17.1 C
New York
Saturday, June 3, 2023
Home Religion ഗണപതി – പൊരുളും പരമാർത്ഥവും

ഗണപതി – പൊരുളും പരമാർത്ഥവും

തയ്യാറാക്കിയത്: മലയാലപ്പുഴ സുധൻ

പുരാണപുരുഷന്‍ ഗണപതിയായി അവതരിച്ച കഥ

അതിക്രൂരനും ദേവവിരോധിയുമായ ഒരു അസുരരാജാവായിരുന്നു സിന്ധു. ലോകകണ്ടകനായിരുന്ന അവന്‍ മൂന്നു ലോകങ്ങളിലെയും ശാന്തി തകര്‍ത്ത് അഴിഞ്ഞാടി. സഹികെട്ട ദേവന്മാര്‍ ശ്രീപരമേശ്വരനെക്കണ്ട് സങ്കടമറിയിച്ചു.
പരമേശ്വരന്‍ കുറച്ചുനേരം ധ്യാനനിരതനായിരുന്നശേഷം ദേവന്മാരെ നോക്കി പറഞ്ഞു:
“പാര്‍വതീപുത്രനായി അവതരിക്കുന്ന ശ്രീമഹാഗണപതിക്കു മാത്രമേ സിന്ധുവിനെ നിഗ്രഹിച്ച് സമാധാനം പുന:സ്ഥാപിക്കാനാവൂ. അങ്ങനെ ഒരു വരം അവന്‍ നേടിയിട്ടുണ്ട്. ത്രിമൂര്‍ത്തികള്‍ക്കു മുമ്പേ ആവിര്‍ഭൂതനായ പുരാണപുരുഷനാകുന്നു ശ്രീമഹാഗണപതി. ആ പുരാണപുരുഷന്‍ പാര്‍വതീപുത്രനായി അവതരിക്കുന്നതുവരെ സിന്ധുവിന്‍റെ പരാക്രമങ്ങള്‍ തുടരും. നിങ്ങള്‍ പാര്‍വതിയെ കണ്ട് സങ്കടം അറിയിക്കുക”.

ശ്രീപരമേശ്വരന്‍റെ നിര്‍ദ്ദേശപ്രകാരം ദേവന്മാര്‍ പാര്‍വതിയെക്കണ്ട് സങ്കടമറിയിച്ചു. അവരുടെ ആവലാതികള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടശേഷം പാര്‍വതി പറഞ്ഞു:

“ നിങ്ങള്‍ ജാഗ്രതയോടുകൂടി സ്വധര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടു ജീവിക്കുക. ശ്രീമഹാഗണപതിയെ തപസ്സുചെയ്തു പ്രീതിപ്പെടുത്താനായി ഞാന്‍ ഇന്നു തന്നെ ജീര്‍ണ്ണാപുരത്തിനു വടക്കുള്ള ലേഖാനദിക്കരയിലേക്ക് പോകു ന്നുണ്ട്”.
ദേവന്മാര്‍ ദേവിയെ വണങ്ങി തിരിച്ചു പോയി. പാര്‍വതി ശ്രീമഹാ ഗണപതിയെ പ്രീതിപ്പെടുത്താനായി തപസ്സാരംഭിച്ചു. ആ തപസ്സ് പന്ത്രണ്ടു വര്‍ഷക്കാലം നീണ്ടു നിന്നു. അവസാനം ശ്രീമഹാഗണപതി പാര്‍വതിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പത്തു കൈകളില്‍ ആയുധങ്ങളുമേന്തി രക്താംബരധരനായ ശ്രീമഹാഗണപതി സൂര്യപ്രഭ പരത്തി മുന്നില്‍ വിരാജിക്കുന്നതുകണ്ട് പാര്‍വതി സാഷ്ടാംഗ പ്രണാമം നടത്തി.

“വല്‍സേ, നാം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നിനക്കെന്തു വരമാണു വേണ്ടത്?” ഗണപതിഭഗവാന്‍ ആരാഞ്ഞു.

“ ഭഗവാനെ, അവിടുന്ന് ലോകരക്ഷാര്‍ത്ഥം എന്‍റെ പുത്രനായി അവതരിച്ച് ലോകകണ്ടകനായ സിന്ധുവിനെ നിഗ്രഹിക്കണം”. ദേവി അപേക്ഷിച്ചു.

“ വല്‍സേ, നിന്‍റെ ആഗ്രഹം സഫലമായിത്തീരുന്നതാണ്”. ഗണപതിഭഗവാന്‍ അനുഗ്രഹം നല്കി മറഞ്ഞു.

പാര്‍വതി ശ്രീമഹാഗണപതിയുടെ ഒരു പ്രതിമയുണ്ടാക്കി പൂജ തുടങ്ങി. സംവല്‍സരങ്ങള്‍ ഓരോന്നായി കടന്നുപോയ്ക്കൊണ്ടേയിരുന്നു. സിന്ധു ലോകരെ കിടുകിടാ വിറപ്പിച്ച് അഴിഞ്ഞാട്ടം തുടര്‍ന്നുകൊണ്ടുമിരുന്നു. ദേവന്മാര്‍ ക്ഷമയോടുകൂടി ഒതുങ്ങി ജീവിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം പൂജാവേളയില്‍ പ്രതിമയില്‍ നിന്നും ദിവ്യകിരണങ്ങള്‍ പുറപ്പെട്ടുവരുന്നതുപോലെ പാര്‍വതിക്കു തോന്നി. അത്ഭുതപരതന്ത്രയായി ത്തീര്‍ന്ന ദേവി ബോധംകെട്ടു വീണു. ബോധം വീണ്ടുകിട്ടിയപ്പോള്‍ പ്രതിമയുടെ സ്ഥാനത്ത് പുഞ്ചിരി തൂകി കൈകാലുകള്‍ ഇളക്കി കളിക്കുന്ന ഒരു പൈതലിനെയാണ് ദേവി കണ്ടത്. ഗണേശസ്തുതികള്‍ പാടി ദേവി ആ കുഞ്ഞിനെയെടുത്ത് മാറോടണച്ചു. ദേവിയുടെ സ്തനങ്ങള്‍ ചുരത്തി. കുഞ്ഞിനെ പാലൂട്ടി ലോകമാതാവ് നിര്‍വൃതിയടഞ്ഞു.

അന്ന് ചിങ്ങമാസത്തിലെ ചതുര്‍ത്ഥിയായിരുന്നു. തുടര്‍ന്നുള്ള പത്തു ദിവസക്കാലം കൈലാസം ഉത്സവപ്രതീതിലായിരുന്നു. പതിനൊന്നാം ദിവസം നാമകരണച്ചടങ്ങു നടന്നു. ശിവന്‍ ആ ശിശുവിനെ ഗണപതി എന്നു പേരു ചൊല്ലി വിളിച്ചു.

മാസങ്ങള്‍ ഓരോന്നായി കടന്നുപോയി. ഒരു ദിവസം പാര്‍വതി കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. അമ്മയുടെ മടിയിലിരുന്നു മുലയുണ്ടുകൊണ്ടിരുന്ന ഉണ്ണിഗണപതിയുടെ ദൃഷ്ടികള്‍ ആകാശത്തു ജ്വലിച്ചുനിന്ന ഒരു ചുവന്ന ഗോളത്തില്‍ ചെന്നുടക്കി. അത് ശനിഗ്രഹമായിരുന്നു. ശനിയില്‍ നിന്നുമുള്ള കിരണബാധയേറ്റ് ഉണ്ണിയുടെ മുഖം കരിഞ്ഞുപോയി. കുഞ്ഞ് കരിമുഖനായിത്തീര്‍ന്നതു കണ്ട് പാര്‍വതി അലമുറയിട്ടു കരഞ്ഞു. കരച്ചില്‍ കേട്ട് ശിവന്‍ ഓടിയണഞ്ഞു. ശിശുവിന്‍റെ കരിഞ്ഞ തലമാറ്റി അതിന്‍റെ സ്ഥാനത്ത് ശിവന്‍ ഒരു ആനത്തല സ്ഥാപിച്ചു. അങ്ങനെ ഗണപതി ആനത്തല യനായി ഭവിച്ചു.

നിരൂപണം

അന്യാപദേശാലങ്കാരത്തില്‍ പൊതിഞ്ഞ ഒരു പ്രതീക കഥയാണിത്.
ആദിപരാശക്തിയുടെ ഇച്ഛാനുസരണമാണ് വിശ്വപ്രപഞ്ചവും അതിലു ള്ള സര്‍വ്വതും ഉണ്ടായതെന്ന് ദേവീപുരാണം പറയുന്നു. ആദിപരാശക്തി ഗുണാതീതയാകുന്നു. അങ്ങനെയുള്ള പരാശക്തിയില്‍ നിന്നും ആവിര്‍ഭവിച്ച ഗുണാത്മികയാകുന്നു പാര്‍വതി. പാര്‍വതി പുരാണി എന്ന നിലയിലും അറിയപ്പെടുന്നു. ശിവപാര്‍വതിമാര്‍ പൂരകശക്തികളായതുകൊണ്ട് ശിവനെ മാത്രമേ പുരാണപുരുഷനായി വിശേഷിപ്പിക്കാനാവൂ. അങ്ങനെ വരുമ്പോള്‍ ത്രിമൂര്‍ത്തികള്‍ക്ക് മുമ്പേ ആവിര്‍ഭൂതനായ ശ്രീമഹാഗണപതി ആരാകുന്നു? അത് ശിവന്‍ തന്നെയാകുന്നു. ശിവന്‍ എങ്ങനെയാണ് പാര്‍വതീപുത്രനായി അവതരിക്കുന്നത്?

അവതരിക്കുക എന്ന പദത്തിന്‍റെ വാച്യാര്‍ത്ഥം ഇറങ്ങിവരിക എന്നാകുന്നു. പിതാവിന്‍റെ പുത്രഭാവത്തിലുള്ള ഇറങ്ങിവരവ് തികച്ചും താത്വീകമാകുന്നു. പിതാവിന്‍റെ പ്രതിപുരുഷനാകുന്നു പുത്രന്‍. സംഹാരമൂര്‍ത്തിയായ ശിവന്‍റെ പുത്രനെ സൃഷ്ട്യുന്‍മുഖ സംഹാര വൃത്തിയുടെ പ്രതീകമായി വ്യാഖ്യാനിക്കാവുന്നതാണ്. ആദിപരാശക്തി യുടെ ഇച്ഛാനുസരണമല്ലാതെ ഇവിടെ യാതൊന്നും സംഭവിക്കുകയില്ല. ഗുണാത്മികയായി പിരിഞ്ഞുനില്‍ക്കുന്ന പുരാണിയായ പാര്‍വതി ആദിപരാശക്തിയായി ഗുണാതീതഭാവം പൂണ്ട് അനുമതി നല്‍കിയാലേ അധര്‍മ്മനിഗ്രഹത്തിനായി സിന്ധൂനിഗ്രഹം നടത്താന്‍ ശിവന് സാധ്യമാകൂ എന്നാണിവിടെ പറയപ്പെട്ടിരിക്കുന്നത്. ഇക്കാര്യം താത്വീകമായിത്തന്നെ മനസ്സിലാക്കേണ്ടതാകുന്നു.

ലോകത്തുള്ളതും ഉണ്ടാകാന്‍ പോകുന്നതുമായ സര്‍വ്വതും പരാശക്തി യുടെ ഇച്ഛാനുസരണമാണുണ്ടാകുന്നത് എന്ന സിദ്ധാന്തമനുസരിച്ച് ആസു രീയശക്തികളുടെ ആവിര്‍ഭാവതിരോഭാവങ്ങളും പരാശക്തിയുടെ ഇച്ഛാനുസരണമാണുണ്ടാകുന്നത്.

ഈ കഥയില്‍ പറയപ്പെട്ടിരിക്കുന്ന ജീര്‍ണ്ണാപുരവും, ലേഖാനദിയും കാവ്യ ബിംബങ്ങളാകുന്നു. സംഹാരാധിഷ്ഠിത സൃഷ്ട്യുന്‍മുഖതയുടെ പ്രതീകമായി ജീര്‍ണ്ണാപുരത്തെയും, വാഴ്വിന്‍റെ ലിഖിതചരിത പ്രതീക മായി ലേഖാനദിയെയും വ്യാഖ്യാനിക്കാവുന്നതാണ്. സൃഷ്ടിസ്ഥിതിലയ ധര്‍മ്മങ്ങളുടെ ഇടമുറിയാത്ത പ്രവാഹമായി ലോകവാഴ്വിനെയും, ധര്‍മ്മാധര്‍മ്മങ്ങളുടെ വൃദ്ധിക്ഷയങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു.

ഇനി ശനിഗ്രഹത്തിന്‍റെ അപഹാരവും ഗണപതിയുടെ കരിമുഖ ലബ്ധിയും അന്യാപദേശമറ നീക്കി നിരൂപിച്ചു നോക്കാം. പുരാണമനു സരിച്ച് ശനി സൂര്യപുത്രനാകുന്നു. പുത്രന്‍ പിതാവിന്‍റെ പ്രതിപുരുഷനാ കുന്നു. അഗ്നിസ്വരൂപനായ സൂര്യന്‍റെ പുത്രനെയും അഗ്നിസ്വരൂപനായി ത്തന്നെ മനസ്സിലാക്കേണ്ടതാണ്. മൂലയുണ്ടുകൊണ്ടിരുന്ന ഉണ്ണിഗണപതി യുടെ ദൃഷ്ടി ആകാശത്തു ജ്വലിച്ചുനിന്ന ചുവന്ന ഗോളത്തില്‍ പതി‌ച്ചു എന്നാണല്ലോ കഥയില്‍ പറയപ്പെട്ടിരിക്കുന്നത്. സൂര്യാഗ്നിയില്‍ നിന്നുമു ള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ശിശുക്കളില്‍ പതിച്ചാല്‍, അത് അപകടം വരുത്തിവയ്ക്കും. മുലകുടി മാറാത്ത ശിശുക്കളെ വീടിനു പുറത്തു കൊണ്ടുപോകുമ്പോള്‍ മുഖം മറയ്ക്കുന്നതിന്‍റെ രഹസ്യമിതാകുന്നു.

മൂലയുണ്ടുകൊണ്ടിരുന്ന ഉണ്ണിയുടെ കണ്ണില്‍ സൂര്യരശ്മിയേറ്റപ്പോള്‍ അവന്‍റെ മുഖം കരുവാളിക്കുന്നതുകണ്ട് ഓടിയടുത്ത് അവനെ സമാശ്വ സിപ്പിക്കുകയും, ജാഗരൂകനാക്കിത്തീര്‍ക്കുകയും ചെയ്യുന്ന ശ്രദ്ധാവാനാ യ പിതാവിനെയാണ് ഈ കഥയിലെ ശിവനിലൂടെ ദൃഷ്ടാന്തീകരി ച്ചിരിക്കുന്നത്. ശിശുപരിപാലനത്തില്‍ അമ്മാര്‍ മാത്രമല്ല, അച്ഛന്‍മാരും ശ്രദ്ധാലുക്കളായിരിക്കണമെന്ന സന്ദേശമാണ് ഈ കഥയില്‍ നല്‍കപ്പെട്ടിരിക്കുന്നത്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രെയിൻ ദുരന്തം; രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ.

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക്...

ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു.

ന്യൂഡൽഹി:പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ...

ഒഡീഷ ട്രെയിൻ അപകടം; മരണം 280 ലെത്തി, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.

ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 900ലേറെ പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു...

ജൂൺ ആറ് വരെ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത;നാളെമുതൽ ജാഗ്രത നിർദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ആറാം തിയ്യതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത്...
WP2Social Auto Publish Powered By : XYZScripts.com
error: