പുരാണ ഉപനിഷത്തുക്കൾ ആധികാരികമായി മനസ്സിലാക്കി പഠിച്ച് ആത്മീയ കാര്യങ്ങളിൽ ആധികാരിക ജ്ഞാനം നേടിയ പ്രശസ്ത പുരാണേതിഹാസ എഴുത്തുകാരനും ഉപാസകനുമായ ശ്രീ. മലയാലപ്പുഴ സുധൻ മലയാളി മനസിനുവേണ്ടി എഴുതുന്ന പരമ്പര “ഗണപതി” – പൊരുളും പരമാർത്ഥവും. ഈ ശനിയാഴ്ച മുതൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്നു.
‘ജീവിതമാണ് എന്നെ എഴുത്തിലേക്ക് നയിച്ചത്’ ഒപ്പം, മലയാലപ്പുഴ അമ്മയുടെ അനുഗ്രഹവും എന്ന് വിശ്വസിക്കുന്ന അദ്ദേഹം, മലയാലപ്പുഴയിലെ നെടുംപള്ളിൽ സ്വാമിയുടെ കൊച്ചുമോനും, നെടുംപള്ളിൽ ശ്രീധരന്റെ മകനുമായി ജനിച്ചു. സന്ധ്യാ സമയങ്ങളിൽ അച്ഛൻ വായിച്ചു വിശദീകരിച്ചു കൊടുക്കുന്ന പുരാണേതിഹാസങ്ങൾ കേട്ട് ആകൃഷ്ടനായി ഭക്തി മാർഗ്ഗത്തിലേക്ക് തിരിഞ്ഞു. അച്ഛനിൽ നിന്നും സംസ്കൃതവും അഭ്യസിച്ചു.
കേരളാ ഗവർമെന്റ് ജോയിന്റ് സ്ക്രട്ടറിയായി ജോലിയിൽ നിന്നും വിരമിച്ച ശ്രീ. മലയാലപ്പുഴ സുധൻ ഇതിനോടകം എട്ട് കവിതാസമാഹാരങ്ങളും, വയലാർക്കവിതകളുടെ അകപ്പൊരുൾ, കിളിമാനൂർ രമാകാന്തൻ കവിതകളുടെ പഠനം, ഭഗവത്ഗീത പരിഭാഷ, തിരുക്കുറൽ ഭാഷ പുരാണേതിഹാസ പഠനങ്ങൾ എന്നിവ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് താമസം.
ആത്മീയ പാത പിന്തുടരുന്നതിനോടൊപ്പം, ഒരു എഴുത്തുകാരൻ ആകണമെന്ന മോഹം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് നാരായണ ഗുരുകുലത്തിലെ മുനി നാരായണ പ്രസാദ് സ്വാമിജിയുടെ അടുത്തായിരുന്നു . സ്വാമിജിയുടെ ഉപദേശപ്രകാരം ബൈബിളും ഖുറാനും പുരാണ ഉപനിഷത്തുക്കളും ആധികാരികമായി പഠിച്ചു.
ആ അറിവിൽ നിന്നും മെനഞ്ഞെടുത്ത പുരാണ ഐതിഹാസങ്ങളിൽനിന്നുള്ള ഒരേടാണ് “ഗണപതി” – പൊരുളും പരമാർത്ഥവും എന്ന പരമ്പര.
മനുഷ്യന്റെ ഉടലും ആനയുടെ ശിരസ്സുമുള്ള ഗണപതിവിഗ്രഹത്തിൽ അന്തർലീനമായക്കിടക്കുന്ന ദാർശനിക രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഈ പരമ്പരയ്ക്കായി കാത്തിരിക്കുക …