✍🏽 തയ്യാറാക്കിയത്: സുനിൽരാജ് സത്യ
മാനവസംസ്കൃതിയെ രൂപപ്പെടുത്തുന്നതിൽ ക്ഷേത്രങ്ങൾ വഹിച്ച പങ്കിനെ കുറച്ചു കാണുന്നത് ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങളിൽ പെടുന്ന കാര്യമായിത്തീർന്നിരിക്കുന്നു.
ആ രാഷ്ട്രീയത്തെ മൗഢ്യചിന്താഗതികളായിട്ടാണ് വിശ്വാസികളും ആചാര സംരക്ഷകരും കരുതിപ്പോരുന്നത്.

രാജഭരണം അസ്തമിച്ചെങ്കിലും, അവയുടെ തിരുശേഷിപ്പുകൾ ചെറുതായെങ്കിലും നിലനിൽക്കുന്ന ഒരു നഗരമാണ് തൃപ്പൂണിത്തുറ!
ഭാരതത്തിലെ തന്നെ മഹാക്ഷേത്രങ്ങളിലൊന്ന്ഈമണ്ണിൽ ആയതിനാൽ മഹാപുണ്യവാന്മാരത്രേ ഈ ദേശക്കാർ!
ഒട്ടനവധി വലുതും ചെറുതുമായ ക്ഷേത്രങ്ങളെ കൊണ്ട് അനുഗ്രഹീതമായ ഇവിടം ”ക്ഷേത്രനഗരി” എന്ന പേരിൽ കൂടി അറിയപ്പെടുന്നു.
ഒരു സാധു ബ്രാഹ്മണന്റെ ഉണ്ണികളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാണത്യാഗത്തിനൊരുങ്ങിയ പാർത്ഥനെ, ഭഗവാൻ ശ്രീകൃഷ്ണൻ വൈകുണ്ഠ നാഥന്റെയരികിൽ കൊണ്ടുവരികയും, അനന്ത സിംഹാസനത്തിൽ ശ്രീയോടും ഭൂമിയോടുമൊപ്പം ബ്രാഹ്മണ സന്തതികളെ പരിലാളിച്ചു കൊണ്ടിരിക്കുന്ന കാഴ്ച കണ്ടു പാർത്ഥൻ അത്ഭുതസ്തബ്ധനാവുകയും ചെയ്തു.
ബ്രാഹ്മണ കുട്ടികളെ, പാർത്ഥനെ തിരിച്ചേൽപ്പിച്ച ശേഷം, ഏതു രൂപത്തിൽ ആണോ വൈകുണ്ഠേശൻ ഇരുന്നിരുന്നത് അതേ രൂപത്തിൽ തന്റെ അഞ്ജന വിഗ്രഹം ഉണ്ടാക്കുകയും കൃഷ്ണാർജുനന്മാരെ ഏൽപ്പിക്കുകയും ചെയ്തു.
ആ വിഗ്രഹം ശ്രീകൃഷ്ണന്റെ സാന്നിധ്യത്തിൽ പൂർണ്ണാ നദീതീരത്തുള്ള ഈ പുണ്യഭൂമിയിൽ അർജ്ജുനനൻ പ്രതിഷ്ഠിക്കുകയും ചെയ്തതായാണ്, പൂർണ്ണത്രയീശ ക്ഷേത്രൈതിഹ്യം.

ഇത്, കലിയുഗം തുടങ്ങി 51ാം ദിവസമായിരുന്നുവത്രേ.
അനന്തഫണക്കുടക്കീഴിൽ, അനന്താസനത്തിൽ പാലാഴി മദ്ധ്യത്തിൽ ഇരുവശങ്ങളിൽ ഭൂമിയും, ലക്ഷ്മീദേവിയോടുമൊപ്പം ശ്രീലകത്ത് വാഴുന്നതായാണ് ഇവിടുത്തെ സങ്കല്പം.
കൊച്ചി രാജകുടുംബത്തിന്റെ കീഴിലുണ്ടായിരുന്ന ഈ ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡാണ് ഭരിക്കുന്നത്.
ക്ഷേത്രചൈതന്യ വർധനയ്ക്ക് 5 പ്രധാന കാര്യങ്ങളാണ് പറയുന്നത്. ‘ആചാര്യനിഷ്ഠ’കളാണ് പരമപ്രധാനം.
അതുകഴിഞ്ഞാൽ ‘വേദോപാസന’.
‘നിയമം’, ‘ഉത്സവം’, ‘അന്നദാനം’, ഇവയാണ് മറ്റു നാലു കാര്യങ്ങൾ.
ഈ അഞ്ചു കാര്യങ്ങളും ഈ ക്ഷേത്രത്തെ സംബന്ധിച്ച് അതിഗംഭീരമായി നടന്നുവരുന്നു.
ഉത്സവ പെരുമയുടെ കാര്യത്തിലും പൂർണത്രയീശ ക്ഷേത്രം ഉയർന്നുതന്നെ നിൽക്കുന്നു.
ബഹു കേമന്മാരായ കലാകാരന്മാരെ അണിനിരത്തി കൊണ്ട്, ക്ഷേത്രകലകൾക്ക് തന്നെ പ്രാധാന്യം നൽകിയുള്ള പരിപാടികളാണെല്ലാംതന്നെ.
പഞ്ചവാദ്യവും തായമ്പകയും അരങ്ങേറുന്ന നടപ്പുരയിലും, ആനക്കൊട്ടിലിലും തിങ്ങിനിറയുന്ന മേളഭ്രാന്തന്മാരുടെ ആവേശം കണ്ടറിയേണ്ടതൊന്നു തന്നെയാണ്.
ഉത്സവത്തിന് 15 ആനകൾ 15 പഞ്ചാരികൾ ഉന്നതനിലവാരമുള്ള കഥകളിയും സംഗീതക്കച്ചേരിയും…ഓട്ടൻതുള്ളൽ…ഇങ്ങനെ നിരവധി…!!
ഈ ക്ഷേത്രപ്പെരുമ വർണ്ണിക്കാൻ, ഈയുള്ളവന്റെ തൂലികയ്ക്ക് പ്രാപ്തിപോരാതെവരും.
ഈ തിരുനടയണഞ്ഞ്,തൊഴുതുനേടുന്ന സംതൃപ്തിയോ, പുണ്യമോ കേവലനാമെന്റെ ലിഖിതത്തിനു പകരാനാവില്ല, സത്യം.!
സാംസ്കാരിക പൈതൃകനഗരമെന്ന് വിശേഷിപ്പിക്കാവുന്ന തൃപ്പൂണിത്തുറയിൽ, RLV കോളേജ്, സംസ്കൃതകോളേജ്, ആയുർവ്വേദകോളേജ്, ഹിൽപാലസ് ചരിത്രമ്യൂസിയം, ഓയിൽ റിഫൈനറി….കൂടാതെ, കഥകളിക്ലബ്ബ്, സംഗീതസഭ, കൂടിയാട്ടകേന്ദ്രം…ഇവയുടെ പ്രവർത്തനങ്ങളും സജീവമാണ്.
കൊച്ചിമെട്രോയുടെ വരവ് തൃപ്പൂണിത്തുറ തൊട്ടസ്ഥിതിക്ക്, ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഈ ക്ഷേത്രത്തിന് കഴിഞ്ഞേക്കും.

SuniKumar
Super my( kattum domdom)
നല്ലറിവുകൾ നൽകുന്ന ലേഖനം 👍👍