മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹ വന്ദനം. വീണ്ടുമൊരിക്കൽ കൂടി ദൈവ വചനവുമായി വരുവാൻ തന്ന സാവകാശത്തിനായി ദൈവത്തിനു നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതിക്കുന്നു.
സങ്കീർത്തനങ്ങൾ 86-12
“എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണ ഹൃദയത്തോടെ നിന്നെ സ്തുതിക്കും, നിന്റെ നാമത്തെ എന്നേക്കും മഹത്ത്വപ്പെടുത്തും”
പ്രിയരേ ഈ ലോകവുമതിലുള്ളതെല്ലാം നശിച്ചു പോകുമെന്നാലും ക്രിസ്തുവിലുള്ള വ്യക്തിയ്ക്ക് പ്രത്യാശയും വീണ്ടെടുപ്പുമുണ്ട്. അതിനാലെപ്പോളും നന്ദിയുള്ള ഹൃദയമുള്ളവരായിരിക്കണം. എപ്പോൾ നമ്മൾ ലോകമോഹങ്ങളിൽ നിന്ന് പിടിവിട്ടു സ്തുതിയുടെ നിലവാരത്തിലേയ്ക്ക് ഉയരുന്നുവോ അപ്പോൾ മാത്രമാണ് പ്രാത്ഥന പൂർണ്ണതയിലെത്തുന്നത്.
എഫെസ്യർ 6-12
“നമ്മുക്കു പോരാട്ടമുള്ളത് ജഡ രക്തങ്ങളോടല്ല, വാഴ്ചകളോടും, അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും, സർവ്വ ലോകത്തിലെ ദുഷ്ടാത്മസേനയോടുമത്രേ.”
ഭയവും, ആശങ്കയുമുണ്ടാക്കുന്ന വാക്കുകൾ കാര്യമാക്കാതെ നയിക്കുവാനും, വീഴ്ചകളിൽ സഹായിക്കുവാനും കഴിയുന്നയൊരു ദൈവമുണ്ടെന്നു വിശ്വസിച്ചു മുന്നോട്ട്പോകുക. യേശു കൂടെയുള്ളതിനാൽ രോഗത്തിലും, ഭാരത്തിലും, പ്രയാസത്തിലും വീഴാതെ താങ്ങായി കൂടെയുണ്ട്. ഭയത്തിന് ഹൃദയവാതിൽ തുറന്നു കൊടുക്കരുത്.
പാപികളിലൊന്നാമനായിരുന്ന പൗലോസിനെ കർത്താവിന്റെ ക്യപയാലാണ് തെരെഞ്ഞെടുത്തത് പ്രവ്യത്തിയിലല്ലെന്നു കൂടി അറിയുക.
വീണ്ടെടുപ്പ്
———-
എഫെസ്യർ 1-7
“അവനിൽ നമ്മുക്ക് അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പുണ്ട് ”
വീണ്ടെടുപ്പെന്ന വാക്കിന്റെ അർത്ഥം, മുൻപുണ്ടായിരുന്ന അല്ലെങ്കിൽ നഷ്ടപ്പെട്ടു പോയതോ,വിറ്റു പോയതോ ആയ വസ്തുവിനെ തിരിച്ചെടുക്കുകയെന്നതാണ്. യേശുക്രിസ്തുവിന്റെ രക്തത്താൽ ആത്‍മാവിന്റെ വിടുതൽ പൂർണ്ണമായി നടന്നു.
യേശു മാനവകുലത്തിനെ വിടുവിച്ചത് പാപങ്ങളിൽ നിന്നും, പിശാചിന്റെ അടിമത്ത്വത്തിൽ നിന്നുമാണ്.
പാപത്തിൽ നിന്നുള്ള വിടുതൽ
1പത്രോസ് 2-24
“നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്ക് ജീവിക്കേണ്ടതിനു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നു കൊണ്ട് ക്രൂശിന്മേൽ കയറി, അവന്റെ അടിപ്പിണരാൽ നിങ്ങൾക്ക് സൗഖ്യം വന്നിരിക്കുന്നു ”
മനുഷ്യനായ ആദാമിന്റെ പ്രവർത്തികളാൽ ദൈവത്തെ ധിക്കരിച്ചപ്പോൾ അവൻ പാപിയായിതീർന്നു. ദൈവം പാപത്തെ വെറുക്കുന്നതിനാലും, പാപിയായ മനുഷ്യനോട് ദൈവത്തിനു കൂട്ടായ്മ ആചരിക്കുവാൻ കഴിയാത്തതിനാലും, അവനെ പാപത്തിൽ നിന്ന് മോചിക്കുകയെന്നത് ലോകസ്ഥാപനം മുതലുള്ള ദൈവത്തിന്റെ പദ്ധതിയാണ്.
റോമർ 8-5
“ജഡ സ്വഭാവമുള്ളവർ ജഡത്തിനുള്ളതും ആത്മ സ്വഭാവമുള്ളവർ ആത്‍മാവിനുള്ളതും ചിന്തിക്കുന്നു ”
മനുഷ്യനായ ആദാമിനെ പാപം ചെയ്തപ്പോൾ തന്നെ ദൈവത്തിനു രക്ഷിക്കാൻ കഴിയില്ലായിരുന്നോയെന്ന് യുക്തിവാദികൾ ചോദിക്കാം, അങ്ങനെയായിരുന്നെങ്കിൽ രക്ഷയുടെ വില മനുഷ്യൻ ഗ്രഹിക്കില്ലായിരുന്നു. ന്യായപ്രമാണത്താൽ മനുഷ്യൻ പാപത്തിന്റെ കാഠിന്യം ഗ്രഹിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. ഇതിനാൽ ഒരു രക്ഷകനെ കൂടാതെ മനുഷ്യന്റെ രക്ഷ അസാധ്യമാണെന്ന് ദൈവത്തിനു ബോധ്യമായി. യേശുക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്താൽ അങ്ങനെ സൗജന്യമായി മനുഷ്യർക്ക് അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ലഭിച്ചു.
സ്നേഹിതരെ ശക്തനായ ദൈവത്തിൽ ആശ്രയിക്കുന്നതുകൊണ്ടാണ് ശക്തിയോടെ ഈശാനമൂലനെന്ന കൊടുങ്കാറ്റ് വീശിയടിച്ചിട്ടും നാം ഭൂമിയിൽ നിലനിൽക്കുന്നത്. 2023 വർഷങ്ങൾക്കു മുൻപ് കാൽവരി ക്രൂശിൽ യാഗമായത് നമ്മുടെ വീണ്ടെടുപ്പിനാണ്. ആ സ്നേഹത്തെയോർത്തു കൊണ്ട് വിശ്വാസത്തിൽ മുന്നേറാം. എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.
തയ്യാറാക്കിയത്: പ്രീതി രാധാകൃഷ്ണൻ✍