ഏതു പ്രായത്തിലും യൗവ്വനം നിലനിറുത്തുന്ന ഒരു ഒറ്റമൂലിയാണ് പ്രണയം.
വിശ്വസാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയാ മാർകേസിൻ്റെ “കോളറാക്കാലത്തെ പ്രണയം” എഴുതപ്പെട്ടമ്പോൾ ഒരു യൗവ്വനഭാവം ലോകത്തിലേയ്ക്ക് കടന്നു വന്നു.
നാളെ ഒരിക്കൽ മഹാമാരി കോവിഡ് – 19 ൽ ഉഴലുന്ന ലോകത്തേക്ക് ഏതെങ്കിലും ഒരു സാഹിത്യകാരൻ്റെ തൂലികയിൽ നിന്നും ”കൊറോണാ കാലത്തെ പ്രണയം” അവതരിക്കുക എന്നറിയില്ല.?
അപ്പോൾ ഈ കൊറോണാക്കാലത്തിനും ഒരു ആനന്ദനിവൃതി ലഭ്യമാകും.
പ്രണയമെന്നാൽ, ആരോടെങ്കിലും എന്തിനോടെങ്കിലും പ്രണയിക്കുക എന്നതാണ് പ്രധാനം. അത് സഖിയോ, കുട്ടികളോ, ജോലിയോ, പൂവോ, കായോ, ഇഷ്ടദൈവമോ മാത്രമല്ല ഒരാൾക്ക് അയാളോട് തന്നെ ഇഷ്ടം തോന്നുന്നതു പോലും പ്രണയമാണ്.
ഫെബ്രുവരി മാസത്തിൽ വാലൻൈറൻ ദിനം സമ്മാനിക്കുന്ന പ്രണയം ഒരു ദിവസം മാത്രം നിലനിൽക്കുന്നതാണ്. അതിനെ പ്രണയത്തിൻ്റെ പ്രകടന ദിനമെന്നു വിളിക്കുന്നതാകും നല്ലത്.
ലോകത്തിൽ വിരസത ,മിടപ്പ്, അലസത തുടങ്ങിയവ മിക്കവരിലേയ്ക്കും കടന്നു വരുന്നതിൻ്റെ കാരണം മനസ്സിൽ നിന്നും പ്രണയം പടിയിറങ്ങിപ്പോകുന്നതിൻ്റെ ദുരന്തഫലമാണ്.
ചിലപ്പോൾ പ്രണയം യാന്ത്രികമായി മാറും. കുഞ്ഞിനെ ചുംബിക്കുമ്പോൾ വാത്സല്യം ഉണ്ടാകുന്നില്ല. സഖിയെ തൊടുമ്പോൾ ശരീരം തൊടുമെങ്കിലും ആത്മാവില്ല.
നമ്മുടെ കാലം അനുഭവിക്കുന്ന ഏറ്റവും വലിയ ആന്തരിക പ്രതിസന്ധികളാണിവയെല്ലാം.
ഒരാൾ പ്രണയത്തിലായിരിക്കുമ്പോഴാണ് അയാളുടെ ഏറ്റവും നല്ല സാദ്ധ്യതകൾ പ്രകടമാകുക. ഭാരത സംസ്കാരത്തിൽ പുരാണങ്ങളിലും, വേദങ്ങളിലുമായി എത്രമാത്രം പ്രണയഗീതങ്ങളാണ് രചിക്കപ്പെട്ടിരിക്കുന്നതു്.
ബൈബിളിൽ ശലമോൻ്റെ “പ്രണയഗീതങ്ങൾ ” ഉത്തമ ഗീതങ്ങളാകുന്നത് അയാളുടെ ഏറ്റവും നല്ലതിനെ പ്രണയകാലത്തിന് മാറ്റി വച്ചതുകൊണ്ടാണ്.
ഒരാൾ പാടുകയും, എഴുതുകയും, പറയുകയും ചെയ്യുന്നത് അയാൾക്കു വേണ്ടിയല്ല. മറ്റൊരാൾക്ക് വേണ്ടിയാകുമ്പോഴാണ് ഹൃദയത്തിൽ പ്രണയാർദ്രതയുണ്ടാകുന്നത്.
തീരത്തേക്ക് കടൽ എടുത്തു കൊണ്ടുവരുന്ന വലംപിരിശംഖൻ്റെ നാദം ഏതു ഹൃദയത്തിലേയ്ക്കാണ് പ്രണയം നൽകാത്തത്..? ഏഴുമുറിവുള്ള മുളംതണ്ടിലും, മൺവീണയിലുമായി കേൾക്കുന്ന സംഗീതം ഏതൊരു ഹൃദയത്തെയും പ്രണയിക്കാൻ പഠിപ്പിക്കും.
പ്രണയം അഥവാ സ്നേഹമാണ് നമ്മുടെ സർഗ്ഗാന്മതയുടെ ഊർജ്ജം.ആ ഊർജ്ജ സ്രോതസ്സുകൾ വറ്റിപ്പോകുന്നതു കൊണ്ടാണ് മനുഷ്യരിൽ നിന്നും ദുഷ്ട ചിന്തകൾ ഉടലെടുക്കുന്നത്.
എഴുപതുകളിലും, എൺപതുകളിലും നമ്മുടെ അമ്പലപ്പറമ്പുകളിൽ നാടകവും, കഥകളിയും, ഗാനമേളയും, കഥാപ്രസംഗവും, വില്ല് പാട്ടും ആസ്വദിച്ചിരുന്ന സഹൃദയങ്ങൾ ഇന്നെവിടെ ?
അമ്പലപ്പറമ്പിൽ ഇന്ന് ഈ കലാപരിപാടികൾ വച്ചാൽ പോകാൻ സമയമുണ്ടോ? ആസ്വാദനഹൃദയം എന്നേ നഷ്ടപ്പെട്ടുപോയി.
ഒന്നോർക്കുക ഹൃദയവിശാലതയുടെ സുഗന്ധമാണ് പ്രണയം. പ്രേമം വീഞ്ഞിനേക്കാൾ മാധുര്യമുള്ളതാണ് (ഉത്തമ.1: 2) മരണത്തേക്കാൾ ശക്തമാണ് ( ഉത്തമ.8:56)
നമ്മുടെ കൈമുഷ്ടിയോളം വലിപ്പമുള്ള ഹൃദയത്തിൽ പ്രപഞ്ചമുണ്ടെന്ന് തോന്നിയാൽ പ്രണയം പൂവിട്ടു തുടങ്ങും.
പ്രശസ്ത സാഹിത്യകാരൻ ഖലീൽ ജിബ്രാൻ പറയുന്നു: “പ്രണയിക്കുമ്പോൾ നിങ്ങൾ ദൈവത്തിൻ്റെ ഉള്ളിലല്ല. മറിച്ചു ദൈവം നിങ്ങളുടെ ഉള്ളിലാണ്.”
പ്രണയഗീതങ്ങൾ എല്ലാം തന്നെ ഏറ്റവും നല്ല പ്രാർത്ഥനകളാണ്. ആയതിനാൽ വരും കാലത്തിൻ്റെ പ്രാർത്ഥന കൾ പ്രണയഗീതങ്ങളാകട്ടെ എന്നു ഞാൻ ആശിക്കുന്നു.
ബൈബിളിൽ ഏറ്റവും കൂടുതൽ പരിമളം നൽകുന്നതു ഉത്തമ ഗീതത്തിൻ്റെ പേജകളാണ്.
“എൻ്റെ പ്രിയനേ., സുഗന്ധദ്രവ്യങ്ങളുടെ മലമുകളിലേക്കും ദൂദായി പഴങ്ങൾ പരിമളം പരത്തുന്ന തോട്ടങ്ങളിലേയ്ക്കും ചെറുമാൻപേടയെന്നപ്പോലെ വേഗം വരുക.. “
എവിടെയൊക്കെ മനുഷ്യൻ തങ്ങളെ പൂർണ്ണമായി നൽകുന്നുണ്ടോ അവിടെയൊക്കെ പ്രണയത്തിൻ്റെ പരിമളം പരക്കുന്നുണ്ടാകും.
പ്രണയം നിനക്കെന്തു നൽകി ?
പ്രണയം എന്താണ് എനിക്ക് സമ്മാനിക്കാത്തത്..!
സ്റ്റാൻലി എം. മങ്ങാട് ✍