സുനിൽ ചാക്കോ, കുമ്പഴ
ശബരിമല: ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശരണം വിളികൾ ഉയരവെ പൊന്നമ്പല മേട്ടിൽ മകര വിളക്ക് തെളിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ശബരിമല മകരവിളക്ക് ഉത്സവത്തിലാണ് മകരവിളക്ക് തെളിഞ്ഞത്. വൈകിട്ട് 6:42ന് ദീപാരാധനക്ക് ശേഷം നടതുറന്നപ്പോഴാണ് പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞത്. ഇത്തവണ ഓൺലൈനായി രജിസ്റ്റർ ചെയ്ത 5000 പേർക്ക് മാത്രമേ സന്നിധാനത്തേക്ക് മകര വിളക്ക് ദർശനത്തിന് കടത്തി വിട്ടുള്ളൂ. സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂന്ന് തവണ ജ്യോതി തെളിഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പൂർണ്ണമായും ഇത്തവണ മകരവിളക്ക് ഉത്സവത്തിന് ശബരിമല ഒരുങ്ങിയത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണം ഇന്ന് വൈകിട്ട് ആറരയോടെ അയ്യപ്പസന്നിധിയിൽ എത്തി.പന്തളത്തുനിന്നെത്തിയ തിരുവാഭരണ വാഹക സംഘത്തെ ശരം കുത്തിയില്‍ വെച്ച് തന്ത്രി നിയോഗിച്ച സംഘമാണ് സ്വീകരിച്ചത്. തുടര്‍ന്ന് അവിടെനിന്ന് ആനയിച്ച് സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ വെച്ച് തിരുവാഭരണ പേടകം പതിനെട്ടാംപടിക്ക് മുകളിൽ വച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു, മെമ്പർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് എറ്റുവാങ്ങി.
തിരുവാഭരണം കണ്ഠര് രാജീവരും മേൽശാന്തി വി കെ ജയരാജ് പോറ്റിയും ഏറ്റുവാങ്ങി ശബരീശ വിഗ്രഹത്തിൽ ചാർത്തി. മഹാ ദീപാരാധനക്ക് ശേഷം നടതുറന്ന് 6:42 ന് മകരജ്യോതി തെളിഞ്ഞു. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് 5000 പേർക്ക് മാത്രം അനുമതി നൽകി പങ്കെടുക്കുന്ന മകരവിളക്ക് പൂജ നടന്നത്. അതുകൊണ്ട് അവിടെ എത്താനായ ഭക്തർക്ക് തിക്കി തിരക്കാതെ തന്നെ ഇത്തവണ മകരജ്യോതി ഭക്തി സാന്ദ്രമായി കാണാനായതും സായൂജ്യം തന്നെ. പത്തനംതിട്ടയിൽ നിന്നും സഹകരണ രെജിസ്ടാറായി സ്ഥാനം മാറി പോകുന്ന കളക്ടർ പിബി നൂഹുവും മകരജ്യോതി തെളിഞ്ഞ സമയത്ത് ശബരിമല സന്നിധാനത്ത് ഉണ്ടായിരുന്നു.