മലയാളി മനസ്സിന്റെ പ്രിയപ്പെട്ട വായനക്കാരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹവന്ദനം. പ്രിയരേ കർത്താവിന്റെ വരവ് വീണ്ടും സമീപമായി യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പം, വ്യാധികൾ തുടങ്ങിയവയാൽ ലോകം നശിക്കുന്നു.
മനുഷ്യർ സ്വാർത്ഥ താല്പര്യം ഉപയോഗിച്ചു ലോകത്തെ കീഴ്പ്പെടുത്തുവാൻ ശ്രമിക്കുന്നു. കുടുംബ ബന്ധങ്ങളിൽ, രാജ്യങ്ങൾ തമ്മിൽ സമാധാനമില്ലാത്ത അവസ്ഥയാണ്. ഒരു വശത്തു പട്ടിണിയോടും, രോഗത്തോടും പോരാടുന്ന മനുഷ്യർ, മറുവശത്തു ഈ ലോക സുഖങ്ങളിൽ മതിമറന്നു ജീവിക്കുന്നവർ. എവിടെയും അസമാധാനത്തിന്റെ അരക്ഷിതാവസ്ഥ. ഒരുങ്ങാം ദൈവരാജ്യം സമീപമായി.
അപ്പോ പ്രവ്യത്തികളും, പൗലോസ് അപ്പോസ്‌തോലനും
ക്രിസ്തുവിന്റെ മരണ പുനരുദ്ധാനങ്ങൾക്ക് ശേഷം പെന്തക്കോസ്തു നാളിലെ പരിശുദ്ധാത്മ പകർച്ചയെ തുടർന്നുണ്ടായ ഉണർവ് യെരുശലേമിൽ ആരംഭിച്ചു അന്ന് അറിയപ്പെട്ട ലോകത്തിന്റെ അറ്റത്തോളം ചെന്ന ചരിത്രമാണ് അപ്പോ പ്രവ്യത്തികളിൽ കാണുന്നത്.
അപ്പൊ. പ്രവൃത്തികൾ 2 : 1, 2,3
“പെന്തെക്കോസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തു നിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു”
പത്രോസിന്റെയും, യോഹന്നാന്റെയും നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളാൽ യെരുശലേമിലും,യഹൂദ്യാ യിൽ എല്ലായിടത്തും ലക്ഷക്കണക്കിന് യഹൂദർ ക്രിസ്തു വിശ്വാസത്തിലേയ്ക്ക് വന്നു.
സദ്യശ്യ വാക്യങ്ങൾ 8-17
“എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു, എന്നെ ജാഗ്രത യോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും ”
അപ്പോസ്തോലിക കാലത്തു നിരവധി പീഡനങ്ങൾ ദൈവ ദാസന്മാർ നേരിട്ടു. പത്രോസിനും, യോഹന്നാനും, ആദിമ യഹൂദ വിശ്വാസികൾക്കും യഹൂദന്മാരിൽ നിന്നു നേരിട്ട പീഡനങ്ങളാണ് തുടക്കം. സ്‌തെഫാനോസ്, യാക്കോബ് എന്നിവർ സുവിശേഷത്തെ പ്രതി രക്ത സാക്ഷികളായി. തുടർന്നു പൗലോസിനും കൂടെയുള്ളവർക്കും നിരവധി പീഡനങ്ങളും അറസ്റ്റുമുണ്ടായി.
2 കൊരിന്ത്യർ 11 : 24,25
“യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു;മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു”
യഹൂദന്മാരും വിവിധ ദേശങ്ങളിലെ വിഗ്രഹാരാധികളായ വിജാതീയരും, അപ്പോത്തോലന്മാരെയും, സഭയെയും വളരെ പീഡിപ്പിച്ചു. അപ്പോസ്‌തോല പ്രവ്യത്തികളിൽ കാണുന്ന പീഡനങ്ങൾക്കു ശേഷം റോമൻ കൈസറും, റോമാ സാമ്രാജ്യവും ക്രിസ്ത്യാനികൾക്ക് നേരെ അതിശക്തമായ പീഡനം അഴിച്ചുവിട്ടു. AD 64-67 കാലഘട്ടത്തിൽ റോമൻ കൈസറായിരുന്ന നീറോ ചക്രവർത്തി പത്രോസിനെ തലകീഴായി ക്രൂശിച്ചു കൊന്നുവെന്നും, പൗലോസിനെ വാൾ കൊണ്ട് വെട്ടിക്കൊന്നുവെന്നും സഭാ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.
വെളിപ്പാട് 1 : 9
“നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു”
റോമൻ കൈസറായി തീർന്ന ഡോമീഷ്യൻ ചക്രവർത്തി യോഹന്നാനെ പത്മോസ് ദ്വീപിലേയ്ക്ക് നാടു കടത്തി. പത്മോസിൽ വെച്ചാണ് യോഹന്നാന് വെളിപ്പാടുണ്ടായത്
നെബൂഖദ്നേസർരാജാവു ഭ്രമിച്ചു
ദാനിയേൽ 3 : 24, 25
“വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: “നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു” എന്നു ചോദിച്ചതിന്നു അവർ: “സത്യം തന്നേ രാജാവേ” എന്നു രാജാവിനോടു ഉണർത്തിച്ചു.അതിന്നു അവൻ: “നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു” എന്നു കല്പിച്ചു”
പഴയ നിയമ കാലത്തു ശദ്രക്, മേശക്, അബേദ്നെഗോ എന്നിവരെ തീചൂളയിൽ നെബുഖ്ദ്നേസർ രാജാവ് ഇടാൻ കല്പിച്ചപ്പോളും വിശ്വാസത്തിൽ നിന്നു വ്യതിചലിക്കാതെ നിന്നപ്പോൾ നാലാമനായി ദൈവം ഇറങ്ങി വന്നു പ്രവർത്തിച്ചു.
അതേ ദൈവമക്കളെ അനേകം പേർ ഇന്നും സുവിശേഷത്തെ പ്രതി പീഡനം അനുഭവിക്കുന്നുണ്ട്. എന്നാൽ ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ഈ ലോകത്തിലും സന്തോഷവും, സമാധാനവും, നിത്യജീവനും ലഭ്യമായിരിക്കുന്നു. വിശ്വാസത്തിൽ വ്യതിചലിക്കാതെ ദൈവ വചനത്തിൽ ആശ്രയിച്ചു മുന്നോട്ട് പോകാം.
പ്രതിസന്ധികളിലും, പ്രതികൂലങ്ങളിലും തളരാതെ മുന്നോട്ട് പോകുവാൻ ദൈവം ബലം തരട്ടെ. കർത്താവ് ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ