കാഞ്ചീപുരം B.C.രണ്ടാംനൂറ്റാണ്ടുമുതൽ ചോഴന്മാരുടെ തലസ്ഥാനനഗരി എന്നനിലയിൽ പ്രസിദ്ധമാണ്. A.D.ആറാം നൂറ്റാണ്ടുമുതൽ ഒമ്പതാംനൂറ്റാണ്ടുവരെ പല്ലവരാജാക്കന്മാരുടെ തലസ്ഥാനനഗരിയായിരുന്നു.കാഞ്ചീപുരത്ത് ഇന്നുകാണുന്ന ക്ഷേത്രങ്ങളും ശില്പങ്ങളുമെല്ലാം പല്ലവകാലത്തെ സംഭാവനകളാണ്.
മദ്രാസിൽ നിന്ന് 75 കിലോമീറ്റർ പടിഞ്ഞാട്ടുമാറി പാലാർ നദിയുടെ കരയിലാണ് കാഞ്ചീപുരം എന്ന പട്ടണം.
കാഞ്ചീപുരം എന്നു കേട്ടാൽ ആദ്യം ഓർമ്മയിൽ വരുന്നത് കാഞ്ചീപുരം സിൽക്ക് സാരിയാണെങ്കിലും അവിടത്തെ ക്ഷേത്രങ്ങളും ഗോപുരങ്ങളും ശില്പങ്ങളും നമ്മുടെ അത്ഭുതമായി മാറണമെങ്കിൽ അത് നേരിൽ കാണുക തന്നെ വേണം.
കാഞ്ചീപുരത്തെ സമർത്ഥരായ നെയ്ത്തുകാരെ ചൈന വാടകക്കെടുത്തതായും തുടർന്ന് കാഞ്ചീപുരം സാരികളെ വെല്ലുന്ന കാഞ്ചീപുരംസാരികൾ ചൈനയിൽനിന്ന് ഇന്ത്യൻ മാർക്കറ്റിൽ എത്തിയതായും വാർത്തയുണ്ടായിരുന്നത് ഓർക്കുന്നു.
കാഞ്ചീപുരം എന്ന അതിപ്രശസ്തമായ ക്ഷേത്രനഗരത്തിലേയ്ക്കു തന്നെ തിരിച്ചു വരാം. പല്ലവരാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്ന ഈ നഗരം കാഞ്ചി, കാഞ്ചിയാമ്പതി, കോഞ്ജീവരം എന്നീ പേരുകളിലും “ആയിരം ക്ഷേത്രങ്ങളുടെ നഗരം” എന്നപേരിലും അറിയപ്പെടുന്നു. ഇപ്പോൾ ഇത് കാഞ്ചീപുരം ജില്ലയുടെ ഭരണകേന്ദ്രമാണ് .
ഇന്ത്യയിലെ ഏഴ് വിശുദ്ധ നഗരങ്ങളിൽ ഒന്നായി കാഞ്ചീപുരം കരുതപ്പെടുന്നു . അയോധ്യ , മഥുര , ഹരിദ്വാർ , വാരണാസി , അവന്തിക , ദ്വാരക , കാഞ്ചീപുരം എന്നിങ്ങനെ ഏഴു നഗരങ്ങളെ മോക്ഷദാതാക്കളായി ഗരുഡപുരാണം വിവരിക്കുന്നു .
കാഞ്ചീപുരത്തെ പ്രധാനഹിന്ദുക്ഷേത്രങ്ങളിൽ വിഷ്ണുക്ഷേത്രങ്ങളും ശിവക്ഷേത്രങ്ങളും വിഷ്ണുവിനുള്ള വരദരാജപെരുമാൾ ക്ഷേത്രവും ഏകാംബരനാഥക്ഷേത്രവും ഉൾപ്പെടുന്നു . കാമാക്ഷിയമ്മൻക്ഷേത്രം , കുമാരകോട്ടം, കചപേശ്വരർ ക്ഷേത്രം, കൈലാസനാഥർ ക്ഷേത്രം എന്നിവയാണ് മറ്റ് പ്രധാന ക്ഷേത്രങ്ങൾ.
ആൾവാർ സന്യാസിമാരുടെ ആദ്യകാല- മധ്യകാല- തമിഴ്സാഹിത്യത്തിലെ ദിവ്യപ്രബന്ധത്തിൽ പ്രകീർത്തിക്കപ്പെട്ടതും വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നതും ആയ ക്ഷേത്രങ്ങളാണ് കാഞ്ചീപുരത്തുള്ളത്.
7- 8 നൂറ്റാണ്ടുകളിൽ ശൈവസന്യാസിമാർ ആയ സുന്ദരർ , തിരുജ്ഞാനസംബന്ധർ എന്നിവരുടെ തേവാരപ്പാടലുകളിൽ ഇവിടെയുള്ള ശിവക്ഷേത്രങ്ങളെയും വർണ്ണിച്ചിട്ടുണ്ട്.
കാഞ്ചീപുരത്തെ ഏറ്റവുംപ്രധാനപ്പെട്ട ആരാധനാലയം കാമാക്ഷിദേവിയുടെ ക്ഷേത്രമാണ് . കാഞ്ചീപുരം അറിയപ്പെടുന്നതു തന്നെ കാഞ്ചീകാമാക്ഷിഅമ്മന്റെ പേരിലാണ്.
അരുൾമിക് കാമാക്ഷിയമ്മൻ തിരുകോയിൽ പല്ലവരാജവംശകാലത്താണ് നിർമ്മിക്കപ്പെട്ടത്.
ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ കാമാക്ഷിദേവി നാലുതൃക്കൈകളോടുകൂടി പദ്മാസനരൂപത്തിലാണ് ഇരിക്കുന്നത്. ദേവിയുടെ താഴത്തെ കൈകളിൽ പൂച്ചെണ്ടും കരിമ്പും ഉണ്ട്. ഉയർത്തിപ്പിടിച്ച കൈകളിൽ പാശവും അങ്കുശവുമാണ് ഉള്ളത്. കൈയിലെ പൂച്ചെണ്ടിന്നോടൊപ്പം ഒരു തത്തയേയും കാണാറുണ്ട്.
പാർവ്വതിദേവി പ്രധാനപ്രതിഷ്ഠയായുള്ള ഒരേയൊരു ക്ഷേത്രം കാമാക്ഷിയമ്മൻ കോവിലാണെന്നുള്ളത് ഒരു പ്രത്യേകതയാണ്. ശിവനെ പതിയായിലഭിക്കുവാൻ പാർവ്വതിദേവി ഇവിടത്തെ ഒരു മാവിൻചുവട്ടിൽ മണൽകൊണ്ട് ശിവലിംഗം ഉണ്ടാക്കി ആരാധിച്ചിരുന്നു എന്നാണ് വിശ്വാസം.
ഇവിടെയുള്ള വരദരാജപ്പെരുമാൾ ക്ഷേത്രത്തിലെ പ്രധാനവഴിപാട് ഇഡ്ഡലി നിവേദ്യമാണ്. കന്യകമാർക്ക് വിവാഹതടസ്സം മാറാനും യുവതീയുവാക്കൾക്ക് പരീക്ഷാവിജയം നേടാനും ഈ വഴിപാട് തുടർന്നുവരുന്നു. പഴനിയിലെ പഞ്ചാമൃതം പുറത്തെ കടകളിൽ കിട്ടുന്നതുപോലെ കാഞ്ചീപുരത്തെ ഇഡ്ഡലിനിവേദ്യം പുറത്തെ കടകളിൽ കിട്ടും. ഇതിന്റെ പ്രത്യേകത ഇതിൽ കുരുമുളകും ഇഞ്ചിയും ചേർക്കുന്നു എന്നതാണ്
കാഞ്ചീപുരം സന്ദർശിക്കുന്നവർ കാഞ്ചി കാമകോടിപീഠം എന്ന സ്ഥാപനം ഒഴിവാക്കാറില്ല.
ഇവിടത്തെ മഠപാരമ്പര്യത്തിന്റെ സ്ഥാപകൻ ആദിശങ്കരനാണെന്ന് പറയപ്പെടുന്നു, എന്നാൽ ഇതും മഠത്തിന്റെ പിന്തുടർച്ചാ പട്ടികയുടെവിശ്വാസ്യതയും തമ്മിൽ വിയോജിക്കുന്നു . ശൃംഗേരിമഠത്തിന്റെ ശാഖയായി 1821-ൽ കുംഭകോണം മഠം എന്ന പേരിൽ കാഞ്ചിമഠം സ്ഥാപിക്കപ്പെട്ടു , പിന്നീട് കാഞ്ചീപുരത്തെ കാമാക്ഷിക്ഷേത്രവുമായി അതു ബന്ധപ്പെട്ടു. ശ്രീകാഞ്ചി ഗണിതപാരമ്പര്യമനുസരിച്ച്, പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യുദ്ധമുണ്ടായപ്പോൾ മഠം തെക്ക് കുംഭകോണത്തേക്ക് മാറ്റുകയും 19-ആം നൂറ്റാണ്ടിൽ കാഞ്ചീപുരത്തേക്ക് തന്നെ തിരിച്ചുകൊണ്ടുവരികയും ചെയ്തു എന്നും വിശ്വസിക്കുന്നവരുണ്ട്
മഠം ഒരു ജീവിക്കുന്ന പാരമ്പര്യമാണ്. അത് സമകാലികകാലത്ത് ആത്മീയ പാണ്ഡിത്യം പിന്തുടരുന്നു. മഠത്തിന്റെ തലവനെ “ശങ്കരാചാര്യൻ” എന്ന് വിളിക്കുന്നു. 2018 ഫെബ്രുവരി മുതൽ ഈ സ്ഥാപനം വിജയേന്ദ്രസരസ്വതി ശങ്കരാചാര്യസ്വാമികളുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത് .
കാഞ്ചിപുരം പുണ്യക്ഷേത്രങ്ങൾക്കും മതസ്ഥാപനങ്ങൾക്കും മാത്രമല്ല, പട്ടുസാരികൾക്കും കരകൗശലവേലകൾക്കും കളിപ്പാട്ടങ്ങൾക്കും പ്രസിദ്ധമായതുകൊണ്ട് ഇവിടേയ്ക്കുള്ള സന്ദർശകരുടെ പ്രവാഹം തുടരുന്നു. അതിൽ വിശ്വാസികളും കലാസ്നേഹികളും ഉൾപ്പെടുന്നു.
എന്നെ സംബന്ധിച്ചിടത്തോളം കാഞ്ചീപുരത്തോടുള്ള അടുപ്പം മറ്റൊന്നാണ്. എന്റെ മൂത്തമകൾ സുനിത ഇവിടെയുള്ള പച്ചയ്യപ്പാസ് ഹയർസെക്കന്ററി സ്കൂളിലാണ് അദ്ധ്യാപകപരിശീലനം ചെയ്തയത് . അവളുടെ വിദ്യാർത്ഥികൾ മിക്കവരും നെയ്ത്തുതൊഴിലാകളുടെ മക്കളായിരുന്നു. കോഴ്സ് കഴിഞ്ഞ് അവൾ വിദ്യാർത്ഥികളോട് യാത്രപറഞ്ഞപ്പോൾ ഒരു കുട്ടി പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.” മിസ്, ഉങ്കളോടെ കല്യാണത്തിർക്ക് ഒരു മാസം മുന്നാടി ശൊല്ല്ങ്കെ. ഉങ്കള്ക്കാകെ എങ്ക അമ്മാവോടെ കയ്യാലേ പട്ടുപ്പൊടവൈ നെയ്തുകൊണ്ടുവരുവേൻ. വേറെ എങ്കേയും പോയി വാങ്കാതീങ്കെ ”
മകളുടെവിവാഹം കഴിഞ്ഞു. മകൾക്ക് ഇപ്പോൾ കല്യാണപ്രായമായി. അവൾക്കെങ്കിലും കല്യാണപ്പട്ടെടുക്കാൻ കാഞ്ചീപുരത്തു പോകണമെന്നും പഴയ നെയത്തുഗ്രാമം കാണണമെന്നും മോഹമുണ്ട്.
കാഞ്ചീപുരം സന്ദർശിക്കുമ്പോൾ നിങ്ങളും ക്ഷേത്രങ്ങൾമാത്രമല്ല നെയ്ത്തുകേന്ദ്രങ്ങളും കാണാൻ മറക്കരുത്
തയാറാക്കിയത്: പി. എൻ. വിജയൻ