മീനാക്ഷി ദേവിയുടെ അത്ഭുത കഥകൾ ശിവന്റെ അത്ഭുതങ്ങൾ മാത്രമല്ല, ശ്രീ മീനാക്ഷിയും അവളുടെ ശക്തി പ്രകടമാക്കിയിരുന്നു. ആ കഥകളിൽ ചിലത് വിവരിക്കുന്നു..
മുഗുള രാജാവായിരുന്ന മാലിക് കഫൂറിന്റെ ഇസ്ലാമിക ഭരണ കാലത്ത് മധുരമീനാക്ഷി ക്ഷേത്രം തകർക്കപ്പെട്ടിട്ടുണ്ട്. പിന്നീട് വന്ന ഹിന്ദു ഭരണാധികാരികളായ ചോളന്മാർ ക്ഷേത്രത്തെ വീണ്ടും മോടിപിടിപ്പിക്കാൻ ശ്രമിച്ചിരുന്നു. മാലിക്കിനെ ഭയന്ന് മീനാക്ഷിയുടെ വിഗ്രഹം അവിടെ നിന്ന് മാറ്റപ്പെട്ടുവെന്നും ഇന്ന് കാണുന്നത് ചോളന്മാർ സ്ഥാപിച്ച ചെറിയ വിഗ്രഹമാണെന്നുമാണ് പറയപ്പെടുന്നത്. ആദിശക്തി പാർവതിയുടെ അവതാരമായ മീനാക്ഷിയെന്നാൽ മത്സ്യക്കണ്ണുള്ളവൾ എന്നാണർത്ഥം. കല്യാണദായിനിയായ മീനാക്ഷിയെ പച്ചൈ ദേവി, മരഗതവല്ലി, താടത്തഗൈ പിരട്ടി, സുന്ദരവല്ലി തുടങ്ങി നിരവധി പേരുകളിലും അറിയപ്പെടുന്നു.
ദേവി മീനാക്ഷിക്കാണ് മധുര മീനാക്ഷി ക്ഷേത്രത്തിൽ പ്രാധാന്യം. അതിനാൽ ഭക്തന്മാർ ആദ്യം കിഴക്കുവശത്തുള്ള അഷ്ടശക്തി മണ്ഡപത്തിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു ആദ്യം ദേവിയെയും പിന്നീട് സുന്ദരേശ്വര സ്വാമിയെയും പ്രണമിക്കുന്നു.
ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി-സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മധുരൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മധുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും ഏപ്രിൽ മാസത്തിൽ തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം ചിത്തിരൈ തിരുവിഴാ) എന്ന പേരിൽ ആഘോഷിക്കുന്നു..
മീനാക്ഷിയുടെ അത്ഭുതങ്ങൾ
1. ഒരിക്കൽ ഒരു ഫക്കീർ അപൂർണ്ണമായ ഗോപുരത്തിൽ ഒരു പള്ളി പണിയാൻ ശ്രമിച്ചു. അങ്ങനെ ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തെ പിൻമാറ്റാനുള്ള പൗരന്മാരുടെ ശ്രമങ്ങൾ വൃഥാവിലായി: പെട്ടെന്ന്, സ്വാമി ക്ഷേത്രത്തിലെ ശ്രീ അമ്മന്റെ കണ്ണുകളിൽ നിന്ന് വിചിത്രവും ഉഗ്രവുമായ ഒരു പ്രകാശം പുറപ്പെടാൻ തുടങ്ങി. അദ്ഭുതം കാണാൻ ജനക്കൂട്ടം തടിച്ചുകൂടി. അവർക്കെല്ലാം അജ്ഞാതമായ ഒരു ശക്തി ലഭിച്ചു. അതിന്റെ ഫലമായി അവർ ഒരുമിച്ച് ചേർന്ന് ഫക്കീറിനെ തുരത്തി.
2.1812-ൽ റൗസ് പീറ്റർ മധുരയിലെ കളക്ടറായിരുന്നു. പീറ്റർ പാണ്ഡ്യൻ എന്ന് വിളിക്കുന്ന തരത്തിൽ അദ്ദേഹം ജനങ്ങളോട് മാന്യമായി പെരുമാറി. ഒരു രാത്രി ഇടിമിന്നലോടുകൂടി ശക്തമായ മഴ പെയ്തു. പെട്ടെന്ന് ഒരു ചെറിയ പെൺകുട്ടി പീറ്ററിന്റെ കിടപ്പുമുറിയിൽ പ്രവേശിച്ചു, അവനെ ഉണർത്തി പുറത്തുപോകാൻ ആവശ്യപ്പെട്ടു. അവൻ പുറത്തിറങ്ങിയ ഉടനെ ഒരു വെളിച്ചം മുറി നശിപ്പിച്ചു. പെൺകുട്ടി അപ്രത്യക്ഷയായി. തന്നെ രക്ഷിച്ചത് ശ്രീമീനാക്ഷിയാണെന്ന് പീറ്റർ വിശ്വസിച്ചു. ഘോഷയാത്രയിൽ കൊണ്ടുപോകുമ്പോൾ ശ്രീ മീനാക്ഷിയുടെ വിഗ്രഹത്തിൽ ഉപയോഗിക്കുന്നതിനായി അദ്ദേഹം വിലയേറിയ കല്ലുകൾ പതിച്ച ഒരു ജോടി സ്വർണ്ണ സ്റ്റെറപ്പുകൾ സമ്മാനിച്ചു. ശ്രീ മീനാക്ഷി സുന്ദരേശ്വരരുടെ നിത്യമായ ക്ഷേത്രത്തിന്റെ ചരിത്രം എത്ര പുരാതനവും വർണ്ണാഭവും മഹത്വവുമാണെന്ന് നാം അങ്ങനെ കാണുന്നു.
മധുര മീനാക്ഷിയെ കുറിച്ചുള്ള എന്റെ വിവരണവും പുരാണങ്ങളും ഇവിടെ ഉപസഹരിക്കുന്നു. നമ്മുടെ നാടിന്റെ പുരാതന വാസ്തു വിദ്യയും അഭിമാനം നിറഞ്ഞ പാരമ്പര്യവും ഓർമിപ്പിക്കുന്ന മധുര മീനാക്ഷി ക്ഷേത്രം ഏവർക്കും അഭിമാനവും ആനന്ദവും പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. ഈ വിവരണം പത്തു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച മലയാളി മനസ്സ് പത്രത്തിനും വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ലൗലി ബാബു തെക്കേത്തല ✍️