വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
ഏകദേശം നൂറുവർഷങ്ങൾക്ക് മുൻപ് ജീവിച്ചവർക്ക് ചിന്തിക്കുവാൻ പോലും സാധിക്കാത്ത കാര്യമായിരുന്നു, കുപ്പിവെള്ളം വില കൊടുത്തു വാങ്ങുകയെന്നത്, എന്നാൽ ഈ കാലഘട്ടത്തിൽ അതൊരു ദിനചര്യയായി മാറി. അന്ന് വരെ ലോകത്തിനു കേട്ടുകേൾവി പോലുമില്ലായിരുന്നു.
സദ്യശ്യവാക്യങ്ങൾ 4-23
“സകല ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ കാത്തു കൊൾക, ജീവന്റെ ഉത്ഭവം അതിൽ നിന്നല്ലോ ആകുന്നത്.”
പ്രക്യതിയിൽ നിന്ന് സുലഭമായി ലഭിക്കുന്നത് നാം പണം കൊടുത്തു വാങ്ങുകയെന്നത് വിവേകശൂന്യമായ കാഴ്ചപ്പാടായിരുന്നു. പക്ഷേ ചിലയാളുകൾ വിശ്വസിക്കുന്നത് പ്രക്യതിയിൽ നിന്ന് ശുദ്ധമായി ലഭിക്കുന്നതിനേക്കാൾ മെച്ചമാണ് കെമിക്കലുകൾ ചേർത്തു കുപ്പിയ്ക്കകത്തു ലഭിക്കുന്ന വെള്ളം പണം കൊടുത്തു വാങ്ങി കുടിക്കുന്നതെന്ന്. ഇതാണ് ആത്‍മീക ജീവിതത്തിലും സംഭവിക്കുന്നത്. ഭൗതീക ജീവിതത്തിനു വേണ്ടിയതൊക്കെ സമ്പാദിച്ചു കൂട്ടുമ്പോളും ആത്‍മീകമായി ശൂന്യതയനുഭവിക്കുന്നു. വെള്ളത്തിന്റെ ലഭ്യതപോൽ സൗജന്യമായി ലഭിക്കുന്ന ദൈവീക നന്മകൾ വിലകൊടുത്തു വാങ്ങുവാനും ശ്രമിക്കുന്നു.
റോമർ 5-18
“ഏക നീതിയാൽ സകല മനുഷ്യർക്കും ജീവ കാരണമായ നീതികരണവും വന്നു ”
രക്ഷ ദൈവത്തിന്റെ ദാനമെന്ന് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമാണ്. ലോകസ്ഥാപനത്തിന് മുന്നേ വിളിച്ചു വേർതിരിച്ചു ദൈവത്തിന്റെ മക്കളാക്കി സകല ആത്‍മീകാനുഗ്രഹത്താലും അനുഗ്രഹിച്ചിരിക്കുന്നു. മറ്റു ചിലർക്ക് പ്രവർത്തികൾ ചെയ്തു അതുനേടാനാണ് താല്പര്യം. എന്നാലാർക്കും തന്നെ സ്വയമേ വാങ്ങുവാനും സാധിക്കില്ല.
വെളിപാട് -21-6
“ഞാൻ അല്ഫയും, ഒമേഗയും, ആദിയും അന്ത്യവുമാകുന്നു. ദാഹിക്കുന്നവന് ഞാൻ ജീവനീരുറവയിൽ നിന്നു സൗജന്യമായി കൊടുക്കും ”
പരിപൂർണ്ണ വിശ്വാസമാണ് രക്ഷയെന്ന ദാനത്തിന് വേണ്ടത്. ആളുകൾ ചില നല്ല പ്രവർത്തികൾ ചെയ്തും, ദാന ധർമ്മങ്ങൾ നൽകിയും ജീവന്റെ രക്ഷ തേടി അലയുന്നു.
വിശ്വസിക്കുക രക്ഷയുടെ പാത സ്വയം വെളിപ്പെട്ടു വരും. ഈ ലോകത്തു ജീവിക്കുമ്പോൾ തന്നെ മൂന്നു കാര്യങ്ങളിൽ ഉറപ്പു വരുത്തുക. ലോകത്തു അതുവരെയോ അതുകഴിഞ്ഞോ സംഭവിക്കാത്ത കന്യക ഗർഭിണിയായി ഒരു മകനേ പ്രസവിച്ചു, കാൽവരി ക്രൂശിൽ യാഗമായി മരിച്ചു മൂന്നാം നാളുയിർത്തെഴുന്നേറ്റു, വീണ്ടും വരുമെന്ന് വാഗ്ദത്തം ചെയ്തു. ഞാൻ ആദിയും അന്ത്യവുമാകുന്നുവെന്ന് പറഞ്ഞ യേശു വാക്കു മാറാതെ കൂടെയുണ്ട്.
പ്രിയരേ ഇന്ന് പ്രശ്‌നങ്ങളുടെയും, പ്രതികൂലങ്ങളുടെയും മധ്യത്തിൽ ദിശതെറ്റി നിൽക്കുന്ന അവസ്ഥയിലാണോ, പേടിക്കേണ്ട നല്ലോരു രക്ഷകനുണ്ട്. പത്രോസ് രാത്രി മുഴുവൻ അധ്വാനിച്ചിട്ടുമൊന്നും ലഭിക്കാതിരുന്നപ്പോൾ യേശുവിന്റെ വാക്ക് വിശ്വസിച്ചു വലയെറിഞ്ഞപ്പോൾ അത്ഭുതമായതുപോൽ ഇന്നൊരു വഴിയുമറിയാതെ ഭാരങ്ങളിലും, പ്രയാസങ്ങളിലും ജീവിക്കുന്ന പ്രിയപ്പെട്ടവരെ നിങ്ങൾക്കൊരു രക്ഷകനുണ്ട്” യേശു”. ആ രക്ഷകനെ പിന്തുടരാം.
വീണ്ടും കാണുവരെ കർത്താവിന്റെ ചിറകിൻ മറവിൽ ആയുസ്സും, ആരോഗ്യത്തോടെയും കാത്തു പരിപാലിക്കട്ടെ. ആമേൻ 🙏
പ്രീതി രാധാകൃഷ്ണൻ✍