17.1 C
New York
Thursday, September 28, 2023
Home Religion വേദ വ്യാസൻ

വേദ വ്യാസൻ

ശ്രീജ മനോജ്, അമ്പലപ്പുഴ✍

“ഗുരുര്‍ ബ്രഹ്മോ, ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വര,
ഗുരു സാക്ഷാത് പരബ്രഹ്മ,
തസ്‌മൈ ശ്രീ ഗുരുവേ നമഃ “

ആഷാഢപൗര്‍ണ്ണമിയിലാണ്‌ ലോകഗുരുവായ വേദ വ്യാസന്‍റെ ജനനം. ഗുരുപൂര്‍ണ്ണിമ, വ്യാസപൂര്‍ണ്ണിമ എന്നും ഈ ദിനം അറിയപ്പെടുന്നു. ശിവരാത്രി, നവരാത്രി, ശ്രീരാമനവമി, കൃഷ്ണാഷ്ടമി എന്നീ ദിനങ്ങളെപ്പോലെതന്നെ പുണ്യദിനമാണ്‌ ഗുരുപൂര്‍ണ്ണിമയും
ഗുരുപൂർണ്ണിമ ഒരു ആഘോഷം അല്ല, അത് ജന്മാന്തര ബന്ധത്തിന്‍റെ ഓർമ്മ പുതുക്കലാണ്. നമ്മുടെ ഏതോ ജന്മത്തിൽ തുടങ്ങിയ സാധനയുടെ ഓർമ്മ പുതുക്കലാണ്. സാധകരുടെ ജന്മപുണ്യമാണ് ഗുരുപൂർണ്ണിമയ്ക്ക് പങ്കെടുക്കുക എന്നത്. ഒരു കുംഭമേള പോലെയാണ് ഇത്. ചിലർക്ക് അടുത്ത ഒരു വർഷത്തിലേയ്ക്കുള്ള ഊർജ്ജവും തീരുമാനത്തിനും ഉള്ള സമയം… മറ്റു ചിലർക്കു ജന്മാന്തര യാത്രയുടെ ബന്ധം തിരിച്ചറിയുന്ന നിമിഷങ്ങൾ. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഉദിച്ചുയരുന്ന സൂര്യന്‍റെ പ്രകാശവും ചൂടും ഭൂമിയില്‍ നിറയുന്നതു പോലെ മനുഷ്യഹൃദയം ദൈവിക അനുഗ്രഹത്തിലും സമാധാനത്തിലും നിറയുമെന്നാണ് വിശ്വാസം.
പൂര്‍ണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്.

പുരാണ ഇതിഹാസ കര്‍ത്താവായ വേദവ്യാസനെ അറിവിന്‍റെ ഗുരുവായി പ്രതിഷ്ഠിച്ചാണ് ഗുരുപൂര്‍ണ്ണിമ

വേദവ്യാസന്‍ ബ്രഹ്മ സൂത്രം എഴുതിത്തുടങ്ങിയ ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്… എന്നും പറയുന്നുണ്ട്
ഗുരു ( ഗു – അജ്ഞത, രു – തകര്‍ക്കുക) പൂര്‍ണ്ണിമ – പൗര്‍ണ്ണമി (വെളുത്തവാവ്) എന്നീ വാക്കുകളില്‍ നിന്നാണ് ഗുരുപൂര്‍ണ്ണിമയുടെ ഉല്പത്തി
എന്തായാലും അന്ധകാരത്തില്‍ നിന്നും മനുഷ്യമനസ്സിനെ മോചിപ്പിക്കാനുള്ള ഈ ദിവസത്തെ ജനങ്ങള്‍ ആഘോഷമായി കൊണ്ടാടുന്നു.

ആഷാഢമാസത്തിലെ ശുക്ലപക്ഷദശമി മുതല്‍ കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമി വരെയാണ്‌ ചാതുര്‍മാസ്യം. ഇത്‌ മഴക്കാലം കൂടിയാണ്‌. ഇക്കാലത്ത്‌ ഋഷിമാരും സന്യാസിമാരും ആശ്രമം വിട്ട്‌ പുറത്തുപോകാറില്ല. ജപ-ധ്യാനാദികളില്‍ മുഴുകിയും ശിഷ്യന്മാരെ പഠിപ്പിച്ചും സ്വാദ്ധ്യായങ്ങളിലേര്‍പ്പെടുന്നു. ഗുരുകുലവാസം നിലവിലിരുന്നകാലത്ത്‌ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഗുരുകുലത്തിലേക്ക്‌ പറഞ്ഞയച്ചിരുന്നത്‌ വ്യാസപൗര്‍ണമിയിലാണ്‌.
വേദവ്യാസന്‍ ചരിത്രപുരുഷന്‍തന്നെ. വ്യാസന്‍ ജനിച്ചത്‌ ‘മച്ചോദരി ഘട്ടം’ എന്ന ദ്വീപിലാണ്‌. ‘കല്‍പി’ എന്നും മച്ചോദരിക്ക്‌ പേരുണ്ട്‌. സരസ്വതി നദിയുടെ സംഗമസ്ഥാനത്തായിരുന്നു ഈ ദ്വീപ്‌ സ്ഥിതിചെയ്തിരുന്നത്‌. കാലാന്തരത്തില്‍ സരസ്വതി നദി വറ്റിപ്പോയി.
‘നിര്‍ണ്ണയസിന്ധു’ എന്ന ഗ്രന്ഥത്തില്‍ ആഷാഢ പൗര്‍ണ്ണമി വ്യാസജയന്തിയായി ആഘോഷിക്കപ്പെടണമെന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു.

ബ്രഹ്മാണ്ഡ പുരാണത്തില്‍ വ്യാസശിഷ്യനായ വൈശമ്പായനന്‍ തനിക്ക്‌ വ്യാസമഹിമ പറഞ്ഞുകേള്‍ക്കണമെന്ന്‌ നാരദനോട്‌ അഭ്യര്‍ത്ഥിച്ചപ്പോള്‍, നാരദന്‍ പറഞ്ഞ ഉപാഖ്യാനത്തില്‍നിന്നും ദ്വാപരയുഗത്തിന്റെ ആരംഭത്തിലെ ആഷാഢപൗര്‍ണ്ണമിയില്‍ വ്യാസഭഗവാന്‍ ജനിച്ചുവെന്ന്‌ മനസ്സിലാക്കാം.
സംസ്കൃതത്തിലെ ഏറ്റവും പ്രാചീനങ്ങളായ ഗ്രന്ഥങ്ങളില്‍ വ്യാസനെക്കുറിച്ചുള്ള വ്യക്തമായ പ്രതിപാദനങ്ങളുണ്ട്‌.

വ്യാസന്റെ ജീവിതകാലത്തെക്കുറിച്ച്‌ ചരിത്രഗവേഷകന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും വ്യാസന്റെ അസ്തിത്വത്തെ സംബന്ധിച്ച്‌ എല്ലാവരും ഏകാഭിപ്രായക്കാരാണ്‌. ഒരുകൂട്ടം ചരിത്രകാരന്മാര്‍ വ്യാസന്റെ ജീവിതകാലം ബിസി 1200നും 1100നും ഇടയ്ക്കാണെന്നും മറ്റൊരു കൂട്ടര്‍ അത്‌ 1800നും 1500നും ഇടയ്ക്കാണെന്നും രേഖപ്പെടുത്തുന്നു. ഈ അഭിപ്രായങ്ങളോട്‌ യോജിക്കാത്ത പുരാണ ഗവേഷകരുടെ നിരീക്ഷണത്തില്‍ രാമകഥാ കാലത്ത്‌ ജീവിച്ചിരുന്ന വസിഷ്ഠ മഹര്‍ഷിയുടെ പ്രപൗത്രനാണ്‌ വ്യാസന്‍. വസിഷ്ഠന്റെ മകന്‍ ശക്തി, ശക്തിയുടെ മകന്‍ പരാശരന്‍, പരാശരന്റെ മകന്‍ വ്യാസന്‍, വ്യാസന്റെ മകന്‍ ശുകൻ… ഇങ്ങനെയാണ്‌ ആ തലമുറയുടെ കിടപ്പ്.

പുരാണ ഗവേഷകനായ സുനില്‍ ചാറ്റര്‍ജിയുടെ നിഗമനം ബിസി 3102ല്‍ മഹാഭാരതയുദ്ധം നടന്നതെന്നാണ്‌. അതിനേക്കാൾ മുന്നെ വ്യാസൻ ജനിച്ചിരുന്നു മഹാപുരാണമായ ഭാഗവതം വ്യാസ കൃതിയാണല്ലോ. ഭാഗവതം, ഭഗവാന്‍ കൃഷ്ണനെ സംബന്ധിച്ച പുരാണമാണ്‌. ദ്വാപരയുഗത്തിന്‍റെ അവസാനത്തിലും കലിയുഗത്തിന്‍റെ ആരംഭത്തിലുമാണ്‌ കൃഷ്ണാവതാരം. അതാകട്ടെ, യുഗാബ്ദം 5000 കൊല്ലങ്ങള്‍ക്ക്‌ മുമ്പാണ്‌. പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ദിനാനാഥ്‌ ജോഷി കൃഷ്ണാവതാരം ബിസി 3185ല്‍ ആണെന്ന്‌ രേഖപ്പെടുത്തുന്നു. വ്യാസനും കൃഷ്ണനും സമകാലീനരായിരുന്നു. പതിനെട്ട്‌ മഹാപുരാണങ്ങളും , ഉപപുരാണങ്ങളും വ്യാസന്‍ രചിച്ചതായി വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാകണം ‘പുരാണമുനി’ എന്നൊരു പേര്‌ വ്യാസന്‌ ലഭിച്ചത്‌.

ഭഗവാന്‍ വ്യാസന്‍റെ അതിവിശിഷ്ടമായ ഒരു കൃതിയാണ്‌ ബ്രഹ്മാണ്ഡശം. പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച അനേകം സിദ്ധാന്തങ്ങള്‍ ഇതില്‍ വിശകലനം ചെയ്തിരിക്കുന്നു. വേദവ്യാസനാല്‍ രചിക്കപ്പെട്ട ഒരു ധര്‍മ്മഗ്രന്ഥമാണ്‌ വ്യാസസ്മൃതി. ഭാരതീയ സംസ്ക്കാരത്തെ അക്ഷയമായി നിലനിര്‍ത്തുകയെന്നതാണ്‌ ഈ ഗ്രന്ഥരചനകൊണ്ട്‌ വ്യാസന്‍ ലക്ഷ്യമിടുന്നത്‌. വ്യാസന്‍റെ ഒട്ടുമിക്ക കൃതികളിലും രാമകഥ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ തൃപ്തി വരാഞ്ഞതുകൊണ്ടാകണം അദ്ധ്യാത്മരാമായാണം രചിച്ചത്‌. ജീവിതലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ രാമകഥയ്ക്കുള്ള സ്വാധീനം അപാരമാണെന്ന ബോധം ഈ ഗ്രന്ഥനിര്‍മ്മാണത്തിന്‌ വ്യാസനെ പ്രേരിപ്പിച്ചിട്ടുണ്ടാകണം.
വ്യാസഭഗവാന്‍റെ ശ്രേഷ്ഠകൃതികളില്‍ ഒന്നാണ്‌ ബ്രഹ്മസൂത്രം. ഹിന്ദുധര്‍മ്മത്തിന്‍റെ മുഖ്യമായ തത്വശാസ്ത്രഗ്രന്ഥങ്ങളില്‍ ബ്രഹ്മസൂത്രം സ്ഥാനം പിടിച്ചിരിക്കുന്നു. വിശ്വപ്രസിദ്ധമായ ഈ ശാസ്ത്രഗ്രന്ഥത്തെ വിവേകമതികളായ പാശ്ചാത്യ പൗരസ്ത്യ പണ്ഡിതന്മാര്‍ ഒരുപോലെ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌.

ഭഗവാന്‍ കൃഷ്ണന്‍ പാടിയ ദേവഗീതത്തെ വ്യാസന്‍ ഗ്രന്ഥരൂപത്തിലാക്കിയതാണ്‌ ഭഗവത്ഗീത. ഭഗവത്ഗീതയിലെ മഹാവാക്യം:
സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ-
മാമേകം ശരണം വ്രജ
അഹംത്വാ സര്‍വ്വപാപേഭ്യഃ
മോക്ഷയിഷ്യാമി മാ ശുചഃ എന്നതാണെന്ന അഭിപ്രായത്തോട്‌ പണ്ഡിതലോകം വിയോജിക്കുമെന്ന്‌ തോന്നുന്നില്ല. രക്ഷിച്ചുകൊള്ളാമെന്ന്‌ ഇത്രയും ഉറപ്പുകൊടുക്കുന്ന ദേവവാണി മറ്റെങ്ങും കാണാനാവുകയില്ല.

സമകാലീനരായിരുന്ന വ്യാസനും കൃഷ്ണനും ഒത്തുകൂടിയ സന്ദര്‍ഭങ്ങളും വിരളമല്ല. കൃഷ്ണന്‍റെ മഹത്വങ്ങള്‍ പൂര്‍ണ്ണമായിട്ടും വ്യാസനറിയാമെന്നതിന്‍റെ മുഴുവന്‍ അടയാളങ്ങളും ഭാഗവതത്തിലുണ്ട്‌. സംസ്കൃത ഭാഷയിലുള്ള ഭക്തിപ്രധാനങ്ങളായ ഗ്രന്ഥങ്ങളില്‍ ഒന്നായ ഭാഗവതത്തിന്‌ അഷ്ടാദശ പുരാണങ്ങളില്‍ ഒന്നാംസ്ഥാനമുണ്ട്‌. വ്യാസന്‍റെ മഹാഭാരത മഹാതിഹാസത്തെ ജയിക്കുന്ന ഒരു കൃതി വിശ്വസാഹിത്യത്തില്‍ വേറെയില്ല.
1800ഓളം കഥാപാത്രങ്ങളുള്ള മഹാഭാരതത്തില്‍, കഥാപാത്രങ്ങള്‍ തമ്മിലുള്ള ദൃഢബന്ധത്തിന്‌ യാതൊരു പൊരുത്തക്കേടുമില്ല. കഥകളും ഉപകഥകളും സമഞ്ജസമായി ഒത്തുനില്‍ക്കുന്നു. ആശയപ്രപഞ്ചം അനര്‍ഗളം ഒഴുകുന്നു.

മഹാഭാരതം മലയാളത്തിലേക്ക്‌ പദാനുപദം വിവര്‍ത്തനം ചെയ്യുന്നതിന്‌ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‌ രണ്ടരക്കൊല്ലം മാത്രമേ വേണ്ടിവന്നുള്ളൂ. ഭാരതത്തിന്‍റെ വിശാലബുദ്ധിയുടെ ആധുനിക തെളിവാണ്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍,
നാല്‌ വേദങ്ങളിലുംകൂടി ഒരുലക്ഷം മന്ത്രങ്ങളുണ്ട്‌. വ്യാസന്‌ മുമ്പ്‌ അതെല്ലാം ക്രമദീക്ഷയില്ലാതെ ഒന്നായിക്കിടന്നിരുന്നു. വ്യാസന്‍ ആ വേദമന്ത്രങ്ങളെ പകുത്ത്‌ ചിട്ടപ്പെടുത്തി. അതിന്‌ ഇന്നുകാണും വിധമുള്ള രൂപം നല്‍കി. മാത്രമല്ല, തന്‍റെ ശിഷ്യന്മാരില്‍ പെയിലനെ ഋക്‌വേദവും ജൈമിനിയെ സാമവേദവും വൈശമ്പായനനെ യജുര്‍വേദവും സുമന്തുവെ അഥര്‍വ്വവേദവും പഠിപ്പിച്ചു.
പുരാണങ്ങള്‍ പഠിപ്പിച്ചത്‌ ലോമഹര്‍ണന്‍, ഉഗ്രശ്രവസ്സ്‌, ശ്രീ ശുകന്‍ എന്നിവരെയായിരുന്നു. ശ്രീ ശുകന്‍ വ്യാസന്‍റെ പുത്രനാണ്‌. പുരാണ പ്രചാരകന്മാരെ സൂതന്മാര്‍ എന്നാണ്‌ വിളിക്കുന്നത്‌.
പുരാണങ്ങളും വേദങ്ങളും പഠിപ്പിക്കുന്ന 35,000ഓളം ശിഷ്യന്മാര്‍ വ്യാസന്‌ ഉണ്ടെന്നാണ്‌ ഏകദേശ കണക്ക്‌.

വ്യാസന്‍ ലോകഗുരുവാണ്‌. ഈ ജഗത്തില്‍ ഇന്ന്‌ അവശേഷിച്ചിട്ടുള്ള ജ്ഞാനമെല്ലാം വ്യാസോഛിഷ്ഠമാണ്‌.

ശ്രീജ മനോജ്, അമ്പലപ്പുഴ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...

അമേരിക്കയിൽ സൗജന്യ കോവിഡ് പരിശോധനാ കിറ്റുകളുടെ വിതരണം പുനരാരംഭിക്കുന്നു, ഓരോ വീട്ടിലേയ്ക്കും നാലു കിറ്റുകൾ ഓർഡർ ചെയ്യാം.

വാഷിംഗ്ടൺ -- പുതിയ അറ്റ്-ഹോം COVID-19 ടെസ്റ്റുകൾ നിർമ്മിക്കുന്നതിന് ബൈഡൻ അഡ്മിനിസ്ട്രേഷൻ 600 മില്യൺ ഡോളർ ധനസഹായം നൽകുന്നു. കൂടാതെ അമേരിക്കക്കാർക്ക് ഓരോ വീട്ടിലും നാല് സൗജന്യ ടെസ്റ്റുകൾ വരെ ഓർഡർ ചെയ്യാൻ...
WP2Social Auto Publish Powered By : XYZScripts.com
error: