരാധിച്ചിരുന്നു. വിഷ്ണുവിന്റെ അംശമായ ഗജലക്ഷ്മിയുടെ മ്യൂറൽ ചിത്രങ്ങൾ ആർട്ടിലൂടെ പിറവിയെടുത്തു. നാല് കൈകൾ ഈ ചിത്രത്തിനും ദൈവീകത പകർന്ന് കൊടുത്തു. ഗജലക്ഷ്മിയുടെ ശില്പവും നിർമ്മിച്ചു. ഇത് വൈഷ്ണവഭക്തരുടെ പ്രാധാന്യവും വിളിച്ചോതുന്നു. ഇപ്രകാരം തങ്ങളുടെ മനസിലുള്ള ദൈവങ്ങളുടെ ചൈതന്യം കൺമുന്നിൽ നിൽക്കുന്നതായി സങ്കല്പിക്കാൻ ഇത്തരം ആർട്ടുകൾ സഹായിച്ചു.

എങ്കിലും ശിവഭക്തി പ്രബലമായി നിലനിന്നിരുന്ന കാലഘട്ടമായതിനാൽ പാർവ്വതിദേവിയ്ക്കും വളരെ പ്രാധാന്യം ലഭിച്ചിരുന്നു. സംഹാരമൂർത്തിയായ ദുർഗ ദേവിയുടെ ഉഗ്രരൂപമായ കാളീദേവിയുടെ ശില്പങ്ങൾ ആർട്ടിലൂടെ വിരിഞ്ഞു. ഈ കാളി ശില്പത്തിന് നാല് കൈകളിൽ കൂടുതൽ ഉണ്ടായിരുന്നു. ഉഗ്രരൂപിയായ കാളിയുടെ ഈ ശില്പം മറ്റ് ദേവികളേക്കാൾ പ്രത്യേക പരിഗണനയും ആരാധനയും പാർവ്വതീ ദേവിയ്ക്ക് ലഭിച്ചിരുന്നതിന്റെ തെളിവാണ്. ഉഗ്രമൂർത്തീഭാവം ഉള്ള ശില്പങ്ങൾ നിർമ്മിക്കുന്നതിൽ കലാകാരന്മാർ വിജയിച്ചു. ഭാവപ്രകടനങ്ങൾ ആർട്ടിലൂടെ വിരിയിക്കുന്നതിന് ആർട്ടിന്റെ വളർച്ച സഹായിച്ചിരുന്നു.
പ്രശസ്തമായ നടരാജശില്പത്തെപ്പറ്റി പറഞ്ഞുവല്ലോ. നൃത്തകലയുടെ ദൈവമായ ഈ ശില്പം രൂപകൽപന ചെയ്തത് നിരവധി പ്രത്യേകതകളോട് കൂടിയാണ്.. ആദിയും അന്തവും പ്രപഞ്ച നാഥനായ ശിവഭഗവാനിൽ നിറഞ്ഞിരിക്കുന്നു എന്ന് ഈ ശില്പത്തിലൂടെ കലാകാരന്മാർ വരച്ചുകാട്ടുന്നു. ഈ ശില്പത്തിന്റെ അർത്ഥതലങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.

ഈ ശില്പത്തിലെ നാല് കൈകളിൽ വലത് ഭാഗത്തെ മുകളിലെ കൈയിൽ ഒരു ഡമരു (drum) പിടിച്ചിട്ടുണ്ട്. ഇത് സൃഷ്ടിയുടെ ശബ്ദത്തെയാണ് സൂചിപ്പിക്കുന്നത്. ശബ്ദത്തിലൂടെ സൃഷ്ടി ആരംഭിച്ചു എന്ന് പ്രതിനിധാനം ചെയ്യുന്നു.
ഇടത് ഭാഗത്തെ മുകളിലെ കൈയിൽ അഗ്നിനാളങ്ങൾ കാണാം. ഇത് സംഹാരത്തെയാണ് സൂചിപ്പിക്കുന്നത്
വലത് ഭാഗത്തെ താഴത്തെ കൈ അഭയ മുദ്ര കാണിക്കുന്നു. പ്രപഞ്ച നാഥനായ ശിവഭഗവാനിൽ സർവ്വങ്ങൾക്കും അഭയം ലഭിക്കും എന്നതിന്റെ ആർട്ടിസ്റ്റിക് ശൈലിയാണിത്. ഇടത് ഭാഗത്തെ താഴത്തെ കൈ ഉയർന്ന് നിൽക്കുന്ന കാൽപാദത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഇത് അത്യന്തികമായ മോക്ഷത്തിലേയ്ക്കുള്ള വഴിയെ പ്രതിനിധാനം ചെയ്യുന്നു. ശിവഭഗവാന്റെ പാദങ്ങളിലാണ് മോക്ഷം എന്ന് ഭക്തർ വിശ്വസിച്ചിരുന്നു.
വലത് ചെവിയിൽ മെയിൽ റിംഗ് ധരിച്ചിരിക്കുന്നു. ഇടത് ചെവിയിൽ ഫീമെയിൽ റിംഗ് ആണ് ധരിച്ചിരിക്കുന്നത് ഇത് അർദ്ധനാരീശ്വര സങ്കല്പത്തെയാണ് കാണിക്കുന്നത്. ശിവഭഗവാനിൽ ഒരു നാഗത്തെ കാണാവുന്നതാണ്. ഇത് മനുഷ്യരിലുള്ള കുണ്ഡലിനി ശക്തിയെ സൂചിപ്പിക്കുന്നു.

ഇരു വഗങ്ങളിലേയ്ക്ക് നിൽക്കുന്ന മുടിയുടെ ഷേയ്പ്പ് ഗംഗാദേവിയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നത് പ്രതിനിധാനം ചെയ്യുന്നു. ഒരു ചെറിയ കുള്ള രൂപത്തിന്റെ മുകളിൽ ചവിട്ടിയാണ് താണ്ഡവ ശില്പം നിൽക്കുന്നത്. ഇത് മനുഷ്യന്റെ അഹംഭാവത്തെ സൂചിപ്പിക്കുന്നു. അഹം വെടിഞ്ഞാലെ ശിവഭഗവാനിലൂടെ മോക്ഷത്തിൽ എത്തിച്ചേരാൻ പറ്റൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ശില്പത്തിന് ചുറ്റും ഒരു പ്രകാശവലയം കാണാവുന്നതാണ് ഇത് നശിക്കപ്പെടാത്ത കാലത്തെ (സമയം) സൂചിപ്പിക്കുന്നു…..
ലോകനാഥനായി ശിവഭഗവാനെ ആരാധിക്കുവാൻ ഇടവും വലവും ബ്രഹ്മ വിഷ്ണു ശില്പത്തോട് കൂടി നിൽക്കുന്ന ശിവഭഗവാന്റെ ശില്പവും നിർമ്മിച്ചു. ഇത് ശിവഭഗവാൻ മറ്റ് ദൈവങ്ങളെക്കാൾ കൂടുതലായി ആരാധിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് ആർട്ടിലൂടെ ലഭിയ്ക്കുന്നത്. പത്ത് കൈകളോട് കൂടിയ താണ്ഡവ നടനമാടുന്ന ശിവ ശില്പങ്ങൾ ഗുഹയിൽ നിർമ്മിക്കുവാനും കലാകാരന്മാർക്ക് കഴിഞ്ഞു. കൈകളുടെ എണ്ണം കൂടുന്നത് ദൈവീകതയും ശക്തിയും കൂടുതൽ പ്രകടിപ്പിക്കാനാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഇവയെല്ലാം ശിവഭക്തിയുടെ മേൽക്കോയ്മ വിളിച്ചോതുന്നു…..
