വൈശാഖ മഹോത്സവം മൂന്നാം ദിവസം മാനന്തവാടിയിലെ മുത്തിരേരിയിൽ നിന്നും വാൾ വരവ്. മണത്തണയിൽ നിന്നും ഭണ്ഡാരം, വാൾ, പാത്രങ്ങൾ എന്നിവയുടെ എഴുന്നള്ളത്ത്.
ദക്ഷയാഗ ഭൂമിയായ കൊട്ടിയൂരിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ സതിദേവി ഇവിടെ വെച്ച് അപമാനിതയായി അഗ്നിയിൽ സ്വയം ജീവൻ സമർപ്പിക്കുന്നു. ഈ സമയത്ത് ഭഗവാന്റെ ഭൂതഗണങ്ങൾ രോഷാകുലരാവുകയും അനിയന്ത്രിതമായ കോപത്തോടെ വീരഭദ്രൻ ഇവിടെ എത്തി ഭഗവാന്റെ നിർദ്ദേശ പ്രകാരം ദക്ഷന്റെ ശിരസ്സ് അറുത്തു കളഞ്ഞു ഓംകാരം മുഴക്കി കൊണ്ടിരുന്നു. എന്നിട്ടും രൗദ്രഭാവം അടങ്ങാതിരുന്നപ്പോൾ വാൾ വലിച്ചെറിയുകയാണ് ഉണ്ടായത്. ആ വാൾ വന്നു വീഴുന്നത് മുതിരേരി എന്ന സ്ഥലത്താണ്.വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തു ആണ് മുതിരേരി എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്.
ഈ വാൾ വളരെയേറെ വർഷങ്ങൾ അവിടെ കിടന്നിരുന്നു എന്ന് പറയപ്പെടുന്നു. പിന്നീട് മനുഷ്യർ വാളിനെ തിരിച്ചറിഞ്ഞ് അന്വേഷിച്ചു ചെന്നപ്പോൾ കണ്ടെത്തുകയും ചെയ്തു. വാൾ എടുക്കാൻ മുതിർന്നപ്പോൾ അത് നീങ്ങി നീങ്ങി പോകുന്നതായി കണ്ടു..ഒരു പ്രത്യേക സ്ഥലത്ത് എത്തിയപ്പോൾ വാളിൽ നിന്ന് സിംഹത്തിന്റെ മുകളിൽ ഏറി നിൽക്കുന്ന ഭഗവതിയുടെ രൂപം കാണുക ഉണ്ടായി. ഈ ഭാഗവതിയെ കണ്ടപ്പോൾ അവിടെ ഉള്ളവർ ബോധശുന്യരായി എന്ന് പറയപ്പെടുന്നു.

ഈ സമയത്ത് കോയിലോട്ടെ നമ്പ്യാരെ വരുത്തി പ്രശ്നം വെച്ച് നോക്കിയപ്പോൾ ദക്ഷയാഗ ഭൂമിയായ കൊട്ടിയൂരുമായി ബന്ധപ്പെട്ടു നിൽക്കുന്ന വീരഭദ്രന്റെ വാളായിരുന്നു ഇത് എന്നും ഈ വാളിൽ സതീദേവി സിംഹത്തിന്റെ മുതുകിൽ ഏറിയ ഭാവത്തിൽ സാന്നിധ്യമുള്ളതുകൊണ്ടും ഈ പ്രദേശം മുതുകിലേറി എന്നറിയപ്പെടുകയും കാലക്രമേണ മുതിരേരി ആയെന്നും പറയപ്പെടുന്നു.
കോയിലോട്ട് നമ്പ്യാന്മാർ ആണ് ഈ ഒരു സാന്നിധ്യത്തെ ആദ്യമായി തിരിച്ചറിഞ്ഞതും മറ്റുള്ള ഭക്തർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നത്.
അവർക്ക് ഇന്നും ഈ ക്ഷേത്ര ആചാരങ്ങളിൽ അടുത്ത ബന്ധമുണ്ട്. മാത്രമല്ല വലിയൊരു തറവാട് ഈ ക്ഷേത്രത്തിന് അടുത്തുണ്ട്.
മുതിരേരി യിൽ നിന്നും കിട്ടിയ വീരഭദ്രൻ വലിച്ചെറിഞ്ഞ വാള് ഇവിടുത്തെ വാളറയിൽ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്.
വീരഭദ്രൻ വലിച്ചെറിഞ്ഞ ആ വാളിൽ സകല ഈശ്വരന്മാരും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ദിവസവും ഈ വാൾ പൂജകൾ ചെയ്യുന്നുണ്ടെങ്കിലും വൈശാഖ മഹോത്സവത്തിന് മുൻപായി ഇടവമാസത്തിലെ ആയില്യം നാളിൽ ആചാരങ്ങൾ ആരംഭിക്കും. അന്നേദിവസം ഈ ക്ഷേത്രത്തിലെ നാഗങ്ങൾക്ക് പ്രത്യേക ഊട്ട്. നടത്താറുണ്ട്. ഇവിടെ വലിയൊരു നാഗ വിഗ്രഹവും കാവും ഇന്നും സംരക്ഷിച്ചുപോരുന്നു.
നാഗങ്ങൾക്ക് പ്രാധാന്യം വരാൻ കാരണം യാഗസ്ഥലത്തേക്ക് വരുന്ന സതീദേവിയുടെ സഞ്ചാരപദങ്ങൾ ക്ക് അപകടസാധ്യത മുൻകൂട്ടി കണ്ട നാഗങ്ങൾ സൂചനകൾ നൽകി, പലയിടത്തുനിന്നും ദേവിയുടെ വഴി തടയാൻ നാഗങ്ങൾ പരിശ്രമിച്ചിരുന്നു എന്നും അതിന് സാധിക്കാതെ വരികയും ചെയ്തു. അതുകൊണ്ടാണ് നാഗങ്ങൾക്ക് ഇവിടെ പ്രാധാന്യം നൽകുന്നത്. അങ്ങിനെ നാഗാരാധന നടത്തിക്കൊണ്ടാണ് ക്ഷേത്രത്തിലെ ഉത്സവങ്ങൾ ആരംഭിക്കുന്നത്.
അതുകഴിഞ്ഞ് അതിനടുത്ത ദിവസം മകം നാൾ ഇവിടുത്തെ മൊഴിയോട്ട് ഇല്ലത്തെ നമ്പൂതിരി ക്ഷേത്രക്കുളത്തിൽ പോയി മുങ്ങി കുളിച്ച് ജപിച്ചു വന്ന് വ്രതം നോക്കാൻ ആരംഭിക്കുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ കഠിനമായ വ്രതത്തിൽ ആയിരിക്കും അദ്ദേഹം.
അത് കഴിഞ്ഞ് ചോതി നാളിന്റെ പ്രഭാതത്തിൽ വാളറ തുറന്ന് വാളെടുത്തു തീർത്ഥക്കുളത്തിൽ കൊണ്ടുപോയി പ്രത്യേകിച്ച് നീരാടിച്ചു ഇവിടത്തെ ഇടപ്പള്ളിയിലെ സാന്നിധ്യമായ സ്ഥലത്ത് കൊണ്ടു വെച്ച് പ്രത്യേക പൂജകളും പഴവും ശർക്കരയും അടങ്ങി നിവേദ്യം സമർപ്പിക്കും. സ്വയംഭൂവായ ശിവലിംഗത്തിൽ ചാരി വെക്കുകയും ചെയ്യുന്നു. ഇത് ഭക്തർക്ക് പ്രാർത്ഥിക്കാനുള്ള അവസരമാണ്.അതിനുശേഷം പ്രത്യേകമായ പൂജകളും വഴിപാടുകളും ഭക്തർക്ക് പ്രത്യേക ദർശനം നടത്തുകയും ചെയ്യും.
ഈ സമയത്ത് മൊഴിയോട്ട് ഇല്ലത്തെ ബ്രാഹ്മണശ്രേഷ്ഠൻ പ്രത്യേകമായ ഏകാന്ത ഭാവത്തിൽ ആയിരിക്കും ഉണ്ടാവുക. പരിസരത്തെ ഭക്തരുടെ ഓം കാര ശബ്ദവും അദ്ദേഹത്തിന് കൂട്ടിനുണ്ടാവും.

“ഓം വീരഭദ്രായ ഓം നമഃ ശിവായ ” എന്ന മന്ത്രോചാരണത്താൽ അന്തരീക്ഷം മുഖരിതമായിരിക്കും
സത്യം പറഞ്ഞാൽ കണ്ണുനിറയുന്ന കാഴ്ചയാണിത്.
ഒരു പ്രത്യേക നിമിഷത്തിൽ മഹാദേവൻ ഈ ബ്രാഹ്മണന് ചില പ്രത്യേകമായ അടയാളങ്ങൾ പ്രേരണകളായി നല്കും.ആ നിമിഷം
അദ്ദേഹം വീണ്ടും ചെന്ന് തീർത്തകുളത്തിൽ മുങ്ങി തറ്റുടുത്തു വന്ന് വാളുമായി കൊട്ടിയൂരിലേക്ക് യാത്ര ആരംഭിക്കും.
പിന്നീടുള്ള ഈ ബ്രാഹ്മണന്റെശ്രേഷ്ഠന്റെ സഞ്ചാരം മനുഷ്യ രീതിയിലുള്ളതായിരിക്കില്ല. ദൈവീകമായ ഭാവത്തിൽ ബ്രാഹ്മണൻശ്രേഷ്ഠൻ ഓടുകയും നടക്കുകയും ചെയ്യും.35 കിലോമീറ്റർ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് നഗ്നപാദനായി ഏകാന്തമായി വനത്തിലൂടെയുള്ള യാത്ര ആരെയും അമ്പരപ്പിക്കും.
ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം കൊട്ടിയൂരിൽ എത്തിച്ചേരും. ചോതി നാളിൽ ഉച്ചയ്ക്ക് തുടങ്ങിയ യാത്ര വൈകുന്നേരം ആറുമണി ആവുമ്പോഴേക്കും കൊട്ടിയൂരിൽ എത്തിച്ചേരും.
ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന ബ്രാഹ്മണ ശ്രേഷ്ഠൻ വാൾ യഥാവിധി അവകാശികളെ ഏൽപ്പിക്കുന്നു അതിനുശേഷം ഈ ബ്രാഹ്മണ ശ്രേഷ്ഠൻ ബോധരഹിതനാവുന്നു. പിന്നെ വളരെയേറെ സമയം കഴിഞ്ഞാണ് അദ്ദേഹത്തിന് ബോധം വരിക.
ഇനി മുതിരേരി ക്ഷേത്രത്തിൽ നിന്ന് വാളുമായി ബ്രാഹ്മമണ ശ്രേഷ്ഠൻ ഇറങ്ങിയാൽ പിന്നെ അവിടെ നട അടക്കുകയായി. ഈ സമയത്ത് അവിടെ ചക്ക കൊത്തൽ എന്ന ചടങ്ങ് നടക്കുന്നു. എല്ലാ ഭക്ത ജനങ്ങളും ചേർന്ന് ചക്ക മുറിച്ച് കഴിച്ച് അതിന്റ കുരു വീട്ടിലേക്ക് കൊണ്ടുപോയി പറമ്പിൽ കുഴിച്ചിടുന്നു.
അതുകഴിഞ്ഞാൽ ക്ഷേത്രം മുള്ള് വെച്ച് അടക്കും. ആദിവാസി മൂപ്പന്റെ ജോലിയാണ് മുള്ള് വെക്കുന്നത്.പിന്നീട് ആർക്കും ഇവിടെ പ്രവേശനമില്ല.പിന്നീട് വാൾ തിരിച്ചു കൊണ്ടുവരുമ്പോൾ മാത്രമേ ക്ഷേത്രം തുറക്കുകയുള്ളൂ.
ഭണ്ഡാരം എഴുന്നള്ളത് എന്ന ചടങ്ങിന്റെ തുടക്കമായി കുളങ്ങരത്ത് ഭാഗവതിയുടെ വരവ് എടുത്ത് പറയേണ്ടതുണ്ട്. അയോത്തുംചാലിലെ കലശസ്ഥാനത്ത് നിന്ന് ഭഗവതി പുറപ്പെട്ട് കൂടത്തിൽ ശ്രീധരനായർ താമസിക്കുന്ന സ്ഥലത്തുള്ള ആരൂഡ സ്ഥാനത്തിൽ പൂജകൾ അർപ്പിച്ചതിന് ശേഷം കുളങ്ങരത്ത് ക്ഷേത്രത്തിൽ വന്ന് അവിടെയും പൂജകൾ നടത്തിയതിനു ശേഷം നേരെ ഭണ്ഡാരം ഇരിക്കുന്ന കരിമ്പനക്കൽ ഗോപുരത്തിൽ എത്തുന്നു. അവിടെ നിന്ന് അവകാശികൾ ഭണ്ഡാരം സൂക്ഷിച്ച ഗോപുരത്തിന്റെ താക്കോൽ ഭഗവതിക്ക് കൈമാറുന്നു. അതിന് ശേഷം പൂജകൾ നടക്കുന്നു.

ഭണ്ഡാരത്തിന്റെ അവകാശികളിൽ ഒരാൾ ചപ്പാരം ക്ഷത്രത്തിൽ പോയി ചപ്പാരം അമ്മയുടെ വാൾ എടുക്കുന്നവരെ ക്ഷണിച്ചു കൂട്ടികൊണ്ടുവരണം. അവർ വാളുമായി ക്ഷണിതാവിന്റെ കൂടെ ഗോപുരത്തിൽ എത്തി ഭഗവതിയുടെ പൂജകൾക്ക് ശേഷം ഒന്നായി കൊട്ടിയൂരിലേക്ക് കാൽ നടയായി പുറപ്പെടുന്നു. എല്ലാ അവകാശികളും ഭണ്ഡാരം എടുക്കണമെന്നു ഉള്ളത് ഇവിടുത്തെ നിയമം ആണ്. ഭണ്ഡാരം എല്ലാവർക്കും എടുക്കാൻ ഉണ്ടാവില്ല പക്ഷേ പാത്രങ്ങളാണ് ബാക്കിയുള്ള ഓരോരുത്തരുടെ കയ്യിലും ഉണ്ടാവുക തികഞ്ഞ പോലീസ് സംരക്ഷണത്തിലാണ് ഭണ്ടാരം എഴുന്നള്ളിപ്പ് നടക്കുന്നത്.
അർദ്ധ രാത്രിയോട് കൂടി ഭണ്ഡാരവും, മുതിരേരി വാളും, ഇക്കരെ ക്ഷേത്രത്തിലെ ഭഗവാന്റെ വിഗ്രഹവും കൊട്ടിയൂർ ക്ഷേത്രത്തിലെ ആനകളും അക്കര കടക്കുകയായി. അതിനുശേഷം മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പോകാൻ സാധിക്കുകയുള്ളൂ.ഇനിയും ചടങ്ങുകൾ ബാക്കിയുണ്ട്..
തുടരും…
തയ്യാറാക്കിയത്: ശൈലജ കണ്ണൂർ✍