17.1 C
New York
Monday, September 27, 2021
Home Religion നമ്മുടെ ക്ഷേത്രകലകൾ..

നമ്മുടെ ക്ഷേത്രകലകൾ..

✍ശൈലജ കണ്ണൂർ

പഴയകാലത്തെ വീരൻമാരെയും പോരാളികളെ പറ്റിയും കേട്ട് വളർന്ന ബാല്യം. ഒരുപാട് ക്ഷേത്രങ്ങളുടെ കലവറ തന്നെയാണ് കണ്ണൂർ ജില്ല. ചരിത്രതാളുകളിലെ വീര പഴശ്ശിയുടെ നാടും കണ്ണൂർ ജില്ലയിലെ കോട്ടയം തന്നെ.പഴശ്ശിരാജാവിന്റെ സർവ്വാധി കാരിയായിരുന്ന കണ്ണവം ശങ്കരൻ നമ്പ്യാരെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാവും.കണ്ണവം എന്ന ഗ്രാമം മുഴുവൻ ശങ്കരൻ നമ്പ്യാരുടെ കണ്ണവത്ത് കുടുംബത്തിന്റെതായിരുന്നു. ഈ കണ്ണവത്തിനടുത്ത് തൊടീക്കളം എന്ന ശിവക്ഷേത്രം ഉണ്ട്.

പഴശ്ശിയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു തൊടീക്കളം ക്ഷേത്രവും പരിസരവും. ചുറ്റുപാടും കാടുകളും വന്മരങ്ങളും ഉള്ളത് കൊണ്ട് തന്നെ പഴശ്ശിക്ക് ഒളിച്ചിരുന്ന് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാനുള്ള തന്ത്രങ്ങൾ മെനയാനുള്ള സൗകര്യവും ഇവിടെ കൂടുതലായുണ്ട്. തൊടീക്കളം ക്ഷേത്രത്തിൽ സ്ഥാനം ഉറപ്പിച്ചായിരുന്നു പഴശ്ശി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത്.
അതുകൊണ്ട് തന്നെ ചരിത്രത്തിൽ ഇന്നും തൊടീക്കളം ക്ഷേത്രത്തിനു വലിയൊരു സ്ഥാനമുണ്ട്. ഈ ക്ഷേത്രവും ക്ഷേത്രത്തിലെ ചിത്രകലയും എന്നും ചരിത്രത്താളു കളിൽ അടയാളപ്പെടുത്തീട്ടുണ്ട്.


ഓരോ ക്ഷേത്രവും ക്ഷേത്രകലകളും അന്നത്തെ കാലത്തെ കരവിരുതിന്റെ മേന്മകൾ വിളിച്ചോതുന്നവയാണ്.
നൂറ്റാണ്ടിന്റെ കഥ പറയുന്ന തൊടീക്കളം ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങൾ എത്ര വർണ്ണിച്ചാലും മതിയാകില്ല. ഈ ചുവർ ചിത്രങ്ങൾക്കുമുണ്ട് ഒരുപാട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഐതിഹ്യങ്ങളുടെ കഥ പറയാൻ.

തമിഴ് നാട്ടിലെ മായാവരം സ്വദേശിയായ സമ്പന്നനായ ഒരു ബ്രാഹ്മണൻ. അദ്ദേഹത്തിന് ഒരേയൊരു പുത്രൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ പുത്രന് 16 വയസ്സുവരെയേ ആയുസ്സുള്ളൂ എന്ന് ജ്യോൽസ്സർ വിധി എഴുതി. ഇത് കേട്ട ബ്രാഹ്മണൻ വളരെ ദുഃഖിതനായി.എന്താണ് ഇതിനൊരു പ്രശ്നപരിഹാരം എന്നാലോചിച്ചപ്പോഴാണ് അറിയുന്നത് വടക്കൻ ക്ഷേത്രങ്ങളിലെ ശിവക്ഷേത്രത്തിൽ കുടുംബ സമേതം ഭജനമിരുന്നു പ്രാർത്ഥിച്ചാൽ മതിയാകും എന്നത്.അങ്ങനെ അദ്ദേഹം കുടുംബ സമേതം കാട് പിടിച്ചു കിടന്ന തൊടീക്കളം ശിവക്ഷേത്രത്തിൽ എത്തി ഭജനം തുടങ്ങി.

കുട്ടിക്ക് 16 വയസ്സ് തികയുന്ന നാൾ ഒരു വലിയ പാമ്പ് കുട്ടിയെ കൊത്താൻ വന്നു ആ പാമ്പിനെ ശിവ വിഗ്രഹത്തിൽ നിന്നും വന്ന ചെറിയ പാമ്പ് കൊത്തി കൊന്നു കുട്ടിയെ രക്ഷിച്ചു എന്നും, ഇതിന് പ്രത്യുപകാരമായി ക്ഷേത്രത്തിനു ചുറ്റുമുള്ള ഏക്കർ കണക്കിന് ഭൂമി വില കൊടുത്തു വാങ്ങി ക്ഷേത്രത്തിനു നൽകുകയും അതിന് ശേഷം തമിഴ് നാട്ടിലെ ചിത്രകാരന്മാരെ കൊണ്ടുവന്നു ക്ഷേത്ര ചുമരുകളിൽ ചിത്രങ്ങൾ വരപ്പിച്ചതാണെന്നും പറയപ്പെടുന്നു.

ഈ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങൾ ഓരോന്നും തമിഴ് നാടിനെ അനുസ്മരിപ്പിക്കും വിധം തന്നെയാണ് ഉള്ളത്.
ശ്രീകോവിലിന്റെ ചുമരുകളിൽ 150 ൽ ഏറെ ചിത്രങ്ങൾ വരച്ചു ചേർക്കപ്പെട്ടിട്ടുണ്ട്. ചിത്രങ്ങൾ മുഖ്യമായും ശൈവ വൈഷ്ണവ കഥകൾ ദ്രാവിഡ ശൈലിയിൽ ആണ് ചിത്രകാരന്മാർ വരച്ചു ചേർത്തിട്ടുള്ളത്.

കിഴക്കു വശത്തെ ചുമരിൽ ശ്രീപോർക്കലിയുടെയും, ശിവന്റെയും, മൃദംഗ ശൈലേശ്വരിയുടെയും, നടരാജന്റെയും, ആഘോരശിവൻ, മോഹിനി എന്നിവരുടെ ചിത്രങ്ങൾ വളരെ ഭംഗിയായി വരച്ചിട്ടുണ്ട്. തെക്ക് ഭാഗത്ത്‌ മുകളിലും, നടുക്കും താഴെയുമായി പത്തൊമ്പത് ചിത്രങ്ങളിൽ രുക്‌മിണി സ്വയം വരം കുണ്ഡിത രാജാവായ ഭീഷ്മകൻ, ഭാര്യ, കൃഷ്ണൻ, ബലഭദ്രൻ,രുക്മിണിയുടെ പ്രേമാഭ്യർത്ഥന കൃഷ്ണനെ അറിയിക്കുന്ന ദൂതൻ, കാർത്യായനി ക്ഷേത്രത്തിൽ തൊഴാൻ പോകുന്ന രുക്മിണിയേ തേരിൽ കയറ്റി രാജധാനിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന കൃഷ്ണൻ, രുക്മിണി സ്വയംവരം, സ്വയംവരാനന്തരം സിംഹാസനത്തിലിരിക്കുന്ന കൃഷ്ണനും രുക്മിണിയും, ഇതിന് പുറമെ പാർവ്വതിയുടെ മടിയിലിരിക്കുന്ന ഗണപതി, നാരായം കൊണ്ട് പുസ്തക രചന നടത്തുന്ന ശൈവ സരസ്വതി, ഗണപതി പൂജ, ശങ്കരാചാര്യർ നടത്തുന്ന സംവാദം എന്നിവയാണ് തെക്കുഭാഗത്ത് ഉള്ളത്.

നായാട്ട് നടത്തുന്ന ശാസ്താവ്, രാമരാവണ യുദ്ധം, അശോകവൃക്ഷത്തിന്റെ ചുവട്ടിലെ സീത, രാവണനും ഹനുമാനും, കുംഭകർണ്ണനെ ഉണർത്തുന്നതും, സീതയുടെ അഗ്നി പരീക്ഷണവും എല്ലാം പടിഞ്ഞാറേ ഭീത്തിയിലെ ചിത്രങ്ങളാണ്.

പാഞ്ചാലി സ്വയംവരം, യുദ്ധോൽസുകയായ ദുർഗ്ഗ വടക്കേ ഭിത്തിയിലും, ശിവൻ, വിഷ്ണു, കൃഷ്ണൻ എന്നിങ്ങനെ ധ്യാനമൂർത്തീകളുടെ ചിത്രങ്ങൾ കിഴക്ക് ഇടതു വശത്തായും ഉണ്ട്. ഇതിന്റ സമീപത്തായി സിംഹാസനത്തിലിരിക്കുന്ന രാജാവിന്റെ ചിത്രവുമുണ്ട്. ഇത് ആക്കാലത്ത് കോട്ടയം ഭരിച്ച രാജാവിന്റേതാണെന്നാണ് അനുമാനം. ആനപ്പടയും, കുതിരപ്പടയും സൈനികരുടെ വരയൻ കുപ്പായവും, തലപ്പാവും, ചെണ്ട കൊട്ടുന്ന വാനരൻമാരെയും ചിത്രത്തിൽ ഭംഗിയായി വരച്ചിട്ടുണ്ട്.

പുരാണേതിഹാസങ്ങൾ അപ്പാടെ വരച്ചു ചേർത്ത ഒരു ക്ഷേത്രം ചുമർ ചിത്രങ്ങൾഒരുപക്ഷെ ഇവിടെ മാത്രമേ ഉള്ളൂ എന്നെനിക്ക് തോന്നുന്നു. ഒരു കാലത്ത് അനാഥമായി നശിച്ചു കൊണ്ടിരുന്ന തൊടീക്കളം ക്ഷേത്ര ചുമർ ചിത്രങ്ങൾ കെ. കെ മാരാറാണ് ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പിന്നീട് ക്ഷേത്രം പുരാതന വകുപ്പ് ഏറ്റെടുത്തു ചുമർ ചിത്രങ്ങളെ സംരക്ഷിച്ചു പുനരുദ്ധരിച്ചു കൊണ്ടുവന്നു. ഇപ്പോൾ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും അടയാളമായി ഇന്നും ഈ ക്ഷേത്രം തലയെടുപ്പോടെ നിലനിൽക്കുന്നുണ്ട്. മനോഹരമായ കല്പടവുകളൊടുകൂടിയ ഒരു വലിയ കുളവും ക്ഷേത്രമുറ്റത്തുണ്ട്..


തൊടീക്കളം ക്ഷേത്രത്തിലെ നിത്യസന്ദർശകയായിരുന്നു ഞാൻ..
ചരിത്രമുറങ്ങുന്ന ഈ നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു..
നന്ദി
ശൈലജ കണ്ണൂർ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: