വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മലയാളി മനസ്സിന്റെ സ്നേഹനിധികളായ പ്രിയപ്പെട്ടവർക്കൊപ്പം ചേരുവാൻ കഴിഞ്ഞതിലേറെ സന്തോഷം.
ഇന്നത്തെ ലോകത്തിന്റെയേറ്റവും വലിയ ഭീക്ഷണി മതതീവ്രവാദമാണ്. തീവ്രവാദ സംഘടനകളെ തുടച്ചു നീക്കി സമാധാന അന്തരീക്ഷം സൃഷ്ടിക്കുവാനായി എല്ലാ രാജ്യങ്ങളും രാഷ്ട്രനേതാക്കന്മാരും കിണഞ്ഞു ശ്രമിയ്ക്കുകയാണ്. ദൈവവും ആത്മീയതയും, മതവുമൊക്കെ മനുഷ്യ കുലത്തിന്റെ സ്നേഹത്തിനും, ഐക്യതയ്ക്കും, ഉയർച്ചയ്ക്കും നന്മയ്ക്കും വേണ്ടിയാണ് നില കൊള്ളേണ്ടതെന്നതിൽ ആർക്കുമൊരു സംശയമില്ല. എന്നാലതിന് വിപരീതമായി മതം, മനുഷ്യർ തമ്മിലുള്ള വെറുപ്പിനും, വിഭാഗീയതയ്ക്കും മനുഷ്യകുലത്തിന്റെ തകർച്ചയ്ക്കും കാരണമാകുമെങ്കിൽ അവിടെ ദൈവീക പ്രവർത്തിയല്ല നടക്കുന്നത് പിശാചിന്റെ ഭിന്നിപ്പിന്റെ തന്ത്രമാണ്.
2 കൊരിന്ത്യർ 4–3,4
“എന്നാൽ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നുവെങ്കിൽ നശിച്ചു പോകുന്നവർക്കെത്ര മറഞ്ഞിരിക്കുന്നു. ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിക്കാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കിയിരിക്കുന്നു.”
മത തീവ്രവാദത്തിന്റെ വ്യാപകമായുള്ള ഒഴുക്കിൽ സ്നേഹവാനായ ദൈവം ലോകത്തിനു മറയ്ക്കപ്പെട്ടു. സൂര്യനിൽ നിന്നുള്ള വെളിച്ചം, രാത്രികാലത്ത് ഭൂമിയിലേക്ക് പ്രതിബിംബിച്ചു നൽകേണ്ട ചന്ദ്രൻ തന്നെ സൂര്യന്റെയും ഭൂമിയ്ക്കുമിടയിൽ കയറി വെളിച്ചത്തെ മറയ്ക്കുന്ന ഗ്രഹണം സൃഷ്ടിക്കുന്നതു പോലെയാണിത്. മനുഷ്യർ രക്ഷിക്കപ്പെടാനുള്ള ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷം ശോഭിക്കാതിരിപ്പാൻ പിശാച് മനുഷ്യന്റെ ഹൃദയക്കണ്ണുകളെ കുരുടാക്കുന്നു.
എഫെസ്യർ 6-12
“നമ്മുക്കു പോരാട്ടമുള്ളത് ജഡ രക്തങ്ങളോടല്ല വാഴ്ചകളോടും അധികാരളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്‌മ സേനയോടുമത്രേ ”
സ്നേഹവാനായ സത്യദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പിശാച് മുതലെടുത്തു നിഷ്കളങ്കരായ പലരെയും
തീവ്രവാദിയാക്കുന്നത്. മനുഷ്യരുടെ രക്തം ചിന്തുന്ന ക്രുരനല്ലെന്നും സ്വന്തരക്തം ഊറ്റിക്കൊടുക്കുന്ന സ്നേഹവാനായ പിതാവാണ് ദൈവമെന്ന് യേശു കർത്താവ് മാത്രമാണ് ലോകത്തിനു വെളിപ്പെടുത്തിയത്.
2 കൊരിന്ത്യർ 10-4
“ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവരെങ്കിലും ജഡപ്രകാരം പോരാടുന്നില്ല. ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങളല്ല,കോട്ടകളെ ഇടിപ്പാൻ ദൈവ സന്നിധിയിൽ ശക്തിയുള്ളവ തന്നെ. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്നയെല്ലാ ഉയർച്ചയും ഇടിച്ചു കളഞ്ഞു. ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കി.”
ക്രിസ്തുവിന്റെ സ്നേഹരാജ്യം ലോകമെങ്ങും വിശാലമാക്കുവാൻ വാളും, വടിയും, തോക്കും വേണ്ട. മനുഷ്യ ഹൃദയങ്ങളെ തൊടുന്ന ദൈവ സ്നേഹത്തിന്റെ ഇരുവായ്ത്തല വാളാകുന്ന സുവിശേഷം മതിയാകും. യേശുവിനെ പിടിക്കാൻ വന്ന മഹാ പുരോഹിതന്റെ ദാസനെ പത്രോസ് വാളെടുത്തു വെട്ടിയപ്പോൾ “വാളെടുക്കുന്നവൻ വാളാൽ വീഴും ” മെന്നു പറഞ്ഞു ശത്രുവിന്റെ കാത് തൊട്ട് സുഖപ്പെടുത്തി. ഇരുമ്പു വാളും വടിയുമായി വന്ന ശത്രുവിനെ സ്നേഹത്തിന്റെ വാളിനാൽ ഒരു നിമിഷം കൊണ്ട് തന്റെ രാജ്യത്തിലാക്കി.
റോമർ 14-17
“ദൈവ രാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമത്രേ”
ശത്രുവിനെ സ്നേഹിച്ചും, ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാത്ഥിച്ചും ദൈവത്തിന്റെ ധാർമ്മിക നിലവാരത്തിലെത്തുവാൻ യേശു പഠിപ്പിച്ചു. ദൈവത്തിനല്ലാതെയിങ്ങനെ ആർക്കും പറയാനാവില്ല അതെ യേശു ദൈവമാണ്. ക്ഷമിച്ചും, സഹിച്ചും യേശുവിനെ ജീവിതത്തിൽ സ്വീകരിച്ചു ദൈവരാജ്യത്തിന്റെ വിസ്ത്യതിയ്ക്കായി ഒരുമയോടെ ജീവിക്കാം.
വീണ്ടും കാണും വരെ കർത്താവിന്റെ ചിറകിൻ കീഴിൽ സൂക്ഷിക്കട്ടെ ആമേൻ🙏