ദർശന സാക്ഷാത്കാരത്തിനു നൽകേണ്ട വില (ലൂക്കോ.14:25 – 33)
” അല്ലെങ്കിൽ അടിസ്ഥാനം ഇട്ട ശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം: ഈ മനുഷ്യൻ പണിവാൻ തുടങ്ങി; തീർപ്പാനോ വകയില്ല
എന്നു പരിഹസിക്കുമല്ലോ”
(വാ. 29, 30).
ക്രിസ്തീയ ജീവിതം എന്നു പറഞ്ഞാൽ, വരുന്നതു വരട്ടെ എന്നു കരുതി , പ്ലാനും പദ്ധതിയും ഒന്നുമില്ലാതെ, ജീവിക്കുന്നതാണു എന്നു ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടാകും? തികച്ചും തെറ്റായ കാഴ്ചപ്പാടാണ് അത്. ഏതൊരു കാര്യത്തിന്റെയും വിജയത്തിന്, വ്യക്തമായ പ്ലാനും പദ്ധതിയും ഉണ്ടായിരിക്കുക എന്ന
തു അനിവാര്യമായ കാര്യം ആണ്! ജെസ്സി ഓവൻസ് എന്ന നീഗ്രോ യുവാവ്, ഒരു ഓട്ടക്കാരൻ എന്ന തലത്തിൽ വിജയം നേടുരാൻ ആഗ്രഹിച്ചപ്പോൾ, തന്റെ അദ്ധ്യാപകർ നാല് ഉപദേശങ്ങൾ നൽകി: ഉറച്ച തീരുമാനം വേണം; അതിനായി സ്വയം സമർപ്പിക്കണം; വേണ്ട ശിക്ഷണം പാലിക്കണം; മനോഭാവവും പ്രവർത്തനങ്ങളും അതിനു അനുസരിച്ച് ആയിരിക്കണം? നീണ്ട നാളത്തെ പരിശ്രമത്തിനുശേഷം, 1936 -ൽ ബർലിനിൽ വെച്ചു നടന്ന ഒളിംപിക്സിൽ, സ്വർണ്ണ മെഡൽ നേടി അദ്ദേഹം തന്റെ ആഗ്രഹം സഫലീകരിച്ചു!
യേശു തന്റെ ദാർശനീക ചിന്തകൾ പങ്കു വയ്ക്കുമ്പോൾ, തന്നെ പിൻതുടരാൻ ആഗ്രഹിക്കുന്നവർ, അതു സംബന്ധിച്ചു ഗൗരവമായി ചിന്തിച്ചു മാത്രമേ, തീരുമാനം എടുക്കാവൂ എന്നു നിഷ്ക്കർഷിച്ചിരുന്നു. ധ്യാന ഭാഗത്തു അതു സംബന്ധമായ തന്റെ ചിന്തകൾ ആണു താൻ പങ്കു വയ്ക്കുന്നത്. തന്റെ ശിഷ്യർ ആകുക എന്നതു വളരെ വില കൊടുക്കേണ്ട കാര്യം ആണ്. അതു മനസ്സിലാക്കി വേണം തന്നെ അനുഗമി
ക്കാൻ ആഗ്രഹിക്കുന്നവർ തീരുമാനങ്ങൾ ചെയ്യേണ്ടത് എന്നാണു യേശു ഇവിടെ പറയുന്നത്. അതു ഉദാഹരിക്കുവാനായി, താൻ പറയുന്ന ഉപമകൾ ആണു ഗോപുരം പണിയുവാൻ ആഗ്രഹിക്കുന്ന ആളിന്റെ കാര്യവും; മറ്റൊരു രാജാവിനോടു പട
യ്ക്കു പുറപ്പെടുവാൻ താൽപര്യപ്പെടുന്ന രാജാവിന്റെ കാര്യവും!
വ്യക്തമായ കാഴ്ചപ്പാടുകളും, അതിനു കൊടുക്കേണ്ട വിലയെ പറ്റിയുള്ള ബോധവും, അതിനാവശ്യമായ സമർപ്പണവും, പ്രവർത്തന നിരതമായ ഒരു ജീവിതം നയിക്കാനുള്ള താൽപര്യവും ഉള്ളവർ മാത്രമേ, ക്രിസ്തു ശിഷ്യത്തിനായി ഇറങ്ങി പുറപ്പെടാവൂ എന്നാണു യേശു സൂചിപ്പിക്കുന്നത്.
“മുറ്റിയ മാനസാന്തരം മൂന്നു മാസം വരെ മാത്രം” എന്നു പഴമക്കാർ പറഞ്ഞിരുന്നത്,
ഇക്കാര്യം ഗൗരവമായി എടുത്തിരുന്നതിനാൽ ആകാം. വെറും വികാരത്തള്ളലിൽ “കർത്താവിനെ സ്വീകരിച്ചു” എന്നു പറയുന്നവരോ, പള്ളി രജിസ്റ്ററിൽ പേരുള്ള
തിനാൽ, തങ്ങൾ ക്രിസ്ത്യാനികൾ ആണ് എന്നു ചിന്തിക്കുന്നവരോ ആരും തന്നെ, ക്രിസ്ത്യാനികൾ എന്ന പേരിനു യോഗ്യരല്ല! നമുക്കു ഗൗരവമായ ക്രിസ്തു ശിഷ്യത്വത്തിന്റെ ഉടമകൾ ആകാൻ ശ്രമിക്കാം. ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: വ്യക്തമായ പ്ലാനും പദ്ധതിയും ഇല്ലാതെ ആരംഭിക്കുന്ന സംരംഭങ്ങൾ എല്ലാം പരാജയപ്പെടുകയേ ഉള്ളൂ!
പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍