വാർത്ത: സുനിൽ ചാക്കോ , കുമ്പഴ
പത്തനംതിട്ട : മലങ്കര ഓർത്തഡോക്‌സ് സഭയുടെ പുണ്യ പുരാതനവും ചരിത്ര പ്രസിദ്ധവുമായ മദ്ധ്യ തിരുവിതാംകൂർ ഓർത്തഡോക്‌സ് കൺവൻഷന്റെ 104-മത് സമ്മേളനം സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി. ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. വി. മൂന്നിന്മേൽ കുർബാനക്ക് ശേഷം മാക്കാംകുന്ന് കത്തീഡ്രലിൽ ആണ് ഉദ്ഘാടന കർമം നിർവഹിച്ചത് . ‘നീ എന്നെ അനുഗ്രഹിച്ചതല്ലാതെ, ഞാൻ നിന്നെ വിടുകയില്ല ‘ എന്ന ബൈബിൾ വാക്യമാണ് ഈ വർഷത്തെ ചിന്താ വിഷയം.
‘മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വിരിയുന്നതാകണം കൺവെൻഷനുകൾ. ക്യാമെറക്കു മുന്നിൽ മാത്രം പുഞ്ചിരിക്കുന്ന മുഖം നഷ്ടപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കൺവെൻഷൻ കൊണ്ട് നമുക്ക് സാധിക്കണം’ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ തിരുമേനി ഓർമിപ്പിച്ചു. വികാരി ഫാ. കെ ജി മാത്യു അധ്യക്ഷത വഹിച്ചു. വീണ ജോർജ് എം എൽ എ, യാക്കോബ് റമ്പാൻ കോർ എപ്പിസ്കോപ്പ, നഥാനിയേൽ റമ്പാൻ, അസിസ്റ്റന്റ് വികാരി ഫാ റ്റിബിൻ ജോൺ എന്നിവർ പ്രസംഗിച്ചു.
ഇന്ന് കൺവെൻഷന്റെ പ്രധാന ദിവസമായ മൂന്നു നോമ്പിന്റെ നാടുനോമ്പു ദിവസമാണ്. രാവിലെ 9.30 ന് ഗാന ശുശ്രൂഷക്കു ശേഷം കുര്യാക്കോസ് മാർ ക്‌ളീമിസ് ന്റെ അനുഗ്രഹ പ്രഭാഷണം. 10.30 ന് ഡോ വർഗീസ് വർഗീസ് പ്രധാന സുവിശേഷ പ്രഘോഷണം നടത്തും. 12 ന് ഉച്ച നമസ്കാരം. വൈകിട്ട് 6 ന് സന്ധ്യാ നമസ്കാരം. തുടർന്ന് ഗാനശുശ്രൂഷക്കു ശേഷം 7 ന് ഫാ. ജോജി കെ ജോയിയുടെ സുവിശേഷ പ്രസംഗംത്തോടെ നാളത്തെ യോഗം അവസാനിക്കും.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഈ വർഷത്തെ മാക്കാംകുന്ന് കൺവെൻഷൻ നടത്തുന്നത്. 28 നാണ് സമാപിക്കുന്നത്.