ഉള്ളതു കൊണ്ടു തൃപ്തിപ്പെടുക (1 തിമോ. 6: 3 – 10)
“ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക” (വാ.8).
സംതൃപ്തമായ ഒരു ജീവിതത്തിനു നമ്മെ സഹായിക്കുന്ന ജീവിതപ്രമാണങ്ങൾ ആണു വി. പൗലൊസ് ധ്യാനഭാഗത്തു കോറി ഇട്ടിരിക്കുന്നത്. യുവ പട്ടക്കാരനായ തിമൊഥെയോസിനു താൻ കൊടുക്കുന്ന പ്രായോഗിക ക്രിസ്തീയതയെ സംബന്ധിച്ച പ്രബോധനങ്ങളുടെ ഭാഗമായി ആണ് അവ രേഖപ്പെടുത്തിയിരിക്കുന്നത്. ആർത്തിയും അത്യാഗ്രഹവും ഏറി വരുന്ന ഈ കാലത്ത്, ഏറെ പ്രസക്തമായ ചിന്തകൾ ആണ് അവ. ആവശ്യങ്ങൾ ആഗ്രഹങ്ങൾക്കായി വഴി മാറുന്നു; ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങൾക്കു വഴി മാറുന്നു: ഇന്നിന്റെ പ്രശ്നങ്ങളിൽ മുഖമായ ഒന്ന് ആണിത്. ആഗ്രഹങ്ങൾ ഇല്ലാതെ ജീവിക്കുക അസാദ്ധ്യം ആണ്. എന്നാൽ, ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ജീവിതം തന്നെ നരകം ആകുവാൻ അതു മതി!
ഉള്ളതു കൊണ്ടു തൃപ്തി അടയുന്നവർ ഒരിക്കലും, ചിന്താകുലങ്ങൾക്കു അടിമപ്പെടുകയില്ല! ചിന്തകൾ, ചിന്താകുലങ്ങളായി മാറാതെ, അവയെ നിയന്ത്രിക്കുവാൻ നമുക്കു കഴിയണം?
ഒരു കവി വരൻ ഇങ്ങനെയാണു എഴുതിയിരിക്കുന്നത്: “മലയുടെ മുകളിൽ പൈൻ മരം ആകാൻ നിങ്ങൾക്കു കഴിയുന്നില്ല എങ്കിൽ, താഴ് വരയിലെ കുറ്റിച്ചെടി ആകുന്നതിൽ തൃപ്തിപ്പെടുക; മരം ആകാൻ കഴിയുന്നില്ല എങ്കിൽ, ഒരു ചെറു ചെടി ആകുന്നതിൽ തൃപ്തിപ്പെടുക; ഒരു റോഡ് ആകാൻ ആകുന്നില്ലെങ്കിൽ, ഒരു പാത ആകുന്നതിൽ തൃപ്തിപ്പെടുക!” ഒന്നും ആകേണ്ട എന്നല്ല, മറിച്ച്, ആകാൻ ഒക്കുന്നതിൽ തൃപ്തി കണ്ടെത്തുക. അതാണു സംതൃപ്ത ജീവിതത്തിലേക്കുള്ള സുനിശ്ചിത പാത!
ധനീകർ ആകുവാൻ ആഗ്രഹിക്കുന്നവർ, അഥവാ, അമിത ആഗ്രഹത്തിന്റെ തത്വ ശാസ്ത്രത്താൽ ഭരിക്കപ്പെടുന്നവർ, ചെന്നു ചാടിയേക്കാവുന്ന ചതിക്കുഴികളെ പറ്റിയുള്ള അപ്പൊസ്തലന്റെ ഓർമ്മപ്പെടുത്തൽ ഇക്കാലത്തേക്കു ഏറെ പ്രസക്തിയുള്ള ചിന്തകൾ ആണ്. “അവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും, മനുഷ്യർ സംഹാര നാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരുമായ പല മോഹങ്ങൾക്കും ഇരയായി തീരുകയും ചെയ്യുന്നു” (വാ 9) എന്ന മുന്നറിയിപ്പ്, ഏറെ യാഥാർത്ഥ്യ ബോധം ഉൾക്കൊള്ളുന്ന ഒന്നാണ്! “ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങൾക്കും മൂല കാരണം” (വാ.10) എന്ന ചിന്തയും സമാനം ആണ്! അതുവിട്ട് ഓടുന്നവർക്കു മാത്രമേ സംതൃപ്തിയോടു കൂടെ ഈ ലോകത്തിൽ ജീവിക്കാൻ ആകൂ? അതിനു ദൈവം നമ്മെ സഹായിക്കട്ടെ?
ചിന്തയ്ക്ക്: ആഗഹങ്ങളെ നിയന്ത്രിക്കുന്നവൻ ആണു ഏറ്റവും വലിയ സമ്പന്നൻ!
പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍