ദൈവത്തെ സേവിക്കുവാൻ വേദപുസ്തകവായന നമ്മെ പ്രാപ്തിപ്പെടുത്തുന്നു. പാപത്തിൽ നിന്നും അതിൻറെ പരിണിതഫലങ്ങളിൽ നിന്നും എങ്ങനെ വിടുതൽ പ്രാപിക്കാം എന്ന് വേദപുസ്തകവായനയിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
“കണ്ണാണ് ശരീരത്തിൻറെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. “ (മത്തായി 6:22)
“രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധിക്കുകയില്ല”. (മത്തായി 6:24)
അന്ത്യ അത്താഴത്തിന്റെ ചിത്രം വരച്ച ചിത്രകാരൻ യേശുവിൻറെ മോഡലിനായി അന്വേഷിച്ചു. ഒരാളെ കണ്ടെത്തി അയാളെ സ്റ്റുഡിയോയിൽ കൊണ്ടുപോയി, യേശുവിൻറെ ചിത്രം വരച്ചു. വർഷങ്ങൾ ചിലതു കടന്നുപോയി. മറ്റു ശിഷ്യൻമാരുടെയെല്ലാം ചിത്രവും വരച്ചു. ഇനി യൂദാസിന്റെ ഒരു മോഡൽ കിട്ടണം. വളരെ അന്വേഷിച്ചു. അവസാനം ഒരു മദ്യഷാപ്പിന് മുന്നിൽ നിൽക്കുന്ന ഒരുത്തനെ കണ്ടു. പറ്റിയ മോഡൽ. അവനോട് കാര്യം പറഞ്ഞു. വലിയ സംഖ്യ ആവശ്യപ്പെട്ടു. കൊടുത്തു. അവനെ കൊണ്ടുപോയി പടം വരച്ചു. പടം വര കഴിഞ്ഞപ്പോൾ അവൻ ചോദിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് നിങ്ങളെന്നെ ഇവിടെ കൊണ്ടുവന്നിരുത്തി പടം വരച്ചുവല്ലോ. എന്തിനാണ് ഇത്? ആ കലാകാരൻ അവനെ സൂക്ഷിച്ചു നോക്കി. അന്ന് യേശുവിൻറെ മോഡലിനായി വന്ന അതേ ചെറുപ്പക്കാരൻ തന്നെ. അവൻറെ സ്വഭാവദൂഷ്യം അവനെ യൂദാസാക്കി മാറ്റി.
ഭൂമിയിൽ നിക്ഷേപം കരുതി വയ്ക്കരുത്, സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപം കരുതിവയ്ക്കുക എന്ന് ഉപദേശിച്ചതിനുശേഷം യേശു കണ്ണിൻറെ സവിശേഷതയെപ്പറ്റി പറയുകയാണ്. ശരീരത്തിന് പ്രകാശം നൽകുന്ന കണ്ണ് ശുദ്ധമായിരിക്കണം, കളങ്കരഹിതമായിരിക്കണം. യഥാർത്ഥനിക്ഷേപത്തിലേക്ക് മനുഷ്യഹൃദയത്തെ നയിക്കുന്ന വിളക്കാണ് കണ്ണ്. അത് ലോകഭോഗങ്ങളിലേക്കും നിക്ഷേപങ്ങളിലേക്കുമാണ് മനുഷ്യമനസ്സിനെ നയിക്കുന്നതെങ്കിൽ ജീവിതം ദുരിതപൂർണ്ണമായിരിക്കും. സ്വർഗ്ഗനിക്ഷേപം കരുതി വയ്ക്കുവാൻ കഴിയണമെങ്കിൽ ആ നിക്ഷേപത്തിലേക്ക് നയിക്കുന്ന കണ്ണ് പരിശുദ്ധമായിരിക്കണം.
ലോക സമ്പത്തിൽ മുഴുകിയിരുന്ന് സ്വർഗീയ സമ്പത്ത് നേടാം എന്ന് വിചാരിക്കേണ്ട. ആർക്കും രണ്ട് യജമാനന്മാരെ ഒരേസമയം സേവിക്കാൻ സാധിക്കുകയില്ല. ഒന്നുകിൽ ദൈവത്തിൻറെ പക്ഷത്ത്, അല്ലെങ്കിൽ ലൗകികതയുടെ പക്ഷത്ത്. അതിനിടയിൽ ഒരു മാർഗ്ഗമില്ല. ദൈവത്തിൻറെ പക്ഷത്തുചേർന്ന് നിത്യജീവനിലേക്ക് പ്രവേശിക്കണം.
എല്ലാവർക്കും നല്ലൊരു ശുഭദിനം ആശംസിക്കുന്നു.
(കടപ്പാട് ടി. എ. റപ്പായി)
മേരി ജോസ്സി മലയിൽ, തിരുവനന്തപുരം✍
🙏👍👍🌹🌹