വീണ്ടും വരുന്ന യേശു ക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹ വന്ദനം.
മലയാളി മനസ്സിന്റെ സ്നേഹമുള്ള പ്രിയപ്പെട്ട കുടുംബാംഗങ്ങളെ എല്ലാവർക്കും നല്ലോരു ശുഭദിനംനേരുന്നു.സ്നേഹത്തിന്റെയും, സമൃദ്ധിയുടെയും, സമാധാനത്തിന്റെയും ദിവസങ്ങളായിരിക്കട്ടെ ഇനിയുള്ള നാളുകൾ.
വീണ്ടും ദൈവ വചനവുമായി മലയാളി മനസ്സ് കുടുംബത്തിലേയ്ക്ക് വരുവാൻ സാധിച്ചതിനു യേശുവിന് നന്ദി. നിങ്ങൾ ബുദ്ധിയുള്ള പരിശുദ്ധാത്മാവിന്റെ ഉപദേശം തേടുന്നെങ്കിൽ ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അവസരങ്ങളും ജീവിതത്തിൽ വർദ്ധിക്കുന്നു.
പിന്മാറ്റവും വിശ്വാസവും
———————-
1യോഹന്നാൻ 5-19
“ദൈവത്തിൽ നിന്ന് ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു,ദുഷ്ടൻ അവനെ തൊടുന്നതുമില്ല,നാം ദൈവത്തിൽ നിന്നുള്ളവരെന്ന് നാം അറിയുന്നു.സർവ്വ ലോകവും ദൈവത്തിന്റെ അധീനതയിൽ കിടക്കുന്നു.ദൈവപുത്രൻ വന്നുവെന്നും സത്യ ദൈവത്തെ അറിയുവാൻ വിവേകം തന്നുവെന്നും നാം അറിയുന്നു.നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശു ക്രിസ്തുവിൽ തന്നെയാകുന്നു.*
മരുഭൂമിയിലൂടെ തന്റെ കല്പനകൾ അനുസരിച്ചു അനുഗമിക്കുന്ന ജനങ്ങളിൽ നിന്നും ദൈവം പൂർണ്ണമായ സമർപ്പണം ആഗ്രഹിക്കുന്നു. ഇസ്രായേല്യർ രാവും പകലും ദൈവത്തെ അനുസരിച്ചു ദൈവത്തെ പിന്തുടരാൻ പറയുമ്പോളും ദൈവം ആഗ്രഹിക്കുന്നത് സ്നേഹം മാത്രമാണ്.ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ദൈവത്തെ തള്ളിപ്പറയാതെ കൂടെ നില്ക്കുന്ന വിശ്വാസം.താഴ്മയോടെ തന്നെ അനുഗമിക്കുന്നവരെ നയിക്കുവാൻ ദൈവം സ്നേഹവാനും വിശ്വസ്ഥനുമാണെന്ന് വചനം ഉറപ്പിക്കുന്നു.
എബ്രായർ 10-26,27
“സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനപ്പൂർവം പാപം ചെയ്താൽ പാപങ്ങൾക്ക് വേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിക്കാനുള്ള ക്രോധാഗ്നിയുമേയുള്ളു.”
വലിയ അന്ധകാരത്തിൽ പെട്ടെന്നു വെളിച്ചം വരുമ്പോൾ എല്ലായിടവും പ്രകാശിക്കുംപോലെ ദൈവം തന്റെ വെളിച്ചത്തിന്റെ രശ്മികൾ മനുഷ്യന്റെ ഹൃദയത്തിൽ പ്രകാശിപ്പിക്കുന്നു. സത്യത്തിന്റെ പരിജ്ഞാനം ലഭിച്ച ശേഷവും വീണ്ടും അന്ധകാര വഴിയിലേക്ക് പോകുമ്പോൾ ആത്മീകമായ ഉറക്കത്തിലേയ്ക്ക് നിർവികാരന്മാരായി മാറും.
കർത്താവിനോടുള്ള സ്നേഹം കുറയുകയും ലോകത്തോടുള്ള നമ്മുടെ സ്നേഹം വർദ്ധിയ്ക്കുകയും ചെയ്യുമ്പോൾ ആത്മീകമായ ഉറക്കം നമ്മെ ബാധിക്കും. അങ്ങനെ ഇരുട്ടിന്റെ പ്രവർത്തികളെ ചെയ്തു ലോകത്തിലുള്ളവരോട് സദ്യശ്യരാകുന്നു. നമ്മോടുള്ള കർത്താവായ യേശുവിന്റെ സ്നേഹത്തിൽ വസിക്കുന്നതിലൂടെ ഈ അവസ്ഥയിലേയ്ക്ക് വീഴുന്നതിൽ നിന്ന് നമ്മുക്ക് സ്വയം രക്ഷിക്കുന്നതിനു സാധിക്കുന്നു
എബ്രായർ 11-6
“എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നതല്ല, ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.”
ഒരു വിശ്വാസമുള്ള വ്യക്തി അവരുടെ ജീവിതത്തെ ക്രമീകരിക്കുന്നത് ഭയത്തിലല്ല ദൈവാശ്രയത്തിലാണ്.ഇപ്പോഴത്തെ ജീവിത സാഹചര്യം പ്രശ്നങ്ങൾ നിറഞ്ഞു കുഴഞ്ഞു മറിഞ്ഞതാണെന്ന് തോന്നിയാലും എല്ലാം ദൈവത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലും, സാന്നിധ്യത്തിലുമാണെന്ന് വിശ്വസിക്കുന്നു. എന്റെ ചിന്തകളോ,തോന്നലുകളോ വകവെയ്ക്കാതെ എന്റെയുള്ളിൽ ഇരിക്കുന്ന ദൈവ തേജസ്സിന് അതിനെയൊക്കെ മറികടന്നു അത്ഭുതം പ്രവർത്തിക്കുവാൻ കഴിയുമെന്നും സ്നേഹവാനായ ദൈവത്തിന് ഞാൻ വിലപ്പെട്ട വ്യക്തിയാണെന്നും വിശ്വസിക്കുക അപ്പോൾ മാത്രമേ പിന്മാറ്റ അവസ്ഥയിലേയ്ക്കും,കുറ്റപ്പെടുത്തലുകളിലും പോകാതെയിരിയ്ക്കുവാൻ സാധിക്കു.
1യോഹന്നാൻ 4-4
“കുഞ്ഞുങ്ങളെ നിങ്ങൾ ദൈവത്തിൽ നിന്നുള്ളവർ ആകുന്നു,അവരെ ജയിച്ചുമിരിക്കുന്നു,നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ”
നിരാശയും നഷ്ടവും കുറ്റപ്പെടുത്തലുകളും നമ്മുടെ ജീവിതങ്ങളെ ഉലയ്ക്കുമ്പോൾ യേശു എപ്പോളും നമ്മുടെ കൂടെയുണ്ടോന്ന് സംശയിക്കാം അതിനു ബൈബിളിൽ ഉത്തരം അതേന്ന് തന്നെയാണ്.ലോകത്തിൽ പിശാച് ആരെ വീഴ്ത്തേണ്ടതെന്ന് നോക്കി ഉടാടി നടക്കുന്നു.മനസ്സിൽ പലവിധ ചോദ്യങ്ങൾ കൊണ്ടിട്ടു പിന്മാറ്റ അവസ്ഥയിലേയ്ക്ക് കൊണ്ടുപോകും.എന്നാൽ ഇരുവായ്തലയുള്ള വചനം നമ്മെ ഉറപ്പിക്കും.
റോമർ 8-38,39
“മരണത്തിനോ,ജീവനോ, വാഴ്ചകൾക്കോ, അധികാരങ്ങൾക്കോ, ദൂതന്മാർക്കോ, ഇപ്പോളുള്ളതിനോ,വരുവാനുള്ളതിനോ, ഉയരത്തിനോ, ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിയ്ക്കോ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിലുള്ള ദൈവ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിയാൻ കഴിയുകയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു”
പഴയ നിയമത്തിലും പുതിയ നിയമത്തിലുമായി ഏകദേശം മുപ്പത്തിമൂവായിരം വാഗ്ദത്ത വചനങ്ങൾ ദൈവം തന്നിട്ടുണ്ട്.വചനമാകുന്ന ഗുപ്ത നിധികളെ വാ കൊണ്ട് ഏറ്റു പറഞ്ഞു ഇതൊക്കെ ഭൂമിയിൽ വെച്ചുതന്നെ നേടിയെടുക്കാം.യേശു ആർക്കും കടക്കാരനല്ല തന്നെ വിളിച്ചാപേഷിക്കുന്ന ഏവർക്കും സമീപസ്ഥനാണ്.എന്നും ശുദ്ധ ഹൃദയത്തോടെ ദൈവ സന്നിധിയിലായിരിക്കാം.എല്ലാവരെയും ആയുസ്സും ആരോഗ്യത്തോടെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ.
പ്രീതി രാധാകൃഷ്ണൻ