തിന്മയുടെ മേൽ ഉള്ള വിജയം (1 പത്രൊ. 3:13 -18)
” നിങ്ങൾ കഷ്ടം സഹിക്കണം എന്ന് ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നത്ഏറ്റവും നന്ന് ” (വാ.17).
സാഹചര്യങ്ങൾ മനുഷ്യരിൽ മാറ്റങ്ങൾ സൃഷ്ടിക്കും എന്ന് എല്ലാവർക്കും അറിയാം? എന്നാൽ, ഏതു സാഹചര്യത്തിലും നന്മയുടെ ഭാഗത്ത് ഉറച്ചു നിൽക്കാനുള്ള ഇച്ഛാശക്തി ഒരു വിശ്വാസിക്ക് ഉണ്ടായിരിക്കണം. “നന്മ ചെയ്കയിൽ നാം മടുത്തു പോകരുത്”ഗ്രലാ.6:9) എന്നാണ്, വി. പൗലൊസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നത്. തിന്മ ചെയ്യാതിരിക്കുക. നന്മ മാത്രം ചെയ്യുക: അതു ജീവിതത്തിൽ നടക്കാത്ത കാര്യം ആണെന്നാണ് പലരും ചിന്തിക്കുന്നത്. ജീവിത ത്തിനു നേരേ തിന്മയുടെ അസ്ത്രങ്ങൾ മാത്രം പാഞ്ഞു വരുമ്പോൾ, ചിലർ പതറി പോകാം എന്നത് ഒരു യാഥാർത്ഥ്യമാണ്?
നന്മ മാത്രം ചെയ്യുക; തിന്മയ്ക്ക് എതിരെ പോരാടുക: ഇതാണ് ഒരു വിശ്വാസിയെകുറിച്ചുള്ള ദൈവ ഇഷ്ടം! നാം വിതക്കുന്നതു തന്നെ കൊയ്യും എന്നതിനു സംശയം ഇല്ല. തിന്മയോടു തോൽക്കാതിരിക്കണം എങ്കിൽ, ഒറ്റ വഴിയേ നമ്മുടെ മുമ്പിൽ ഉള്ളൂ. അത് സാധിക്കണം എങ്കിൽ നമ്മുടെ മനോഭാവത്തിൽ വിപ്ലവ കരമായ മാറ്റം വന്നേ മതിയാകൂ. നന്മയും നിന്മയും തമ്മിൽ വേർതിരിച്ച് അറിയാനുള്ള കഴിവ് നേടുക എന്നത് പ്രാധാന്യം അർഹിക്കുന്നു.
ദൈവം നമ്മുടെ പിതാവ് ആണെന്നും, തിന്മകൾ എന്നു നാം കരുതുന്നവ പോലും നമ്മുടെ നന്മയ്ക്കായി രൂപാന്തരപ്പെടുത്തുവാൻ ദൈവം കഴിവുള്ളവനാണ് എന്ന് ഉറപ്പുണ്ടാകുമ്പോൾ, നമ്മിൽ നിന്നും നന്മ മാത്രമേ പുറപ്പെടുക ഉള്ളൂ. ഒരു പക്ഷെ, അപ്രകാരം ഉള്ള ജീവിതം, ധ്യാന ഭാഗത്ത് വി. അപ്പൊസ്തലൻ പറയുന്നതുപോലെ സഹനങ്ങൾ ഏറ്റെടുക്കുവാൻ നമ്മെ ബാദ്ധസ്ഥർ ആക്കിയേക്കും. അത് ദൈവ ഹിതം എന്ന് അംഗീകരിച്ച്, അതിനെ സന്തോഷപൂർവ്വം സ്വീകരിക്കുവാൻ നമുക്ക് ആകണം? അതിലൂടെ ആണ് “ക്രിസ്തുവിനെ നമ്മുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കുവാൻ” (വാ.14) നമുക്ക് ഇടയാകുക? ദൈവം അതിന് നമ്മെ സഹായിക്കട്ടെ.
ചിന്തയ്ക്ക്: നന്മയാൽ തിന്മയെ ജയിക്കുന്നവർ ഒരിക്കലും തിന്മയുടെ അടിമകൾ ആയിരിക്കുകയില്ല!
പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍