17.1 C
New York
Thursday, August 18, 2022
Home Religion പുണ്യ ദേവാലയങ്ങളിലൂടെ... - (1) അർത്തുങ്കൽ പള്ളി

പുണ്യ ദേവാലയങ്ങളിലൂടെ… – (1) അർത്തുങ്കൽ പള്ളി

ലൗലി ബാബു തെക്കെത്തല

ഭാരതത്തിലെ പ്രശസ്ത ക്രൈസ്തവ ദേവാലയങ്ങളുടെ ചരിത്രങ്ങളിലൂടെ ഒരു സഞ്ചാരവുമായി മലയാളിമനസ്സിന്റെ പ്രിയ എഴുത്തുകാരി ലൗലി ബാബു തെക്കേത്തല ആരംഭിക്കുന്ന പുതിയ പംക്തി ഇവിടെ ആരംഭിക്കുന്നു…       

                + പുണ്യ ദേവാലയങ്ങളിലൂടെ…+

വർഷാവർഷം ഓരോ അവധികാലത്തും നാട്ടിലെത്തുമ്പോൾ ദേവാലയങ്ങൾ സന്ദർശിക്കുക എനിക്ക് വളരെ താല്പര്യമായിരുന്നു. ചില ദേവാലയങ്ങൾ പുണ്യസ്ഥലങ്ങൾ ആയി കരുതി സന്ദർശനം നടത്തുന്ന ഒരു പതിവ് അച്ഛനുണ്ടായിരുന്നു. ഞങ്ങൾക്ക് അസുഖം ബാധിക്കുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിലോ മുത്തശ്ശി നേരുന്ന നേർച്ചകൾ, വഴിപാടുകൾ ഒക്കെ നടത്തുന്നതിനും അച്ഛൻ ഞങ്ങളെയും കൂട്ടി ചെയ്തിരുന്ന യാത്രകൾ ആയിരിക്കും എന്റെ ദേവാലയ സന്ദർശനത്തിന്റെ പ്രേരക ശക്തി.

പ്രധാനമായും ഞങ്ങൾ സ്ഥിരമായി പോയിരുന്ന ചില ദേവാലയങ്ങൾ അർത്തുങ്കൽ, ചെട്ടിക്കാട്, വല്ലാർപ്പാടം, പാവറട്ടി, പഴുവിൽ, വേളാങ്കണ്ണി, ഒല്ലൂർ, പാലയൂർ, കുഴിക്കാട്ടുശ്ശേരി, കോഞ്ചിറ, കൊരട്ടി എന്നിങ്ങനെ നിരവധിയാണ്.

ഓരോ ദേവാലയം സന്ദർശിച്ചു മടങ്ങുമ്പോഴും ആ മണ്ണ് തൊട്ട് നമസ്കരിക്കുമ്പോൾ ലഭിക്കുന്ന ആത്മ സംതൃപ്തി ഒന്ന് വേറെ തന്നെയാണ്.

ചിലപ്പോൾ ചിലയിടങ്ങളിൽ നമ്മുടെ പൂർവികർ ഏതോ കാലത്ത് ജീവിച്ചിരുന്നതായിരിക്കാം.. അവർ അലിഞ്ഞു ചേർന്ന മണ്ണിൽ തൊടുമ്പോൾ അവരുടെ ആത്മാക്കളിൽ നിറയുന്ന സ്നേഹമോ സന്തോഷമോ അതായിരിക്കാം നമ്മെ തേടിയെത്തുന്ന സുകൃതം.
ഈ പംക്തിയിലൂടെ വിവിധ ദേവാലയങ്ങളിലൂടെ നമുക്ക് മനസ്സു കൊണ്ട് യാത്ര ചെയ്തു ഉള്ളിൽ നമസ്കരിച്ചു പ്രാർത്ഥിക്കാം.

🌻🌻അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക ( അർത്തുങ്കൽ പള്ളി )🌻🌻

വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ (2)
പാപികൾ ഞങ്ങളെ പരിശുദ്ധരാക്കുവാൻ
പണ്ടു നർബോനയിൽ ജനിച്ചവനേ (2)
പാവങ്ങൾ ഞങ്ങൾക്കു സ്വർഗ്ഗരാജ്യം തരാൻ
പീഢനമേറ്റു തളർന്നവനേ
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ

അന്ധരെ അന്ധർ നയിക്കുന്ന വീഥിയിൽ
അഗ്നിശലാകയായ് ജ്വലിച്ചവനേ (2)
രക്തത്തിൽ മുങ്ങി നിന്നൊരു വേദസാക്ഷിയായ്
രശ്മി കിരീടമണിഞ്ഞവനേ
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ

ആധിയും വ്യാധിയും ഇവിടുന്നകറ്റുവാൻ
അർത്തുങ്കൽ പള്ളിയിലിരിപ്പവനേ (2)
അംഗങ്ങളൊക്കെയും ഞങ്ങളെ രക്ഷിക്കാൻ
അമ്പുകൾ കൊണ്ടു മുറിഞ്ഞവനേ
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ

പേൾ വ്യൂ എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതിയ മൂന്ന് ഗാനങ്ങളിൽ അർത്തുങ്കൽ പള്ളിയെ പറ്റി പറയുന്നു

പള്ളിയെ തന്റെ ഗാനങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയർത്തിയതിന്റെ സ്മരണയ്ക്കായി വിശുദ്ധനായ സബസ്റ്റ്യാനോസേ’ എന്ന സിനിമാ ഗാനത്തിന്റെ നാൽപതിയെട്ടാം വാർഷികത്തിൽ അർത്തുങ്കൽ പള്ളിയിലെ വൈദികരും നാട്ടുകാരും വയലാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയിരുന്നു

നമുക്ക് അർത്തുങ്കൽ പള്ളിയിൽ മനസ്സു കൊണ്ട് സന്ദർശിക്കാം..

ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു കടലോര പ്രദേശമാണ് അർത്തുങ്കൽ.ഇവിടെയാണ് അർത്തുങ്കൽ പള്ളി സ്ഥിതി ചെയ്യുന്നത്. ചേർത്തലയിൽ നിന്ന് 22 കിലോമീറ്ററും. ആലപ്പുഴയിൽ നിന്ന് 22 കിലോമീറ്ററും കൊച്ചിയിൽ നിന്ന് 48 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

ബുദ്ധമതത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന കാലത്തെ പ്രമുഖ ബൗദ്ധ കേന്ദ്രമായിരുന്നു അർത്തുങ്കൽ എന്നാണ് പറയപ്പെടുന്നത്. അർത്തുങ്കൽ എന്ന പേരുണ്ടായത് തന്നെ ബുദ്ധമതത്തിൽ നിന്നാണെന്ന ഒരു വാദം നിലനിൽക്കുന്നുണ്ട്. അർഹതൻ കല്ല് എന്ന വാക്കിൽ നിന്നാണ് അർത്തുങ്കൽ എന്ന പേരുണ്ടായത് എന്ന് പറയപ്പെടുന്നു

എന്താണ് അർഹതൻ കല്ല്?

ബുദ്ധമതത്തിൽ ചേരുന്നവരെ അർഹതൻ എന്നാണ് വിളിച്ചിരുന്നത്. ബുദ്ധ, ജൈന വിശ്വാസികളുടെ ആരാധനാലയങ്ങൾ കല്ലെന്നാണ് അറിയപ്പെടുന്നത്. ബുദ്ധമതക്കാരുടെ ആരാധനാലയം അർഹതൻ കല്ല് എന്നും അറിയപ്പെട്ടു. അർത്തുങ്കൽ പള്ളി നിന്നിരുന്ന സ്ഥലത്ത് ബുദ്ധ ക്ഷേത്രമായിരുന്നെന്നാണ് പറയപ്പെടുന്നത്. പോർച്ചുഗീസുകാരുടെ കാലത്താണ് ഇവിടെ ക്രിസ്തീയ ദേവാലയം പണിതത്.

ശബരിമല തീർത്ഥാടനവുമായി ഉള്ള ബന്ധം

അർത്തുങ്കൽ പള്ളിക്ക് പരിസരത്തുള്ളവർ ശബരിമലയിൽ തീർത്ഥാടനം നടത്തിവന്നതിന് ശേഷം മാലയൂരുന്നത് ഈ പള്ളിയിൽ വച്ചാണ്. ശബരിമല തീർത്ഥാടന സമയത്ത് ഈ പള്ളിയിലും ശബരിമല ഭക്തരുടെ വൻ‌ തിരക്കാണ്
പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് അർത്തുങ്കൽ പള്ളി. അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഐതിഹ്യം പ്രചരിക്കുന്നത് പോലെ തന്നെയാണ്, അയ്യപ്പനും അർത്തുങ്കൽ വെളുത്തച്ചനും തമ്മിലുള്ള ഐതിഹ്യവും പ്രചരിക്കുന്നത്.

ആരാണ് അർത്തുങ്കൽ വെളുത്തച്ചൻ?

യൂറോപ്യൻ മിഷനറിയായിരുന്ന ഫാദർ ഫെനേഷ്യയാണ് അർത്തുങ്കൽ വെളുത്തച്ചൻ എന്ന് അറിയപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. ശബരിമല അയ്യപ്പനും വെളുത്തച്ചനും തമ്മിലുള്ള സൗഹൃദം സംബന്ധിച്ച് ധാരാളം ഐതിഹ്യങ്ങൾ പറഞ്ഞുകേൾക്കുന്നുണ്ട്. അയ്യപ്പന്റെ ഗുരുകുമലായ ചീരപ്പഞ്ചിറയിൽ നിന്നാണ് വെളുത്തച്ചൻ കളരിപ്പയറ്റ് പഠിച്ചതെന്നാണ് പറയപ്പെടുന്നത്. ഇവിടെ വച്ചാണത്രെ ഇരുവരും പരിചയപ്പെടുന്നത്.

അർത്തുങ്കൽ പള്ളി ചരിത്രം

പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായിരുന്ന മുത്തേടത്ത് രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു അര്‍ത്തുങ്കല്‍. അര്‍ത്തുങ്കല്‍ എന്ന പേര് എങ്ങനെ വന്നു എന്നത് സംബന്ധിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ‘ആര്‍ത്തിക്കുളങ്ങര’ ‘ആര്‍ത്തിക്കുളങ്ങല്‍’ആകുകയും പിന്നീട് അര്‍ത്തുങ്കല്‍ എന്ന് ആകുകയുമായിരുന്നു എന്നാണ് ഒരു വിഭാഗം പറയുന്നത്.

എന്നാല്‍, ചരിത്രകാരനായ ജോര്‍ജ് ഷുര്‍ഹാമ്മര്‍ (George Schurhammer) പറയുന്നത് മുത്തേടത്ത് കുടുംബത്തിന്റെ ആസ്ഥാനമെന്ന നിലയ്ക്ക് ആദ്യം മുത്തേടത്തുങ്കലും പിന്നീട് പേര് എടത്തുങ്കല്‍ എന്ന് മാറുകയും അത് പിന്നീട് അര്‍ത്തുങ്കല്‍ എന്നായി മാറുകയും ചെയ്തു എന്നും പറയപ്പെടുന്നു.

മൂത്തേടത്ത് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു അർത്തുങ്കൽ. വ്യവസായിക കേന്ദ്രം കൂടിയായിരുന്നു.
ഈ പ്രദേശത്ത് ധാരാളം ക്രൈസ്തവരുണ്ടായിരുന്നു. പക്ഷേ, ദേവാലയത്തിന്റെയും വൈദികരുടെയും അഭാവം മൂലം മാമോദീസ അടക്കമുള്ള കൂദാശകൾ സ്വീകരിക്കുവാൻ ഇവർക്ക് മാർഗ്ഗമുണ്ടായിരുന്നില്ല. വാസ്കോ ഡ ഗാമയുടെ കേരളസന്ദർശനത്തിന് ശേഷം ഇവിടെയെത്തിയ പോർട്ടുഗീസ് മിഷണറിമാരിൽ ചിലർ മൂത്തേടവും സന്ദർശിച്ചു. തദ്ദേശവാശികളായ ക്രൈസ്തവർ ഇവരെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. അർത്തുങ്കൽ കേന്ദ്രമാക്കി അന്ന് ഈ പ്രദേശം ഉൾപ്പെട്ടിരുന്ന അങ്കമാലി രൂപതയുടെ മെത്രാനായിരുന്ന മാർ അബ്രഹാമിന്റെ അനുവാദപ്രകാരം മതപ്രബോധനവും കൂദാശ നൽകലും ആരംഭിച്ചു

1560 മുതൽ മിഷണറിമാരും നാട്ടുകാരായ ക്രൈസ്തവരും ഒരു ദേവാലയം പണിയുന്നതിനായി മൂത്തേടത്ത് രാജാവിന്റെ അനുവാദം തേടിയെങ്കിലും അദ്ദേഹം ആദ്യം സമ്മതം നൽകിയില്ല. എന്നാൽ നിരന്തര അഭ്യർത്ഥനയും മിഷണറിമാരിൽ നിന്ന് തനിക്ക് ലഭിച്ച സഹായങ്ങളും പരിഗണിച്ച് രാജാവ് ദേവാലയ നിർമ്മാണത്തിന് അനുമതി നൽകുകയും തടിയുടെ ആവശ്യത്തിലേക്കായി തന്റെ ഉദ്യാനത്തിൽ നിന്ന് മരങ്ങൾ നൽകി സഹായിക്കുകയും ചെയ്തു. ഇപ്രകാരം 1581-ൽ ആർത്തുങ്കലിൽ വിശുദ്ധ അന്ത്രയോസിന്റെ നാമധേയത്തിൽ തടിയിലും തെങ്ങോലയിലും വടക്കോട്ട് ദർശനമായി പണികഴിപ്പിച്ച ദേവാലയത്തിന്റെ പ്രതിഷ്ഠാ കർമ്മം നടന്നത് വി.അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ 30-നായിരുന്നു. ഫാദർ ഗാസ്പർ പയസ് ആയിരുന്നു ആദ്യവികാരി.

1584-ൽ പള്ളിയുടെ വികാരിയായി ചുമതലയേറ്റ ഫാദർ ഫെനിഷ്യോ പള്ളിയുടെ നവീകരണത്തിൽ താല്പര്യമെടുക്കുകയും കല്ലിലും കുമ്മായത്തിലും പുതുക്കി നിർമ്മിക്കുകയും ചെയ്തു. ഫെനിഷ്യോയെ സാധാരണക്കാരായ ജനങ്ങളും ഭരണാധികാരികളും വളരെയധികം ഇഷ്ടപ്പെടുകയും ഒരു വിശുദ്ധനായി കരുതി ബഹുമാനിക്കുകയും ചെയ്തു. ജനങ്ങൾ യൂറോപ്യൻ പുരോഹിതനായിരുന്ന അദ്ദേഹത്തെ “വെളുത്ത അച്ചൻ(വെളുത്തച്ചൻ)” എന്നു ആദരപൂർവ്വം വിളിച്ചിരുന്നു. 1632-ൽ ഫാദർ ഫെനോഷ്യ മരണമടയുകയും വലിയൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പള്ളിയുടെ ഉള്ളിൽ തന്നെ സംസ്കരിക്കുകയും ചെയ്തു.

1640-ൽ പള്ളി പടിഞ്ഞാറോട്ട് അഭിമുഖമായി വിപുലവും മനോഹരവുമായി പുനർനിർമ്മിച്ചു. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് നിർമ്മാണാവശ്യത്തിനുള്ള കരിങ്കല്ലുകൾ വള്ളങ്ങളിലായിരുന്നു ആർത്തുങ്കലിൽ എത്തിച്ചത്. ഇക്കാലയളവിലാണ് ഇറ്റലിയിലെ മിലാനിൽ നിന്നുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം പള്ളിയിൽ പ്രതിഷ്ഠിക്കുന്നത്. മാറാരോഗങ്ങൾ, വസന്ത, പ്ലേഗ് എന്നിവയിൽ നിന്നും രക്ഷനേടാൻ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ സഹായം തേടിയവർ വിശുദ്ധ സെബാസ്ട്യനോസിനെയും വെളുത്തച്ചൻ
എന്ന പേരിൽ തന്നെ സംബോധന ചെയ്യാൻ തുടങ്ങി.

2010 ജൂലൈ 9 നാണ് ഈ പള്ളിയെ ബസിലിക്കയായി ഉയർത്തിയത്. പള്ളിയുടെ ദീർഘകാല ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് ബസിലിക്കയാക്കിയത്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെയും ബസിലിക്കയാണ് അർത്തുങ്കൽ.

എല്ലാ വർഷവും ജനുവരി 10-ന് ആരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ തിരുനാൾ ജനുവരി 27നാണ് സമാപിക്കുന്നത്.. വിശുദ്ധ അന്ത്രയോസിന്റെ പേരിലാണ് ദേവാലയമെങ്കിലും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാണ് അര്‍ത്തുങ്കല്‍ പെരുന്നാളായി ആഘോഷിക്കുന്നത്. ഈ തിരുനാളിനാരംഭമായി ഉയർത്തുവാനുള്ള കൊടി പാലായിൽ നിന്നുമാണ് എത്തിക്കുക. ഈ കൊടി ആദ്യം തുമ്പോളി പള്ളിയിലുംസെന്റ്. തോമസ് പള്ളി, തുമ്പോളി(തുമ്പോളിപള്ളി അറിയപ്പെടുന്ന ഒരു മരിയൻ തീർത്ഥാടന കേന്ദ്രമാണ്).തുടർന്ന് ആഘോഷമായ പ്രദക്ഷിണത്തോടൊപ്പം അന്നേ ദിവസം വൈകിട്ട് അർത്തുങ്കൽ പള്ളിയിൽ എത്തിക്കും.

ഈ പെരുന്നാൾക്കാലത്ത് എല്ലാ മത വിഭാഗങ്ങളിലുമുള്ള ധാരാളം ഭക്തജനങ്ങൾ അർത്തുങ്കൽ പള്ളിയിൽ എത്തിച്ചേരുന്നു. കൊടിയ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപെട്ടവരുമാണ് വിശുദ്ധ സെബസ്ത്യാനോസിന് നന്ദി പ്രകാശിപ്പിക്കുവാൻ പെരുന്നാളിന് എത്തുന്നത്. അവർ അടുത്തുള്ള കടൽത്തീരത്തുനിന്ന് പള്ളി വരെ മുട്ടിൽ ഇഴഞ്ഞ് വിശുദ്ധനോടുള്ള കൃതജ്ഞത കാണിക്കുന്നു. സ്വർണ്ണം, വെള്ളി, എന്നിവയിൽ തീർത്ത മനുഷ്യാവയവങ്ങളുടെയും അമ്പ്, വില്ല് എന്നിവയുടെയും രൂപങ്ങളും വിശ്വാസികൾ ഇവിടെ കാണിക്കയായി അർപ്പിക്കുന്നു. ജനുവരി 20-നാണ് പ്രധാന തിരുനാൾ. പ്രസിദ്ധമായ നാലു മണിക്കൂർ പ്രദക്ഷിണം അന്നാണ്.

ആലപ്പുഴ രൂപതയിലെ ഫൊറോനയാണ് അര്‍ത്തുങ്കല്‍ പള്ളി. 1800ലധികം കുടുംബങ്ങളാണ് ഈ ഇടവകയില്‍ ഉള്ളത്. ലത്തീന്‍ ആരാധനാക്രമം പിന്തുടരുന്ന പള്ളിയിലെ തിരുനാള്‍ ആണ് ഏറ്റവും പ്രധാനപ്പെട്ടത്.

ഭക്തി സാന്ദ്രമായ അർത്തുങ്കൽ പള്ളി സന്ദർശിച്ചു അനുഗ്രഹീതരാകാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ 🙏

ലൗലി ബാബു തെക്കെത്തല ✍️

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: