ഗുരു ദ്രോണാചാര്യന്റെ ഭാര്യ മാതാ ഷീത്ല ദേവിക്കായി സമർപ്പിച്ചിരിക്കുന്ന പുരാതന ക്ഷേത്രമാണിത്. ഗുരുഗ്രാം നഗരത്തിലെ ഷീത്ള മാതാ റോഡിലാണ് ഈ ക്ഷേത്രം. ഐതിഹാസിക മഹാഭാരതത്തിൽ പാണ്ഡവരുടേയും കൗരവരുടെയും അധ്യാപികയായിരുന്നു മാതാ ഷീത്ല. വളരെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ നവരാത്രികളിലും മറ്റ് ഉത്സവങ്ങളിലും ഒട്ടേറെ ആളുകൾ സന്ദർശിക്കുന്നു.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗുരു ദ്രോണാചാര്യരുടെ ഭാര്യയായ മാതാ ഷീത്ലയാണ്. ഈ ക്ഷേത്രത്തിന്റെ പ്രത്യേകത വസൂരിപോലുള്ള രോഗങ്ങൾക്ക് ഇവിടെ വന്ന് പൂജാദികർമ്മങ്ങൾ ചെയ്ത് പ്രാർത്ഥന നടത്തിയാൽ ഭേദമാകുമെന്ന വിശ്വാസമാണ് നിലനിൽക്കുന്നത്.

ഡൽഹിയിലെ കോശാപൂർ ഗ്രാമത്തിലാണ് ലളിത എന്നും പിന്നീട് മാതാ ഷീത്ല എന്നും വിളിക്കപ്പെടുന്ന കിർപായി താമസിച്ചിരുന്നത്. അവരുടെ ഭർത്താവ് ദ്രോണാചാര്യർ ഗുരുഗ്രാമിലുള്ള തന്റെ ആശ്രമത്തിൽ നിന്നും ദിവസവും കോശാപൂരിലുള്ള ഭാര്യയെ സന്ദർശിക്കാറുണ്ടായിരുന്നു
വസൂരി ബാധിച്ച രോഗികളായ കുട്ടികളെ ശുശ്രൂഷിക്കാൻ കിർപായി സ്വയം സമർപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് ബഹുമാനപൂർവ്വം അതീവ വാത്സല്യത്തോടെ അവിടുള്ളവർ മാതാ എന്നു വിളിച്ചു. അങ്ങനെ മാതായുടെ മരണശേഷം ഗ്രാമവാസികൾ ഒരു ക്ഷേത്രം പണിയുകയും മാതാ ഷീത്ല അല്ലെങ്കിൽ മാതാ മസാനി അതായത് “വസൂരിയുടെ ദേവി ” എന്നോർമ്മിക്കാൻ തുടങ്ങി.
പിന്നീട് മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഗുരുഗ്രാം ഗ്രാമത്തിലെ ജാട്ട് വിഭാഗത്തിൽപ്പെട്ട ചൗദ്ധരി സിംഗ് റാം എന്ന സിംഹയുടെ സ്വപ്നത്തിൽ മാതാ മസാനി പ്രത്യക്ഷപ്പെട്ടെന്ന് പറയുന്നു. കോശാപൂർ വിട്ട് ഗുരുഗ്രാമിലേക്ക് വരാനുള്ള ആഗ്രഹം മാതാ പ്രകടിപ്പിച്ചുവെന്നും തുടർന്ന് സിംഹ അവർക്കായി ഗുരുഗ്രാമത്തിന്റെ വടക്ക് ഭാഗത്തായി ഒരു സ്ഥലം പണിതു. അവിടെയാണ് ഷീത്ലമാതാ ക്ഷേത്രം. തെക്ക് ഭാഗത്തായി ദ്രോണാചാര്യ ക്ഷേത്രം അതി നടുത്ത് ഗുരുഗ്രാം ഭിം കുണ്ഡ് സ്ഥിതി ചെയ്യുന്നു.
സിംഹ മസാനി ദേവിയെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചെ ങ്കിലും കോശാപൂർ നിവാസികൾ ഗുരുഗ്രാം ജനതയുടെ അവകാശവാദങ്ങൾക്കെതിരെ തർക്കം തുടർന്നിരുന്നു. ഈ വിവാദം അവസാനിക്കപ്പെട്ടത് മുഗളന്മാരുടെ കീഴിലുള്ള ജാർസ ഗവർണ്ണരായിരുന്ന ബീഗം സംരുവിന്റെ കാലത്താണ്. അതിന് കാരണമായത് ഇവരുടെ കുട്ടിക്ക് വസൂരി ബാധിക്കുകയും മസാനി ദേവിയുടെ മുന്നിൽ നിർദ്ദിഷ്ടരീതിയിൽ പ്രതിഷ്ഠിച്ചതിന് ശേഷം സുഖം പ്രാപിക്കുകയുണ്ടായി. ഇതോടുകൂടി ഗുരുഗ്രാം ഗ്രാമത്തിൽ ദേവി വസിക്കാൻ തുടങ്ങിയെന്ന് വിശ്വസിക്കപ്പെട്ടു.
റോഡരികിലുള്ള ഈ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനടുത്ത് ചെരുപ്പ് അഴിച്ചുവെച്ച് കുറച്ചുദൂരം നടക്കണം. പിന്നെ കുറച്ച് മുകളിലോട്ട് വരെ ഇടനാഴി പോലുള്ള വഴികളായി കെട്ടിയിട്ടുണ്ട്. അതുവഴി കയറിയാൽമാത്രേ ദേവിയെ ദർശിക്കാൻ കഴിയുള്ളൂ. വിശാലമായ ദേവീസന്നിധിയിൽ ഒരു ഭാഗത്ത് പൂജാദികർമ്മങ്ങൾക്കുള്ള സൗകര്യമുണ്ട്. ഒരു മാസ്മരിക ദൈവീക പ്രതീതി അനുഭവപ്പെടും. എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. ഷീത്ല മാതാക്ഷേത്രത്തിൽ വന്നുചേരുന്ന ഭക്തർ ദ്രോണാചാര്യ ക്ഷേത്രവും സന്ദർശിക്കുക പതിവാണ്.
ദ്രോണാചാര്യ ക്ഷേത്രം

ഗുരുഗ്രാം ഗ്രാമത്തിന്റെ തെക്ക് ഭാഗത്താണ് ഈ ക്ഷേത്രം. ഗുരു ദ്രോണാചാര്യർ താമസിച്ചിരുന്ന ഗുരുഗ്രാമിൽ അദ്ദേഹം കൗരവരെയും പാണ്ഡവരെയും പഠിപ്പിച്ചിരുന്നു. നിലവിലെ ക്ഷേത്രത്തിന്റെ ദ്രോണാചാര്യരുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾക്കായി ഷീത്ല ദേവി, ഒരു പ്രത്യക്ഷദാസനായിരുന്ന ആർ സുഖാപഭാരത് ധാരാളം ഭൂമി സംഭാവന ചെയ്തിരുന്നു. രണ്ട് മുറികളുള്ള ഈ ക്ഷേത്രത്തിന്റെ നടുവിൽ ഉയരം കൂടിയ ദ്രോണാചാര്യരുടെ ഒരു പ്രതിമയുണ്ട്. ഇതിന് ചുറ്റും ഹിന്ദു ദൈവങ്ങളുടെ പ്രതിമകളും പിന്നിലുള്ള ചുവരിൽ തന്റെ വിദ്യാർത്ഥികളെ ദ്രോണാചാര്യർ പഠിപ്പിക്കുന്ന ചിത്രങ്ങളുണ്ട്.
ഗുരുഗ്രാം ഭീം കുണ്ഡ്
ഗുരുഗ്രാമിലെ ഭീം എന്ന നഗരപ്രദേശത്താണ് ഗുരുദ്രോണാചാര്യ ഗുരുഗ്രാം ഭീം കുണ്ഡ് (ഭീമന്റെ കുളം ) വികസിപ്പിച്ചിരിപ്പിക്കുന്നത്. അമ്പെയ്ത്ത് പഠിപ്പിച്ച ശേഷം ഇവിടെയാണ് ദ്രോണാചാര്യ കുളിക്കുന്നത്. കൂടാതെ ശിവക്ഷേത്രമായ ദ്രോണാചാര്യരുടെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമുണ്ട്. ഇത് പാണ്ഡവർ സ്ഥാപിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഏകലവ്യക്ഷേത്രം

ഏകലവ്യന്റെ ഏകക്ഷേത്രമാണിതെന്നാണ് നാടോടി ഐതിഹ്യമനുസരിച്ച് പറയപ്പെടുന്നത്. സെക്ടർ 37ൽ ഖണ്ഡ്സ ഗ്രാമത്തിലാണിത്. ഗുരു ദ്രോണർക്ക് ഏകലവ്യൻ തന്റെ പെരുവിരൽ മുറിച്ച് സമർപ്പിച്ച സ്ഥലമാണിത്. ഗുരുഗ്രാം ഭീം കുണ്ഡ്, ഏകലവ്യക്ഷേത്രം ഇവ ഷീത്ലമന്ദിറിനടുത്തുള്ള ആകർഷണമാണ്.
ഹരിയാന സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമായ ഗുഡ്ഗാവ് 2016ൽ ഹരിയാന സർക്കാർ ഗുരുഗ്രാം എന്ന് പുനർനാമകരണം ചെയ്തു. ഗുരുഗ്രാമിനെ ഡൽഹിയുടെ ഉപഗ്രഹ നഗരമായി കണക്കാക്കുന്നു…
തയ്യാറാക്കിയത്: ജിഷ ദിലീപ് ✍️