ഒരേസമയം നമുക്ക് രക്ഷിതാവും സുഹൃത്തും വഴികാട്ടിയുമായി എപ്പോഴും കൂടെ നിൽക്കുന്ന ആ വിശിഷ്ട വ്യക്തിയെ ആദരിക്കാനോ അനുസ്മരിക്കാനോ നമുക്ക് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല എന്നത് വസ്തുതയാണ്. എങ്കിലും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും ഫാദേഴ്സ് ഡേ ആയി കൊണ്ടാടാറുണ്ട്.
അച്ഛനോടൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കാനോ ഒരു സിനിമ കാണാനോ കഴിഞ്ഞില്ലെങ്കിലും മറ്റു രീതികളിൽ നിങ്ങൾക്ക് ഈ ദിനം ആഘോഷിക്കാം. അപ്രതീക്ഷിതമായി ഒരു സമ്മാനം അയച്ചുകൊടുത്തോ അച്ഛന് ഇഷ്ടപ്പെട്ട ഏതെങ്കിലും ഭക്ഷണം എത്തിച്ചു കൊടുത്തോ ഈ ദിനം നിങ്ങൾക്ക് അവിസ്മരണീയമാക്കി മാറ്റാം.
എന്നാണ് ഫാദേഴ്സ് ഡേ?
ഓരോ വർഷവും ഫാദേഴ്സ് ഡേ ആഘോഷിക്കുന്ന ദിനങ്ങളിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. മിക്കവാറും രാജ്യങ്ങളിലെല്ലാം ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആയി പൊതുവെ ആഘോഷിക്കാറുള്ളത്. നമ്മുടെ ജീവിതത്തിൽ അച്ഛനുള്ള സവിശേഷമായ സ്വാധീനം ഓർത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്സ് ഡേയും നൽകുന്നത്.
സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ പരമ്പരാഗതമായി മാർച്ച് 19-നാണ് ഫാദേഴ്സ് ഡേ ആചരിക്കാറുള്ളത്. സെന്റ് ജോസഫ് ദിനം കൂടിയാണ് അന്ന്. തായ്വാനിൽ ഓഗസ്റ്റ് 8-നാണ് ഫാദേഴ്സ് ഡേ ആഘോഷിക്കാറുള്ളത്. തായ്ലാൻഡിലാവട്ടെ, അവിടത്തെ മുൻ രാജാവായ ഭൂമിബോൽ അദുല്യദേജിന്റെ ജന്മദിനമായ ഡിസംബർ അഞ്ചാണ് ഫാദേഴ്സ് ഡേ ആയി ആചരിച്ചു പോരുന്നത്.
ചരിത്രം
ഫാദേഴ്സ് ഡേയുടെ ചരിത്രം ഒട്ടും സന്തോഷം നിറഞ്ഞ ഒന്നല്ല. അമേരിക്കയിൽ ഖനിയിലുണ്ടായ അതിദാരുണമായ ഒരു അപകടത്തെ തുടർന്നാണ് ഫാദേഴ്സ് ഡേ ആചരിക്കാൻ തുടങ്ങിയത്. പശ്ചിമ വിർജീനിയയിലെ ഫെയർമോണ്ട് ഖനിയിൽ 1908 ജൂലൈ 5-നുണ്ടായ അപകടത്തിൽ നൂറുകണക്കിന് മനുഷ്യരാണ് മരിച്ചു വീണത്. അതിനെത്തുടർന്ന് ഒരു വൈദികന്റെ മകളായ ഗ്രെയ്സ് ഗോൾഡൻ ക്ലേറ്റൺ ആ അപകടത്തിൽ മരണപ്പെട്ട ആളുകളുടെ ഓർമ പുതുക്കാൻ ഞായറാഴ്ച ശുശ്രൂഷ നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.
ഏതാനും വർഷങ്ങൾക്ക് ശേഷം സൊനോര സ്മാർട്ട് ഡോഡ് എന്ന മറ്റൊരു വനിത താനുൾപ്പെടെ ആറു മക്കളെ ഒറ്റയ്ക്ക് വളർത്തി വലുതാക്കിയ, ആഭ്യന്തരയുദ്ധത്തിൽ സൈനികനായി സേവനമനുഷ്ഠിച്ച തന്റെ പിതാവിന്റെ ഓർമയ്ക്കായി ഫാദേഴ്സ് ഡേ ആചരിക്കാൻ ആരംഭിച്ചു. പിന്നീടും പതിറ്റാണ്ടുകളോളം ഫാദേഴ്സ് ഡേ ആചരണത്തിന് അമേരിക്കയിൽ വലിയ ജനപ്രീതി ലഭിച്ചിരുന്നില്ല.
പിന്നീട് 1972-ൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ആചരിക്കണമെന്ന പ്രഖ്യാപനത്തിൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഒപ്പു വെച്ചതോടെയാണ് ഔപചാരികമായി ഈ ദിനാചരണം കൊണ്ടാടാൻ തുടങ്ങിയത്.