വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹ വന്ദനം.
ഓരോ ദൈവമക്കൾക്കും തങ്ങളുടെ തെരഞ്ഞെടുപ്പിൽ ദൈവഹിതമെന്തെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ ദൈവ രാജ്യത്തിൽ നിലനിൽക്കാൻ സാധിക്കുകയുള്ളു അല്ലെങ്കിൽ പിന്മാറ്റവസ്ഥയിലേയ്ക്ക് പോകും. ദൈവത്തെ പൂർണ്ണ മനസ്സോടെ ഹൃദയത്തിൽ സ്വീകരിച്ചു ക്യപയാലാണ് നിലനിൽക്കുന്നതെന്നും മനസ്സിലാക്കണം. ദൈവത്തെക്കുറിച്ചുള്ള ഓരോരുത്തരുടേയും കാഴ്ചപ്പാട് വ്യത്യസ്ഥമാണ്. നഷ്ടപ്പെട്ടവരായോ അന്വേഷിച്ചു അലഞ്ഞു തിരിയുന്നവരായോ നമ്മെ കാണുവാൻ ദൈവത്തിനു ആഗ്രഹമില്ല.
ആവർത്തനപുസ്തകം 30-20
“നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിനും യഹോവ നിന്റെ പിതാക്കന്മാരായ അബ്രഹാമിനും, യിസഹാക്കിനും, യാക്കോബിനും, കൊടുക്കുമെന്ന് സത്യം ചെയ്ത ദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കുകയും അവന്റെ വാക്കു കേട്ടനുസരിക്കുകയും അവനോടു ചേർന്നിരിക്കുകയും ചെയ്യേണ്ടതിനും ജീവനേ തെരഞ്ഞെടുത്തു കൊൾക. അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു ”
ദൈവം രണ്ടു തെരഞ്ഞെടുപ്പാണ് തന്നിരിക്കുന്നത്.”ജീവനും സമൃദ്ധിയും അല്ലെങ്കിൽ “മരണവും നാശവും ” ഏറ്റവും നല്ലതെന്ന് തോന്നുന്നത് നമ്മൾക്ക് തെരഞ്ഞെടുക്കാം. ജീവൻ തെരെഞ്ഞെടുത്താൽ ദൈവത്തെയും ദൈവ വചനത്തെയും അനുസരിക്കുവാനുള്ള തീരുമാനമെടുക്കുകയാണ്. ജീവനിൽ പ്രത്യാശയും നിത്യതയും സൗജന്യമായി ലഭിക്കുന്നു.
റോമർ 10-20
“എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി, എന്നെ ചോദിക്കാത്തവർക്ക് ഞാൻ പ്രത്യക്ഷനായി ”
ജാതികളുടെയിടയിൽ നിന്ന് വേർതിരിച്ചു ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറയിൽ നിർത്തി ലോകത്തിനു അത്ഭുത സാക്ഷിയാക്കി മാറ്റിയാണ് ദൈവം തന്റെ വാഗ്ദത്തം നിറവേറ്റുന്നത്. മുന്നോട്ടു നോക്കുന്നതിനേക്കാൾ പുറകോട്ടു നോക്കുമ്പോളാണ് ദൈവത്തിന്റെ മാർഗ്ഗ നിർദ്ദേശം വ്യക്തമാകുന്നത്. കാരണം കടന്നു പോയ സാഹചര്യങ്ങൾ, പ്രയാസങ്ങളെല്ലാം അവലോകനം ചെയ്യണം. ദൈവം തന്റെ നിർണ്ണയ പ്രകാരം മാനവരാശിയുടെ വീണ്ടെടുപ്പിനായി തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേയ്ക്ക് അയച്ചു. യേശുവോ തന്നെ അയച്ച പിതാവിന്റെ ഹിതപ്രകാരം തന്നെത്താൻ ക്രൂശു മരണത്തിനു ഏൽപ്പിച്ചു കൊടുത്തു.
മത്തായി 20 -28
“മനുഷ്യപുത്രൻ ശ്രുശ്രുഷ ചെയ്യിപ്പാനല്ല ശ്രുശ്രുഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനേ മറുവിലയായി കൊടുപ്പാനും വന്നു ”
ലോകപ്രകാരം ചിന്തിച്ചാൽ ദൈവവിശ്വാസികൾ ഭോഷന്മാരാണ്. അടിയുറച്ചു വിശ്വസിക്കുമ്പോൾ പ്രതികൂലങ്ങളെ അനുകൂലമാക്കി നേരായ പാതയിൽ നടത്തുന്ന ദൈവം കൂടെയുണ്ടെന്ന് മനസ്സിലാകും.
അപ്പൊ. പ്രവ്യത്തികൾ 1-11
“നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേയ്ക്ക് പോകുന്നവനായി നിങ്ങൾ കണ്ടത് പോലെ തന്നെ വീണ്ടും വരുമെന്ന് പറഞ്ഞു ”
പ്രത്യാശയാണ് യേശുക്രിസ്തുവിൽ നിന്ന് ലഭിക്കുന്ന സൗഭാഗ്യം. ഒരുവൻ പൂർണ്ണ ആത്‍മാവോടെ ദൈവീക സ്നേഹത്തിൽ ജീവിക്കുമ്പോൾ ജീവിതത്തിൽ വേണ്ടുന്നതെല്ലാം ചേർക്കപ്പെടും. അനുഗ്രഹം അനുഭവിക്കാൻ വിളിക്കപ്പെട്ടവരാണ് വിശ്വാസി. അതാണ് യേശുവിന്റെ സ്നേഹം. പ്രശ്നങ്ങൾ വരുമ്പോൾ ക്രിസ്തുവിലേയ്ക്ക് നോക്കി സഞ്ചരിക്കണം. ഞാൻ വിശ്വസിക്കുന്ന ദൈവം എന്നെ സഹായിക്കാൻ ശക്തനാണെന്നുള്ള ഉറപ്പുണ്ടായിരിക്കണം. പ്രിയരേ വീണ്ടും കാണുന്നവരെ കർത്താവിന്റെ ചിറകിൻ കീഴിൽ മറയ്ക്കുമാറാകട്ടെ. യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ.
തയ്യാറാക്കിയത്: പ്രീതി രാധാകൃഷ്ണൻ ✍