ദൈവത്തിന്റെ പ്രിയ ജനമേ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹ വന്ദനം.ഒരു ഇടവേളയ്ക്ക് ശേഷം ദൈവ വചനവുമായി വരുവാൻ സാധിച്ചതിനു ദൈവത്തിനോട് നന്ദി പറയുന്നു. ക്രിസ്തു യേശുവിലുള്ള വിശ്വാസത്താൽ ദൈവ പൈതലായി തീർന്ന നാം ഓരോരുത്തരും, ക്രിസ്തുവിന്റെ സ്നേഹത്തിലാണ് വളരുന്നത്.
എബ്രായർ 2-4
“ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റിയൊഴിയും ”
നാം കണ്ടിട്ടും,കേട്ടിട്ടുമില്ലാത്ത ഒരു വ്യക്തിയെക്കുറിച്ചെന്താണോ നമ്മോട് മറ്റുള്ളവർ പറയുന്നതിന്റ കാഴ്ച്ചപ്പാടിലും അടിസ്ഥാനത്തിലുമായിരിക്കും നാം
പിന്നീട് ആ വ്യക്തിയെ വിലയിരുത്തുന്നതും, മനസ്സിലാക്കുന്നതും, ഇടപെടുന്നതും, സംസാരിക്കുന്നതും ആ വ്യക്തിയെക്കുറിച്ച് കേട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മുൻവിധിയോടെയായിരിക്കും.അവിടെയാണ് ജീവിച്ചു, മരിച്ചു, ഉയിർത്തെഴുന്നേറ്റു വീണ്ടും വരുമെന്നും,വരുന്നവരെ പരിശുദ്ധാത്മാവിനെ കൂട്ടും തന്നിട്ട് സ്വർഗ്ഗത്തിലേയ്ക്ക് സ്ഥാനാരോഹണം ചെയ്ത യേശുവുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം. അത്ഭുതങ്ങളും, അടയാളങ്ങളാലും ജീവിതത്തിൽ നിറയുമ്പോളും പരിശുദ്ധാത്മാവിന്റെ സാന്നിധ്യമെപ്പോളും അനുഭവിക്കാറുണ്ട്.
സങ്കീർത്തനങ്ങൾ 118-17
“ഞാൻ മരിക്കയില്ല,ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവ്യത്തികളെ വർണ്ണിക്കും”
ഇന്ന് ലോകത്തു പലരും മരിച്ചു ജീവിക്കുന്ന അവസ്ഥയാണ് കാണുന്നത്.ജീവിത ഭാരങ്ങൾ, രോഗങ്ങൾ,സാമ്പത്തിക ബുദ്ധിമുട്ട് അങ്ങനെ വിവിധ കാരണങ്ങളാൽ കഷ്ടത അനുഭവിക്കുണ്ട്. എന്നാൽ ജീവിതത്തിൽ യേശുവിനെയറിഞ്ഞ ഒരു വ്യക്തിയ്ക്ക് പ്രത്യാശയോടെ നാളെക്കുറിച്ചുള്ള ആവലാതിയില്ലാതെ പൂർണ്ണമായും ഏല്പിച്ചു കൊടുത്തു ജീവിക്കുവാൻ കഴിയും.
സദ്യശ്യവാക്യങ്ങൾ 8-17
“എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു.എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.”
ഇന്നൊരു സാക്ഷ്യത്തിൽ കൂടിയൊരു യാത്ര പോകാം.ഞാൻ യേശുവിന്റെ രക്ഷ അറിഞ്ഞ നാൾ മുതൽ ഞാനറിഞ്ഞ യേശുവിന്റെ സ്നേഹം, കരുതൽ മറ്റുള്ളവരും അറിയണമെന്നും, സുവിശേഷത്തിന്റെ അഗ്നി ഈ ലോകമെങ്ങും പടരണമെന്നും ആഗ്രഹിക്കുന്നു. എന്നോട് ഭാരങ്ങളും പ്രയാസങ്ങളും പറയുന്നവരോടും, എല്ലാ വഴികളുമടഞ്ഞു ആലംബമില്ലാതെ ആത്മഹത്യ മാത്രമേ ഇനി പോംവഴിയെന്നുള്ള അവസ്ഥയിൽ നിൽക്കുന്നവരോട് പറയാം നിങ്ങൾക്ക് ആശ്രയിക്കാൻ ഒരു രക്ഷകനുണ്ട് ആ പേരാണ് “യേശു”. യേശുവിനെ വിളിച്ചപേക്ഷിക്കുന്നവർക്ക് ഈ ദൈവം സമീപസ്ഥനാണ്.
റോമർ 6-23
“പാപത്തിന്റെ ശമ്പളം മരണമത്രേ, ദൈവത്തിന്റെ ക്യപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നെ ”
സ്നേഹിതരെ പലപ്പോഴും ദൈവവചനം കേൾക്കുകയും, സുവിശേഷം പറയുന്നവരെ പരിഹസിച്ചു നിന്ദിച്ചിട്ടുമുള്ളവരാകാം. ദൈവ വചനം കേട്ട് വ്യക്തമായ ദൈവ വിളിയുണ്ടായിട്ടും പാപമാകുന്ന നെരിപ്പോടിന്റെ ചൂടനുഭവിച്ചുകൊണ്ട് ലൗകീക സുഖങ്ങൾക്ക് പിന്നാലെ പായുകയുമായിരിക്കുമെങ്കിലും യേശു നിങ്ങളെ സ്നേഹിക്കുന്നു. പ്രിയ സഹോദരങ്ങളെ നിങ്ങളുടെ ഹൃദയം കർത്താവിനു സമർപ്പിച്ചു കൊടുപ്പാൻ അവിടുന്നു സഹായിക്കട്ടെ. നിങ്ങളുടെ ലോകമോഹങ്ങളിൽ ഓടി ക്ഷീണിച്ച് നിരാശപ്പെട്ട വേദനയുള്ള ഹൃദയത്തെ യേശുവിന് പൂർണ്ണമായും വിട്ടുകൊടുക്കുക. നിങ്ങളിൽ യേശു ഒരു പുതുഹൃദയത്തേയും ആത്മാവിനെയും ദാനം ചെയ്യും.
1 യോഹന്നാൻ 1-9
“നമ്മുടെ പാപങ്ങളെ യേറ്റു പറയുന്നുവെങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു”
പാപങ്ങളെയേറ്റു പറഞ്ഞു, ക്രിസ്തുവിൽ ഒരു പുതു ജീവിതം നയിക്കുവാൻ സർവ്വ ശക്തനായ ദൈവം ഓരോരുത്തരെയും സഹായിക്കുമാറാകട്ടെ ആമേൻ. 🙏🙏
പ്രീതി രാധാകൃഷ്ണൻ✍