17.1 C
New York
Saturday, August 13, 2022
Home Religion ഗണേശകഥകള്‍ - കുബേരന്‍ ഗണപതിക്ക് വിരുന്നു നല്കിയ കഥ (ഗണപതി - പൊരുളും പരമാർത്ഥവും)

ഗണേശകഥകള്‍ – കുബേരന്‍ ഗണപതിക്ക് വിരുന്നു നല്കിയ കഥ (ഗണപതി – പൊരുളും പരമാർത്ഥവും)

മലയാലപ്പുഴ സുധൻ✍

സമ്പത്തിന്‍റെ അധിദേവനായ കുബേരന്‍ ഒരിക്കല്‍ അളകാപുരി സന്ദര്‍ശിച്ചു. ശിവന്‍ ഭിക്ഷാടനത്തിനു പോയ സമയമായിരുന്നു അത്. പാര്‍വതി ധനേശനെ ഉപ ചാരപൂര്‍വ്വം സ്വാഗതം ചെയ്തശേഷം പറഞ്ഞു:

“ ഭഗവാന്‍ ഭിക്ഷാടനത്തിനു പോയിരിക്കുകയാണ്. ധനേശന്‍ വിശ്രമി ച്ചാലും”.

പാര്‍വതിയുടെ വാക്കുകള്‍ കേട്ട് അല്‍ഭുതം കൂറിക്കൊണ്ട് കുബേരന്‍ ചോദിച്ചു:

“എന്ത്? മഹാദേവന്‍ ഭിക്ഷാടനത്തിനു പോയെന്നോ? ത്രിമൂര്‍ത്തികളില്‍ ഒരാളും അഷ്ടദിക്പാലകസംഘത്തില്‍പ്പെട്ടവനുമായ മഹാദേവന്‍ ഇരന്നുണ്ണുന്നുവെന്നോ? അളകാപുരി യിലേക്കാളയച്ചിരുന്നുവെങ്കില്‍ വേണ്ടതെല്ലാം നാം എത്തിക്കുമായി രുന്നല്ലോ”.

കുബേരന്‍റെ വാക്കുകളില്‍ നീരസം തോന്നിയ പാര്‍വതി പറഞ്ഞു:

“ഇരന്നുണ്ണുന്നതില്‍ ആത്മസുഖം കണ്ടെത്തുന്ന ആളാണ് കൈലാസനാഥന്‍ എന്നുള്ള കാര്യം ധനേശന് അറിയില്ല എന്നുണ്ടോ? ഭഗവാന്‍റെ ഇഷ്ടമാണ് ഞങ്ങളുടെയും ഇഷ്ടം.

പാര്‍വതിയുടെ ദ്വയാര്‍ത്ഥം നിറഞ്ഞ വാക്കുകള്‍ കേട്ട് ജാള്യത തോന്നിയെങ്കിലും അതു പുറത്തുകാട്ടാതെ അമ്മയുടെ ചേലത്തുമ്പില്‍ പിടിച്ചു നിന്ന ഉണ്ണിഗണപതിയോട് കുബേരന്‍ കുശലങ്ങളാരാഞ്ഞു. അപ്പോഴേക്കും ഭിക്ഷാടനം കഴിഞ്ഞ് ശിവന്‍ അവിടെ എത്തിച്ചേര്‍ന്നു. പാര്‍വതി ഭാണ്ഡം വാങ്ങി അകത്തേക്കു പോയി. ഗണേശനും അമ്മയെ അനുഗമിച്ചു.

ഏറെനേരം നീണ്ടുനിന്ന സംഭാഷണത്തിനുശേഷം യാത്ര പറഞ്ഞിറങ്ങുന്ന വേളയില്‍ കുബേരന്‍ പറഞ്ഞു: “ പ്രഭോ! അങ്ങേക്ക് അളകാപുരിയില്‍ കുടുംബസമേതം ഒരു വിരുന്നു നല്കാന്‍ നാം ആഗ്രഹിക്കുന്നു. തീയതി നിര്‍ദ്ദേശിച്ചാല്‍ നന്നായിരുന്നു”.
കുബേരന്‍റെ ഉളിലിരിപ്പു മനസ്സിലായെങ്കിലും ശിവന്‍ ആ ക്ഷണം നിരസിച്ചില്ല. എന്നു മാത്രമല്ല, തീയതി നിശ്ചയിച്ചറിയിക്കുകയും ചെയ്തു. എല്ലാം നിരീക്ഷിച്ചു കൊണ്ടിരുന്ന ഗണപതിക്ക് കുബേരനോടു നീരസം തോന്നിയെങ്കിലും കുമാരന്‍ അത് പുറത്തു കാട്ടിയില്ല.

വിരുന്നിനായി നിശ്ചയിക്കപ്പെട്ട ദിവസം വന്നണഞ്ഞു. അതിരാവിലെ തന്നെ ശിവ പാര്‍വതിമാര്‍ ഗണപതിയെയും കൂട്ടി അളകാപുരിയിലേക്ക് തിരിച്ചു. കുബേര രാജധാനി അടുക്കുംതോറും ഗണപതിക്ക് ഉല്‍സാഹം കൂടിവന്നു.

2

കുബേരന്‍റെ ഗര്‍വ്വടക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടായിരുന്നു ഗണേശന്‍റെ യാത്ര.

അതിഥികളെ വരവേല്‍ക്കാനുള്ള ക്രമീകരണങ്ങളൊരുക്കി കുബേരന്‍ ഗോപുര വാതുക്കല്‍ കാത്തുനിന്നിരുന്നു. ശിവപാര്‍വതിമാരെ യഥായോഗ്യം വരവേറ്റത്തിനു ശേഷം ഗണേശനെ ഉല്‍സാഹപൂര്‍വ്വം ഊട്ടുപുരയിലേക്ക് കൂട്ടിക്കൊണ്ടുപോയ കുബേരന്‍ മോദകം നിറച്ച ഒരു കുട്ടയ്ക്കുമുന്നില്‍ കുമാരനെ ഇരുത്തി.

“ഉണ്ണിക്കിഷ്ടപ്പെട്ട വിഭവങ്ങളെല്ലാം തയ്യാറാക്കിയിട്ടുണ്ട്. യാതൊരു മടിയും കൂടാതെ ആവശ്യത്തിന് കഴിച്ചോളൂ”. കുബേരന്‍ ഗണപതിയുടെ പുറം തലോടി ക്കൊണ്ടു പറഞ്ഞു:

“ഈ അല്പന്‍ എന്തറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ പുലമ്പുന്നത്. ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യം”. ഉണ്ണിഗണപതി മനസ്സില്‍ മന്ത്രിച്ചു. അനന്തരം മുന്നിലിരുന്ന മോദകക്കുട്ട നിമിഷങ്ങള്‍ക്കുള്ളില്‍ കാലിയാക്കി. ഒരു കിണ്ടി നിറയെ വെള്ളം മോന്തിയശേഷം ഗണേശന്‍ അടുത്ത മോദകക്കുട്ട യുടെ സമീപത്തേക്ക് നീങ്ങി. അതും നിമിഷങ്ങള്‍ക്കുള്ളില്‍ കാലിയാക്കി. ഏതാണ്ട് അര നാഴിക നേരമാ യപ്പോഴേക്കും പാചകപ്പുരയിലുണ്ടായിരുന്ന വിഭവങ്ങള്‍ മുഴുവന്‍ ഉണ്ണിഗണപതി അകത്താക്കി. പാചകക്കാരും മറ്റ് ഭൃത്യന്മാരും അന്തം വിട്ടു നോക്കിനിന്നു. വിഭവങ്ങളെല്ലാം തീര്‍ന്നുകഴിഞ്ഞപ്പോള്‍ ഗണപതി പാത്രങ്ങള്‍ ഓരോന്നായി വിഴു ങ്ങാന്‍ തുടങ്ങി. ഭൃത്യന്മാര്‍ ഭയചകിതരായി കുബേരന്‍റെ സമീപത്തേക്കോടി. ഗണപതി അവരുടെ പിന്നാലെ കൂടി. സംഗതികള്‍ വശക്കേടായെന്നു മനസ്സിലാക്കി യ കുബേരന്‍ ശിവപാദങ്ങളില്‍ അഭയം തേടി.

“ശംഭോ! മഹാദേവ! രക്ഷിച്ചാലും. ഗണേശനെ ശാന്തനാക്കിയാലും”. കുബേരന്‍ അപേക്ഷിച്ചു. ധനേശന്‍റെ ഭവമാറ്റം കണ്ട് പരമേശ്വരന്‍ അത്ഭുതം കൂറി. സദസ്സി ന്‍റെ ഒരു മൂലയില്‍ നിസ്സംഗനായി നില്‍ക്കുന്ന ഗണപതിയെ ശിവന്‍ സൂക്ഷിച്ചു നോക്കി. അനന്തരം കുബേരനെ പിടിച്ചെഴുന്നേല്‍പ്പിച്ച് സമാശ്വസിപ്പിച്ചു. ഉറക്കമു ണര്‍ന്നെഴുന്നേറ്റവനേപ്പോലെ കുബേരന്‍ ചുറ്റിലും മിഴികള്‍ പായിച്ചു. സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ ധനേശന്‍ ഏറെ പണിപ്പെട്ടു. വിരുന്നുസല്‍കാരത്തിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെട്ടതായിക്കണ്ട് കുബേരന്‍ ഗണപതിയെ സൂക്ഷിച്ചു നോക്കി. ഉണ്ണിഗണപതിയുടെ ശിരസ്സിനെ വലയം ചെയ്ത ദിവ്യപ്രകാ ശം ധനേശനെ വിസ്മയിപ്പിച്ചു. അടുത്ത നിമിഷം വിരാട് രൂപിയായി ഉണ്ണിഗണ പതിക്കു ഭാവാന്തരം സംഭവിക്കുന്നതും ധനേശന്‍ കണ്ടു. സ്വയം എടുത്തെറി യപ്പെട്ടതുപോലെ കുബേരന്‍ വിരാട് രൂപിയായ ഗണപതിയുടെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു.

3

“ഭഗവാനെ, ശ്രീമഹാദേവന്‍ ഇരന്നുണ്ണുന്നതിന്‍റെ രഹസ്യം നമുക്കു ബോധ്യമായി. പിഴകള്‍ പൊറുത്തു മാപ്പു തന്നാലും”. കുബേരന്‍ അപേക്ഷിച്ചു. പുഞ്ചിരി തൂകി മുന്നില്‍ നില്‍ക്കുന്ന ബാലഗണപതിയെയാണ് കുബേരന്‍ അടുത്ത നിമിഷം കണ്ടത്. അങ്ങനെ ഗണപതി വിരുന്ന് മംഗളകരമായി പര്യവസാനിച്ചു.

കഥാനിരൂപണം

രാഷ്ട്രീയ പരിപ്രേക്ഷ്യം എഴുന്നു നില്‍ക്കുന്ന ഒരു പുരാണകഥയാണിത്. പുരാണമനുസരിച്ച് സൃഷ്ടിസ്ഥിതിസംഹാര ധര്‍മ്മങ്ങളുടെ അധിദേവന്മാരാകുന്നു ത്രിമൂര്‍ത്തികള്‍. ആധുനീക വ്യവസ്ഥിതികളിലെ നിയമനിര്‍മ്മാണം (ലെജിശ്ലേഷന്‍), ഭരണനിര്‍വഹണം (എക്സിക്യൂഷന്‍), നീതിന്യായപരിപാലനം (ജുഡീഷ്യറി) എന്നീ ധര്‍മ്മങ്ങളായി സൃഷ്ടിസ്ഥിതിസംഹാരധര്‍മ്മങ്ങളെ വ്യാഖ്യാനിച്ചറിയേണ്ടതാണ്. ശിവന്‍ പരമോന്നത നീതിനിര്‍വ്വഹണാധികാരിയായിരുന്നു എന്നു സാരം.

ദേവന്മാരെല്ലാം ത്രിമൂര്‍ത്തികള്‍ക്കു കീഴിലുള്ളവരാകുന്നു. കുബേരന്‍ സമ്പ ത്തിന്‍റെ അധിദേവനാണ്. ആധുനീക വ്യവസ്ഥിതികളിലെ ധനമന്ത്രിയുടെ കര്‍ത്ത വ്യങ്ങളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കാന്‍ ചുമതലപ്പെട്ട അധികാരി എന്ന നിലയിലാണ് കുബേരനെ വ്യാഖ്യാനിച്ചറിയേണ്ടത്. അങ്ങനെയുള്ള കുബേരന്‍ ശിവനെ സല്‍കരിക്കാന്‍ ക്ഷണിച്ചു എന്നും, ശിവന്‍ ആ സല്‍ക്കാരം സ്വീകരിക്കാന്‍ തയ്യാറായി എന്നുമുള്ള പ്രയോഗത്തിലെ സിമ്പോളിസം വകഞ്ഞുമാറ്റി വായിച്ചാലേ പുരാണകാരന്‍ പറഞ്ഞിരിക്കുന്നതിന്‍റെ പൊരുള്‍ വെളിപ്പെട്ടു കിട്ടൂ.

ശിവന്‍റെ ഭിക്ഷാടനം

നിത്യവൃത്തിക്കുള്ള വക നേടിയെടുക്കുന്നതിനായി യാചകവൃത്തി തൊഴിലായി സ്വീകരിക്കുന്നതിനെയാണ് ഭിക്ഷാടനം എന്നു പറയുന്നത്. നീതിന്യായ വ്യവസ്ഥിതി ലെ പരമോന്നത പദവിയിലിരിക്കുന്ന ഒരാള്‍ ഭിക്ഷയെടുക്കുക എന്നു പറഞ്ഞാല്‍, അതൊരു വിരോധാഭാസമാകുന്നു. അതുകൊണ്ടു തന്നെ ഇതില്‍ ഒളിഞ്ഞു കിടക്കു ന്ന ഗൂഢാര്‍ത്ഥം ചികഞ്ഞു നോക്കിയാലേ ശിവന്‍റെ ഭിക്ഷാടനത്തിലൂടെ നല്‍കപ്പെട്ടി രിക്കുന്ന സന്ദേശം എന്താകുന്നു എന്നു മനസ്സിലാക്കാന്‍ സാധിക്കൂ.

ധര്‍മ്മവിധിയനു സരിച്ച് സുഭിക്ഷജീവിതം നയിക്കുന്നവനു മാത്രമേ ദാനം നല്കാന്‍ അര്‍ഹത യുള്ളൂ. തന്‍റെയും, തന്നെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും ജീവിതാവശ്യങ്ങളെല്ലാം നിറവേറ്റിയശേഷം ഭിക്ഷ നല്‍കാനുള്ള ധനം കൈവശമു ള്ളവനു മാത്രമേ ദാനം നല്കാന്‍ അര്‍ഹതയുള്ളൂ.

4

ഇനി ദാനം സ്വീകരിക്കാനുള്ള അര്‍ഹത എന്താണെന്നുകൂടി പറയാം. അദ്ധ്വാനി ച്ചു ജീവിക്കാന്‍ കഴിവില്ലാത്തവരും, അഭയാര്‍ത്ഥികളും, സമാന നിലവാരത്തിലു ള്ളവരുമായ ആളുകള്‍ ദാനം സ്വീകരിക്കാന്‍ അര്‍ഹരാണ്. കൂടാതെ, രാജ്യപുരോ ഗതിക്കുവേണ്ടി മുഴുവന്‍ സമയവും ചെലവഴിക്കുന്ന കൂട്ടരും ദാനം സ്വീകരിക്കാന്‍ അര്‍ഹരാണ്. ആധുനീക സംവിധാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും, ജനപ്രതിനിധികളും, പട്ടാളക്കാരുമൊക്കെ ഇപ്പറഞ്ഞവരുടെ കൂട്ടത്തില്‍പ്പെടുന്നവ രാണ്. നികുതിപ്പണത്തില്‍ നിന്നും മാറ്റിവയ്ക്കപ്പെടുന്ന തുകയാണ് അവര്‍ക്ക് ശമ്പളമായും മറ്റ് ആനുകൂല്യങ്ങളുമായി നല്‍കുന്നത്. പൌരാണികമായ ദാനധര്‍മ്മ ത്തിന്‍റെ ആധുനീക രൂപമാണിത്. അധികാരികള്‍ താത്വീകമായി പൊതുജനസേവ കന്മാരാകുന്നു. ഈ ബോധമുള്ള അധികാരികള്‍ പൊതുധനം ദുര്‍വിനിയോഗം ചെയ്യുകയില്ല. സംഹാരമൂര്‍ത്തിയായ ശിവന്‍ സര്‍വ്വമംഗളകാരി കൂടിയാകുന്നു.

ധാര്‍മ്മീകനീതികളില്‍ എന്തെങ്കിലും പിഴകള്‍ ഉണ്ടാകുന്നുണ്ടോ എന്നു പരിശോധി ച്ചറിയാനുള്ള ചുമതല കൂടി ശിവനില്‍ നിക്ഷിപ്തമാണ്. ഭരണാധികാരികള്‍ ധൂര്‍ത്തന്‍മാരായിപ്പോയാല്‍ പ്രജാജീവിതം ദുരിതപൂര്‍ണ്ണമായിത്തീരും. പരമോന്നത പദവികള്‍ കയ്യാളുന്ന അധികാരികള്‍ മിതവ്യയം ശീലിച്ചാല്‍ അവരുടെ കീഴിലുള്ളവരെല്ലാം അവരെ അനുകരിക്കും. ജുഡീഷ്യറിയുടെ തലപ്പത്തിരിക്കുന്ന അധികാരി എന്ന നിലയില്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം ചെലവിടുന്ന വ്യയ മാതൃകയാണ് ശിവന്‍റെ ഭിക്ഷാചര്യയിലൂടെ ദൃഷ്ടാന്തീകരിക്കപ്പെട്ടിരിക്കുന്നത്.

പുരാതനകാലത്തെ സദ്ഭരണാധികാരികള്‍ പൊതുജനക്ഷേമം നേരിട്ടറിഞ്ഞു ബോധ്യപ്പെടുന്നതിനായി വേഷപ്രച്ഛന്നരായി നാട്ടില്‍ ചുറ്റി സഞ്ചരിച്ചിരുന്നു. പ്രജ കള്‍ സുഭിക്ഷിതരാണോ എന്ന് നേരിട്ടു കണ്ടറിയാനുള്ള കൌശലം എന്ന നിലയിലും ശിവന്‍റെ ഭിക്ഷാടനത്തെ വ്യാഖ്യാനിക്കാവുന്നതാണ്.

കുബേരന്‍റെ വിരുന്നു സല്‍ക്കാരം

കുബേരന്‍റെ വിരുന്നുസല്‍ക്കാരം സാമ്പത്തീക ധൂര്‍ത്തിനെയാണ് പ്രതീകവല്‍ക്ക രിക്കുന്നത്. സമ്പത്തിന്‍റെ അധിദേവന്‍ എന്ന നിലയില്‍ പ്രജാക്ഷേമം ഉറപ്പുവരു ത്താന്‍ ഉതകുന്ന വ്യയനയം നടപ്പിലാക്കാന്‍ കടപ്പെട്ടവനായിരുന്നു കുബേരന്‍. നിയമപരിപാലന രംഗത്തെ പരമാധികാരിയായിരുന്ന ശിവനെ കുടുംബസമേതം ക്ഷണിച്ച് വിരുന്നുസല്‍ക്കാരം നടത്തിയ കുബേരന്‍ ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ കുറുക്കുവഴി തേടിയ ധൂര്‍ത്തനായ ഭരണാധികാരിയുടെ പ്രതിനിധിയാണ്. ഇത്തരം വഴിവിട്ട പ്രവണതയ്ക്കു നേരെ പുരാണകാരന്‍ നടത്തുന്ന ചാട്ടുളിപ്രയോഗമാണ് ഈ ദൃഷ്ടാന്ത കഥയില്‍ ദര്‍ശിക്കാനാവുന്നത്.

5

ഗണപതിയുടെ വിരാട് രൂപം

വിശേഷേണ രാജിക്കുന്നവന്‍ എന്നാകുന്നു വിരാട് എന്ന പദത്തിന്‍റെ വാച്യാര്‍ ത്ഥം. വിശ്വപ്രപഞ്ചത്തെ മുഴുവന്‍ സ്വശരീരത്തില്‍ പ്രദര്‍ശിപ്പിച്ചു വിരാജിക്കുന്ന ഭാവമാണ് വിരാട് ഗണപതിയുടേത്. മംഗളമൂര്‍ത്തികൂടിയായ ശിവന്‍റെ പുത്രനാ യി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഗണപതി ശിവമാര്‍ഗ്ഗം പിന്തുടരുന്ന ഒരു തലമുറ യെ വാര്‍ത്തെടുക്കണമെന്നുള്ള സന്ദേശമാണ് നല്‍കുന്നത്.

ഇവിടെയുള്ള യാതൊന്നിലും സ്വകാര്യ ഉടമസ്ഥാവകാശം പ്രകൃതി ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ല. അവരവര്‍ക്ക് ജീവിതസന്ധാരണത്തിനുള്ള വക എടു ത്തനുഭവിക്കാനുള്ള സ്വാതന്ത്ര്യം സര്‍വ്വര്‍ക്കുമുണ്ട്. ഈ തത്ത്വം അംഗീകരിച്ചു കൊണ്ടു ജീവിക്കുന്നവര്‍ക്ക് സല്‍ക്കാരം നടത്തി അധികാരികളെ സ്വാധീനി ക്കണമെന്നുള്ള തോന്നലുണ്ടാവുകയില്ല. സാമ്പത്തീക ധൂര്‍ത്തിനെതിരെ പരോക്ഷ മായി പ്രതികരിക്കുകയും അധികാരദൂഷിപ്പിനു നേരെ ചാട്ടുളിപ്രയോഗം നടത്തുകയും ചെയ്യുന്ന ഒരു ദൃഷ്ടാന്ത കഥയാകുന്നു കുബേരനോരുക്കിയ ഗണപതി വിരുന്ന് എന്നു സാരം.

Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: