മന:സാക്ഷിയുടെ സാക്ഷ്യം
(എബ്രാ.13:14 – 19)
“ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ, സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്ക കൊണ്ട്, ഞങ്ങൾക്കു നല്ല മന:സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു”
(വാ. 18).
ദൈവം മനുഷ്യരിൽ നിക്ഷേപിച്ചിട്ടുള്ള തന്റെ ശബ്ദമാണ് ‘മന:സാക്ഷി’. ഒരാളുടെ മന:സാക്ഷിയിലാണു ദൈവത്തിന്റെ അത്മാവു പ്രവർത്തിക്കുന്നത്. എന്നാൽ, മന:സാക്ഷിയുടെ ശബ്ദം ഒരാൾ നിരന്തരം അവഗണിക്കുകയും, അതിനെതിരെ പ്രവർത്തിച്ചു മന:സാക്ഷിയെ പ്രവർത്തന രഹിതമാക്കുകയും ചെയ്താൽ, ദൈവത്തിനു അയാളിൽ പ്രവർത്തിക്കുക ദുഷ്ക്കരമാണ്! ‘മന:സാക്ഷി മരവിച്ചവർ’ എന്നാണു അങ്ങനെയുള്ളവർ വിശേഷിപ്പിക്കപ്പെടുക! ധ്യാന ഭാഗത്ത് ‘നല്ല മന:സാക്ഷി’ ഉണ്ടെന്നു
ഞങ്ങൾക്കു ഉറപ്പുണ്ടെന്നു ലേഖന കർത്താവു പറയുന്നതു തനിക്കു ശുദ്ധവും സജീവവുമായ മന:സാക്ഷി ഉണ്ടെന്ന ബോദ്ധ്യത്തിൽ അടിസ്ഥാനപ്പെട്ടാണ്! സകല കാര്യത്തിലും നല്ലവരായി കാണപ്പെടുവാൻ ആഗ്രഹിച്ചു പ്രവർത്തിക്കുന്നവർക്കു മാത്രമേ, നല്ല മന:സാക്കി കാത്തു സൂക്ഷിക്കാൻ ആകയുള്ളൂ? അവർക്കു മാത്രമേ ദൈവഹിതം അനുസരിച്ചു ജീവിക്കാനും ആകയുള്ളൂ!
ബർന്നബാസ് തനിക്കുണ്ടായിരുന്നത് എല്ലാം വിറ്റു സഭയുടെ പൊതു നന്മയ്ക്കായി
ആ തുക അപ്പൊസ്തലരുടെ കാൽക്കൽ വെച്ചു. അവൻ അതു നിഷ്ക്കളങ്ക
ഹൃദയത്തോടും നിർവ്യാജ മന:സാക്ഷിയോടും കൂടി ചെയ്ത പ്രവൃത്തിയായിരുന്നു! അതു കാരണം ബർന്നബാസിനു സഭയിൽ കൂടുതൽ അംഗീകാരം കിട്ടിക്കാണും? അതു കണ്ട അനന്യാസും സഫീരയും, തങ്ങളുടെ നിലം വിറ്റുവെങ്കിലും, വില
യിൽ കുറച്ചു മാറ്റി വെച്ചതിനു ശേഷം, എല്ലാം നൽകുന്നു എന്ന നാട്യത്തോടെ അവർ പണം അപ്പൊസ്തലരുടെ കാൽക്കൽ വെച്ചു! ഇതു മന:സാക്ഷിയെ വഞ്ചിക്കുന്ന പ്രവർത്തനമായിരുന്നു! അങ്ങനെ വ്യാജം പ്രവർത്തിക്കേണ്ടതിനു “സാത്താൻ അവരുടെ ഹൃദയം കൈവശമാക്കി” എന്നാണു വി. പത്രൊസ് പ്രഖ്യാപിക്കുന്നത്! (അ.പ്ര. 5:3).
യേശുവിനെ പരീക്ഷിച്ചു കുറ്റം ചുമത്തുവാൻ, വ്യഭിചാരത്തിൽ പിടിച്ച സ്ത്രീയെ കൊണ്ടുവന്ന ശാസ്ത്രിമാരും പരീശരും, യേശുവിന്റെ വാക്കുകൾക്കു മുമ്പിൽ ഒന്നും ചെയ്യാനാകാതെ, “മന:സാക്ഷിയുടെ ആക്ഷേപം നിമിത്തം” സ്ഥലം വിട്ടുപോയി” (യോഹ.8:9) എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്! ക്രിസ്തീയ സഭകളിലും സമൂഹത്തിലും . നിർമ്മല മന:സാക്ഷി കാത്തു സൂക്ഷിക്കുന്നവരുടെ സംഖ്യ
കൂടിക്കൊണ്ടിരിക്കുകയാണോ, അതോ, കുറഞ്ഞു കൊണ്ടിരിക്കുകയാണോ എന്നു നാം ചിന്തിക്കണം? ശുദ്ധ മന:സാക്ഷി കാത്തു സൂക്ഷിച്ചു ലോകത്തിൽ ജീവിക്കുവാൻ നമുക്കു ശ്രമിക്കാം? ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: നമ്മുടെ (ശുദ്ധ) മന:സാക്ഷി നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ട്!
പ്രൊഫസ്സർ എ.വി. ഇട്ടി✍