തയ്യാറാക്കിയത് : ബിജു പി രാജ്, വൈക്കം.
🙏തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം🙏

കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഈ ക്ഷേത്രം കോട്ടയം ജില്ലയിൽ കുമരകത്തിനു അടുത്താണ്. മീനച്ചിലാറിന്റ ഒരു കൈവഴിയുടെ തീരത്ത് ആണ് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം. കാഴ്ച്ചയിൽ ഒരു വലിയ ക്ഷേത്രമല്ല തിരുവാർപ്പിൽ. മതിൽക്കെട്ട്, ബലിക്കൽപ്പുര, നാലമ്പലം, മണ്ഡപം, ശ്രീകോവിൽ ഇവയെല്ലാം അതിവിപുലമാണ്. പടിഞ്ഞാറെ നടയിൽ ആനകൊട്ടിൽ. സ്വർണ്ണകൊടിമരം ഉണ്ട്. ശ്രീകോവിൽ ചെമ്പു മേഞ്ഞതാണ്. ചതുരാകൃതിയിൽ ഉള്ള ഒരു ചെറിയ ശ്രീകോവിൽ. വെള്ളതേച്ച ഒഴുക്കൻ ഭിത്തിയിൽ ചിത്രങ്ങൾ ഒന്നുമില്ല.ഇന്ത്യയിൽ തന്നെ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം. ദിവസവും രാവിലെ 2 മണിക്ക്. ഏകദേശം മൂന്നടി പൊക്കം ഉള്ള ശിലാവിഗ്രഹം ആണ്. ചതുർബാഹുവിഗ്രഹം ആണ്. സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമായി രാവിലെ 2 മണിക്ക് നട തുറന്ന് കഴിഞ്ഞു രാവിലെ 3:30 വരെ നിർമ്മാല്യ ദർശനം ആണ്. 3:30 യ്ക്ക് അഭിഷേകം. അഭിഷേകം കഴിഞ്ഞാലുടനെയാണ് ഉഷനിവേദ്യം. ഭഗവാന്റെ തിരുമുടി തോർത്തിയശേഷം ഉഷ നിവേദിക്കുന്നു. ഉടൽ തോർത്തുന്നതെല്ലാം പിന്നെയാണ്. അല്ലെങ്കിൽ, വിശപ്പുമൂലം ഭഗവാന്റെ കിങ്ങിണി ഊരിപ്പോകുമത്രേ. തിടപ്പള്ളിയിൽ തയ്യാറാക്കുന്ന ഉഷ:പായസം അതേ ഉരുളിയിൽ തന്നെ ചൂടോടെ ഭഗവാന് നിവേദിക്കുന്നു.

ഉഷ:പായസം
തിരുവാർപ്പിലെ ഉഷ:പായസം വളരെ പ്രസിദ്ധമാണ്. അഞ്ചു നാഴി ഉണക്കലരി, അമ്പത് പലം ശർക്കര(2.4kg), അഞ്ചു തുടം നെയ്യ്, അഞ്ചു കദളിപ്പഴം, അഞ്ചു വരണ്ട നാളികേരം ഇവ ചേർത്ത് ഉണ്ടാക്കുന്ന അത്യന്തം സ്വാദിഷ്ടമായ കൂട്ടുപായസമാണ് തിരുവാർപ്പിൽ ഉഷ. അമ്പലപ്പുഴ പാല്പായസംപോലെ പ്രസിദ്ധമാണ് ” ഉഷ “. ഒരു മാസക്കാലം കേടുകൂടാതെയിരിക്കും ഉഷ.

ഐതിഹ്യങ്ങൾ
തിരുവാർപ്പ് ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റി ഐതിഹ്യമാലയിൽ പറയുന്നത് ഇപ്രകാരം ആണ്. ഒരിക്കൽ വില്യമംഗലത്തു സ്വാമിയാർ വടക്കുനിന്നും തെക്കോട്ടു വേമ്പനാട്ടുകായലിൽ ക്കൂടി സഞ്ചരിക്കവേ, തോണിക്കാരൻ കഴുക്കോൽ കുത്തിയ ഒരു സ്ഥലത്തുനിന്നും രക്തം പൊങ്ങിവരുന്നതു കണ്ടു. ” അവിടെ എന്തെങ്കിലും വിശേഷം കാണും ; തോണി നിർത്തുക ” എന്ന് പറഞ്ഞുകൊണ്ടു അദ്ദേഹം രക്തം കണ്ട ഭാഗത്തു ഇറങ്ങി മുങ്ങിതപ്പിയപ്പോൾ അതിവീശിഷ്ടമായ ഒരു ശ്രീകൃഷ്ണവിഗ്രഹം കിട്ടി. സ്വാമിയാർ യാത്ര തുടർന്നു. കുറെദൂരം കൂടി പോയപ്പോൾ അദ്ദേഹത്തിനു മൂത്രശങ്കയുണ്ടായി. അതിനാൽ അദ്ദേഹം വള്ളം കരയ്ക്കടുപ്പിച്ചു ഇറങ്ങി. ഇന്നത്തെ തിരുവാർപ്പിന്റെ പടിഞ്ഞാറുഭാഗമായിരുന്നു അവിടം. വിഗ്രഹം കൈയിൽ വച്ചുകൊണ്ടു മൂത്രവിസർജനം പാടില്ല. വെറുംതറയിൽ വിഗ്രഹം വയ്ക്കുന്നതും മഹാപാപമാണ്. ഇതിനെന്തൊരു നിവൃത്തിയെന്നു വിചാരിച്ചു സ്വാമിയാർ കുറച്ചു നടന്നപ്പോൾ ഒരു പറമ്പിൽ ഒരു കുളത്തിനടുത്തു ഒരു വലിയ വാർപ്പ് (ഉരുളി )ഇരിക്കുന്നതു കണ്ട് വിഗ്രഹം അതിൽ വച്ചു. മൂത്രവിസർജ്ജനവും ശൗചാദികളും കഴിച്ചു നോക്കിയപ്പോൾ വിഗ്രഹം വാർപ്പിൽനിന്നും അനങ്ങുന്നില്ല. തനിക്കു കിട്ടിയ വിശിഷ്ടബിംബം അനാഥമായി അവിടെ ഇടരുതല്ലോ. അപ്പോൾ അവിടെവഴി സ്ഥലത്തെ പ്രധാനിയായ കുന്നങ്കരിമേനോൻ വന്നു. നടന്നതെല്ലാം സ്വാമിയാർ വിവരിച്ചു. അപ്പോൾ മേനോൻ പറഞ്ഞു, തിരുമനസ്സ് ഒട്ടും വിഷമിക്കേണ്ട. ഈ വാർപ്പും സ്ഥലവും എല്ലാം എന്റെത് ആണ്. ഇവിടെ അടുത്തൊരു സ്വാമിയാർ മഠമുണ്ട്. തിരുമനസ്സ് അങ്ങോട്ട് എഴുന്നള്ളൂ, ഈ വിഗ്രഹം എന്തു ചെയ്യണമെന്നു കല്പിച്ചാൽ അങ്ങനെ ചെയ്യാം എന്നും മേനോൻ അറിയിച്ചു. വിഗ്രഹം സ്വാമിയാർ മഠത്തിലേക്ക് കൊണ്ടുപോകുവാൻ മൂന്നു നാല് ബ്രാഹ്മണന്മാരെ വരുത്തുകയും വിഗ്രഹം വാർപ്പോടുകൂടി സ്വാമിയാർ മഠത്തിൽ എത്തിക്കുകയും ചെയ്തു. അതിനുശേഷം വിഗ്രഹം പുണ്യാഹം കഴിച്ചു അന്ന് മുതൽക്ക് തന്നെ ബിംബത്തിൽ പൂജ തുടങ്ങി. സ്വാമിയാർ അറിയിച്ചതനുസരിച്ചു അടുത്ത ദിവസം തന്നെ നാടുവാഴിയായ തെക്കുംകൂർ തമ്പുരാൻ പരിവാരസമേതം അവിടെ എത്തി, അമ്പലംപണിക്കും പൂജാദികൾക്കും വേണ്ട ഏർപ്പാട് ചെയ്തു. വാർപ്പിരുന്ന സ്ഥലം മേനോൻ സൗജന്യമായി ക്ഷേത്രം സ്ഥാപിക്കുന്നതിനു കൊടുത്തു. ക്ഷേത്രം പണിതു വാർപ്പോടുകൂടിയാണ് ശ്രീകൃഷ്ണസ്വാമിയേ പ്രതിഷ്ഠിച്ചത്. അതിനാൽ സ്ഥലത്തിന് തിരുവാർപ്പ് എന്ന പേരുണ്ടായി. പ്രതിഷ്ഠ നടത്തിയത് വില്വമംഗലമായിരുന്നെങ്കിലും തന്ത്രിയുടെ സ്ഥാനം വഹിച്ചത് ഭദ്രകാളിമറ്റപ്പള്ളി നമ്പൂതിരിയായിരുന്നു. പ്രതിഷ്ഠയും കലശവും കഴിഞ്ഞു വില്വമംഗലം സ്വാമിയാർ ക്ഷേത്രത്തിലെ നടപടിക്രമങ്ങൾ നിശ്ചയിച്ചു നൽകുകയും ചെയ്തു.

(ഈ ഐതിഹ്യം അല്പം ഭേദഗതിയോടുകൂടി പലരൂപത്തിലും പ്രചരിക്കുന്നുണ്ട്.)
സാധാരണ ക്ഷേത്രങ്ങളിൽ ഗ്രഹണസമയത്ത് പൂജാദികർമ്മങ്ങൾ നടക്കാറില്ല. തിരുവാർപ്പിൽ നേരെ മറിച്ചാണ്. ഗ്രഹണ സമയത്തു ഇവിടെ ഒരു വിശേഷാൽപൂജയുണ്ട്. ഈ പൂജക്ക് ‘ ഗ്രഹണപൂജ ‘ എന്നാണ് പേര്. ഈ ക്ഷേത്രത്തിൽ എല്ലാ പൂജക്കും കൃത്യമായ സമയം ഉണ്ട്. ഒരു കാരണവശാലും സമയത്തിനു വ്യത്യാസം വരരുത് എന്ന് നിർബന്ധം ഉണ്ട്. നട തുറക്കാൻ വരുന്ന തിരുമേനിയുടെ കൈയിൽ താക്കോലിനൊപ്പം ഒരു ചെറിയ കോടാലിയും ഉണ്ടാകും. കാരണം ഏതെങ്കിലും കാരണ വശാൽ താക്കോൽ ഉപയോഗിച്ച് ശ്രീകോവിൽ തുറക്കാൻ സാധിച്ചില്ലെങ്കിൽ ഈ ചെറിയ കോടാലി ഉപയോഗിച്ച് ശ്രീകോവിൽ തുറക്കുവാൻ ഉള്ള അധികാരം തിരുമേനിക്ക് കൊടുത്തിട്ടുണ്ട്. ക്ഷേത്രം തുറക്കാൻ വൈകിയാൽ വിശന്നിരിക്കുന്ന ഭഗവാന് നിവേദ്യം വൈകും എന്ന സങ്കല്പമാണ് ഈ ആചാരത്തിനു പിന്നിൽ .(കൊടിമരം കഴിഞ്ഞു ക്ഷേത്രത്തിലേക്ക് കയറുമ്പോൾ ആദ്യത്തെ വാതിലിനു ഇടതു വശത്തു സ്ഥാപിച്ചിരിക്കുന്ന ഒരു ചെറിയ കണ്ണാടി പെട്ടിയിൽ ആണ് ഈ കോടാലി സൂക്ഷിക്കുന്നത്. ക്ഷേത്രം അടച്ചു തിരുമേനി തന്റെ വാസസ്ഥലത്തേക്ക് പോകുമ്പോൾ അദ്ദേഹം കൊണ്ടു പോകും ).
സാധാരണ ദിവസങ്ങളിൽ ഇവിടെ ഏഴുനേരം നിവേദ്യമുണ്ട്.
സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി തിരുവാർപ്പിൽ അത്താഴപൂജ കഴിഞ്ഞാണ് ദീപാരാധന. ദീപാരാധനയ്ക്ക് ശേഷം ഏഴരയോടുകൂടി നട അടയ്ക്കും.
- ശുഭം -
