17.1 C
New York
Thursday, March 23, 2023
Home Religion ഇന്ന് തൈപ്പൂയം.

ഇന്ന് തൈപ്പൂയം.

തമിഴ് പഞ്ചാംഗത്തിൽ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ മകരമാസത്തിൽ) പൂയം നാളാണ് ‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. എന്നാൽ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു. അതേസമയം സുബ്രഹ്മണ്യന്റെ വിവാഹസുദിനമാണ് തൈപ്പൂയമെന്നും പിറന്നാൾ തൃക്കാർത്തികയാണെന്നും മറ്റൊരു ഐതിഹ്യമുണ്ട്.

മകരസംക്രമദിനമാണ്‌ തൈമാസത്തിലെ ആദ്യനാൾ, ഉത്തരായണത്തിന്റെ തുടക്കം.ഇതാണ്‌ തൈപ്പൊങ്കൽ. അതേ മാസത്തിൽ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. തമിഴ്‌നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്‌. കേരളത്തിലും എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു. പഴനി, തിരുച്ചെന്തൂർ, ഹരിപ്പാട്, കിടങ്ങൂർ തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചുവരുന്നു. ഇവിടങ്ങളിലെല്ലാം വൻ തോതിൽ കാവടിയാട്ടവും തുടർച്ചയായ അഭിഷേകങ്ങളും അന്നേദിവസം ഉണ്ടാകാറുണ്ട്.

വിശ്വാസങ്ങളും ഐതിഹ്യങ്ങളും

തൈ പിറന്താൽ വഴി പിറക്കുമെന്നാണ്‌ തമിഴ്‌ പഴമൊഴി. തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്കു പോലും തൈമാസത്തിൽ നിവൃത്തിയുണ്ടാകുമെന്നുമാണ്‌ വിശ്വാസം .

സുബ്രഹ്മണ്യന്നുള്ള സമർപ്പണമാണ്‌ കാവടി. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളും നേരുന്നത്‌ . തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌. പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക. പഴനിയിൽ രഥോത്സവവും, മധുരൈയിൽ തെപ്പരഥോത്സവവും അന്ന്‌ നടക്കുന്നു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൂർക്കഞ്ചേരിയിലെ ശ്രീ മഹേശ്വരക്ഷേത്രത്തിലെ തൈപ്പൂയം വലിപ്പം കൊണ്ടും ആഘോഷംകൊണ്ടും പ്രസിദ്ധമാണ്.

താരകാസുരൻ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോൾ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു. താരകാസുരനിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാൻ അയക്കുന്നത്‌. പന്ത്രണ്ട്‌ ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവൻ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം.

സുബ്രഹ്മണ്യൻ.

സുബ്രഹ്മണ്യൻ
ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യൻ. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന -സു- എന്ന ഉപസർഗം ചേർത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു. വേദഗോബ്രാഹ്മണരുടെ രക്ഷാകർത്താവെന്നും ഈ പദത്തിനർഥമുണ്ട്‌. മുരുകൻ, കുമാരൻ, ഗുഹൻ, സ്കന്ദൻ, കാർത്തികേയൻ, ശരവണൻ, ഷണ്മുഖൻ എന്നിങ്ങനെ സുബ്രഹ്മണ്യന് ഒട്ടേറെ പേരുകളുണ്ട്.

ശരവണക്കാട്ടിൽ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യൻ. ജനനശേഷം മലർന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി. അപ്പോൾ കുഞ്ഞിന്‌ ആറ്‌ തലകൾ ഉണ്ടായി; ആറു തലകൾ ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു. കൃത്തികമാർ മുലകൊടുത്തു വളർത്തിയതിനാൽ ആ കുട്ടി കാർത്തികേയനായി.

ജനനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യൻ മാറി;വിവിധ പേരുകളും സിദ്ധിച്ചു. സുബ്രഹ്മണ്യൻയോഗബലത്താൽ കുമാരൻ,വിശാഖൻ,ശാഖൻ,നൈഗമേയൻ എന്ന പേരുകളിൽ നാല്‌ ശരീരം സ്വീകരിച്ചു. ഗുഹൻ എന്ന പേരിൽ ശിവന്റേയും,സ്കന്ദൻ എന്ന പേരിൽ പാർവതിയുടേയും, മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും, കുമാരൻ എന്നപേരിൽ ഗംഗയുടേയും ശരവണനെന്ന പേരിൽ ശരവണത്തിന്റേയും കാർത്തികേയനെന്ന പേരിൽ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെട്ടു.

സുബ്രഹ്മണ്യന്‌ രണ്ടു ഭാര്യമാരുള്ളതായും വിശ്വാസമുണ്ട്‌. വള്ളി,ദേവയാനി എന്നിവരാണവർ. ഇതിൽ വള്ളിയെ വിവാഹം കഴിക്കുന്നതിന് മുമ്പ്‌ അവരുടെ സ്നേഹം മുരുകൻ പരീക്ഷിച്ചതായും പുരാണങ്ങൾ പറയുന്നു. എന്നാൽ മുരുകൻ ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ചിരുന്നുവെന്നും ചില ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു. മുരുകൻ ദേവസ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന്‌ സുബ്രഹ്മണ്യനെക്കൊണ്ട്‌ പാർവതി ദേവി ഇപ്രകാരമൊരു പ്രതിജ്ഞ എടുപ്പിച്ചെന്നാണ്‌ പുരാണകഥ.

തൈപ്പൂയാഘോഷമുള്ള കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ.

ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കരിക്കാട് സുബ്രഹ്മണ്യക്ഷേത്രം
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം
പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം
തൃപ്പേരൂർക്കുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം
കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം
കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ഇടവട്ടം പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
ചേർപ്പ് തായംകുളങ്ങര സുബ്രഹ്മണ്യസ്വാമിക്ഷേത്രം
തൃശ്ശൂർ തൃക്കുമാരംകുടം സുബ്രഹ്മണ്യസ്വാമിക്ഷേത്രം
കൊടുമ്പ് ശ്രീ കല്യാണസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
പാലൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: