വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം. സർവ്വപ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവത്തിന്റെ ഹൃദയം വിശാലതയുള്ളതായിരുന്നു. ദൈവത്തെപ്പോലെ മഹാവിശാല ചിന്തയുള്ളത് വേറെയാർക്കുമില്ല. ഇടുക്കമുള്ള, സങ്കുചിതചിന്തയുള്ളവരായ മനുഷ്യരെ തന്റെ വിശാലതയിലാക്കുവാനാണ് യേശു ഇടുക്കമുള്ള ഈ ലോകത്തേക്ക് ഒരു സാധാരണ മനുഷ്യനായി ഇറങ്ങിവന്നത്.
ഇംഗ്ലണ്ടിൽ നിന്ന് കൽക്കട്ടയിലെത്തി നാൽപതിൽ അധികം ഇന്ത്യൻ ഭാഷയിലേയ്ക്ക് പൂർണ്ണ ബൈബിളും ബൈബിൾ ഭാഗങ്ങളും പരിഭാഷപ്പെടുത്തുകയും വലിയ നവോത്ഥാനത്തിന് വഴി തെളിയിക്കുകയും ചെയ്ത” വില്യം കേറി”
ഒരു സാധാരണ ചെരുപ്പു കുത്തിയായിരുന്നു. അദ്ദേഹത്തിന്റെ ആപ്തവാക്യം ഇതായിരുന്നു. “Expect great things from God :attempt great things for God “(ദൈവത്തിൽ നിന്നും വലിയവ പ്രതീക്ഷിക്കുക, ദൈവത്തിനായി വലിയവ ചെയ്യുക)
ഉല്പത്തി 13-14,15
“തല പൊക്കി നീയിരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക, നീ കാണുന്ന ഭൂമിയൊക്കെയും ഞാൻ നിനക്കും തരും.”
നാം ഓരോരുത്തരും ജനിച്ചതും വളർന്നതുമായ സാഹചര്യങ്ങളുടെ ഇടുക്കം നമ്മുടെ ചിന്താഗതികളെയും ബാധിച്ചിട്ടുണ്ട്. നമ്മുടെ ഹൃദയം വിശാലത വരാത്തിടത്തോളം കാലം വഴി തുറക്കുന്നില്ല. വലിയതു ചിന്തിക്കുക, വലിയ കാര്യങ്ങൾ ഭാവനയിൽ കാണുക അങ്ങനെ കാഴ്ചപ്പാടുകൾ മാറുമ്പോൾ ജീവിത സാഹചര്യങ്ങളും മാറും.
ഉല്പത്തി 12-2,3
“നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും, നീയൊരു അനുഗ്രഹമായിരിക്കും, നിന്നെ അനുഗ്രഹിക്കുന്നവരെ ഞാനും അനുഗ്രഹിക്കും”
ദൈവമേ പ്രവർത്തിക്കണമേ, ഉയർത്തണമേ, അത്ഭുതം ചെയ്യണേന്ന് പ്രാത്ഥിച്ചു കൊണ്ട് മാത്രം ഇരിക്കുകയല്ല. പകരം ദൈവം നമ്മുടെയുള്ളിൽ തന്നിരിക്കുന്ന പരിശുദ്ധാത്മാവിനാൽ ദൈവവചനത്തിലെ വൻ കാര്യങ്ങളെയും വീണ്ടെടുക്കപ്പെട്ടവരായ നമ്മിലുള്ള വലിയ സാധ്യതകളും തിരിച്ചറിഞ്ഞു കർത്താവിൽ ആശ്രയിച്ചു ചുവടു വെയ്ക്കുന്നവരാകാം.
2കൊരിന്ത്യർ 6-13
“ഇതിനു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടെന്ന പോലെ നിങ്ങളോട് പറയുന്നു ”
ഒരു ദരിദ്രഭവനത്തിൽ യേശു ജനിച്ചെങ്കിലും ദരിദ്രനായിരുന്നില്ല. തന്റെ വചനം കേട്ടുകൊണ്ടിരുന്ന പതിനായിരം പേർക്കോളം അഞ്ചപ്പവും, രണ്ടു മീനും കൊണ്ട് പോഷിപ്പിച്ചവനാണ്.
സങ്കീർത്തനങ്ങൾ 81-10
“നിന്റെ വായ് വീസ്താരത്തിൽ തുറക്കുക ഞാൻ അതിനെ നിറയ്ക്കും ”
ഉയർച്ചയും,നന്മയും, പ്രാപിക്കാൻ നമ്മുടെ നാവിനു അധികാരമുണ്ട്. മനുഷ്യന്റെ ആത്മാവിനെ വീണ്ടെടുക്കുവാനായി പിതാവാം ദൈവം മറുവിലയായി നൽകിയത് തന്റെ ഏകജാതനായ പുത്രനെയായിരുന്നു. അത്ര വിലപ്പെട്ടതാണ് ദൈവത്തിനു മനുഷ്യാത്മാവ്. ഈ വിലപ്പെട്ട മനുഷ്യനെ വീണ്ടെടുക്കുവാനായി യേശു നൽകിയതാകട്ടെ തന്റെ വിലയേറിയ രക്തമാണ്. യേശുവിന്റെ രക്തത്തിന്റെ അവകാശിയായി ഈ ഭൂമിയിൽ ജീവിക്കുമ്പോൾ സന്തോഷത്തോടെ, സമൃദ്ധിയോടെ, സമാധാനത്തോടെ ജീവിക്കുവാനാകും.
എല്ലാവരെയും യേശു തന്റെ ചിറകിൻ മറവിൽ കാത്തു പരിപാലിക്കട്ടെ. ആമേൻ