126-ാം മാരാമൺ കൺവഷന് പമ്പ മണൽപ്പുറത്ത് തുടക്കമായി.കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് കൺവെൻഷൻ നടക്കുന്നത്. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
പമ്പാ നദീതീരത്തെ മാരാമൺ മണൽപ്പുറത്ത് ഇനിയുള്ള ഏഴു ദിനങ്ങൾ വചന വിരുന്നിൻ്റെ നാളുകൾ. ലോക പ്രശസ്തമായ മാരാമൺ കൺവെൻഷന് തുടക്കമായി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ അടക്കം ആയിരക്കണക്കിന് വിശ്വാസികളാണ് കൺവെൻഷനിൽ പങ്കു ചേരുന്നത്. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. മാരാമൺ കൺവെൻഷന് നേതൃത്വം നൽകുന്ന സുവിശേഷ പ്രസംഗ സംഘത്തിൻ്റെ പ്രസിഡൻറ് ഡോ.യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാർക്കു പുറമേ എം.പിമാർ, എം എൽ എ മാർ ,വിവിധ ജനപ്രതിനിധികൾ ,സഭാ ഭാരവാഹികൾ തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
മാരാമൺ മണൽ പുറത്ത് പ്രത്യേകം തയാറാക്കിയ പന്തലിലാണ് കൺവഷൻ നടക്കുന്നത്. ഹരിത ചട്ടങ്ങൾ പാലിച്ചു നടക്കുന്ന കൺവെൻഷനിൽ വിവിധ സർക്കാർ വകുപ്പുകളും സഹകരിക്കുന്നു. കൺവെൻഷനോടനുബന്ധിച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കു മുള്ള ബൈബിൾ ക്ലാസുകൾ, യുവജന സമ്മേളനം, എക്യുമെനിക്കൽസമ്മേളനം എന്നിവയും വിവിധ ദിവസങ്ങളിൽ നടക്കും.