പ്രാക്കുഴം എന്ന ചടങ്ങ് ഉത്സവത്തിന്റ നാള് കുറിക്കുന്ന ചടങ്ങാണ്. പ്രക്കൂഴം നാളിൽ വിഘ്‌നേശ്വര പൂജയ്ക്കായുള്ള അവിൽ പാല പുല്ലാഞ്ഞോട് (കണ്ണൂർ പാല ആണ് കേട്ടോ )ഉള്ള നരിഹരപറമ്പ് ക്ഷേത്രത്തിൽ നിന്നാണ് കൊണ്ട് വരുന്നത്. ഈ ക്ഷേത്രം പണ്ടുകാലത്തു പുല്ലഞ്ചേരി ബ്രാഹ്മണരുടേത് ആയിരുന്നു എന്നും പിന്നീട് ഏതോ കാരണവശാൽ അവർ അവിടം വിട്ട് പോകുകയാണ് ഉണ്ടായത് എന്നും പറയപ്പെടുന്നു. പിന്നീട് ആണ് നാട്ടിലുള്ളവർ കൊട്ടിയൂരിലേക്ക് അവൽ കൊണ്ടുപോയി കൊണ്ടിരുന്നത്. ഇടക്കാലത്ത് ഈ അവൽ വരവ് നിന്നുപോയിരുന്നു. ഇപ്പോൾ വീണ്ടും അവൽ കൊണ്ടുപോയി തുടങ്ങി.
അവിൽ അളവ് എന്നാണ് ഈ ചടങ്ങിനെ പറയുന്നത്.
നെയ്യാട്ടത്തിന് ആവശ്യമായ നെയ്യ് കൊണ്ടു വരുന്ന സ്ഥാനികർ കൃത്യ നിഷ്ഠയോടുള്ള വൃതത്തിലിരിക്കേണ്ടതുണ്ട്. ഇതിൽ വില്ലി പാല കുറുപ്പ് എന്ന കാരണവർ സ്ഥാനികൻ വിഷു മുതൽ വൃതമനുഷ്ഠിച്ചു തുടങ്ങും.വില്ലിപാല കുറുപ്പിന് പുറമെ തമ്മെങ്ങാടാൻ നമ്പ്യാർ, കുറ്റ്യാട്ടൂർ നമ്പ്യാർ, ഇരുവനാട് നമ്പ്യാർ എന്നിവരാണ് സ്ഥാനികരിൽ പ്രമുഖർ. മറ്റുള്ള സ്ഥാനികർ പ്രക്കൂഴം മുതൽ വൃതം അനുഷ്ഠിച്ചു തുടങ്ങും.

നെയ്യമൃത് വൃതം എടുക്കാൻ അവകാശമുള്ളആർക്കും വൃതം എടുക്കാം.ഇതിൽ മണത്തണ നായന്മാർക്ക് നെയ്യ് എടുക്കാനുള്ള അവകാശം ഇല്ല എന്നുള്ളതും ഒരു പ്രത്യേകതയാണ്.
ഈ വൃതത്തിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.
ആദ്യ ഘട്ടം വീട്ടിൽ തുടങ്ങും.വൃതമെടുക്കുന്ന സ്ഥാനികരും മറ്റുള്ളവരും വീടുകളിൽ വേറെ വെപ്പ് തുടങ്ങും.
രണ്ടാം ഘട്ടം മഠങ്ങളിൽ താമസം തുടങ്ങും. അവിടെ അവർ ഭക്ഷണം ഉണ്ടാക്കി കഴിക്കും.ഓരോ പ്രദേശത്ത് ഉള്ളവർ അവിടെയുള്ള മഠത്തിൽ ആണ് വൃത ദിവസങ്ങളിൽ താമസിക്കുന്നത്.
എന്റെ വീടിനടുത്ത് ഇത് പോലുള്ള ഒരു മഠം ഉണ്ട്. അവിടെ ഞങ്ങളുടെ ദേശത്തുള്ളവർ ഈ മഠത്തിൽ ആണ് വൃത ദിവസങ്ങളിൽ താമസിക്കുക. അതുകൊണ്ട് എനിക്ക് വൃതക്കാരെ എല്ലാ ദിവസവും കാണാനും അവിടുത്തെ ചടങ്ങുകളും അറിയാൻ കഴിഞ്ഞു.
നെയ്യമൃത് വൃത നിഷ്ഠ ഉള്ളവർ ശുചീത്വം പാലിക്കേണ്ടതുണ്ട്. ഭക്ഷണത്തിലും വസ്ത്രത്തിലും. ഇവരെ മറ്റുള്ളവർ സ്പർശിക്കാൻ പാടില്ല. അതുകൊണ്ട് വൃതക്കാർ എവിടെ പോകുമ്പോഴും ഓം കാരം മുഴക്കിയാണ് പോകുക. ഈ ശബ്ദം കേട്ട് വഴിപോക്കർ മാറിനിൽക്കും.
ഈ ഓംകാര ശബ്ദത്തിന് ഞങ്ങളുടെ നാട്ടിൽ ചെനക്കുക എന്നാണ് പറയുക.
മഠത്തിൽ നിന്ന് പുറത്തൊന്നും അധികം പോകില്ല. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് നെയ്യാട്ടത്തിന് ആവശ്യമായ പശുവിന്റെ നെയ്യ് ഇവരാണ് കൊണ്ടുപോകുക.ഓരോ വൃതക്കാർക്കും ഓരോ മുരുട
(മൊന്ത ) ഉണ്ടാകും ഇത് കാട്ടിൽ നിന്നും കിട്ടുന്ന ഒരു തരം കയർ ഉപയോഗിച്ച് ഇതിന് ഉറി പോലൊരു കയറിൽ പിരിച്ചു തൂക്കി എടുക്കാൻ പറ്റുന്ന രീതിയിൽ മടഞ്ഞുണ്ടാക്കും. അതിനായിട്ടുള്ള കയർ കാട്ടിലുള്ള ഒരുതരം ചെടിയുടേതാണ് ഉപയോഗിക്കുക. അത് കൊത്താൻ (വെട്ടാൻ )പോകാൻ ഇവർ ഓംകാരം മുഴക്കി പോകും.

ചോതി നാൾ തലേ ദിവസം രാവിലെ ഭയങ്കര സദ്യ ഉണ്ടാകും നാട്ടുകാർക്കടക്കം ഉള്ള സദ്യ അവർ ഉണ്ടാക്കി വെക്കും. എന്നിട്ട് അവർ കഴിക്കും വൃതക്കാർ ഭക്ഷണം കഴിച്ച് കഴിഞ്ഞതിനു ശേഷം വെള്ള നിറത്തിലുള്ള തറ്റുടുത്തു
നെയ്യ് മുരുടയുമായി ഇറങ്ങും എന്നിട്ട് നിരന്നു നിന്ന് കിഴക്കോട്ടു നോക്കി ചെനച്ച് ഓംകാരം മുഴക്കി യാത്ര പുറപ്പെടുകയായി.കൊട്ടിയൂർ എത്തും വരെ കാൽ നാടയായെ ഓരോ വൃതക്കാരും പോകാറുള്ളു. എത്ര ദൂരത്തു നിന്ന് വരുന്നവർ ആയാലും.
ഇത് കാണാൻ നാട്ടിലുള്ള എല്ലാവരും അന്നെ ദിവസം മഠത്തിന്റെ പരിസരത്ത് ഉണ്ടാവും. അതിന് ശേഷമാണ് നാട്ടുകാർ ഭക്ഷണം കഴിക്കുക
.ഈ നെയ്യമൃത് സംഘം മണത്തണയിൽ ഒരു ദിവസം തങ്ങും.
പല ഭാഗത്തു നിന്ന് വരുന്ന നെയ്യമൃത് സംഘം ഒന്നായി കുണ്ടേൻ ക്ഷേത്രത്തിൽ താമസിക്കും.
ചോതി നാൾ രാവിലെ അവിടെ നിന്നും പുറപ്പെട്ടു കൊട്ടിയുരിലേക്ക് യാത്ര ആവും.എല്ലാ വൃതക്കാരും കാൽ നടയായി മാത്രമേ കൊട്ടിയുരിലേക്ക് പോകാറുള്ളൂ.
വൈകുന്നേരമാവുമ്പോഴേക്കും കൊട്ടിയൂരിൽ എത്തി ചേരും. അവിടെ കുറച്ച് വിശ്രമിച്ച ശേഷം രാത്രി നെയ്യാട്ടത്തിന് അക്കരെ കടക്കും.
ചോതി നാളിൽ വിളക്ക് തെളിച്ചു കഴിഞ്ഞാൽ വൈശാഖ മഹോത്സവം ആരംഭിക്കുകയായി. കുറ്റ്യാടിയിലെ ജാതിയൂർ മഠത്തിൽ നിന്നും വേടൻ വാര്യർ അക്കരെ സന്നിദാനത്തിലേക്ക് അഗ്നി എഴുന്നള്ളിക്കും. പോയ വർഷത്തെ സ്വയം ഭൂവിൽ പൊതിഞ്ഞ അഷ്ടബന്ധം നീക്കി അഗ്നി തെളിയിക്കും. അതിന് ശേഷം നെയ്യാട്ടം ആരംഭിക്കുകയായി
കാമൃത്തില്ലത്തു നമ്പൂതിരിയാണ് സ്വയംഭൂവിൽ അഗ്നി അർപ്പണം ചെയ്യുക.അതിന് ശേഷം നെയ്യാട്ടം ആരംഭിക്കുകയായി.
അടുത്ത നാൾ ഭണ്ഡാരംവരവും വാൾ വരവും വരികയായി. അതിനെ കുറിച്ച് പറയാം.
തുടരും….
ശൈലജ കണ്ണൂർ ✍