ഭൂമി ഇളക്കിമറിച്ചാൽ ഏതു മണ്ണിനടിയിലും ഒരു പ്രാചീന സംസ്കാരമുണ്ടാകും. എല്ലാ നാഗരികതകളും, പ്രാചീന സംസ്ക്കാരങ്ങളും മണ്ണ് പങ്കുവച്ചതിൻ്റെ ഓർമ്മകളാണ
കുട്ടനാട്ടുകാരൻ ആൻറണി പറയും ഞങ്ങൾ മലബാറിലേയ്ക്ക് കുടിയേറിയവരാണ്.
മലബാറുകാരൻ കേശവൻ നമ്പൂതിരി പറയും ഞങ്ങൾ തിരുവിതാംകൂറിലേയ്ക്ക് കുടിയേറിയവരാണ്. ഇങ്ങനെ മണ്ണ് പങ്കുവച്ചതിൻ്റെ സ്മരണകളുള്ള മനുഷ്യരാണെല്ലാവരും.
ഓരോ നാടിനും ഓരോ ഗന്ധമുണ്ടെന്ന് മനുഷ്യൻ മനസ്സിലാക്കിക്കഴിഞ്ഞു.കുട്ടനാടിനും, പാലക്കാടിനും പുന്നെല്ലിൻ്റെയും ചേറിൻ്റെയും മിശ്രിത ഗന്ധം.ആലപ്പുഴയ്ക്ക് ഒറ്റാലിൻ്റെ ഇടയിലൂടെ വഴുതിപ്പോയ വരാലിൻ്റെയും, വെന്തുപൊങ്ങുന്ന കാച്ചിലിൻ്റെയും മണം.
പുതുമഴയ്ക്ക് ശരീരത്തിലെ രസമാപിനികളെ ഉണർത്തുന്ന രതി ഗന്ധം.കിഴക്കോട്ടുപോകുമ്പോൾ പലതരം പൂക്കളുടെ ഗന്ധം. അവസാനം ഓരോ നാടും ഗന്ധങ്ങളിലൂടെ തലച്ചോറിൽ രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞു.
എല്ലാ മണ്ണും സചേതനമാണെന്ന് മനുഷ്യൻ മനസ്സിലാക്കിക്കഴിഞ്ഞു. അതിനാൽ ജീവസ്സുറ്റ സ്ഥലങ്ങളിലെല്ലാം മനുഷ്യൻ പാദരക്ഷകൾ അഴിച്ചു വച്ചു മണ്ണിനെ വന്ദിയ്ക്കുവാൻ തുടങ്ങിയിരിക്കുന്നു.
മസ്ക്കറ്റിലും, കുവയ്റ്റിലുമുള്ള പ്രവാസി തൻ്റെ ജന്മനാട്ടിലെ നാട്ടു പാതകൾ സ്വപനം കാണുന്നവരാണ്. അതുകൊണ്ടാണ് നാടിനെ ഓർമ്മിക്കുമ്പോൾ അവൻ്റെ ചുണ്ടുകൾ വിതുമ്പി പോകുന്നത്.
പണ്ടൊക്കെ ഓരോ വർഷവും “വേലികെട്ടൽ ” എന്നൊരു ചടങ്ങ് മണ്ണ് സംരക്ഷണത്തിനായി നമ്മൾ ചെയ്യാറുണ്ടു്. ഒരു പത്തൽ അങ്ങോട്ടോ ,ഇങ്ങോട്ടോ മാറിയതിൻ്റെ പേരിൽ എന്തൊരു പുകിലാണ് ഉണ്ടാക്കിയിരുന്നത്. മണ്ണിനെ സ്നേഹിച്ചതുകൊണ്ട് മാത്രമാണ് ഇത്തരം വഴക്കുകൾ ഉണ്ടായിട്ടുള്ളത്..
1854 ൽ റെഡ് ഇൻഡ്യൻ മൂപ്പൻ അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഫ്രാങ്കിളിൻ പിയേഴ്സന് ഒരു കത്തെഴുതി. എക്കാലത്തെയും ചരിത്രരേഖയാണ് ഈ കത്തു. അതിൻ്റെ ഉള്ളടക്കം ഇങ്ങനെ :
“മണ്ണു വിലക്കാനും, വാങ്ങാനുമായി മണ്ണ് ആരുടേതാണ്? ഈ മണ്ണാകുന്ന തോട്ടം നോക്കാനും, നനയ്ക്കാനും, കായ്കനികൾ ശേഖരിക്കാനുംവേണ്ടി ഏല്പിച്ചു തന്ന സ്ഥലത്ത് .എന്തിനാണ് സ്വയം തമ്പുരാനാകുന്നത്?
സ്റ്റാൻലി എം. മങ്ങാട് ✍